പഴയ നോമ്പോർമകളിലൂടെ സഞ്ചരിക്കുമ്പോൾ ആദ്യം ഓർക്കുന്നത് വീട്ടിൽ ഒരുപാട് നാളുകൾ പണിക്കുനിന്നിരുന്ന ഒരു ഉമ്മുമ്മയെയാണ്. ബാല്യം മനോഹരമാക്കിയത് തറവാട്ടിൽ ജാതിമത ഭേദമെന്യേ പണിക്ക് നിന്നിരുന്നവരാണ്. കുട്ടികളെല്ലാം കളിക്കുമ്പോഴും അവരോടൊപ്പം കൂടാതെ പണിക്ക് നിന്നിരുന്നവരുടെ കാര്യങ്ങൾ ശ്രദ്ധിക്കലായിരുന്നു പ്രധാന ജോലി. സവാള അരിയലും പത്തിരി പരത്തലും ചുടലും കോഴിയെ ഓടിച്ചിട്ട് പിടിച്ച് അറുത്ത് കറി വെക്കുന്നതുമെല്ലാം കണ്ടാസ്വദിക്കലായിരുന്നു വിനോദം. പത്തിരി പരത്തുമ്പോൾ അവർ അവരുടെ പഴയകാല നോമ്പോർമകൾ പങ്കുവെയ്ക്കും. ധാരാളിത്തമില്ലാതെ അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ കഥകൾ കേട്ടിരിക്കും. അവർ പങ്കുവെച്ച ഓർമകളിലൊന്നാണിത്. 
ശഅബാനിലെ ബറാഅത്രാവോടെ തന്നെ പുണ്യറംസാനെ വരവേൽക്കാൻ ഒരുക്കമാവും. ചാന്തും സിമെന്റും ഇടാൻ വകയില്ലാത്തതിനാൽ വീടിനകമെല്ലാം മണ്ണും ഇഷ്ടികപ്പൊടിയും കലക്കി മെഴുകും. കൊയ്ത്ത് സമയത്തുതന്നെ നെല്ലിടിച്ച്‌ അവിൽ ഉണ്ടാക്കിയെടുത്തുവെക്കൽ പതിവായിരുന്നു. കൊയ്ത്തിനുശേഷം മരപ്പെട്ടിയിലും ചാക്കിലും നിറച്ചുവെച്ചിരിക്കുന്ന നെല്ല് പുഴുങ്ങി ഉണക്കി ഉരലിൽ കുത്തി അരിയാക്കി അരിപ്പെട്ടിയിൽ ശേഖരിക്കും. കൂടാതെ പച്ചനെല്ല് ഉണക്കിയതെടുത്ത് ഉരലിലിട്ട് പൊടിച്ചു വറുത്ത്‌ പത്തിരിക്കും അപ്പങ്ങൾക്കുമായി മാറ്റിവെച്ചുമാണ് റംസാനെ വരവേറ്റിരുന്നത്.
മതിൽ കെട്ടുകളൊന്നും ഇല്ലാത്തതിനാൽ സ്വന്തം വേലിയിൽ വളരുന്ന ചീരയിലകൾ, പാടത്തെ കൊഴുപ്പകൾ, പറമ്പിലെ ചേമ്പുകൾ, മുറ്റത്തെ മാവിലെ മാങ്ങ, ഇരുമ്പാമ്പുളി അങ്ങനെ പ്രകൃതിതന്നെ കനിഞ്ഞേകിയ വിഷമകന്ന എന്നതിലുപരി സ്വാദേറിയ ഉമ്മാന്റെ കറികൾ. ആ ഓലക്കുടിലിന്റെയരികിലുള്ള ചട്ടിയിൽ തിളച്ചു മറിയും. ചില ദിവസങ്ങളിൽമാത്രം ഉമ്മ അല്പം ശർക്കരയടയോ, കൊഴുക്കട്ടയോ തരിക്കഞ്ഞിയോ ഉണ്ടാക്കും. എല്ലാ മക്കളുടെയും വയറു നിറയേണ്ടതുകൊണ്ട് ഭക്ഷണം മതിവരുവോളം ഉണ്ടാകില്ല. ഭക്ഷണത്തിന് പരിമിതികളുണ്ടായിരുന്നു. 
തൊട്ടപ്പുറത്തെ വലിയ വീടുകളിലെ വറപൊരി മണം വരുമ്പോൾ, ബാങ്കിനെ കാതോർത്ത് തസ്ബീഹുകൾ ചൊല്ലി കാരക്ക ചീളുകൾ പങ്കിട്ടുള്ള ഇഫ്താർ. തീപുകയുന്ന അടുപ്പിലേക്ക് മുളക് നീട്ടി ചുട്ടെടുത്തിട്ട് അതിൽ കല്ലുപ്പും ഉള്ളിയും ചേർത്തു തവികൊണ്ട് അരയ്ക്കുന്ന ആ ചമ്മന്തി കിട്ടിയാൽ വേണ്ടുവോളം ചോറുരുളകൾ തിന്നുവിശപ്പടക്കാം. എന്നിരുന്നാലും ആഴ്ചയിലൊരിക്കൽ ഒരു പോത്തുകറിയും പത്തിരിയും ഉമ്മ മുടക്കം വരുത്തിയില്ല. മസാലക്കൂട്ടുകൾ എല്ലാം ഉരലിലിട്ട്‌ പൊടിച്ചുണ്ടാക്കിയവ തന്നെ. ആ തിരുമ്പി വെക്കുന്ന കറിയുടെ വേവുന്ന മണവും അന്നത്തെ നോമ്പുതുറയും വല്ലാത്തൊരു സന്തോഷം പകരും. 
ഇശാ നിസ്കാരശേഷം ഉമ്മ പറഞ്ഞുതരുന്ന നിയ്യത്ത് ഏറ്റുപറഞ്ഞു പായയിൽ കിടന്നുറങ്ങുമ്പോഴെക്കും അത്താഴം കഴിക്കാനുള്ള വിളിവരും. ഉപ്പ ഒച്ചയിടുന്നതുകൊണ്ട് വേണ്ട എന്ന് ശാഠ്യം പിടിക്കാൻ പേടിയായിരുന്നു. ചിരട്ടത്തവി കൊണ്ട് ഉമ്മ മൺപാത്രത്തിൽ വിളമ്പിത്തരുന്ന ജീരകക്കഞ്ഞിയും വളപ്പിൽ വളർന്ന അച്ചിങ്ങ ഉലത്തിയതും വീട്ടുവളപ്പിലെ ഇലക്കറികളും അതിന്റെ സ്വാദെല്ലാം അനുഭവിച്ചു തന്നെയറിയണമത്രെ. 
പെരുന്നാൾ അടുക്കുന്ന ദിനമാവുമ്പോഴേക്കും വളപ്പെട്ടിയും പുത്തനുടുപ്പുമായി വരുന്ന പെട്ടിക്കാരൻ ഓരോ കുഞ്ഞു കൈകൾക്കും പാകമൊത്ത വളകൾ അണിഞ്ഞുതരും. അത് പോലെ തുണിശീലകളും. സക്കാത്ത് കിട്ടിയ കാശ്, അതിനുവേണ്ടി ഉമ്മാടെ കയ്യിൽ ഏൽപ്പിക്കലാണ് പതിവ്. പെരുന്നാളിന് തക്ബീർ കേൾക്കുമ്പോൾ തന്നെ അന്നത്തെ കൂട്ടുകാരുടെകൂടെ ഓരോ വീടും കയറിയിറങ്ങും. ഫിതിറിന്റെ അരിയും 10 പൈസയുമൊക്കെ കിട്ടുന്നത് കൂട്ടിവെക്കും. 
എന്റെ ബാല്യകാലത്തുതന്നെ ആ ഉരലുകൾ ആർക്കും വേണ്ടാത്തവണ്ണം മഴകൊണ്ടും വെയിൽ കൊണ്ടും പറമ്പിന്റെ അങ്ങേ മൂലയിൽ പുല്ലുകൾക്കിടയിൽ കണ്ടതായി ഓർക്കുന്നു. രസകരമായ നോമ്പോർമകൾ, അതിമനോഹരമായി പറഞ്ഞുതന്ന് എന്റെ ബാല്യങ്ങളെ സുന്ദരമാക്കി മണ്മറഞ്ഞുപോയ ഉമ്മുമ്മയും ഇപ്പോൾ ഒരു ഓർമയാണ്.