വെള്ളിയാഴ്ചയുടെ പ്രഭാതങ്ങള്‍ ആലസ്യ നിദ്രയ്ക്കുള്ളതല്ല. ഉറക്കമുണര്‍ന്ന് സൈക്കിള്‍ സവാരിക്കായി ഇറങ്ങി. എട്ടുകിലോമീറ്റര്‍ സൈക്ലിങ് പൂര്‍ത്തിയാക്കി തിരിച്ചുവന്ന് വിശ്രമിക്കുമ്പോള്‍ പതിവില്ലാത്ത ക്ഷീണം തോന്നി. അല്‍പ്പം കിടന്നു. അറിയാതെ ഉറങ്ങിപ്പോയി. ഉറക്കമുണരുമ്പോള്‍ മധ്യാഹ്നം കടന്നിരുന്നു. വല്ലാത്തകുളിരും പനിയും തോന്നി. അസഹ്യമായ പേശിവേദനയും. വേദനസംഹാരികളും ഏതാനുംദിവസത്തെ അവധിയുമായി റൂമില്‍ ഒതുങ്ങിക്കൂടി. വില്ലന്‍ കോവിഡ് തന്നെയാണോ? സ്രവം പരിശോധന കാര്യം സ്ഥിരീകരിച്ചു. താമസിയാതെ ആശുപത്രിയില്‍ കോവിഡ് വിഭാഗത്തില്‍ അഡ്മിറ്റായി.

പനിയുടെ ആരോഹണാവരോഹണങ്ങള്‍ ഒരാഴ്ചയിലേറെ നീണ്ടുപോയി. വേദനസംഹാരി കഴിച്ചിട്ടും വിയര്‍പ്പ് ഗ്രന്ഥികള്‍ പണിമുടക്കവെ ശരീരോഷ്മാവ് അനിയന്ത്രിതമായി. രുചിയില്ല. മണമില്ല. കൂട്ടിനുള്ളത് ആശുപത്രി മുറിയുടെ ഏകാന്തത മാത്രം. ആവശ്യമുണ്ടെങ്കില്‍ ബെല്‍ അമര്‍ത്തിയാല്‍ മതി, നഴ്സോ ഡോക്ടറോ അടുത്തെത്തും. പി.പി.ഇ. കിറ്റിനുള്ളില്‍ ഏതോ അന്യഗ്രഹജീവിയുടെ നിഴല്‍പോലെ തോന്നും അവരെക്കണ്ടാല്‍.

പനിയുടെ കടല്‍ അടങ്ങിത്തുടങ്ങി. പര്‍വതങ്ങളോളം ഉയര്‍ന്നടിച്ച തിരമാലകള്‍ ചെറിയ ഓളങ്ങള്‍ മാത്രമായി. പക്ഷെ ആശ്വസിക്കാറായില്ല. ചുമയും ശ്വാസം മുട്ടലുമുണ്ട്. നെഞ്ചിലാരോ ചുറ്റിവരിയുന്നതുപോലെ. മാരത്തണുകളില്‍ പങ്കെടുത്തപ്പോള്‍ തോന്നിയിട്ടില്ലാത്ത അത്ര കിതപ്പ്. നിരന്തര പരിശോധനകള്‍, എക്‌സറേ, സി.ടി. സ്‌കാന്‍ തുടങ്ങി സര്‍വതും. ഇപ്പോള്‍ ഡോക്ടറല്ല, രോഗിമാത്രമാണ് ഞാന്‍. രോഗത്തിന്റെ ചിട്ടവട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാന്‍ ബാധ്യസ്ഥന്‍. തുടര്‍ പരിശോധനകളില്‍നിന്ന് ഒന്ന് വ്യക്തമായി. ഗുരുതരമായ ന്യുമോണിയ രണ്ട് ശ്വാസകോശങ്ങളുടെയും 80 ശതമാനവും പ്രവര്‍ത്തനരഹിതമാക്കിയിരിക്കുന്നു. ശ്വാസകോശത്തിന്റെ ചിത്രം വൈറ്റ് വാഷ് ചെയ്തതുപോലെ എക്‌സറേയിലിരുന്ന് തുറിച്ചുനോക്കുന്നു. രക്തത്തിലെ ഓക്‌സിജന്‍ ശതമാനം താഴുന്നത് ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരെയും ഭയചകിതരാക്കി.

ഏറ്റവും ഗുരുതരമായ കോവിഡിന്റെ സൂചനകള്‍ സൈറ്റോ കയിന്‍ സ്റ്റോം എന്ന അവസ്ഥയിലാണ്. എല്ലാവിധ ആന്റി വൈറല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കും ശരീരം പരീക്ഷണശാലയായി. രക്തം ശ്വാസകോശങ്ങളില്‍ കട്ട പിടിക്കാതിരിക്കാന്‍ വയറിന് മുകളില്‍ ദിവസവും രണ്ടുനേരം ക്ളക് സെയ്ന്‍ എന്ന സൂചി വെക്കണം. ശ്വാസം മുട്ടലോടൊപ്പം സൂചി വെച്ച് നീരുവീങ്ങിയ വയറുമായി 18 മണിക്കൂര്‍ കമിഴ്ന്നു കിടക്കണം (പ്രോണ്‍ പൊസിഷന്‍ തെറാപ്പി). ഇത് പാലിച്ചാല്‍ മാത്രമേ രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയര്‍ന്നുവരൂ. ക്ഷണനേരത്തേക്ക് ഓക്‌സിജന്‍ വിഛേദിച്ച് ടോയ്ലറ്റില്‍ പോയി വന്നപ്പോള്‍ രക്തത്തിലെ ജീവവായുവിന്റെ തോത് കാണിക്കുന്ന സ്‌ക്രീനില്‍ അറുപതു ശതമാനം മാത്രം. കൈവിരലുകളില്‍ നീലനിറം പടര്‍ന്നുകയറുന്ന സയനോസിസ് എന്ന മെഡിക്കല്‍ പ്രതിഭാസം. ഹാപ്പി ഹൈപോക്‌സിയ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രവണത യൂറോപ്യന്‍ രാജ്യങ്ങളില്‍ കുഴിമാടങ്ങള്‍ തീര്‍ക്കുകയാണ്.

നിശബ്ദവും ഭീകരവുമായ ദിനരാത്രങ്ങള്‍ക്ക് ഒച്ചിന്റെ വേഗതയായിരുന്നു. 24 മണിക്കൂറും ഓക്‌സിജന്‍ നല്‍കുന്ന ആശ്വാസവുമായി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. മോണോ ക്ലോണല്‍ ആന്റിബോഡി വര്‍ഗത്തിലുള്ള വിലയേറിയ ചില കുത്തിവെപ്പുകള്‍ ശ്വാസകോശങ്ങളെ മെല്ലെ സാധാരണരീതിയില്‍ ആക്കിയേക്കും എന്ന അറിവില്‍ അവ പരീക്ഷിച്ചു. ഒരു കുത്തിവെപ്പിന് 10,000 ദിര്‍ഹം വില വരും. ദിവസം രണ്ട് കുത്തിവെപ്പുകള്‍. ക്ഷമയോടെ കാത്തിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ ഏകാന്ത നിശ്ശബ്ദ നിമിഷങ്ങള്‍ കനംതൂങ്ങിനിന്നു.

നിശബ്ദത ദൈവത്തിന്റെ സംഗീതമാണെന്ന് ജലാലുദ്ദീന്‍ റൂമി എഴുതിയിട്ടുണ്ട്. ഇവിടെ നിശബ്ദത പിശാചിന്റെ കാഹളമാകുന്നു. മൃദുസ്വരത്തില്‍ മൂളുകയും മുരളുകയും സ്പന്ദിക്കുകയും ചെയ്യുന്ന ചില വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ ചുറ്റിലുമിരുന്ന് നിശബ്ദതയെ ചെറുക്കുന്നുണ്ട്.

ശ്രമങ്ങളെല്ലാം ഫലം തന്നുതുടങ്ങി. രക്തത്തിലെ പ്രാണവായുവിന്റെ അളവ് ഉയര്‍ന്നുവന്നു. ന്യൂമോണിയ മെല്ലെ കുറയുന്നു. എക്‌സറേചിത്രങ്ങള്‍ സാധാരണ ഗതിയിലേക്ക് വന്നുതുടങ്ങി. പ്രതീക്ഷയുടെ പകല്‍വെളിച്ചം കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. ശ്വാസം മുട്ടലില്ല. നേരിയ ഉന്മേഷം തോന്നിത്തുടങ്ങി.

ജീവിതത്തിലേക്ക് മടങ്ങുക എന്ന വെല്ലുവിളിക്ക് ശ്വാസകോശങ്ങള്‍ തയ്യാറായോ എന്ന പരിശോധനയാണ് ഇനി. പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ്. സ്‌പൈറോ മീറ്റര്‍ എന്ന മെഡിക്കല്‍ ഉപകരണത്തിലേക്ക് ശക്തിയായി ഊതണം. ആ ടെസ്റ്റ് മറ്റൊരു പതനത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ഊതുന്ന വേളയില്‍ ശ്വാസകോശത്തിന്റെ ദുര്‍ബലമായ ഒരുഭാഗം പഞ്ഞിപോലെ പിഞ്ഞിപ്പോയി. ശ്വാസകോശത്തില്‍നിന്ന് വായു പുറത്തുചാടി നെഞ്ചിന്‍ കൂടിനും ശ്വാസകോശത്തിനുമിടയില്‍ കടന്ന് ശ്വാസകോശങ്ങളെ ഞെരിക്കാന്‍ തുടങ്ങി. ന്യൂമോ തൊറാക്സ് എന്ന് മെഡിക്കല്‍ സയന്‍സില്‍ പറയും. വല്ലാത്ത ശ്വാസം മുട്ടലും ഒപ്പം താങ്ങാനാവാത്ത നെഞ്ചുവേദനയും. വായുകണങ്ങള്‍ നെഞ്ചിലെ പേശികളിലും കഴുത്തിലും മുഖത്തും ഒക്കെ വ്യാപിച്ചിരിക്കുന്നു. കാറ്റുകയറി മുഖവും കഴുത്തും വീങ്ങി. അമര്‍ത്തിയാല്‍ വെല്‍ ക്രോയില്‍ ഞെക്കുംപോലത്തെ ശബ്ദം. കണ്ടാല്‍ തിരിച്ചറിയാനാവാത്തവിധം മുഖം മാറിപ്പോയിരിക്കുന്നു.

നിരാശയുടെ പടുകുഴിയില്‍ ശയിക്കുകയാണ്. മരണദേവത മാര്‍ജാര പാദങ്ങളുമായി പടി കടന്നെത്തിയിരിക്കുന്നു. കയ്യെത്തും ദൂരത്തിലുണ്ടെന്ന് തിരിച്ചറിയുന്നു. അമ്മയെ അവസാനമായൊന്ന് കാണണമെന്നു തോന്നി. ഒരു സൂം മീറ്റിങ്ങിലൂടെ അച്ഛനമ്മമാരെ കാണിച്ചുതന്നു. അമ്മയുടെ കണ്ണുകള്‍ തടാകങ്ങളായിരിക്കുന്നു. അക്ഷോഭ്യനായി മാത്രംകണ്ടിട്ടുള്ള അച്ഛന്റെ ചുണ്ടുകള്‍ വിതുമ്പി വിറയ്ക്കുന്നു.

എല്ലാം ശരിയാവുമെന്ന് ഡോക്ടര്‍മാര്‍ പകര്‍ന്നുനല്‍കിയ ശുഭാപ്തിവിശ്വാസം കൂട്ടായി പിന്നെയും കാത്തിരുന്നു. മെല്ലെ, വളരെ മെല്ലെ തൊലിക്കടിയിലും നെഞ്ചിന്‍ കൂട്ടിലുമെല്ലാം കുടുങ്ങിയ വായുകണങ്ങള്‍ അപ്രത്യക്ഷമായി. ശ്വാസംമുട്ടല്‍ കുറഞ്ഞു. ആവര്‍ത്തിച്ചുള്ള ശ്രവപരിശോധനകള്‍ നെഗറ്റീവായി. ന്യൂമോണിയ തീര്‍ത്തും മാറിയിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥന ഫലിച്ചു. കോവിഡ് ഒടുവില്‍ അടിയറവ് പറഞ്ഞു. പതിയെ ജീവിതത്തിലേക്ക്......