ശവ്വാലിൽ പൊന്നമ്പിളിക്കീറ് കണ്ട് പ്രണമിച്ച്‌ ഉണരുന്ന ധരിത്രി. പള്ളി മിനാരങ്ങളിൽനിന്ന് ഒഴുകുന്ന മധുരവും സ്നിഗ്‌ധവുമായ ബാങ്കുവിളികൾ, മേടക്കാറ്റിൽ ലയിച്ച് സ്വർഗീയാനുഭൂതിയുടെ വീചികളായി ആത്മാവിൽ നിർവൃതിയരുളുന്നു.

ആത്മശുദ്ധീകരണത്തിനായി തിരഞ്ഞെടുത്ത പഞ്ചസ്തൂപങ്ങളെ മാറോടുചേർത്ത് ജീവിതചര്യയാക്കി നിയ്യത്തിൽ അധിഷ്ഠിതമായ സലാത്തും ദിക്കറുകളും ദുവായും പ്രത്യേകമായ തറാവീഹ് നിസ്കാരങ്ങളും ഖുറാൻ പാരായണവും ആത്മീയപഠനങ്ങളും വ്രതാനുഷ്ഠാനങ്ങളും സക്കാത്തും മനസ്സിനെയും ശരീരത്തേയും ഒരുപോലെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്തിരിക്കുന്നു.

ഇഫ്താറിലൂടെയും കൂട്ടായ നിസ്കാരങ്ങളിലൂടെയും ദയാവായ്പിലൂടെയും സ്നേഹബന്ധങ്ങളുടെയും സഹകരണ മനോഭാവത്തിന്റെയും കാരുണ്യത്തിന്റെയും ഊഷ്മളത ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

ലോകത്തെയും ലോകരെയും ഒന്നായിക്കാണുന്ന മഹത്തായ ഒരു ജീവിത സന്ദേശമാണ് ഖുറാൻ നൽകുന്നത്. ‘സർവശക്തനായ ദൈവവും ആ ദൈവം സൃഷ്ടിച്ച ഭൂമിയിലെ ജനതയും’ അമൂല്യമായ ഈ സന്ദേശം അനുപമമായ ദൈവീകസ്നേഹത്തിന്റെയും നിരുപമമായ സത്യത്തിന്റെയും നിർമലമായ സാഹോദര്യത്തിന്റെയും മൃതസഞ്ജീവനിമന്ത്രംതന്നെയാണെന്ന് തെല്ലും സംശയമില്ല.

ഭൗതികജീവിതത്തിന്റെ പുരോഗതിക്കൊപ്പം ജീവിതവിജയത്തിന് ആത്മീയ പുരോഗതി അനിവാര്യമാണെന്നും അടിയുറച്ച ദൈവവിശ്വാസവും ധർമനിഷ്ഠയുമാണ് അതിന്‌ ഉപോത്ബലകങ്ങളായിട്ടുള്ളതെന്നും ദൈനംദിനജീവിതത്തിൽ സൂക്ഷ്മത പാലിക്കണമെന്നും ഖുറാൻ നമ്മെ പ്രബോധിപ്പിക്കുന്നു. കുടുംബബന്ധം, ആദർശബന്ധം, മാനുഷികബന്ധം ഇവയെയാണ് ഇവിടെ അന്വർഥമാക്കുന്നത്.

‘പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ നാമത്തിൽ വായിക്കുക’ എന്നതായിരുന്നു ദർശനം. ജ്ഞാനത്തിലൂടെയും സംസ്കരണത്തിലൂടെയും മാത്രമേ മോചനം സാധ്യമാകുകയുള്ളൂവെന്ന് നബി സല്ലള്ളാഹു വസല്ലം നിർദേശിക്കുന്നു. വികലമായ ജീവിതം നയിക്കുന്നവർക്കും അധാർമികതയിലൂടെ മുന്നേറാൻ ശ്രമിക്കുന്നവർക്കും ജീവിതം നിരർഥകവും പരാജയവുമാണെന്നു നമ്മെ ഓർമിപ്പിക്കുന്നു.

സർവശക്തനായ ദൈവത്തെ അല്ലാതെ നിങ്ങൾ ആരാധിക്കരുത്. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അനാഥർക്കും അഗതികൾക്കും നന്മ ചെയ്യണം. ജനങ്ങളോട് നല്ലവാക്കു പറയണം. ക്ഷമയും നിഷ്കർഷയും ഉള്ളവരായിരിക്കണം.

അന്യന്റെ ആവശ്യങ്ങളിൽ തന്നാലാവുംവിധം ഓരോ ദിവസവും സഹായിക്കണം. പ്രാർഥന മുറപ്രകാരം നിർവഹിക്കുകയും സക്കാത്ത് നൽകുകയും ചെയ്യണം. വിശ്വസിക്കുകയും സത്‌കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർ ആരോ, അവരാകുന്നു സ്വർഗത്തിന്റെ അവകാശികൾ എന്ന് നാം വിശ്വസിക്കുന്നു.

ഉപാധികളും സമാനതകളുമില്ലാത്ത ദൈവീകസ്നേഹത്തിൻകീഴിൽ മനുഷ്യസമത്വം, ഏകത്വം എല്ലാ മതങ്ങളുടെയും മൂലതത്ത്വമാണ്. ആദർശങ്ങളെ യാഥാർഥ്യമാക്കാൻ എല്ലാ മതാനുയായികൾക്കും കഴിയട്ടെയെന്ന് നമുക്ക് പ്രാർഥിക്കാം. മനുഷ്യന്റെ ആത്യന്തികലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്.

മഹാമാരി താണ്ഡവമാടുന്ന ഇക്കാലത്ത് ഓരോ ദിനവും, പ്രായഭേദമെന്യേ ജീവിച്ചുകൊതിതീരുംമുമ്പേ അനേകം ജീവിതങ്ങൾ നമ്മുടെ കൺമുന്നിലൂടെ മൺമറഞ്ഞുപൊയ്‌ക്കൊണ്ടേ ഇരിക്കുന്നു. ഈ ദുർഗതിയിൽ നോമ്പും നിസ്കാരവും സത്‌കർമങ്ങളും മാത്രമാണ് ശാപമോക്ഷത്തിനും പാപമോചനത്തിനും നിർവാണത്തിനും ഉപാധിയെന്ന് മനീഷികൾ ഉപദേശിക്കുന്നു.

പതിനാലാം രാവും ലൈലത്തുൽഖദറും നമ്മിൽപകർന്ന ആത്മീയശക്തിയും അനുഗ്രഹങ്ങളും ശാന്തിയും റംസാനിൽ വർണാഞ്ചിത പ്രഭതൂകിയ അണയാത്ത ഫാനൂസ് വിളക്കുകളായി ജീവിതപാതയിൽ നമ്മുടെ കാലടികൾക്ക് ഇരുളിൽ പ്രകാശം ചൊരിയട്ടെ.