: യു.എ.ഇ. യെക്കുറിച്ച് പുറംലോകത്തിന് അറിയാവുന്നത് അതിന്റെ അത്യാഡംബര ബിൽഡിങ് സമുച്ചയങ്ങളും അതിവിശാലമായ മരുഭൂമിയുടെ വന്യഭംഗിയും ഒക്കെയാണ്. എന്നാൽ ഇതിനേക്കാൾ ഒട്ടും പിന്നിലല്ലാത്ത ആസ്വാദനത്തിന്റെയും അനുഭവങ്ങളുടെയും വേറൊരു ലോകം തന്നെ ഒരുക്കുന്ന പർവതനിരകളാലും യു.എ.ഇ. സമ്പന്നമാണ്. യാത്രകളുടെ സ്വഭാവം തന്നെ മാറ്റിമറിച്ച അത്തരമൊരു മലനിരകളിലേക്ക് പോയൊരു അനുഭവം, അത് വാക്കുകൾക്കും അതീതമാണ്.
സ്റ്റെയർവെ ടു ഹെവൻ അഥവാ ’സ്വർഗത്തിലേക്കുള്ള ഗോവണി’, ഇതാണ് റാസൽഖൈമയിലെ ഹജർ പർവതങ്ങളുടെ ഭാഗമായ വാദി ഗലീലയിൽ സ്ഥിതിചെയ്യുന്ന അംബരചുംബിക്ക് തദ്ദേശീയരും ടൂറിസ്റ്റുകളും നൽകിയിരിക്കുന്ന ഭാവനാസമ്പന്നമായ പേര്. സമുദ്രനിരപ്പിൽ നിന്നും 4,600 അടി ഉയരത്തിൽ ജെബൽജയ്‌സ് മലനിരകളോട് ചേർന്ന് കിടക്കുന്നു ’സ്വർഗത്തിലേക്കുള്ള ഗോവണി. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വിശാലവും ഉയരം കൂടിയതുമായ പർവതനിരകളെയാണ് ഹജർ മലനിരകൾ എന്ന് വിളിക്കുന്നത്. ഒമാനിലും യു.എ.ഇ.യിലും ആയി 700 കിലോമീറ്റർ നീണ്ടുകിടക്കുന്ന 100 കിലോ മീറ്റർ വരെ വീതിയുള്ള ഉഗ്രൻ മലനിരകളാണ് ഹജർ. ഹജർ എന്നാൽ കല്ല് എന്നാണർഥം. വിവിധതരം കല്ലുകളാലും കരിമ്പാറകളാലും നിർമിതമാണ് ഹജർ മലനിരകൾ. ഒമാനിലെ ജബൽ ഷംസ് ആണ് ഹജറിലെ ഏറ്റവും ഉയരംകൂടിയ പീക്ക്. ഇത് സമുദ്രനിരപ്പിന് 10,000 അടി മുകളിലാണ്. ഹജർ മലകളിലെ യു.എ.ഇയിലെ പീക്ക് ജെബൽജയ്‌സ് (6345 അടി ഉയരം). ജെബൽജയ്‌സിനോട് ചേർന്നുകിടക്കുന്ന ഒമാന്റെ ഭാഗമായ മുസാണ്ടവുമായി അതിർത്തിപങ്കിടുന്ന അതിമനോഹര പർവതമാണ് സ്റ്റെയർവേ ടു ഹെവൻ.
പർവത പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ് ഇവിടമെങ്കിലും സാഹസികത അപകടങ്ങളിൽ അവസാനിച്ചതിന്റെ കറുത്ത കഥകളും ഒരുപാട് കേൾക്കാനുണ്ട്. എന്നാൽ അല്പം ഉത്തരവാദിത്വത്തോടെ ആവശ്യമായ മുൻകരുതലുകളോടെ പരിചയ സമ്പന്നരുടെ സഹകരണത്തോടെ ഇറങ്ങിയാൽ യു.എ.ഇ.യിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് അനുഭവം ഒരുക്കാൻ ഒരു ഭീതിയും ഇല്ലാതെ തിരഞ്ഞെടുക്കാവുന്ന ഇടമാണിത്. കായികക്ഷമതയും സാഹസികതയോടുള്ള അഭിരുചിയും നിർബന്ധ വ്യവസ്ഥകളാണെന്ന് മാത്രം. ഒരു എട്ടു വയസ്സുകാരനും 12 വയസ്സുകാരിയായ മകൾ ലിയാനയും വിജയകരമായി ദൗത്യം പൂർത്തിയാക്കിയ ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്നു എന്നതാണ് ഇതിന് സാക്ഷ്യം. പരിചയസമ്പന്നനായ ഹൈക്കർ ഷംനാസ് ആയിരുന്നു സംഘത്തെ നയിച്ചത്. പിതാവിന്റെ പാതയിൽ ബാല്യത്തിലെ പിച്ച വെക്കുകയായിരുന്നു ഷംനാസിന്റെ മകൻ എട്ടുവയസ്സുകാരൻ ആത്തിഫ്.
’ഹൈക്കിങ്’ എന്നതിന്റെ നിഘണ്ടു അർഥം ’കാൽനടയായുള്ള ദേശാടനം’ എന്നാണ്. സമീപകാലത്ത് ലോകമാകെ തന്നെ ഏറെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു വിനോദമായി ഹൈക്കിങ് മാറിയിരിക്കുകയാണ്. കൂട്ടായി നടക്കുമ്പോഴുള്ള സാമൂഹികത, ദീർഘദൂരം നടത്തത്തിലൂടെ ആർജിക്കുന്ന കായികക്ഷമത, പ്രകൃതിയെ തൊട്ടറിഞ്ഞു കൈവരിക്കുന്ന പാരിസ്ഥിതികാവബോധം ഇവയാണ് ഹൈക്കിങ്ങിന്റെ അടിസ്ഥാന സവിശേഷതകൾ ആയി പറയുന്നത്. ’പർവതാരോഹണം’ ഒരു തീവ്ര കായികവിനോദമാണ്. ഏറെ പരിശീലനവും കായികക്ഷമതയും ആവശ്യമുള്ള ചിരപുരാതന കായികരൂപമാണത്. മൗണ്ടൻ ഹൈക്കിങ്ങിനെ നമുക്ക് ഇതിന്റെ രണ്ടിന്റെയും (ഹൈക്കിങ്ങിന്റെയും പർവതാരോഹണത്തിന്റെയും) ഇടയിൽ നിർത്താം. സാമാന്യം കായികക്ഷമതയും പരിചയ സമ്പന്നരുടെ നേതൃത്വവും ഉണ്ടായാൽ ഏവർക്കും ആസ്വദിക്കാവുന്നതേയുള്ളൂ ’പർവതങ്ങൾ താണ്ടിയുള്ള കാൽനടയാത്ര’.
35602 കാൽവെപ്പുകൾ, 20.33 കിലോമീറ്റർ (കയറ്റവും ഇറക്കവും കൂടെ) ദൂരം, 4600 അടി ഉയരം, ആവശ്യത്തിന് ഇടവേളകൾ അടക്കം 14 മണിക്കൂർ സമയം. ഇതാണ് എന്റെയും മകളുടെയും പ്രഥമ മൗണ്ടൈൻ ഹൈക്കിങ്ങിന്റെ സ്റ്റാറ്റിറ്റിക്സ് (ഞങ്ങളുടെ സംഘത്തിന്റെ ആകെയും). ദുബായിൽ നിന്നും 110 കിലോമീറ്റർ വടക്ക് മാറിയാണ് റാസൽഖൈമ. അവിടെനിന്നും 32 കിലോമീറ്റർ മുസാണ്ടം ഭാഗത്തേക്ക് അൽ റംസ് റോഡിലൂടെ വാദി ഗലീല ഡാമിലെത്താം. വീണ്ടും രണ്ടര കിലോമീറ്റർ പൂർണമായ ചരൽറോഡിലൂടെ സഞ്ചരിച്ചു വേണം ’സ്റ്റെയർവേ ടു ഹെവൺ’ ഹൈക്കിങ്ങിനുള്ള തുടക്കസ്ഥലത്തേക്ക് എത്താൻ. ഫോർവീൽ വാഹനങ്ങൾക്ക് ആയാസരഹിതമായി പോവാമെങ്കിലും ചെറിയ കാറുകൾക്ക് അത്ര എളുപ്പമാകില്ല ഈ വഴി. രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങിയ ഞങ്ങൾ 6.50 ഓടെ
സ്റ്റാർട്ടിങ് പോയന്റിൽ എത്തി. കൃത്യം 6.55-ന് ’സ്വർഗത്തിലേക്കുള്ള ഗോവണി’ യിലെ ആദ്യ കാൽവെപ്പ്. അതിഹൃദ്യമായ കാലാവസ്ഥയും (18 മുതൽ 20 ഡിഗ്രി വരെ താപനില) മലനിരകളുടെ അവാച്യമായ ഭംഗിയും ശുദ്ധവായു തരുന്ന അധിക ഊർജവുമെല്ലാമായി ആദ്യ മണിക്കൂറുകൾ തീർത്തും ആയാസരഹിതമായി മുന്നേറിക്കൊണ്ടിരുന്നു. വഴി ചോദിച്ച് ഞങ്ങളുടെ സംഘത്തിൽ ചേർന്ന രണ്ട് ഫ്രഞ്ച് ദമ്പതിമാർ കുറച്ചു സമയത്തിനുശേഷം യാത്രപറഞ്ഞു വേഗം കൂട്ടിപ്പോയി. പരിചയസമ്പന്നരായ അവർക്ക് കുട്ടികൾ ഉൾപ്പെടുന്ന ഞങ്ങളുടെ വേഗം തീരെ മതിയാവില്ലായിരുന്നു.
കല്ലുകളുടെ വിസ്മയമാണ് പേരുപോലെതന്നെ ഹജർ മലകളുടെ പ്രത്യേകത. ചരൽ വലിപ്പമുള്ള കുഞ്ഞു കല്ലുകൾ മുതൽ ഭീമാകാരനായ കരിമ്പാറകൾ വരെ പല നിറങ്ങളിൽ. കാറ്റിന്റെയും മഴയുടെയും ശില്പചാരുത കല്ലിൽ കാലങ്ങളിലൂടെ വിരിയിച്ചെടുത്ത വിസ്മയങ്ങൾ കണ്ണുകൾക്ക് ഏറെ ഇമ്പമുള്ളത് തന്നെ. കുത്തനെയുള്ള മലയാണെങ്കിലും ചുരം റോഡ് പോലെ ഇസെഡ് ആകൃതിയിലാണ് മേലോട്ട് കയറുന്നത്. പാറക്കല്ലുകൾ അടുക്കിവച്ച് ഒരുപാടിടത്ത് നല്ല പടികൾ തീർത്തിട്ടുണ്ട് ഇടയന്മാർ. എന്നാൽ അതിശ്രദ്ധ ആവശ്യമുള്ള ഒഴുക്കൻ വഴികളും ഏറെയുണ്ട്. കുട്ടികളുടെ കായികക്ഷമതയിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും അവർ അത്ഭുതകരമായി ദൂരവും ഉയരവും കീഴടക്കി കൊണ്ടേയിരുന്നു. ഒരുപക്ഷേ പ്രകൃതിയുമായി ഇണങ്ങാൻ അവർക്കാണ് എളുപ്പം കഴിയുക എന്നതു കൊണ്ടാവാം. വളരെ സ്വാഭാവികമായി മുന്നേറുകയായിരുന്നു അവർ. ബാക് പാക്കിൽ കരുതിയ വെള്ളവും പഴവർഗങ്ങളും പുഴുങ്ങിയ മുട്ടയും ഇടവേളകളിൽ ഊർജദായിയായി നൽകുന്നുണ്ടായിരുന്നു (ബാക്ക് പാക്ക് ഒരു ഭാരം ആവാതിരിക്കാൻ ഏറ്റവും ആവശ്യമുള്ളവ മാത്രമേ കൊണ്ടു പോകാൻ പാടുള്ളൂ. വെള്ളമാണ് അതിൽ ഒന്നാമത്).
വഴിയിൽ പരിചയപ്പെട്ട യു.കെ. പൗരൻ മുജാമസ്, കനേഡിയൻ സ്വദേശി സേഫ് എന്നിവർ ഇടയിൽ പൂർണമായും ഞങ്ങളുടെ കൂടെ കൂടിയിരുന്നു. ദുബായിൽ ബിസിനസ് ചെയ്യുന്ന സുഹൃത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു സേഫ്. സുഹൃത്തിന് ഒരുക്കിയ ഈ അപൂർവ വിരുന്നിന്റെ സ്നേഹത്തിൽ ഞങ്ങളും പങ്കാളികളായി. ഏതാണ്ട് യാത്രാവസാനം വരെ ഒന്നിച്ചുണ്ടായിരുന്ന രണ്ടുപേരുമായും തീർത്ത ഒരു ദൃഢ സൗഹൃദവും ഇന്നിന്റെ ഒരു സുകൃതമാണ്. ഈ നശ്വര ജീവിതത്തിൽ ബാക്കിയാവുന്നത് ഇത്തരം കുറെ നല്ല ബന്ധങ്ങളുടെ ഓർമകൾ മാത്രമാണ്.
ഈ മേഖലയിലെ തദ്ദേശ ജീവസാന്നിധ്യം ചെമ്മരിയാടുകളും അവ നോക്കി വളർത്താൻ ചുമതലപ്പെട്ട പെഷവാറുകാരായ ഇടയരുമാണ്. മലമുകളിൽ പലയിടത്തായുള്ള ഇത്തരം ആട് ഫാമുകളിലേക്കും ഈ മലയുടെ അത്യുന്നതങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ഗ്രാമത്തിലേക്കും സാധനങ്ങൾ ചുമന്ന് കൊണ്ടുപോകുന്ന കഴുതകളാണ് വേറൊരു കൂട്ടം. അതി ദുർഘടമായ ഇടവഴികളിലൂടെ വലിയ ചുമടും വഹിച്ച് അനായാസം കയറിപ്പോകുന്ന കഴുതകളുടെ ശേഷി നമ്മെ അത്ഭുതപ്പെടുത്തും. ഒരു അഞ്ചംഗ കഴുത സംഘത്തെയും ഇടയനെയും അവരുടെ ഈ അത്ഭുത മലകയറ്റത്തെയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
ഏതാണ്ട് മുക്കാൽഭാഗം ദൂരം താണ്ടി അടുത്ത വിശ്രമസ്ഥലം തിരയുമ്പോഴാണ് ഒരു മലഞ്ചെരുവിൽ ഒരു ഒറ്റമുറി കൽവീടും ഒരു ആട് ഫാമും കണ്ടത്. അവിടെ പെഷവാർ സ്വദേശി അൻവറിനെ പരിചയപ്പെട്ടു. തൊഴിൽ ആടുകളെ പരിപാലിക്കൽ. അദ്ദേഹത്തിന്റെ ഹൃദ്യമായ ക്ഷണം സ്വീകരിച്ച് വിശ്രമസ്ഥലം ആയി അവിടം തിരഞ്ഞെടുത്തു. ഉയരം കൂടും തോറും കൂടിവരുന്ന തണുപ്പിൽ അദ്ദേഹമൊരുക്കിയ ചായ എല്ലാവരും ആസ്വദിച്ച് കഴിച്ചു. പർവത ശിഖരത്തിൽ ഏറുമാടം പോലെയുള്ള അദ്ദേഹത്തിന്റെ കുടിലും താമസവും കൗതുകവും ആകർഷകവുമായി തോന്നിയെങ്കിലും രാത്രിയിൽ പൂജ്യം വരെ എത്തുന്ന താപനിലയിൽ വെറും ആടുകൾ മാത്രം കൂട്ടായുള്ള ആ വാസം കഠിനം തന്നെയാണ്. പക്ഷേ അൻവറിന് പരാതിയില്ല. യാത്ര പറയുമ്പോൾ ഒരു ചെറിയ സംഖ്യ സമ്മാനമായി കൊടുത്തത് വാങ്ങാൻ അദ്ദേഹം കാട്ടിയ വിമുഖത അമ്പരപ്പിച്ചു. കൃത്രിമത്വങ്ങളിൽനിന്ന് അകന്നു ജീവിക്കുമ്പോഴാണ് എന്നു തോന്നുന്നു നമ്മിൽ മനുഷ്യത്വം പുഷ്‌കലമാവുന്നത്. ഒരു യാത്രയിൽ എന്തെല്ലാം പാഠങ്ങൾ !
ഏതാണ്ട് ഒരു മണിക്കൂറോളമാണ് അവിടെ വിശ്രമിച്ചത്. ലിയാന പക്ഷേ അധികസമയവും ആട്ടിൻ കുട്ടികളുടെ കുറുമ്പുകൾ കൗതുകത്തോടെ കാണുകയായിരുന്നു. ഇത്ര കഷ്ടപ്പെട്ട് ഈ മലയുടെ ഉയരത്തിൽ എന്തിനാണ് ആടുകളെ വളർത്തുന്നത് എന്നതിന് ഞാനും ഉത്തരം തേടി. മലമുകളിൽ വളരുന്ന ചെമ്മരിയാടിന്റെ മാംസം അത്യധികം സ്വാദിഷ്ടവും ആരോഗ്യപ്രദവുമാണത്രേ. അതിനുവേണ്ടി സ്വദേശികളായ അറബികൾ നടത്തുന്നതാണീ ഫാമുകൾ. ഉച്ചയ്ക്ക് ഒന്നര കഴിയുമ്പോഴേക്കും ഞങ്ങൾ ഏതാണ്ട് ഏറ്റവും ഉയരത്തിൽ എത്തി. അത്ഭുതകരമായ ദൃശ്യ ഭംഗിയിൽ, കൊത്തിവച്ചത് പോലുള്ള പാറക്കെട്ടുകളുടെയും കൽ മലകളുടെയും ഭംഗി മുകളിലെത്തുന്തോറും അവർണനീയം ആവുകയായിരുന്നു. കറുപ്പിനെയും ചാരനിറത്തിന്റെയും ഇടയിലെ കൊതിപ്പിക്കുന്ന ഒരു വശ്യ നിറമായിരുന്നു ആ വലിയ പാറക്കെട്ടുകൾക്ക്. ചെറു മലനിരകളുടെയും താഴ്‌വാരങ്ങളുടെയും ദൃശ്യവിരുന്ന് വേറെയും. വലിയ ഗർത്തത്തിനു മേലെയുള്ള നേർത്ത പാതയിലൂടെ സൂക്ഷ്മത ആവശ്യമുള്ള വഴികളാണ് പിന്നീട് ഏറെയും.
വീണ്ടും ഒരു ആതിഥേയത്വം കൂടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു ഏറ്റവും ഉച്ചസ്ഥായിൽ. മഴവെള്ളം വലിയ സംഭരണിയിൽ ശേഖരിച്ചുവച്ച് നടത്തുന്ന കൃഷിയും ആടുവളർത്തലും ഒക്കെയുള്ള ഒരു വലിയ ഫാം. അവിടെ കാവലും ജോലിയുമായി കഴിയുന്ന സജ്ജാദും മുഷ്താഖും. ഒരു പ്രതിഫലേച്ഛയുമില്ലാതെ സ്വാദിഷ്ടമായ ഉച്ചഭക്ഷണം ഒരുക്കിത്തന്നു അവർ. സവാള അരിയാനും മറ്റും ഞങ്ങളും കൂടെ കൂടി. ഒന്നൊന്നര മണിക്കൂർ കൊണ്ട് സ്പെഷ്യൽ പെഷവാരി സ്റ്റൈൽ പുലാവും രുചികരമായ സാലഡും റെഡി. തിരിച്ചിറങ്ങാൻ ആവശ്യമായ ഊർജത്തിനുതകുന്ന നല്ല ഒരു വിശ്രമകേന്ദ്രമായി അവിടം. അതിനിടയിൽ അവിടെ എത്തിപ്പെട്ട വേറൊരു സംഘത്തിൽ ഒരു സെലിബ്രിറ്റി പർവതാരോഹകനെ പരിചയപ്പെടാൻ കഴിഞ്ഞു. യു.എ.ഇ.യിൽനിന്ന് ആദ്യം എവറസ്റ്റ് കീഴടക്കിയ അഞ്ചുപേരിൽ ഒരാളായ താരീഖ് അൽ സറൂനി. കുട്ടികളുടെ താത്‌പര്യത്തെയും കായികക്ഷമതയെയും അദ്ദേഹം വിശേഷമായി തന്നെ അഭിനന്ദിച്ചു. അപ്പോഴാണ് അപൂർവങ്ങളിൽ അപൂർവമാണ് ഇവിടെവരെ എത്തിപ്പെടുന്ന കുട്ടികളുടെ എണ്ണം എന്ന് സജ്ജാദ് സാക്ഷ്യപ്പെടുത്തുന്നത്. അപ്രതീക്ഷിതവും പരിപാടിയിൽ ഇല്ലാത്തതുമായ സുഭിക്ഷമായ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം തിരിച്ചിറങ്ങുമ്പോൾ സമയം വൈകിട്ട് 4.25. ഇരുളുമ്പോഴേക്കും താഴേക്ക് തിരിച്ചെത്താം എന്ന ഞങ്ങളുടെ പ്ലാനും കൈവിട്ടു പോയിരുന്നു. എങ്കിലും ഭയപ്പാട് ഏതുമില്ലാതെ ആസ്വദിച്ചുകൊണ്ട് തന്നെ മലയിറങ്ങി.
സായാഹ്ന സൂര്യന്റെ ചുവന്ന രശ്മികളാൽ മലയുടെ ഒരു ഭാഗം സ്വർണവർണം ആയി മാറിയത് ഒരു അപൂർവ കാഴ്ചയായിരുന്നു. സൂര്യന്റെ ദിശ മാറുന്നതിനനുസരിച്ച് പല ഭാവങ്ങൾ ഉൾക്കൊള്ളുന്ന പർവത ശീലങ്ങൾ ഏറെ കൗതുകകരമാണ്. സമയത്തെ ഓർത്ത് വേഗം കൂട്ടിയാണ് നടന്നതെങ്കിലും ഫോട്ടോ അവസരങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ല. സൂര്യൻ കണ്ണടയ്ക്കുന്ന നേരം... മറുഭാഗത്ത് ചന്ദ്രനുദിക്കുന്ന നേരം... എന്തു മനോഹരമായിരുന്നു ആ പർവതാവരോഹണം എന്ന് വിവരിക്കുക എളുപ്പമല്ല. രാത്രിയെ ഭയപ്പെട്ടിരുന്നു എങ്കിലും നല്ല നിലാവ് ഉള്ളതിനാൽ വഴി തിരിച്ചറിയാൻ ഒട്ടും പ്രയാസപ്പെട്ടില്ല. മലഞ്ചെരിവിലെ രാത്രിയുടെ വന്യത പേടിപ്പെടുത്തുന്നതും എന്നാൽ ഭ്രമിപ്പിക്കുന്നതുമായിരുന്നു.
കയറാനുള്ള കായികക്ഷമത ഇറങ്ങാൻ ആവശ്യമില്ലെങ്കിലും മലകയറ്റത്തേക്കാൾ പതിന്മടങ്ങ് പ്രയാസമേറിയതാണ് മലയിറക്കം. ശരീരത്തിന്റെ ഭാരം ഗുരുത്വാകർഷണ നിയമ പ്രകാരം താഴേക്ക് കുതിക്കാൻ ഒരുങ്ങുമ്പോൾ തടഞ്ഞു നിർത്തേണ്ട കാലുകളുടെ ഉത്തരവാദിത്വം അല്പം പ്രയാസമേറിയത് തന്നെയാണ്. പ്രത്യേകിച്ചും ഏതാണ്ട് 11 കിലോമീറ്ററുകൾ തുടർച്ചയായി ഇറങ്ങേണ്ടി വരുന്നതിനാൽ. എങ്കിലും ഒരു ദിവസം മുഴുവനായി ആർജിച്ച ഉന്മേഷവും ആഹ്ലാദവും കളഞ്ഞു കുളിക്കാതെ തന്നെ വിജയകരമായി ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു. ഏറ്റവും പിന്നിൽ ആസ്വദിച്ച് ഞാനും ലിയാനയും, താഴ്‌വാരത്ത് എത്തുമ്പോൾ കൃത്യം രാത്രി 9.05.
യു.എ.ഇ. യിലെ ഇത്രയും മനോഹര സ്ഥലങ്ങൾ ഈ നീണ്ട വർഷങ്ങളിൽ അത്രയും കാണാതെ പോയതിന്റെ മാത്രം സങ്കടത്തോടെ, എന്നേക്കും ഓർക്കാൻ ഉതകുന്ന ഒരു ദിനത്തിന്റെ വിജയസമാപ്തിയിലെ സന്തോഷത്തോടെയും വീടണയുമ്പോൾ രാത്രി 11.00. യാത്ര ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും ഈ ’സ്വർഗഗോവണി’ യിലേക്ക് പോവുകതന്നെ വേണം.