: കോവിഡ് കാലത്തെ വിരസതയൊഴിവാക്കാൻ തുടങ്ങിയ ചിത്രരചന ഇന്ന് റെക്കോഡ് തിളക്കവും കടന്ന് സ്വപ്നസാക്ഷാത്കാരത്തിലെത്തിയ ചാരിതാർഥ്യത്തിലാണ് ശരൺ ശശികുമാർ എന്ന കൊച്ചുമിടുക്കൻ. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഛായാചിത്രം സമ്മാനിച്ചതോടെ രചനാവൈഭവത്തിന്റെ വജ്രത്തിളക്കത്തിലാണ് ദുബായിലെ 14-കാരനായ മലയാളി വിദ്യാർഥി. നരേന്ദ്രമോദിയുടെ ആറുപാളികളുള്ള സ്റ്റെൻസിൽ ഛായാചിത്രമാണ് ശരൺ ശശികുമാർ വരച്ച് സമ്മാനിച്ചത്. യു.എ.ഇ. സന്ദർശിച്ച കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ വഴിയാണ് ശരൺ ചിത്രം കൈമാറിയത്. തുടർന്ന് ചിത്രത്തിന് നന്ദിയറിയിച്ചുകൊണ്ട് പ്രധാനമന്ത്രി കത്തയച്ചു. ‘‘കൂടുതൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത് തുടരുക, ഭാവിയിൽ കലാപരമായ കഴിവുകൾ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പുണ്ട്’’ -എന്നുതുടങ്ങുന്ന മോദിയുടെ വാക്കുകൾ ശരൺ പിന്നീട് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി സി.ഐ.എസ്.എഫ്. യൂണിഫോം ധരിച്ച് അഭിവാദ്യം അർപ്പിക്കുന്ന ചിത്രമാണ് ശരൺ വരച്ചത്. 90 സെന്റീമീറ്റർ നീളവും 60 സെന്റീമീറ്റർ വീതിയുമുള്ള ചിത്രമായിരുന്നു ഇത്.

കോവിഡ് കാലത്ത് യു.എ.ഇ.യിലെ മുൻനിരനേതാക്കൾ ഉൾപ്പെടെ 92 പേരുടെ ഛായാചിത്രങ്ങൾ ശരൺ ഇതിനകം വരച്ചിട്ടുണ്ട്. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് ശരൺ. ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോഡ്, ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോഡ് എന്നീ നേട്ടങ്ങളും കോവിഡ് കാലത്ത് ശരൺ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം നിമിഷനേരംകൊണ്ട് വരച്ചതിനാണ് റെക്കോഡ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരെക്കൂടാതെ സിനിമാതാരങ്ങൾ, കായികതാരങ്ങൾ എന്നിവരുടെയും ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ. കോവിഡ് കാലം തുടങ്ങി ആദ്യ അഞ്ചുമാസംകൊണ്ട് ശരൺ വരച്ചത് എഴുപതിലേറെ മനോഹരമായ ഛായാചിത്രങ്ങളാണ്. അധ്യാപകനായ കൃഷ്ണാനന്ദിന്റെ ശിക്ഷണത്തിലാണ് ശരൺ ചിത്രകല അഭ്യസിക്കുന്നത്. ദുബായിൽ ബിസിനസ് നടത്തുന്ന മാവേലിക്കര കാരാഴ്മ വലിയകുളങ്ങര ശ്രീവിഹാറിൽ ശശികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരൻ ശരത്ത്.