നവ്യാ ഭാസ്കരൻ
 

അവൾ ഉറങ്ങുന്നതും ഉണരുന്നതും പാട്ടിനെ സ്നേഹിച്ചുകൊണ്ടാണ്. പാട്ടും മേളവുമായി ഈ ജീവിതം കടന്നുപോകുമ്പോൾ ദുഃഖവും സന്തോഷമായി മാറുകയാണ്. പാട്ടിന്റെ മധുരം ചോരാതെ, പരിമിതികളെ തോൽപ്പിച്ചുകൊണ്ട് അനായാസം അവതരിപ്പിക്കാൻ സാധിക്കുന്നതാണ് നവ്യാ ഭാസ്കരൻ എന്ന 15 വയസ്സുകാരിയെ വേറിട്ടുനിർത്തുന്നത്. പോരായ്മകളെ ദൃഢനിശ്ചയംകൊണ്ട് തോൽപ്പിക്കുന്ന നവ്യ ഈ ജീവിതം മുഴുവൻ പാട്ടുപാടി ആഹ്ളാദിക്കാനാണ് ആഗ്രഹിക്കുന്നത്. പാട്ടിനോടുള്ള അവളുടെ ഇഷ്ടത്തോടൊപ്പം പിന്തുണയുമായി മാതാപിതാക്കളും കൂടെയുണ്ട്. ഏതൊരു പരീക്ഷയിലും വിജയിക്കുമെന്ന ഈ കൊച്ചുമിടുക്കിയുടെ ഉറച്ച നിശ്ചയത്തിനുപിന്നിലും മാതാപിതാക്കൾ നൽകുന്ന പിന്തുണതന്നെ. പുണ്യമാസത്തെ പ്രകീർത്തിച്ചുകൊണ്ട് ‘മർഹബാ യാ ഹിലാൽ’ എന്ന ആൽബത്തിലെ സ്വാഗതഗാനവും നവ്യയുടേതായി പുറത്തിറങ്ങി. ഇതിനകം സാമൂഹികമാധ്യമങ്ങളിൽ ആ പാട്ട് തരംഗമാവുകയുംചെയ്തു. കുവൈത്തി പാട്ടുകാരനായ ഹുമൂദ് ഒത്മാൻ അൽഖുതുർ പാടി ഹിറ്റായ ആൽബത്തിലെ ഗാനം പാടുകയായിരുന്നു.

കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി ഡോ. ഭാസ്കരൻ കരപത്തിന്റെയും ഡോ. വന്ദനയുടെയും മകളാണ് അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ നവ്യ. അജ്മാനിൽ സ്വന്തമായി ക്ലിനിക്കും അനുബന്ധസ്ഥാപനങ്ങളും നടത്തുകയാണിവർ. അജ്മാനിൽത്തന്നെയായിരുന്നു നവ്യയുടെ ജനനം. ചെറുപ്പത്തിലേ സംഭവിച്ച സെറിബ്രൽ പാൾസി നവ്യയുടെ മുന്നോട്ടുള്ള യാത്രയിൽ തടസ്സമല്ലെന്ന് ഓർമിപ്പിക്കുന്നതും മാതാപിതാക്കൾതന്നെ. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർഥിനി എന്ന നിലയിലല്ലാതെ സാധാരണകുട്ടികൾ പഠിക്കുന്ന സിലബസ് തന്നെയാണ് നവ്യയും പഠിക്കുന്നത്. സ്കൂൾ സിലബസിനോടൊപ്പം അവൾ താലോലിക്കുന്നതാണ് സംഗീതവും. സംഗീതമില്ലാതെ വിദ്യ പൂർണമാകില്ലെന്ന നവ്യയുടെ ആത്മബോധ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഡോ. ഭാസ്കരനും ഡോ. വന്ദനയും അവളെ പാട്ടിന്റെ വഴിയേ വിടുന്നത്. ഇഷ്ടം തിരിച്ചറിഞ്ഞുകൊണ്ട് സംഗീതോപകരണങ്ങളും പാട്ടുവഴികളും രക്ഷിതാക്കൾ അവൾക്കായി ഒരുക്കിക്കൊടുക്കുന്നു. വേഗത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അസാമാന്യ മനഃശക്തിയിൽ പോരായ്മ വിജയമാക്കുകയാണ് നവ്യ. ആരോടുമുള്ള ഹൃദ്യമായ പെരുമാറ്റം ഈ പെൺകുട്ടിയെ മറ്റുകുട്ടികളിൽനിന്ന് മാറ്റിനിർത്തുന്നു.

ഇതിനകം യു.എ.ഇ.യിലെ ഒട്ടേറെ മത്സരങ്ങളിൽ നവ്യ സമ്മാനം നേടിയിട്ടുണ്ട്. കൂടാതെ, പല റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചു. സാധാരണകുട്ടികളോടൊപ്പമാണ് മത്സരിക്കുന്നതെന്നതും പ്രത്യേകതയാണ്. ദൃഢനിശ്ചയമുള്ള കുട്ടികൾക്കായുള്ള ചില റിയാലിറ്റിഷോകളിൽ മത്സരാർഥികളെ തിരഞ്ഞെടുക്കാനും നിയോഗിക്കപ്പെടുന്നത് അവളുടെ കഴിവിനെ ഓർമിപ്പിക്കുന്നു. പാട്ടുമാത്രമല്ല, അഭിനയത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്രതലങ്ങളിലുള്ള പരസ്യചിത്രങ്ങളിൽ അഭിനയിക്കാനായി അവസരം ലഭിച്ച നവ്യ അച്ഛനും അമ്മയ്ക്കുമൊപ്പം അമേരിക്കയിലും പോയിവന്നു. ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനിൽനിന്ന് വോക്കൽസ് ഗ്രേഡ് ആറുവരെ വിജയിച്ചത് ഓൺലൈൻ പഠനത്തിലൂടെയാണ്. ദുബായിലെ ഫിലിപ്പീൻസ് എംബസിയിൽ ആ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് സ്വാഗതഗാനം പാടിയ നവ്യ പ്രശംസയും നേടിയെടുത്തു. ആദ്യമായിട്ടായിരിക്കും ഒരു മലയാളി മറ്റൊരുരാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ അവരുടെ ഭാഷ പഠിച്ച് സ്വാഗതഗാനം ആലപിക്കുന്നത്, അതും ശാരീരികപരിമിതികളെ അതിജീവിച്ചുകൊണ്ടാണ് ഇത്രയും നേട്ടങ്ങളിലെത്തുന്നത്.

കെ.എസ്. ചിത്രയടക്കമുള്ള പ്രശസ്തരുടെ മുന്നിൽ പാടി അനുമോദനം ഏറ്റുവാങ്ങിയ നവ്യയെക്കുറിച്ച് ഗാനരചയിതാവ് ശ്രീകുമാരൻതമ്പി പറഞ്ഞത് ‘അസാമാന്യ താളബോധവും ശ്രുതിഭംഗിയും നവ്യയുടെ ആലാപനത്തിനുണ്ട്’ എന്നാണ്. യുവസംഗീതജ്ഞൻ പ്രണവം മധുവിന്റെ വസന്തം വരവായ്, തിരുനടയിൽ എന്നീ ആൽബങ്ങളും നവ്യ പാടിക്കഴിഞ്ഞു. ശ്രീകുമാരൻ തമ്പി, വയലാർ ശരത്ചന്ദ്രവർമ എന്നിവരാണ് ഗാനങ്ങളെഴുതിയത്. ശ്രീകുമാരൻ തമ്പി 12 വർഷത്തിനുശേഷമെഴുതിയ ഓണപ്പാട്ടുകളും പാടാനുള്ള അവസരം നവ്യക്ക് ലഭിച്ചുകഴിഞ്ഞു. മംഗളൂരു കസ്തൂർബാ മെഡിക്കൽ കോളേജിൽ അവസാനവർഷ മെഡിക്കൽ വിദ്യാർഥിനിയായ ഭവ്യ സഹോദരിയാണ്.