പുണ്യങ്ങളുടെ പൂക്കാലമായ മറ്റൊരു റംസാൻ മാസംകൂടി ആഗതമായി. കഴിഞ്ഞ 30 വർഷത്തിലേറെയായി യു.എ.ഇ.യിൽ താമസിക്കുന്നതുകൊണ്ട് ഓരോ നോമ്പുകാലവും വിവിധതരം ഓർമകളാണ് സമ്മാനിച്ചത്. ആദ്യകാലങ്ങളിൽ നോമ്പ് സമയത്ത്, അറിവില്ലായ്മകൊണ്ട് പ്രാർഥനകളെക്കാൾ കൂടുതൽ പാചക പരീക്ഷണങ്ങൾക്കായിരുന്നു പ്രാമുഖ്യം കൊടുത്തിരുന്നത്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ആരോഗ്യത്തിന് മോശമാണെന്ന് അറിഞ്ഞതോടെ റംസാനിൽ അങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിയുന്നത്ര ഒഴിവാക്കി. കൂടുതൽ പഴവർഗങ്ങളും സൂപ്പും സലാഡുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി.
 

റംസാനിലെ ആദ്യ ദിവസംതന്നെ അടുത്തുള്ള പാകിസ്താനി കുടുംബം അയൽപക്കസ്നേഹത്തിന്റെ പ്രതീകമായി സമൂസയും പക്കോടയും കടലയും ഉരുളക്കിഴങ്ങുമൊക്കെയുള്ള ഒരു വിഭവവും എല്ലാം ഒരു ട്രേയിൽവെച്ച് നോമ്പുതുറനേരത്ത് കൊണ്ടുതരും. അങ്ങനെ റംസാനിൽ ഇടയ്ക്കിടെ ഞങ്ങൾ തനതായ പാരമ്പര്യ വിഭവങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറും.

നോമ്പുതുറ കഴിഞ്ഞാൽ സമയം പോകുന്നതറിയില്ല. ഇഷാ നമസ്‌കാരവും അതിനോടനുബന്ധിച്ചുള്ള തറാവീഹ് നമസ്‌കാരത്തിന് എത്താനായുള്ള തിരക്കും ബഹളവും സുഖമുള്ള ഓർമതന്നെയാണ്. പള്ളിയിൽ സ്ഥിരമായി നിസ്‌കാരത്തിനുവരുന്ന പലരുമായും ഒരു വർഷത്തിനുശേഷം പരിചയം പുതുക്കുന്നത് മനസ്സിന് പ്രത്യേക സന്തോഷംതരുന്ന കാര്യമാണ്.

കഴിഞ്ഞ കുറേവർഷങ്ങളായി ക്യാമ്പുകളിൽ റംസാൻ കിറ്റ് വിതരണത്തിനായി വിവിധ സംഘടനകൾക്കൊപ്പം കൂടാറുണ്ട്. കിറ്റുകൾ സന്തോഷത്തോടെയും ആശ്വാസത്തോടെയും വാങ്ങിപ്പോകുന്ന വിവിധ മതസ്ഥരായ ആളുകളെ കാണുമ്പോൾ നമുക്ക് കൂടുതൽക്കൂടുതൽ ദാനധർമങ്ങൾ ചെയ്യാൻ തോന്നിപ്പോകും.

അടുത്തകാലത്തായി തുടങ്ങിയ ‘റംസാൻ ഫ്രിഡ്ജ്’ എന്നൊരു സംരംഭത്തിലും പങ്കെടുക്കാറുണ്ട്. ദുബായ് നഗരത്തിലെ പലഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്രിഡ്ജുകളിൽ നമുക്ക് നമ്മുടെ കഴിവിനനുസരിച്ച് ഭക്ഷണങ്ങൾ കൊണ്ടുവെക്കാം. ആർക്കുവേണമെങ്കിലും അതിൽ ഭക്ഷ്യവസ്തുക്കൾ കൊണ്ടുവെക്കാം. ആർക്കുവേണമെങ്കിലും അതിൽനിന്നും സാധനങ്ങൾ എടുക്കുകയുമാവാം. കൊടുക്കുന്നവനും എടുക്കുന്നവനും ആരെന്ന് അറിയാതെയുള്ള ഒരു പുണ്യപ്രവൃത്തി.

പലപ്പോഴും പേരക്കുട്ടികളെയും കൂടെക്കൂട്ടിയാണ് റംസാൻ ഫ്രിഡ്ജിൽ സാധനങ്ങൾ വെക്കാൻപോയിരുന്നത്. അതിലൂടെ വളർന്നുവരുന്ന തലമുറയ്ക്കും നന്മയുടെയും ദാനധർമങ്ങളുടെയും വലിയൊരു സന്ദേശം നൽകാൻ നമുക്ക് സാധിക്കും. സമൂഹനോമ്പുതുറകളും ഏറെ ആസ്വദിക്കുന്ന ഒരു കാര്യമാണ്. പഴയ കൂട്ടുകാരെ പലരെയും കാണാനും പുതിയ കൂട്ടുകാരെ പരിചയപ്പെടാനും. അവരോടൊപ്പമിരുന്ന് നോമ്പ് തുറക്കാനും കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല.

റംസാനിലെ അവസാനത്തെ പത്ത് ആയാൽ കൂടുതൽ സമയവും പ്രാർഥനകളിൽ മുഴുകും. രാത്രി 12 മണിക്കുള്ള പള്ളികളിലെ ഖിയാമംലൈയിൽ നമസ്‌കാരം മനസ്സിനും ശരീരത്തിനും നൽകുന്ന സുഖം ഒന്നു വേറെത്തന്നെയാണ്.

ആ സമയം പള്ളികളിൽ ആരാധകരുടെ തിരക്ക് കൂടുന്നതുകൊണ്ട്, ചിലപ്പോൾ നമുക്ക് സ്ഥലം ലഭിക്കാറില്ല. അതുകൊണ്ട് രാത്രി 10 മണിക്കുതന്നെ പള്ളിയിൽപ്പോയി നമസ്‌കാരങ്ങളും പ്രാർഥനകളുമായി കഴിച്ചുകൂട്ടും. ഞങ്ങളെപ്പോലെതന്നെ അവിടെ നേരത്തേ വന്നിരിക്കുന്ന അറബികളടക്കമുള്ള വിവിധ ദേശക്കാരായ പലരുമുണ്ടാകും. അവർ സ്നേഹത്തോടെ തരുന്ന ഈത്തപ്പഴവും കാവയുമൊക്കെ സന്തോഷത്തോടെ ഞങ്ങൾ സ്വീകരിക്കും. ആ കൊടുക്കൽവാങ്ങലുകളൊക്കെ മനസ്സിൽ നിധിപോലെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.

കുറച്ചു വർഷങ്ങൾക്കുമുമ്പ് അങ്ങനെയൊരു ഖിയാമംലൈയിൽ രാത്രിയിൽ പള്ളിയിൽ ഒരു അറബിസ്ത്രീ, കാലില്ലാത്ത കസേരപോലൊരു ഇരിപ്പിടത്തിലിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നത് കണ്ടു. ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു ഇരിപ്പിടം കാണുന്നത്. ഇങ്ങനെ ഒരു ഇരിപ്പിടം കിട്ടിയാൽ, നാട്ടിലുള്ള എന്റെ ഉമ്മയ്ക്ക് കട്ടിലിൽ സുഖമായിരുന്നു ഖുർആൻ ഓതാമല്ലോ... എന്ന ചിന്തയാൽ ഞാനവരോട് എവിടെനിന്നാണത് വാങ്ങിയത് എന്നെല്ലാം അന്വേഷിച്ചു. അല്പസമയത്തെ കുശലസംഭാഷണത്തിനുശേഷം ഞാൻ എഴുന്നേറ്റു. ഉടൻ അവർ ആ ഇരിപ്പിടം മടക്കി കൈയിൽത്തന്നിട്ട് പറഞ്ഞു. ഇത് നിന്റെ ഉമ്മയ്ക്ക് എന്റെ വകയായി കൊടുക്കണമെന്ന്. എത്ര വേണ്ടെന്നു പറഞ്ഞിട്ടും അവരത് നിർബന്ധപൂർവം ഏൽപ്പിച്ചു. നമ്മൾ സഹോദരിമാരാണ്... നീ ഇത് നിരസിക്കാൻ പാടില്ല... എന്ന് സ്നേഹമസൃണമായ നിർബന്ധത്തോടെ ആ ഇരിപ്പിടം ഏൽപ്പിച്ചു. സ്നേഹത്തിന് ദേശമോ ഭാഷയോ പ്രശ്നമല്ലെന്ന് തെളിയിച്ച ആ അറബി സഹോദരിയുടെ മുഖം ഇന്നും മനസ്സിൽ മായാതെകിടക്കുന്നു. സാധാരണ നോമ്പുകാലം പോലെയല്ലെങ്കിലും പ്രാർത്ഥനകളും ദാനധർമ്മങ്ങളും വർധിപ്പിച്ച്, പുണ്യങ്ങളുടെ പൂക്കാലമാക്കികൊണ്ട് തന്നെ നമുക്ക് ഈ കോവിഡ് പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കാൻ സാധിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്.