ഷജ്‌ന ഫാസിലും കുടുംബവും
 

പുണ്യമാസത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്തെന്ന് ചോദിച്ചാൽ നിസ്സംശയം പറയാനാവും ദാനധർമംതന്നെയെന്ന്. അർഹതപ്പെട്ടവരെ അന്വേഷിച്ചു കണ്ടെത്തി അവരിലേക്ക് ആഹാരം എത്തിച്ചു നൽകുന്നതാണ് ജീവിതത്തിലേറ്റവും സന്തോഷം നൽകിയിരുന്ന കാര്യം. അതിനുള്ള തയ്യാറെടുപ്പുകൾ മാസങ്ങൾക്കു മുൻപുതന്നെ തുടങ്ങും. ലേബർ ക്യമ്പുകളിലൂടെ, മരുഭൂമിയിലെ ഉസ്ബകളും അവിടെയുള്ള ആട്ടിടയൻമാർക്കും അരികിലേക്ക് നിരവധി യാത്രകൾ ചെയ്യും. അവരുമായി സംസാരിച്ച് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കും. അതിൽനിന്ന് അർഹരായവരെ വേർതിരിച്ചു കഴിഞ്ഞാൽ ആദ്യപടി കഴിഞ്ഞു. പിന്നീട് അവ ലിസ്റ്റാക്കി റംസാൻ നോമ്പ് ഒന്ന് മുതൽ മുപ്പത് നോമ്പും മുടങ്ങാതെ അവർക്ക് ആഹാരം നൽകിപ്പോരുന്നു. ഭർത്താവ് ഫാസിൽ മുസ്തഫയും സഹായികളായി കുറെയേറെ സുഹൃത്തുക്കളും കുടുംബങ്ങളും ചേർന്നുള്ള പുണ്യകർമം ഈ നോമ്പുകാലത്തോടെ തുടർച്ചയായി എട്ട് വർഷങ്ങൾ പിന്നിടുകയാണ്.

കഴിഞ്ഞ കോവിഡ് കാലത്തെ റംസാൻ തികച്ചും വ്യത്യസ്തമായിരുന്നു. പുറത്തിറങ്ങാൻ പോലും ഭയന്നിരുന്ന കാലം. എല്ലാവരും വീട്ടിൽമാത്രം ഒതുങ്ങിപ്പോയ ഒരു റംസാൻ കാലം. സാധനങ്ങൾ വാങ്ങി ബാക്കി കിട്ടുന്ന നാണയത്തുട്ടുകളിൽ പോലും കോവിഡിനെ ഭയന്നും സാനിറ്റൈസ് ചെയ്തും ആരോഗ്യപ്രവർത്തകരിൽ മാത്രം കണ്ടിരുന്ന കൈയുറകളും മുഖാവരണവും അണിഞ്ഞാൽ പോലും സുരക്ഷിതത്വം തോന്നാത്ത സമയം. വർഷങ്ങളായി ചെയ്തുപോരുന്ന കാരുണ്യ പ്രവർത്തനത്തിൽനിന്ന് തത്‌കാലം മാറിനിൽക്കാൻ അടുത്തറിയുന്ന നിരവധി സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് നാട്ടിൽ നിന്നും ഉമ്മയും വാപ്പയും നിർബന്ധിച്ചു. പക്ഷേ, ഏതോ അദൃശ്യശക്തി ചെവിയിൽ പറയുന്നുണ്ടായിരുന്നു ‘മുൻ വർഷങ്ങളെ അപേക്ഷിച്ച് നീ ചെയ്തുപോരുന്ന സേവനം ഈ കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ പേർക്ക് ആവശ്യവും ഉപകരിക്കുകയും ചെയ്യുക’. പിന്നീടൊന്നും ആലോചിക്കാതെ ധൈര്യം സംഭരിച്ച് 30 ദിവസവും അർഹരായവർക്ക് ഭക്ഷണമെത്തിച്ചു. പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് പടർന്നുപിടിച്ചിരുന്ന ലേബർ ക്യാമ്പുകളിലേക്കും തൊഴിൽ നഷ്ടപ്പെട്ടവരിലേക്കും ശബളമില്ലാതിരുന്നവരിലേക്കും ഞങ്ങളെത്തി. ഓരോ ദിവസം കഴിയുന്തോറും എടുത്ത തീരുമാനം വളരെ ശരിയാണെന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. അത്രയും ദയനീയമായിരുന്നു ലേബർ ക്യാമ്പുകളിൽ കോവിഡ് ബാധിച്ചവരുടെ അവസ്ഥ.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായതിനാൽ മാർക്കറ്റിൽ പോയി പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് മുതൽ , സവാള അരിയാനും പഴവർഗങ്ങൾ വെവ്വേറെ പൊതികളാക്കാനും പാചകം ചെയ്ത ബിരിയാണി പൊതിഞ്ഞുവെക്കാനുമെല്ലാം ഫാസിലും മക്കളായ ഫറയും ഫർഹാസും കൂടിച്ചേർന്നു. ഞങ്ങളൊരുമിച്ച് ദിവസവും നൂറും ഇരുനൂറും മുന്നൂറും പേർക്കുള്ള ഇഫ്താർ വിരുന്നൊരുക്കിയിരുന്ന അനുഭവം മുൻ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു.

ഇത്തവണയും കഴിഞ്ഞ വർഷത്തേതുപോലെ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെങ്കിലും അതിനുള്ള ആരോഗ്യവും മനസ്സും ഊർജവുമുണ്ട്.

കുഞ്ഞുമക്കളുടെ കൈകൾകൊണ്ട് ഭക്ഷണപ്പൊതികൾ നൽകിയിരുന്നൊരു കാലം ഇനി മടങ്ങിവരുമോയെന്ന് അറിയില്ല. ഈ കോവിഡ് കാലം അത്രയേറെയാണ് പ്രയാസപ്പെടുത്തിയത്. നോമ്പ് തുറയ്ക്ക് ലേബർ ക്യാമ്പുകളിൽ ജാതിമത ഭേദമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ ഒന്നിച്ചിരുത്തി കണ്ണും മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന മനോഹരമായ ആ കാഴ്ച മടങ്ങിവരാൻ നമുക്ക് പ്രാർഥിക്കാം. കോവിഡ് വാക്സിനുകൾ ഫലം കണ്ടു തുടങ്ങിയത് ആ പഴയ കാലത്തെ തിരിച്ചുതരുമെന്നാണ് പ്രതീക്ഷ.