: സർഗസൃഷ്ടിയുടെ മൂർത്തമായ വേദന അനുഭവിക്കുന്ന നേരങ്ങളിൽ, ചില ജീവിതങ്ങൾ എഴുത്തുകാരന് മുമ്പിൽ തരളിതമായ ഹൃദയത്തോടെവന്ന് ചേരുന്നു. കഥാജീവിതങ്ങളെ ഉപേക്ഷിച്ച് പോകാൻ കഴിയാത്ത നിസ്സഹായതയിലേക്ക് എഴുത്തുകാരൻ വലിച്ചെറിയപ്പെടുന്നു. അത്തരം നിസ്സഹായതയുടെ അഗാധതയിൽ വെച്ച് അവനിൽ നിന്നുമുയരുന്ന ചില നിലവിളികൾ കഥകളായും നോവലായും പിറവിയെടുക്കുന്നു. അത്തരം സൃഷ്ടി എഴുത്തുകാരനെയെന്ന പോലെ വായനക്കാരനെയും നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.തന്മയത്വമുള്ള രചനകളായി അവ കാലത്തെ കവച്ച് വെക്കുന്നു.സിറാജ് നായരുടെ രണ്ടാമത്തെ നോവലായ ’ശിവന്റെ സമയം’ ഏച്ചുകെട്ടുകളില്ലാത്ത, തന്മയത്വമുള്ള ഒരു രചനയാണ്.
വ്യക്തി കുടുംബത്തിലേക്കും കുടുബം സമൂഹത്തിലേക്കും സമൂഹം രാഷ്ട്രത്തിലേക്കും രാഷ്ട്രം ലോകത്തിലേക്കും വികാസം പ്രാപിക്കുമ്പോൾ, ലോകത്തിന്റെ അടിസ്ഥാന മൂലകം എന്ന് പറയാവുന്നത് വ്യക്തിയാണ്. അഥവാ വ്യക്തികളുടെ ചോദന തന്നെയാണ് രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും ചോദനയെന്ന് തന്നെ പറയാം. തികച്ചും വ്യക്തിപരമായ ജീവിത പരിസരങ്ങളിലൂടെ കടന്നുപോയിക്കൊണ്ട് , ലോകത്തോട് സംവദിക്കുന്ന ഒരു കൃതിയാണ് ശിവന്റെസമയം. ഓരോ കുടുംബവും ലോകത്തെ ഉറപ്പിച്ചു നിർത്തുന്ന തൂണുകളാണ്. ഇതിൽനിന്ന് കുടുംബത്തിന്റെ പ്രസക്തി മനസ്സിലാക്കാമെങ്കിൽ , കുടുംബങ്ങൾ ശിഥിലമാകുന്നതിനെ എത്ര വേദനയോടെയാണ് നോക്കിക്കാണേണ്ടത്. ഈ നോവലിലൂടെ സിറാജ് നായർ ചെയ്യുന്നതും അത് തന്നെയാണ്. കുടുംബ ബന്ധത്തിന്റെ പവിത്രതയും അനിവാര്യതയും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ നോവൽ കടന്ന് പോകുന്നത്.
ശിവൻ എന്ന മുഖ്യ കഥാപാത്രത്തിന്റെ പേനയിൽനിന്ന് അടർന്ന് വീഴുന്ന ’ഡിവോഴ്‌സ്’ എന്ന വാക്കിലൂടെയാണ് നോവലിന് നാന്ദി കുറിയ്ക്കുന്നത്. ശിവൻ, അഭിരാമി, ശിവനന്ദൻ എന്നിവരുൾക്കൊള്ളുന്ന കുടുംബത്തിന്റെ കഥയിൽ നിന്നും ലോകത്തിലെ ഓരോ മനുഷ്യരുടെയും ജീവിതത്തിലേക്കാണ് ഈ കഥ കടന്നുചെല്ലുന്നത്. ആരും കാണാതെ പോകുന്ന പ്രണയത്തിന്റെ ചില താളുകൾ പോലെ ഓരോ അധ്യായങ്ങളും വായിച്ചുപോകാൻ കഴിയും എന്നതാണ് ഈ നോവലിന്റെ സവിശേഷത. തന്റെ അച്ഛൻ തനിക്ക് നൽകാതിരുന്നത് താൻ തന്റെ മകന് നൽകുമ്പോഴാണ് ജീവിതം സാർഥകമാകുന്നത് എന്ന ആശയം നോവലിസ്റ്റ് വരികൾക്കിടയിൽ മറച്ചു വെക്കുന്നുണ്ട് . കഥ പറഞ്ഞ് മകനിലേക്കിറങ്ങുന്ന അച്ഛനേയും , സത്യം ഭാര്യയ്ക്ക് മുമ്പിൽ പലതവണകളായി നിരത്തിവെച്ച്, ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുന്ന ഭർത്താവിനേയും വളരെ ആർദ്രതയോടെയാണ് സിറാജ് നായർ ഈ നോവലിൽ
ആവിഷ്കരിച്ചിട്ടുള്ളത്.
കഥാപാത്രങ്ങളെ സാങ്കല്പികമായി സൃഷ്ടിച്ചെടുക്കുന്നതിന് പകരം , ചുറ്റുപാടുകളിൽനിന്നും താൻ കണ്ട ജീവിതങ്ങളെ നോവലിലേക്ക് പറിച്ചുനടുകയാണ് ആഖ്യാതാവ് ചെയ്തത്. തദ്വാരാ അമനും പപ്പനും ജയദേവനുമൊക്കെ ഒട്ടും അതിശയോക്തിയില്ലാത്ത കഥാപാത്രങ്ങളായി നോവലിൽ വന്ന് പോകുന്നു. ഭൂമിയിലെ ഒരു സ്ത്രീക്കും അംഗീകരിക്കാൻ കഴിയാത്ത, ഭർത്താവിന്റെ സ്വവർഗരതി എന്ന യാഥാർഥ്യം അതിവിദഗ്ധമായി സമ്മേളിപ്പിക്കുന്നിടത്താണ് , വായനക്കാരുടെ എല്ലാ മുൻ വിധികളേയും വഴിതിരിച്ചു വിട്ട് കൊണ്ട് ,നോവൽ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നത്. കഥാഗതിയെ മാറ്റാനായി നോവലിൽ പ്രത്യക്ഷപ്പെടുന്ന ജയദേവൻ ആധുനിക കാലത്തിന്റെ പ്രതീകമാണെങ്കിൽ , പപ്പൻ എല്ലാ കാലത്തേയും പച്ചയായ ചില മനുഷ്യരുടെ പ്രതിരൂപങ്ങളാണ്. ശിവൻ എന്ന എഴുത്തുകാരനെ പൂർണതയിലെത്തിക്കുന്നത് ,അമൻ എന്ന സഹൃദയന്റെ സാമീപ്യവും.
’ഓർമകളുടെ നിറം മങ്ങുന്നത് പോലെ മുറ്റത്തെ ബലിപ്പുരയിലെ പച്ചോലയുടെ നിറവും മങ്ങിത്തുടങ്ങി’ എന്ന് പറയുന്നിടത്ത്, ജീവിതം വർണങ്ങളിൽനിന്ന് നിറമില്ലായ്മയിലേക്ക് സഞ്ചരിക്കുന്നതിനെയാണ് ആഖ്യാതാവ് വരച്ചിടുന്നത്. നോവലിന്റെ പരിണാമ ഗുപ്തി ഏറെ അതിശയിപ്പിക്കുന്നതാണ്. മരിച്ചയാളുടെ ഗന്ധം പോല നോവലിന്റെ അന്ത്യം വായനക്കാരുടെ നാസാരന്ധ്രങ്ങളിലേക്ക്
പടർന്നു കയറുന്നു.
’ആരോടെങ്കിലും ക്ഷമിക്കുവാൻ ഒരവസരം വന്നാൽ , അത് മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കരുതെന്നും സമയം അതിനായി കാത്തിരിക്കുകയില്ലെന്നുമുള്ള വലിയ സന്ദേശമാണ് ഈ നോവൽ ചേർത്തു വെക്കുന്നത്.