പെരുന്നാൾ രാവെന്ന് കേട്ടാൽ മനസ്സിലെത്തുന്നത് ബാല്യകാലംതന്നെയാണ്. എറണാകുളം എടവനക്കാടെന്ന കൊച്ചുഗ്രാമത്തിലെ പെരുന്നാളാണ് ഓർമയിലെത്തുക. പെരുന്നാൾ തലേന്ന് വൈകീട്ട് വീട്ടിലേക്ക് എളാപ്പമാരുടെ പെൺകുട്ടികളായ സൈനുത്ത, സോഫിത്ത, മറിയു, ഷംല്ത്താ, മിനിത്ത എന്നിവരുടെ ഒരു പടതന്നെയെത്തും. 
മൂത്തവരെല്ലാം പെരുന്നാൾ മൈലാഞ്ചി അണിയാനുള്ള തിരക്കിലായിരിക്കും. മൈലാഞ്ചി പലയിടത്തും പോയി പറിച്ചുനൽകുന്നത് ഞങ്ങളായിരിക്കും. കുഞ്ഞൊത്തുതാത്ത.... കുണുകുണു.....ആരാന്റെ കോയിയെ പിടി....പിടി....എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു വീട്ടിൽ സഹായത്തിനെത്തിയിരുന്ന കാച്ചിമുണ്ടും ഇളംപച്ച കുപ്പായവുമണിഞ്ഞ കുഞ്ഞൊത്താത്ത ആടിയാടി അമ്മിയിൽ മൈലാഞ്ചി അരച്ചത്. വല്ലാത്തൊരു മൊഞ്ചായിരുന്നു ആ കാഴ്ചയ്ക്ക്. ഇത്താമ്മാർ അണിയുന്നതിനുമുന്നേ ആദ്യമവർ ഞങ്ങളുടെ തള്ളവിരലിൽ മൈലാഞ്ചി തൊപ്പിയിടുവിക്കുമായിരുന്നു. അന്നേരം നല്ലൊരു കുളിർമയാണ് വിരലുകൾക്ക്. 
എടവനക്കാട് എച്ച്.ഐ.യു.പി സ്കൂളിലായിരുന്നു ഞങ്ങൾ പഠിച്ചിരുന്നത്. അവിടെ പെരുന്നാളിന് മൂന്നുദിവസമെങ്കിലും അവധി കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ആഘോഷത്തിന് കൊഴുപ്പേറി. പെരുന്നാളിന് തലേന്ന് 
മുഹിയുദ്ദീൻ പള്ളിയിൽനിന്ന്‌ ഇമ്പമാർന്ന തക്ബീർ ധ്വനികൾ മുഴങ്ങും. അതോടെ നാട്ടിലും വീട്ടിലും പെരുന്നാൾ രാവിന്റെ പെരുമയും മുഴങ്ങും. രാത്രി ഇത്താമ്മാർ എല്ലാം ഒത്തൊരുമിക്കും. തണുത്ത പഞ്ചാരമണലിൽ മൈലാഞ്ചി കരങ്ങൾകൊട്ടും. ‘‘കുരുകുരു...മച്ചൻ പെണ്ണുണ്ടോ....കുഞ്ഞാലിമച്ചൻ പെണ്ണുണ്ടോ....?’’ എന്ന പാട്ടുപാടി ഒപ്പന കളിക്കുന്നത് കാണാൻവല്ലാത്ത ചേലായിരുന്നു. 
ആ സമയം ഞങ്ങൾ പെരുന്നാൾക്കോടി തയ്പിച്ചത് വാങ്ങാനായി ഉമ്മർ എളാപ്പയുടെ തുണിക്കടയിലേക്ക് പായും. അക്കാലത്ത് ഗ്രാമത്തിലെ കുട്ടികൾക്ക് വർഷത്തിൽ പെരുന്നാളിനുമാത്രമാണ് പുത്തനുടുപ്പ് വാങ്ങുകയുള്ളൂ. പുതുവസ്ത്രം കിട്ടുകയെന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. തയ്യിൽക്കടയിലെ സന്തോശാൻ ഞങ്ങൾ കുട്ടികളെ കാണുമ്പോഴേക്കും കുപ്പായം തയ്ച്ച് കഴിഞ്ഞില്ലല്ലോ എന്നർഥത്തിൽ നാളെ, നാളെ എന്നുപറഞ്ഞ് ചൂടുകേറ്റും. അതോടെ പീടികത്തിണ്ണയിലിരുന്ന് മൂക്കൊലിപ്പിച്ച് കരഞ്ഞ് സമരം തുടങ്ങിയിരിക്കും. ഇതുകണ്ട് മാറിനിന്ന് പൊട്ടിച്ചിരിക്കുന്നവരിൽ പീടികയിലെ അബ്ദുൽ റഹിമാൻക്കായും കുഞ്ഞപ്പനും രാജപ്പനും, എളാപ്പയുടെ കൂട്ടുകാരായ കെരീം സാർ, സി.കെ മുഹമ്മദില്ക്കാ, കാദീർക്കാ എന്നിവരെല്ലാമുണ്ടാകും. 
ഏറെസമയം കാത്തിരുന്നാലും സന്തോശാൻ പുതിയ ഉടുപ്പുകൾ െെകയിലെടുത്ത് തരുമ്പോഴുള്ള സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.
പുത്തനുടുപ്പുമായി വീട്ടിലേക്ക് പായുംവഴി അമ്പി മാപ്പിളയുടെ കടയിൽനിന്ന്‌ അഞ്ചുപൈസയ്ക്ക് മൂന്നുപാക്കറ്റ് പൊട്ടാസ് വാങ്ങാൻ മറന്നിരുന്നില്ല. പുതുവസ്ത്രം പെരുന്നാളിന് മുമ്പേ മോശമാക്കുമെന്ന് കരുതി വാപ്പ അതെടുത്ത് സ്വന്തം പെട്ടിയിൽവെക്കും. കോടി അണിയാനുള്ള പൂതി അടക്കി പിന്നീട് അക്ഷമയോടെ കാത്തിരിക്കണം. 
അടുക്കളയിൽ ഉമ്മയും ആമിത്താത്തയും കുഞ്ഞൊതാത്തയുമെല്ലാം പെരുന്നാൾ ബിരിയാണിക്കുള്ള തയ്യാറെടുപ്പിലായിരിക്കും. അവരുകാണാതെ വറുത്തുവെച്ച കശുവണ്ടി, ഉണക്കമുന്തിരി എന്നിവയെല്ലാം കട്ടുതിന്നുന്നതാണ് അടുത്ത പരിപാടി. ആമിത്താത്ത ഇതുകണ്ട് ദേഷ്യപ്പെട്ട് ഓടിച്ചുവിടും. പാതിരാത്രിയാണ് പൊട്ടാസ് പൊട്ടിക്കുക. അങ്ങനെ കളിയും ചിരിയുമായി ഉറക്കമില്ലാത്ത രാവ്. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പഴങ്ങാട് തൊട്ടുങ്ങയിൽ പോയി വീട്ടിലേക്കുള്ള പെരുന്നാൾ സാധനങ്ങൾ ഉമ്മയ്ക്ക് വാങ്ങികൊടുക്കണം. അതുകഴിഞ്ഞാണ് എണ്ണതേച്ച് കുളി. ഉമ്മ പറയും:‘‘എടാ പെരുന്നാളിനെങ്കിലും നന്നായൊന്ന് കുളിക്കെന്ന്’’. രാവിലെ ഭക്ഷണം കഴിഞ്ഞയുടൻ വാപ്പ പെട്ടിയിൽനിന്ന്‌ പുത്തൻകുപ്പായവും ട്രൗസറും എടുത്തുതരും. ഒപ്പം അത്തർമുക്കിയ പഞ്ഞി, രണ്ടുചെവിയിലും വെച്ചുതരും. പുത്തൻകുപ്പായമണിഞ്ഞാൽ ഞാനാണ്‌ ലോകസുന്ദരൻ എന്ന ഭാവത്തിൽ അനിയൻ ഫയ്യാസ് കണ്ണാടിയുടെമുന്നിൽ അങ്ങനെ ഞെളിഞ്ഞൊരു നിൽപ്പുണ്ട്. 
വാപ്പയുടെ കൂടെയാണ് എടവനക്കാട് മുഹിയുദ്ദീൻ പള്ളിയിലേക്ക് പോകുക. അപ്പോൾ ഇമ്പമാർന്ന തക്ബീർ ധ്വനി ഇർശാദുൽ മുസ്‌ലിം സഭയുടെ ഈദ്ഗാഹിൽനിന്നും മുഴങ്ങിക്കേൾക്കുന്നുണ്ടാകും. വഴിയിൽക്കാണുന്ന വാപ്പയുടെ കൂട്ടുകാർ പുത്തൻകുപ്പായം കണ്ട് ചോദിക്കും: ‘‘ഓ പുതിയതാണല്ലോ. എനിക്കുതരാമോ മോനെ എന്ന്’’. അതോടെ നടത്തത്തിന് അല്പംകൂടി ഗമകൂടും. ഈദ്ഗാഹ് നിറയെ അത്തറിന്റെ പരിമളം വിശുന്നു. ഈദ്ഗാഹിൽ ’കുഞ്ഞൊമ്മാജി മൂത്താപ്പയുടെ’ അതിഗംഭീരമായ പെരുന്നാൾ ഖുതുബ ഏവരുടെയും മനസ്സിന് കുളിർമയേകിയിരുന്നു. 
ഒരിക്കൽ ഈദ്ഗാഹിൽ തൊട്ടുമുന്നിലിരുന്ന നാട്ടുകാരനായ സിനിമയിലെ അന്നത്തെ ഒരു പുതുമുഖ നടനെ ഒന്നുതൊട്ടുനോക്കി. അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. എന്നാൽ, ആ വിവരം കൂട്ടുകാരായ കൃഷ്ണൻ, ഹാരിസ്, മൊയ്തീൻ, മാഹിൻ എന്നിവരോട് നെഞ്ചുംതള്ളി പറഞ്ഞു. അവരത് കേട്ട് പൊട്ടിച്ചിരിച്ചു. ഇപ്പോഴും പെരുന്നാൾ ദിനത്തിൽ അവരെന്നോട് ചോദിക്കും: ‘‘ഇന്ന് നീ ആരെയെങ്കിലും തൊട്ടോ എന്ന്’’.
പെരുന്നാൾ ബിരിയാണി വീട്ടിൽ എല്ലാവരും ഒത്തൊരുമിച്ചാണ് കഴിക്കുക. കുടുംബത്തിൽ അതൊരു പ്രത്യേക അനുഭൂതിയായിരുന്നു. പെരുന്നാളിന് മാത്രമേ അക്കാലത്ത് സിനിമയ്ക്ക് പോകാൻ വാപ്പ സമ്മതിച്ചിരുന്നുള്ളൂ. അതും എടവനക്കാട് ‘ആഷാ കോട്ടയിൽ. രാത്രിയോടെ മൂത്താപ്പമാരുടെ കല്യാണം കഴിഞ്ഞ പെണ്മക്കളും ആണ്മക്കളും വീട്ടിലെത്തും. പിറ്റേന്ന് രാവിലെ ചുവന്ന തോൽപ്പെട്ടിയുമായി ഉമ്മയുടെ കൊച്ചിയിലുള്ള വീട്ടിലേക്ക് പോകും. ആ യാത്രയ്ക്കുമുണ്ടായിരുന്നു പ്രത്യേക സന്തോഷം. അങ്ങനെ എത്രയെത്ര, പെരുന്നാൾ സന്തോഷങ്ങളാണ് ഓർമയിലങ്ങനെ മായാതെ കിടക്കുന്നത്.