2006-ൽ എം.കെ. നാരായണൻ കുഞ്ഞാലി മരക്കാർ സ്മാരകം സന്ദർശിച്ചപ്പോൾ
 

അഡ്വ. മുഹമ്മദ് സാജിദ്(സെക്രട്ടറി, കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ)

: ഇന്ത്യയിൽ വൈദേശികാധിപത്യത്തിനെതിരേ പട നയിച്ച് വീരമൃത്യു വരിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ സ്മരണകൾ വീണ്ടും സാമൂഹിക മാധ്യമത്തിൽ സംസാര വിഷയമായിത്തീർന്നിരിക്കുന്നു. ഏറ്റവുംമികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ അവാർഡിന് കഴിഞ്ഞയാഴ്ച അർഹമായ അഭിനയ സമ്രാട്ട് മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് സിനിമ വിസ്മൃതിയിലാണ്ടുപോയ ആ മഹാപുരുഷന്റെ വീരഗാഥകൾ ഉയിർത്തെഴുന്നേൽക്കുന്നതിന് നിമിത്തമാവുന്നു എന്നത് ശ്ലാഘനീയമാണ്. ഒപ്പം ത്യാഗോജ്വല സ്മരണകൾ സാകൂതം അയവിറക്കുന്ന രാജ്യസ്നേഹികളെ അത് അഭിമാനപുളകിതരാക്കുകയും ചെയ്യുന്നു. ഏതൊരു ചരിത്ര ചലച്ചിത്ര ഭാഷ്യങ്ങൾക്കുമെന്നപോലെ, പ്രശസ്ത സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന ഈ ചിത്രവും വെള്ളിത്തിരയിലെത്തുംമുമ്പേ വിവാദത്തിനും കാരണമായിട്ടുണ്ട്.

കുഞ്ഞാലിമരക്കാരുടെ താവഴി കുടുംബത്തിൽനിന്ന് ഉയർന്ന ആരോപണങ്ങളാണ് ഇതിൽ പ്രധാനം. ചരിത്ര പുരുഷനായ കുഞ്ഞാലിമരക്കാരെ വികൃതമായി അവതരിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന് നൽകിയ വേഷം, ഭാഷ എന്നിവ ആ യുഗപുരുഷനെ അവഹേളിക്കുന്ന തരത്തിലാണെന്നുമാണ്, ചിത്രം പുറത്തിറങ്ങുന്നതിനുമുമ്പേ അവർ ആരോപിച്ചത്.

ഭാരതത്തിന്റെ, സ്വാതന്ത്ര്യസമരചരിത്രം പരിശോധിക്കുമ്പോൾ പോർച്ചുഗീസുകാരായിരുന്നു ഇവിടെ ആദ്യം സാമ്രാജ്യത്വ മോഹവുമായി കടന്നുവന്നത്. അവർ ആദ്യം കാലുകുത്തിയ കോഴിക്കോട്ടെ കാപ്പാട് ഉൾപ്പെടുന്ന നാട്ടുരാജ്യം, അന്നത്തെ നാടുവാഴിയായിരുന്ന സാമൂതിരി രാജാവിന്റെ കീഴിലായിരുന്നു. വെറും കച്ചവട താത്പര്യാർഥം എത്തിയ അവർ ക്രമേണ സാമ്രാജ്യത്വ സ്വപ്നവുമായി തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അവരുടെ അധിനിവേശത്തെ ചെറുക്കാൻ സാമൂതിരിയുടെ നാവിക പടത്തലവനായി നിയോഗിതനായതായിരുന്നു കുഞ്ഞാലി മരക്കാർ. പറങ്കികളുമായുള്ള (പോർച്ചുഗീസ്) പോരാട്ടത്തിൽ, തലയറുത്തു കടലിൽ നാട്ടി നിഷ്കരുണം വധിക്കപ്പെട്ട ചരിത്രമാണ് കുഞ്ഞാലിമരക്കാരുടെത്.

സാഹസികനും വീര യോദ്ധാവുമായ കുഞ്ഞാലിമരക്കാരുടെ പേരിൽ, നവീന സാങ്കേതിക വിദ്യകളുപയോഗിച്ച് അക്കാലത്തെ രംഗ സജ്ജീകരണങ്ങളോടെ വൻ ബജറ്റിൽ തയാറാക്കിയ ഒരു ദൃശ്യവിസ്മയം, വിവാദങ്ങളിൽ പെടുന്നത് ഖേദകരമാണ്. അവിവാഹിതനായിരുന്ന കുഞ്ഞാലി മരക്കാർക്ക് സന്താന പരമ്പരകളില്ലെങ്കിലും, അദ്ദേഹത്തിന്റെ ബന്ധുക്കളോ, ആശ്രിതരോ, പരിചാരകരോ ആയിരുന്നവരുടെ കുടുംബ പരമ്പരയിൽ പെട്ടവരുടെ മനോവ്യഥയാവണം പരാതികളുടെ അടിസ്ഥാനം. സാമൂതിരിയുടെ തികഞ്ഞ ആജ്ഞാനുവർത്തിയും വിശ്വസ്തനുമായിരുന്നു കുഞ്ഞാലി. അതുകൊണ്ടുതന്നെ കുലാചാരപ്രകാരം നാടുവാഴി നൽകിയ പടച്ചട്ടകളും മേലങ്കിയും തലപ്പാവുമൊക്കെ ധരിക്കാൻ കുഞ്ഞാലിമരക്കാർ ബാധ്യസ്ഥനുമായിരുന്നു.

ഇന്നും കേന്ദ്ര-സംസ്ഥാന സർക്കാർ സേനാംഗങ്ങൾ സിംഹ-ധ്വജ ചിഹ്നങ്ങളും, അശ്വ രൂപങ്ങളും മത-ജാതി ഭേദമെന്യേ ഔദ്യോഗികാവശ്യങ്ങൾക്കായി തൊപ്പിയിലും, വേഷങ്ങളിലും ഉപയോഗിക്കപ്പെടുന്നു എന്നത് ഇവിടെ ഓർക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാമൂതിരി സാമ്രാജ്യത്തിലെ നാവിക സൈന്യാധിപനായിരുന്ന കുഞ്ഞാലി മരക്കാരുടെ തലപ്പാവിലെ ചിഹ്നവും ആകൃതിയും നോക്കി മതപരമായ വിവേചനം സൃഷ്ടിക്കരുത്. അത് സിനിമ പ്രദർശനത്തെക്കാളുപരി, ഇന്ത്യൻ നാവിക സേനയുടെ തന്നെ അഭിമാനമായ കുഞ്ഞാലി മരക്കാരെ സമൂഹത്തിൽ ഒരു സമുദായത്തിന്റെ മാത്രം അവകാശിയായി അവരോധിക്കാനുള്ള ശ്രമമായേ നിർവചിക്കപ്പെടുകയുള്ളു. ഒപ്പം അക്കാലത്ത് മാപ്പിളസമൂഹം, അഭിമാനത്തോടെ ഉപയോഗിച്ച ഭാഷാശൈലി, സിനിമയിൽ പ്രയോഗിച്ചതിനെ വിമർശിക്കുന്നത് പരിഷ്കാരത്തോടുള്ള അഭിവാഞ്ഛയായി മാത്രമേ ഗണിക്കാനാവൂ. ചരിത്രാഖ്യാന സിനിമകളിൽ ആ യുഗത്തെ ഭാഷതന്നെ പ്രയോഗിക്കുന്നത്, ആ ചരിത്ര സംഭവങ്ങൾക്ക് ആധികാരികതയേകും. പഴയകാലങ്ങളിൽ, ഇന്നത്തേതിന് വിഭിന്നമായി ഓരോ ജാതിയിലും മതത്തിലും വ്യത്യസ്ത ഭാഷാശൈലി ഉപയോഗിച്ചിരുന്നു എന്നത് നിസ്തർക്കമായ വസ്തുതയുമാണ്.

പരാതിയായി പറയപ്പെടുന്ന പ്രണയവും, ഗാന രംഗങ്ങളുമൊക്കെ ഒരു വാണിജ്യ സിനിമയെന്ന നിലയിൽ അതിന്റെ നിർമാതാക്കൾക്ക് ഒഴിവാക്കാൻ പറ്റാത്ത പ്രതിഭാസമായേ ഗണിക്കാനാവു. കുഞ്ഞാലി മരക്കാർ ചരിത്രം പരിശോധിച്ചാൽ, യുവാവായിരിക്കെ സൈനിക മേധാവി എന്ന നിലയിൽ വിരാജിച്ച അദ്ദേഹത്തിന് പ്രണയമുണ്ടായിരുന്നോ, ഇല്ലയോ എന്ന് എവിടെയും വ്യക്തമാക്കപ്പെട്ടിട്ടുമില്ല. മലയാളത്തിൽ എന്നല്ല, ലോക സിനിമാചരിത്രം പരിശോധിച്ചാൽ ചരിത്ര കഥകളാണെങ്കിൽ തന്നെയും, വാണിജ്യ സിനിമകളിൽ ജനപ്രീതിക്കായി ഇത്തരം പൊടിക്കൈകൾ തിരക്കഥകളിൽ ഉണ്ടാകാറുണ്ടെന്നത് വസ്തുതയാണ്. അത് കഥാതന്തു വികലമാക്കുന്നുണ്ടോ എന്നത് മാത്രമാണ് പരിശോധിക്കപ്പെടേണ്ടത്. ഒരു വടക്കൻ വീരഗാഥയും പഴശ്ശി രാജയും കാലാപാനിയും മാമാങ്കവുമെല്ലാം ഇതിനുദാഹരണങ്ങളാണ്.

ഇവക്കിടയിൽ, യാഥാർഥ്യങ്ങൾ ചോരാതെ, കലാമൂല്യങ്ങളും സാങ്കേതികത്തികവുകളും അഭിനേതാക്കളുടെ പാടവവുമൊക്കെ ഒത്തിണക്കി ജനങ്ങളുടെ മനസ്സിൽ ആ ചരിത്രസത്യങ്ങളെ പ്രതിഷ്ഠിക്കാനായവയൊക്കെയും, വിജയിക്കുകയും സാമ്പത്തികനേട്ടം കൈവരിക്കുകയും ചെയ്തിട്ടുമുണ്ട്.

ഭാരതത്തിൽ വൈദേശികാധിപത്യത്തിന് വിത്ത് പാകിയ പോർച്ചുഗീസുകാരോട് സന്ധിയില്ലാസമരം നടത്തി വീരമൃത്യുവരിച്ച ധീരദേശാഭിമാനി കുഞ്ഞാലി മരക്കാർ, യഥാർഥത്തിൽ ഇന്ത്യയിലെ പ്രഥമ സ്വാതന്ത്ര്യ സമരസേനാനിയും സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഒളിമങ്ങാത്ത ശില്പിയുമായിരുന്നു. ഇന്ത്യയിലെ സാമ്രാജ്യത്വ അധിനിവേശത്തിന്റെ 500-ാം വാർഷിക വേളയിൽ,

പാരതന്ത്ര്യത്തിൽനിന്നും നമ്മെ രക്ഷിക്കാൻ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ആ ധീരദേശാഭിമാനിയെ ഭാരതസമൂഹം വിസ്മരിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രവിദ്യാഭ്യാസവും പഠനങ്ങളും ഗവേഷണവുമൊക്കെ തനതായ ഇന്ത്യൻചരിത്രം ഭാവി തലമുറയ്ക്ക് പകർന്നുനൽകാൻ അത്യന്താപേക്ഷിതമാണ്. ആ മഹാന്റെ വീരചരിത്രം വിളിച്ചോതുന്ന ഈ ചരിത്ര ചലച്ചിത്രഭാഷ്യം മതേതരത്വവും ബഹുസ്വരതയും അഭിമാനമായി കാണുന്ന ജനാധിപത്യ ഇന്ത്യയുടെ യശസ്സുയർത്താൻ പര്യാപ്തമാവട്ടെയെന്ന് പ്രത്യാശിക്കാം.