: 25 വർഷങ്ങൾക്കുമുമ്പാണ് പാലക്കാട്ടുകാരൻ പീതാംബരൻ ദുബായിൽ വന്നത്. രണ്ടാം വർഷം നഗരത്തിൽ രണ്ടുമുറി ഫ്ളാറ്റ് താമസത്തിനായി തിരഞ്ഞെടുത്തു. വീട് എന്നത് സ്വപ്നങ്ങളുടെ കൂടാരമായിരുന്നു അയാൾക്ക്. അതുകൊണ്ടുതന്നെ ഫ്ളാറ്റ് മുഴുവൻ ഇഷ്ടപ്പെട്ട നിറം കൊടുത്ത്, ഇന്റീരിയർ ചെയ്ത് സ്വന്തം ചെലവിൽ ഭംഗിയാക്കിയെടുത്തു. നാട്ടിലെ വീടുപോലെ അയാളും ഭാര്യയും മകനും അവിടെ ജീവിതം തുടങ്ങി. ആ വീട്ടിൽ വെച്ചുതന്നെ അവർക്കൊരു മകൾ പിറന്നു. ഫ്ളാറ്റിലെ ഓരോ ഇടത്തിനും അവരുടെ ഗന്ധത്തെ തിരിച്ചറിയാൻ കഴിയുംവിധമായിരുന്നു സഹവാസം. ബാൽക്കണിയിൽ ചെടികളും പച്ചക്കറികളും നട്ടുവളർത്തി അടുക്കളത്തോട്ടത്തിന്റെ പച്ചപ്പിലേക്ക് അവർ ഇറങ്ങിനടന്നു. ഒപ്പംതന്നെ എപ്പോഴും ഉണർന്നിരിക്കുന്ന മഹാനഗരത്തിലെ വെളിച്ചവും ശബ്ദവും അവരുടെ ജീവിതത്തിന്റെ ഭാഗമായി.

അതിനിടയിൽ മകൻ പഠനത്തിനായി നാട്ടിലേക്ക് മടങ്ങി. പിന്നീടുണ്ടായ ബിസിനസിന്റെ മോശമായ അവസ്ഥ രണ്ടുവർഷം മുമ്പ്‌ കുടുംബത്തെ നാട്ടിലേക്കയക്കാൻ അയാളെ പ്രേരിപ്പിച്ചു. അപ്പോഴും ഫ്ളാറ്റ് വിട്ടുകൊടുക്കാൻ അയാളുടെ മനസ്സനുവദിച്ചില്ല. വീട്ടിൽ പ്രിയപ്പെട്ടവരുടെ ഗന്ധം അകന്നതോടെ ശൂന്യതയുടെ മഹാപർവതങ്ങൾ വളരാൻ തുടങ്ങി. അയാളെ ഒറ്റപ്പെടലിന്റെ രാപകലുകൾ വന്നുപൊതിഞ്ഞു. ചുമരുകൾ അയാളെ ചേർത്തുപിടിച്ചു. അതിനിടയിൽ ബാൽക്കണിയിലെ പച്ചക്കറിച്ചെടികൾക്ക് പഴയ സൗന്ദര്യം നഷ്ടപ്പെടാൻ തുടങ്ങി. ഫ്ളാറ്റിന് പെട്ടെന്ന് വാർധക്യം ബാധിച്ച പോലൊരു തോന്നൽ.

കോവിഡ് വ്യാപകമായതോടെ ഉണ്ടായിരുന്ന ബിസിനസും തകർന്നു. എല്ലാം മതിയാക്കി നാട്ടിലേക്ക് വരാൻ കുടുംബം നിരന്തരം വിളിയായി. ഈ മഹാനഗരത്തോട് വിടപറയാൻ അയാൾ തീരുമാനിച്ചത് അങ്ങനെയാണ്. അപ്പോഴാണ് 25 വർഷത്തെ കണക്കെടുപ്പ് അനുവാദമില്ലാതെ കടന്നുവന്നത്. ഉറക്കംവരാത്ത രാത്രികൾ തിളച്ചുമറിയാൻ തുടങ്ങി. എന്തായിരുന്നു ഇതുവരെയുള്ള ജീവിതം ബാക്കിവെച്ചത്.

പ്രവാസകാലത്ത് ഉറ്റവരെയും ഉടയവരെയും ഏറെ സഹായിക്കാൻ കഴിഞ്ഞു. വീട്ടിലെ കടങ്ങൾ തീർത്തു. മാതാപിതാക്കളെ നല്ലരീതിയിൽ സംരക്ഷിച്ചു. സഹോദരിമാർക്ക് തണലായി. ചില കൂട്ടുകാരെ പ്രവാസമണ്ണിലേക്ക് എത്തിച്ച് ജോലി തരപ്പെടുത്തി. ബാങ്കിൽ ബാക്കിയിരിപ്പ് ഒന്നുമില്ലെങ്കിലും ഇതൊക്കെയാണ് ജീവിതത്തിലെ ഏറ്റവുംവലിയ സമ്പാദ്യങ്ങൾ. അതിലുപരി അയാളെ സന്തോഷിപ്പിക്കുന്നത് മക്കൾക്ക് നല്ലരീതിയിൽ വിദ്യാഭ്യാസം നൽകിയതാണ്. കൂട്ടത്തിൽ ബാക്കിയിരിപ്പായി താഴത്തെ പാർക്കിങ്ങിലുള്ള ഒരു വണ്ടിയും.

1999-ൽ സ്വന്തമാക്കിയ വണ്ടി പാർക്കിങ്ങിലെ ഏറ്റവുംപ്രായമായ വാഹനമായി ഇപ്പോഴും തലയുയർത്തിനിൽക്കുന്നുണ്ട്. ഈ മഹാനഗരത്തിലൂടെ 20 വർഷകാലം അയാളുടെ കുടുംബത്തെ വഹിച്ചോടിയവൻ. ഒരിക്കൽപോലും ഒരാളെയും ഉപദ്രവിക്കാതെ അവരെ കാത്തുരക്ഷിച്ചവൻ. ഫ്ളാറ്റ് വിട്ടുകൊടുക്കുന്നതിനുമുമ്പ് അവനെ ആർക്കെങ്കിലും കൈമാറണം. അതിനിടെയാണ് ഫ്ളാറ്റ് കരാർകാലാവധി കഴിഞ്ഞ വിവരം അറിഞ്ഞത്. അതോടെ പഴയ സാധനങ്ങളിൽപലതും ഉപേക്ഷിച്ചു. ഒരിക്കലും ഉപേക്ഷിക്കില്ലെന്നുകരുതിയ പലവസ്തുക്കളും ചവറ്റുകുട്ടയിലേക്ക് ഇട്ടു. ചിലത് കൈകളിൽനിന്ന്‌ വിട്ടുപോകാതെ മുറുകെ പിടിക്കുന്നതുപോലെതോന്നി. സൂക്ഷിച്ചുവെക്കാൻ ഈ മഹാനഗരത്തിൽ തനിക്ക് മറ്റൊരിടമില്ലെന്ന് അയാൾക്ക് പറയേണ്ടിവന്നു. നാട്ടിലെത്തിക്കാനുള്ള വഴിയും മുടങ്ങിക്കിടക്കുകയാണ്. അന്നുരാത്രിയാണ് അയാൾ വേരുകളില്ലാത്ത ദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിച്ചത്. വേരുകൾ ഇറങ്ങാൻകഴിയാത്ത മണ്ണാണ് പ്രവാസഭൂമി. അത് ജീവിക്കുന്ന കാലത്തെമാത്രം അടയാളപ്പെടുത്തുന്ന മാന്ത്രികമണ്ണാണ്. ഏതുനിമിഷവും ഉപേക്ഷിക്കപ്പെടാൻ സാധ്യതയുള്ള ഒരിടമാണ്.

ബാച്ചിലർമുറിയിൽ ഒരാൾക്ക് ഒരുബാഗിൽ കൊള്ളാവുന്ന വസ്ത്രങ്ങളും മറ്റ് നിത്യോപയോഗസാധനങ്ങളും മാത്രമാണുണ്ടാവുക. കാരണം, ഏതുനിമിഷവും അയാൾ കിടക്കുന്നിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റപ്പെടാൻ സാധ്യതയുള്ള വ്യക്തിയാണ്. ഈ ഒറ്റയാൻ ജീവിതത്തിലേക്ക് അയാളും മാറാൻപോവുകയാണ്. അതിനിടയിലാണ് ഇന്നലെവരെ തുടച്ച് വൃത്തിയായിസൂക്ഷിച്ച പല ചിത്രകലാ രൂപങ്ങളും അയാൾ ചവറ്റുകുട്ടയിലേക്ക് ഉപേക്ഷിച്ചത്. രാത്രി പുറത്തേക്കു നോക്കിയപ്പോൾ പതിവുപോലെ ആ ഹോട്ടൽ അപ്പാർട്ട്‌മെന്റ് നിറഞ്ഞുനിൽക്കുന്നത് കണ്ടു.

രാത്രിയേറെ വൈകിയിരുന്നു. ഫ്ളാറ്റ് മുഴുവൻ ചുറ്റിനടന്നു. മക്കൾ കിടന്നുറങ്ങിയിരുന്ന മുറിയിൽനിന്ന്‌ അവരുടെ ഗന്ധത്തെ ആർത്തിയോടെ വലിച്ചെടുത്തു. ചുമരിൽ പതിഞ്ഞ അവരുടെ കൈപ്പടകൾ നാവുകൊണ്ട് മായ്ച്ചുകളഞ്ഞു. അവ ഹൃദയഭിത്തിയിൽ പുതിയ സ്ഥാനം കണ്ടെത്തി. ബാൽക്കണിയിലെ ചെടികൾക്ക് അന്ന് അർധരാത്രിയിലും അയാൾ വെള്ളമൊഴിച്ചു. ഉറക്കം ഞെട്ടിയുണർന്ന ഇലകൾ അയാളെനോക്കി ചലിച്ചു. പോവുകയാണ് എന്നുമാത്രം അയാൾ പറഞ്ഞു. ഫ്ളാറ്റുകൾ ഓരോന്നായി ഒഴിഞ്ഞുപോകുന്നതും അതിലെ ബാൽക്കണിയിലെ ചെടികൾ ഉണങ്ങിപ്പോകുന്നതും അയാളെ നേരത്തേ വേദനിപ്പിച്ച കാഴ്ചകളായിരുന്നു. ഫ്ളാറ്റിലെ അവസാനരാത്രി ഉറങ്ങാതെ കിടക്കണം എന്നയാൾ തീരുമാനിച്ചതല്ല. ഇപ്പോഴാകട്ടെ 23 വർഷങ്ങൾക്കുമുമ്പ് ഫ്ളാറ്റിൽ കയറിവന്ന ആദ്യത്തെ രാത്രിയെ അയാൾ ഓർത്തുപോയി.

അടുത്തദിവസം രാവിലെ അയാൾ തിരക്കൊഴിഞ്ഞ നഗരത്തിലേക്ക് ഇറങ്ങിനടന്നു. ദേശംനഷ്ടപ്പെട്ട ഒരാളിന്റെ ശൂന്യത പ്രവാസജീവിതത്തിൽ ആദ്യമായി അനുഭവപ്പെട്ടത് അന്നാണ്. സ്വാതന്ത്രമായി ഏതുസമയത്തും കയറിച്ചെല്ലാൻ ഒരിടം എന്നത് ജീവിതത്തിന് നൽകുന്ന ധൈര്യം ചെറുതല്ല. അത് നഷ്ടമായപ്പോൾ മനുഷ്യൻ എന്ന അസ്തിത്വം പൂർണമായി ഇല്ലാതായ ഒരാളായിമാറുകയാണ് അയാൾ. കൈയിലെ ബാഗുമായി സുഹൃത്തിന്റെ ഷെയറിങ് ഫ്ളാറ്റിലേക്ക് കയറിച്ചെന്നപ്പോൾ അയാൾ പുതിയ മനുഷ്യനായി, പുതിയ പ്രവാസിയായി മാറുകയായിരുന്നു.

ആദ്യമായി ബാച്ചിലർ ജീവിതത്തിന്റെ രുചിയറിഞ്ഞു. രണ്ടുമൂന്നുദിവസം വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെട്ടു. ഉറക്കത്തിനുമാത്രമായിരുന്നു ഈ ഷെയറിങ്. പകൽസമയത്ത് ബിസിനസ് അവസാനിപ്പിക്കേണ്ട തിരക്കിലായിരുന്നു അയാൾ. അതിനിടയിലാണ് കൂട്ടത്തിലെ ഒരാൾക്ക് കോവിഡ് ബാധ തിരിച്ചറിഞ്ഞത്. അതോടെ അയാൾക്ക് അവിടെ നിൽക്കാനുള്ള സാഹചര്യം ഇല്ലാതെയായി. രണ്ടുദിവസം നിന്നെങ്കിലും മൂന്നാമത്തെ ദിവസം ആ മുറി വിട്ടു.

ചുറ്റുമുള്ള ഹോട്ടൽ അപ്പാർട്ട്‌മെന്റ് കയറിയിറങ്ങി. പലയിടത്തും 250 ദിർഹത്തിന് മുകളിലാണ് ദിവസവാടക. ഏറ്റവുംചുരുങ്ങിയത് ഒരു മുറിക്ക് ദിവസം 210 ദിർഹം നൽകാൻ അയാൾ തീരുമാനിച്ചു. 23 വർഷമായി ഒറ്റ ഫ്ളാറ്റിൽ ജീവിച്ച ഒരാൾ എത്ര പെട്ടന്നാണ് ഈ മഹാനഗരത്തിൽ ഒറ്റപ്പെട്ടുപോയത്!. കിടക്കാനുള്ള സൗകര്യം ആരോടെങ്കിലും ചോദിക്കാമായിരുന്നു. പക്ഷേ, കോവിഡ് ബാധിച്ച മുറിയിൽ നിന്നാണ് വരുന്നത് എന്നറിയുമ്പോൾ ആരും സ്വീകരിക്കില്ല. ചോദിക്കാനും പാടില്ല. അങ്ങനെയാണ് ദിവസം 210 ദിർഹം നൽകി അയാൾ 15 ദിവസം ഹോട്ടലിൽ തങ്ങിയത്. ആ ഹോട്ടലിലെ ജാലകത്തിലൂടെ നോക്കിയാൽ അയാൾക്ക് 23 വർഷം താമസിച്ച ഫ്ളാറ്റ് കാണാം.

എന്നന്നേക്കുമായി പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ആ ഹോട്ടലിൽ നിന്നാണ്. അപ്പോഴാണ് 20 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ വണ്ടിയെക്കുറിച്ച് ഓർത്തത്. ഇക്കാലമത്രയും തന്റെ കുടുംബത്തിന് ഒപ്പം ഓടിക്കിതച്ചവൻ തന്നെ കാത്ത് വർക്ക്‌ഷോപ്പിലാണ്. ആർക്കെങ്കിലും അവനെ ഏൽപ്പിക്കണം. അവന്റെ വാർധക്യം ആർക്കും വേണ്ടാത്തവനായി മാറ്റിനിർത്തുകയാണ്. അതോടെ കിട്ടുന്ന പണത്തിന് കൊടുക്കാൻ മാനസികമായി തയ്യാറായി. കുറെ അന്വേഷണങ്ങൾക്കുശേഷം എത്തപ്പെട്ടത് സ്‌ക്രാപ്പ് വാങ്ങുന്നവരിൽ. 2000 ദിർഹത്തിന് സമ്മതം മൂളി. ബാധ്യതകൾ ഓരോന്നായി തീർക്കുകയാണ്. പ്രവാസം വേരുകൾ ഇറങ്ങാത്ത മണ്ണാണെന്നും അതിനിടയിൽ നേടിയതെല്ലാം ഈ മണ്ണ് നൽകിയതാണെന്ന സമാധാനം മുന്നോട്ടുള്ള ജീവിതത്തിന് ശക്തിപകരുന്നുണ്ട്.

വേരുകൾ ഇറങ്ങാത്ത പ്രവാസമണ്ണ് സ്വന്തം ദേശത്തെ വേരിന് വെള്ളവും വെളിച്ചവുമായി മാറുന്ന മാന്ത്രികതയിലാണ് കഴിഞ്ഞ 25 വർഷം അയാളിലൂടെ കടന്നുപോയത്. ആ സമാധാനപ്പെടലിന്റെ പുതപ്പുചുറ്റിയാണ് അയാൾ പാലക്കാട്ടെ വീട്ടിലേക്ക് പറന്നത്.

അനുഭവം