: ഈ മരുഭൂമിയിലാണ് ജീവിതം പൂത്തത്. പൂക്കൾ വിരിഞ്ഞതും കിളികൾവന്നതും ഇവിടുത്തെ വസന്തം കൊണ്ടാണ്. കുടുംബം അഭിവൃദ്ധിപ്പെട്ടതും സ്വപ്നവീടെന്ന തേൻകൂടൊരുക്കിയതും ഈ അൽഐൻ ‘ഹരിതഭൂമി’യുടെ സമൃദ്ധി കൊണ്ടാണ്.
സ്ഥിരമായ ഒരു ജോലിയില്ലാതെ നിരാശയും അപകർഷതാബോധവുംകൊണ്ട് ഉൾവലിഞ്ഞു പോകുമായിരുന്ന യൗവനത്തിന് ആത്മവിശ്വാസം പകർന്നത് ഇവിടുത്തെ ജീവിതമാണ്. പലരേയുംപോലെ ഒരു സ്വപ്ന സഞ്ചാരിയായി കടൽ കടന്നെത്തി. ആത്മമിത്രങ്ങളായ ശിഹാബും റഊഫും അതിന് വഴിയൊരുക്കി.
ആകാശത്തേക്ക് തലയുയർത്തിനിൽക്കുന്ന ബഹുനില കോൺക്രീറ്റ് സൗധങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വർണവിസ്മയ നഗരക്കാഴ്ചകളും കടന്ന് എത്തപ്പെട്ടത് ചുറ്റും അനന്തമായി പരന്നുകിടക്കുന്ന മരുഭൂമിയും ചെങ്കുത്തായ മലനിരകളുമുള്ള ഒരു ലേബർക്യാമ്പിൽ. ഒരുമാസത്തെ സന്ദർശനവിസയിൽ കണ്ട തലസ്ഥാനനഗരിയുടെ മായാക്കാഴ്ചകൾക്കപ്പുറം ഊഷരമായ മറ്റൊരുലോകം കണ്ട് പകച്ചുനിന്നു. ഗൾഫ് എന്ന സങ്കല്പങ്ങൾ ഉടഞ്ഞുപോയ നിമിഷങ്ങളും നേർകാഴ്ചകളും.
പിക്കപ്പിന്റെ ഡോർ തുറന്നപ്പോൾത്തന്നെ കരിങ്കൽപ്പൊടി മുഖത്തേക്ക് ആഞ്ഞടിച്ചു. കണ്ണിലും മൂക്കിലും വായിലും മണൽ കയറി. പൊടിപടലങ്ങൾക്കിടയിലൂടെ ക്രഷറിന്റെ മങ്ങിയരൂപം കണ്ണിൽപ്പെട്ടു. കരിങ്കല്ലുകൾ വിഴുങ്ങുകയും ഛർദ്ദിക്കുകയുംചെയ്യുന്ന വലിയ ചിലന്തിയെപ്പോലെ അത് തോന്നിപ്പിച്ചു. കണ്ണൊഴികെ തലമുഴുവനും തുണികൊണ്ട് മൂടിക്കെട്ടിയ തൊഴിലാളികൾ കരിങ്കൽപ്രതിമകൾപോലെ കാണപ്പെട്ടു.
ആറും എട്ടുംപേർ ഒരുമിച്ചുതാമസിക്കുന്ന ക്യാമ്പിലെ ഇടുങ്ങിയ മുറികൾ... ഇരുൾക്കൂട്ടിൽ രണ്ടട്ടി കട്ടിൽ... ചുരുട്ടിക്കൂട്ടി തിരിച്ചറിയാനാവാത്തവിധം വിരിപ്പും പുതപ്പും... പലയിടത്തും തിരുകിവെച്ച പെട്ടികളും ബാഗുകളും... ചുമർനിറയെ ആണി തറച്ച് തൂക്കിയിട്ട മുഷിഞ്ഞ വസ്ത്രങ്ങൾ... റൂമിനകത്തു തന്നെയാണ് ഭക്ഷണപാചകം. കട്ടിലിലിരുന്ന് സിഗരറ്റ് വലിക്കലും തമ്പാക്ക് ചുണ്ടിൽ തിരുകിവെക്കലും. ചിലർ അകത്ത് തന്നെ തുപ്പും. എല്ലാവർക്കും ഉപയോഗിക്കാൻ പുറത്ത് വൃത്തിഹീനമായ പൊതുശൗചാലയങ്ങൾ.
റൂമിൽ രണ്ടുപേർ മാത്രമാണെങ്കിലും ഇവിടെ തുടരാൻ കഴിയില്ലെന്നും നാട്ടിലേക്ക് തിരിച്ചുപോകണമെന്നും സുഹൃത്തിനെവിളിച്ച് സങ്കടം പറഞ്ഞു. പരമാവധി ഒരുവർഷം പിടിച്ചുനിൽക്കാനാണ് അവൻ ഉപദേശിച്ചത്. ഒരു തുടക്കക്കാരന്റെ അപരിചിതത്വവും മാനസിക സംഘർഷങ്ങളും മാഞ്ഞ് പതുക്കെ മണൽജീവിതവുമായി പൊരുത്തപ്പെട്ടു. ഋതുഭേദങ്ങളുടെ തുടക്കത്തിലുണ്ടാകുന്ന പൊടിക്കാറ്റും ചാറ്റൽമഴയും മാറിമാറി വന്നതറിയാതെ കാലങ്ങൾ കടന്നുപോയി. അങ്ങനെ കുടിയേറ്റത്തിന്റെ പതിനേഴ് സംവത്സരങ്ങൾ... യന്ത്രങ്ങളുടെ കാത് പൊട്ടുന്ന ശബ്ദത്തിൽ ഉറക്കമൊഴിഞ്ഞും സിമന്റിന്റെയും മണലിന്റെയും ധൂമപടലങ്ങൾ നിറഞ്ഞ ഫാക്ടറി അന്തരീക്ഷത്തിൽ ശ്വാസംമുട്ടിയും പതിനേഴ് പ്രവാസ വർഷങ്ങൾ... ഒരു സാദാപ്രവാസിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു കാലയളവല്ല.
വള്ളത്തോളിന്റെ ‘ലോകമേ തറവാട്’ എന്ന സങ്കല്പവീട് ഇവിടെയാണ് കണ്ടത്. ഇന്ത്യക്കാരനും പാകിസ്താനിയും ബംഗാളിയും നേപ്പാളിയും ഫിലിപ്പീനിയും ശ്രീലങ്കക്കാരനും അറബിയും എല്ലാം ഒരുമിച്ച് ജോലിചെയ്യുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഒരുമിച്ച് കിടന്നുറങ്ങുകയും ചെയ്യുന്ന മനോഹരമായ സർവലൗകിക സങ്കല്പഭൂമിക. ഒരു രാജ്യം അവിടുത്തെ പൗരന്മാർക്കും പരദേശികൾക്കും നൽകുന്ന സമാനതകളില്ലാത്ത ജീവിതസൗകര്യങ്ങളും സുരക്ഷയും സ്വാതന്ത്ര്യവും... ശുദ്ധമായ അന്തരീക്ഷവും പ്രകൃതിസംരക്ഷണവുംകൊണ്ട് ഈ മരുഭൂമിയെ മനോഹര ഭൂമിയാക്കിമാറ്റി ദീർഘവീക്ഷണമുള്ള ഇവിടുത്തെ ഭരണാധികാരികൾ.
ജബൽ ഹഫീത് മലനിരകളുടെ താഴ്‌വാരത്തുനിന്നും ഉയർന്നു വരുന്ന പുലർകാലവെട്ടവും മഞ്ഞിന്റെ പുതപ്പുമാറ്റി വെയിൽ കായുന്ന മരുഭൂമിയും ക്യാമ്പിന്നതിരിലെ വേലിപ്പടർപ്പിൽ ചിരിതൂകിനിൽക്കുന്ന വയലറ്റ് പൂക്കളും പേരറിയാചില്ലകളിലെ കാരക്കാക്കുരുവികളും ഈന്തപ്പഴക്കുലകളെ പഴുപ്പിക്കുന്ന ജൂലായ് മാസവും സർഗചിന്തകളെ തൊട്ടുണർത്തി. അകന്നു നിൽക്കുമ്പോഴാണല്ലോ ഓർമകൾക്ക് ഇത്രമേൽ നിറവും സുഗന്ധവുമുണ്ടാകുന്നത്. നാട്ടോർമകൾ ഗൃഹാതുരമായി മനസിലേക്ക് പെയ്തിറങ്ങി. പ്രവാസജീവിതംകൊണ്ട് മുടങ്ങിപ്പോയ എഴുത്തിന്റെ വഴിയിലൂടെ വീണ്ടും നടന്നു തുടങ്ങി. സൗഹൃദ കൂട്ടായ്മകൾക്കൊപ്പം പുതിയ സാഹിത്യക്കൂട്ടായ്മകളും കൂട്ടുവന്നു. ജ്യേഷ്ഠസുഹൃത്ത് ചെയർമാൻ മുഹമ്മദ് എപ്പോഴും പ്രചോദനമായി. പ്രവാസ ലോകത്ത് പതിയെ അക്ഷരങ്ങളും വെളിച്ചം കണ്ടുതുടങ്ങി. കൊച്ചു കൊച്ചു അംഗീകാരങ്ങൾ തേടിയെത്തി. അതെല്ലാം ആത്മവിശ്വാസം വർധിപ്പിച്ചു.
നാലര പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള നാട്ടുകാരുടെ പ്രവാസിക്കൂട്ടായ്മയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. സൗഹൃദത്തിന്റെ പുതിയ ഒത്തുചേരലുകൾക്ക് തുടക്കംകുറിച്ചു. അൽഐൻ കൂട്ടുകാരോപ്പം സ്നേഹത്തിന്റെ മറ്റൊരു ഗ്രീൻമുബസ്സറ സൃഷ്ടിച്ചെടുത്തു.
കാലിടറിവീണപ്പോൾ സ്നേഹത്തിന്റെ എത്രയെത്ര ഊന്നുവടികളാണ് ചുറ്റും സഹായവുമായി വന്നത്. ബോധംകെട്ടു കിടന്നപ്പോൾ നൂർമുഹമ്മദ് എന്ന പാകിസ്താനിയാണ് ഓടിവന്ന് എഴുന്നേൽപ്പിച്ച് വെള്ളം കുടിപ്പിച്ചത്. സുഹൃത്ത് സിജു നായർ ലീവെടുത്ത് ആശുപത്രിയിൽ കാൽമുട്ടിന് സർജറി കഴിഞ്ഞസമയം കൂട്ടിരുന്നു. ബംഗാളിയും പാകിസ്താനിയും അറബിയും പഞ്ചാബിയും മദ്രാസിയും മലയാളിയും കൂടപ്പിറപ്പുകളെപ്പോലെ ഒന്നരമാസക്കാലം മാറിമാറി ബാത്ത് റൂമിലേക്ക് കൈപിടിച്ചു നടത്തിച്ചു. എപ്പോഴും ആത്മധൈര്യം തരാറുള്ള മനീഷാണ് താങ്ങിയെടുത്ത് മുകളിലെ മുറിയിലേക്ക് സ്റ്റെപ്പ് കയറിയത്. ലിൻസ് ചായ തന്നു. ശ്രീജിത്ത് ഷേവ് ചെയ്തു തരികയും കുളിപ്പിക്കുകയും ചെയ്തു. പ്രവാസ ജീവിതത്തിന്റെ തുടക്കംമുതൽത്തന്നെ ആഹാരം വിളമ്പിത്തന്ന പാവം മൊയ്തീൻക്ക വീണ്ടും വീണ്ടും എല്ലാ കാര്യങ്ങളും ചെയ്തുതന്നു. തനിച്ചാക്കാതെ മുറിയിൽ കൂട്ടായിനിന്നു. നിതിനും നാരായണേട്ടനും ആത്മധൈര്യം നൽകി. ഇതിനൊക്കെ പകരമായി എന്താണ് തിരിച്ചുനൽകാൻ കഴിയുക. അക്ഷരങ്ങളിലൂടെ ഞാനവരെ എന്നുമിങ്ങനെ ഓർമിക്കുകയല്ലാതെ.
നാടുപോലെത്തന്നെ ഈ മണ്ണും പ്രിയപ്പെട്ടതായി മാറി. ഇന്ന് അനിവാര്യമായ ഒരു തിരിച്ചുപോക്കിൽ അനുഭവിക്കുന്നത് ആദ്യവരവിലെ വേർപാടിന്റെ അതേ വേദനതന്നെയാണ്. മറ്റൊരു പ്രവാസലോകത്തേക്ക് കാലെടുത്തുവെക്കുന്നതു പോലെ മനസ്സ് പിടയുന്നു. അത്രമാത്രം ഒരു ആത്മബന്ധം ഈ നാടിനോടും ഇവിടുത്തെ നന്മയുള്ള മനുഷ്യരോടും നിറഞ്ഞു നിൽക്കുന്നുണ്ട്. ദീർഘകാലം ഇവിടെ ജീവിച്ച ഒരാൾക്ക് ചിലപ്പോൾ നാട് ഒരു മരുഭൂമിയായി തോന്നിയേക്കാം. അന്യതാ ബോധംകൊണ്ട് ഉൾവലിയുകയോ ഒറ്റപ്പെടുകയോ ചെയ്തേക്കാം. പറിച്ചു നടപ്പെടുന്ന ഒരു ജീവിതവൃക്ഷത്തിന്റെ വേരുകൾ മണ്ണിലേക്കിറങ്ങി പിടിച്ചുനിൽക്കാൻ സമയമെടുക്കും. എന്നാലും സ്വന്തം നാട് ഒരു വികാരമാണ്. ഈ വേദനകളൊക്കെ അലിഞ്ഞില്ലാതാക്കാനുള്ള ഒരു വശ്യതയുണ്ട് ഗ്രാമത്തിന്. കുടുംബത്തിനോടൊപ്പം ശിഷ്ടകാലമെങ്കിലും കഴിയുകയെന്നത് ആനന്ദകരം തന്നെ. കുഞ്ഞുന്നാളിൽ കേട്ട ചരിത്രകഥകളും അത്ഭുത കഥകളും മക്കളെ ചേർത്തിരുത്തി പറഞ്ഞുകൊടുക്കണം.
കാൽമുട്ടിന്റെ ചോരപൊടിഞ്ഞ, കാരമുള്ളും കുപ്പിച്ചില്ലും തറച്ച നാട്ടുവഴികളിലൂടെ വീണ്ടും ഒന്നു നടക്കണം. പാടവരമ്പിലൂടെയും പുഴവക്കിലൂടെയും വൈകീട്ട് ഇളംകാറ്റു കൊള്ളാനിറങ്ങണം. പള്ളിക്കടവത്തുപോയി പുലർച്ചെ ആവി പറക്കുന്ന ജലനിരപ്പിലേക്ക് പാറക്കെട്ടിൽനിന്നും ചാടി മറിയണം. പീടികമുകളിലെ ക്ലബ്ബിലിരുന്ന് കാരംസ് കളിക്കണം. വയൽക്കരയിലെ കലുങ്കിലിരുന്ന് കുഞ്ഞുതോട്ടിലെ നിലാവെളിച്ചംനോക്കി ഒരിക്കൽകൂടി നഷ്ടപ്രണയത്തെക്കുറിച്ച് നൊമ്പരപ്പെടണം. രാത്രി വൈകുവോളം പീടിക വരാന്തയിലിരുന്ന് സിനിമാക്കഥ പറയണം. പ്രകടനത്തിന്റെ മുൻനിരയിൽനിന്ന് മുദ്രാവാക്യം വിളിച്ചുകൊടുക്കണം. സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകണം. വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കണം. ഇതിനൊക്കെ ഒരു യൗവനം ബാക്കിയില്ലയെന്നറിയാമെങ്കിലും ആ ഓർമവഴികൾ ഒന്നു പരതിപ്പിടിക്കണം.
ഒരുനാൾ എല്ലാവരും പ്രവാസലോകത്തുനിന്നും തിരികെ പോകേണ്ടവരാണ്. ഉരുകിത്തീരാറായ ജീവിതത്തിന്റെ അവസാന തിരിവെട്ടവും കെടുന്നതിനുമുമ്പേ മടങ്ങേണ്ടവരാണ്. പക്ഷേ, ഇവിടംവിട്ടുപോവാൻ മനസു വരുന്നില്ല. മണലാഴങ്ങളിലേക്ക് വേരിറങ്ങിയ വല്ലാത്തൊരു ഹൃദയബന്ധമുണ്ട് ഈ നാടിനോട്. ഇവിടുത്തെ ദൈനംദിന കാഴ്ചകളോട് എങ്ങനെയാണ് യാത്രാമൊഴി പറയാനാവുക. എങ്കിലും, നിലത്തു വീണുകിടക്കുന്ന പൊട്ടിയ പൊന്നരഞ്ഞാണംപോലെ മലമുകളിലേക്കുള്ള വഴിവിളക്കുകളുടെ ദൂരക്കാഴ്ചകളേ വിട...
നിലാവിന്റെ നേർത്ത നിശാവസ്ത്രംചുറ്റിയ മണലുടലുകളേ വിട...