ഗൾഫിൽ 1968-ൽ ആണ് ആദ്യമായി അബുദാബി കടൽതീരത്ത് അബുദാബി മലയാളിസമാജം എന്ന പേരിൽ ഒരു മലയാളിക്കൂട്ടായ്മ രൂപവത്‌കൃതമാവുന്നത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ ജോലിചെയ്തിരുന്ന മെഹബൂബ് സായ്‌വ് പ്രസിഡന്റും ഗ്രെ മക്കൻസിയിൽ മാനേജരായ ഇ.എസ്. മേനോൻ സെക്രട്ടറിയുമായാണ് പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലത്ത് പത്ര പാരായണം, സിനിമാപ്രദർശനം, കാരംസ്, ചീട്ടുകളി തുടങ്ങിയവയായിരുന്നു പരിപാടികൾ. ആദ്യത്തെ സമാജം കമ്മിറ്റി കൂടുന്നതും സമാജത്തിന് ഒരു രൂപരേഖ എഴുതിയുണ്ടാക്കുന്നതും ഇ.എസ്. മേനോന്റെ വീട്ടിൽവെച്ചായിരുന്നു. തുടർന്ന് അബുദാബി കടൽതീരത്ത് പൂഴിമണലിൽ വേലികെട്ടിമറച്ച് സമാജം സജീവമായി. കോർണിഷിലെ ഖാദർ മാപ്പിളയുടെ ചായക്കടയിലെ ബെഞ്ചുകൾ കൊണ്ടുവന്നായിരുന്നു രാത്രി ആളുകൾ ഇരുന്നിരുന്നത്. ക്രമേണ സ്വന്തമായി ബെഞ്ചുകളും ഡെസ്കുകളും ഉണ്ടായി. സിമന്റ് കട്ടകൾകൊണ്ട് രണ്ട് മുറികൾ പണിത് മേൽക്കൂര കെട്ടി പത്രപാരായണത്തിന് സൗകര്യമൊരുക്കി. കോർണിഷിൽ നിന്ന് ഹംദാൻ തെരുവിലെ ടി.വി. ബിൽഡിങ്ങിന് സമീപത്തേക്ക് സമാജം മാറുന്നത് 1973-ൽ ആണ്. സമാജത്തിന് ആദ്യമായി സ്റ്റേജ് ഉയരുന്നതും ഇവിടെയാണ്. 1975-ൽ ഗൾഫിൽ ആദ്യമായി സമൂഹ ഓണസദ്യ ഉണ്ടത് ഈ കേന്ദ്രത്തിൽവെച്ചാണ്. കേരളത്തിന് വെളിയിൽ ആദ്യമായി പ്രേംനസീറിന്റെ സ്റ്റേജ് പരിപാടി അരങ്ങേറിയതും അബുദാബി മലയാളി സമാജത്തിലാണ്. തുടർന്ന് അബുദാബിയിലും ദുബായിലും ഷാർജയിലും അൽ ഐനിലും ഗൾഫിലെ മറ്റ് നഗരങ്ങളിലും എത്രയെത്ര മലയാളിസംഘടനകൾ.....! എത്രയെത്ര പരിപാടികൾ!!!!!.
അബുദാബിയിൽ മലയാളികൾക്ക് മാത്രമായി രജിസ്റ്റർചെയ്ത സംഘടനകൾ, സ്വന്തമായി കെട്ടിടങ്ങൾ... എല്ലാ ഇന്ത്യക്കാർക്കുമായി ലോകത്തെ ഏറ്റവുംവലിയ ഇന്ത്യൻസംഘടനയായി ഇന്ത്യാ സോഷ്യൽ സെന്റർ. ഒട്ടേറെസ്ഥലത്തെ ഇന്ത്യൻ അസോസിയേഷനുകളും മലയാളികളുടെ നേതൃത്വത്തിൽതന്നെ. ഷാർജ ഇന്ത്യൻ അസോസിയേഷനൊക്കെ അത്തരം സ്ഥാപനങ്ങളിൽ മുന്നിൽ നിൽക്കുന്നു. കേരളത്തിൽ ഓണാഘോഷം പത്തുദിവസമാണെങ്കിൽ ഗൾഫിൽ അതിന്റെ ദൈർഘ്യം നൂറുദിനങ്ങൾ കഴിയും. എണ്ണമറ്റ സംഘടനകളുടെ പേരിൽ ഡിസംബർ വരെ നീളുന്ന ഓണസദ്യകൾ. പതിനായിരവും പതിനയ്യായിരവും ആളുകൾ പങ്കെടുക്കുന്ന മാമാങ്കങ്ങൾ ഗൾഫിൽ മലയാളികൾ കൊണ്ടാടി. തെയ്യങ്ങളും തൃശ്ശൂർ പൂരവും തായമ്പകയും നാടകോത്സവങ്ങളും ഗൾഫിലെ മലയാളി സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളായി.
നാലുവർഷംമുൻപ് ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാതൃഭൂമി ഒരുക്കിയ എ.ആർ. റഹ്മാൻ ഷോ എന്ന സംഗീതനിശ ഗൾഫിന്റെ മലയാളി സാംസ്കാരിക ചരിത്രത്തിലെ ഏറ്റവുംവലിയ പരിപാടിയായിരുന്നു. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയും സഹായത്തോടെ പടുകൂറ്റൻസ്റ്റേജിൽ അവതരിപ്പിച്ച ആ പരിപാടി കാണാൻ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത് ആയിരങ്ങളായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഷാരൂഖ് ഖാനും മറ്റും പങ്കെടുത്ത തട്ടുതകർപ്പൻ പരിപാടികൾ അതിനുമുൻപും പിൻപും നടന്നിട്ടുണ്ടെങ്കിലും റഹ്മാൻ ഷോയുടെ ഓർമകൾ ഇപ്പോഴും പ്രവാസികളിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ദുബായ് സ്റ്റേഡിയത്തിലുണ്ടാക്കിയ ആരവങ്ങളും ഗൾഫിന്റെ സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. പത്തുവർഷമായി ദുബായിൽ അരങ്ങേറിവന്ന ഇന്റർനാഷണൽ കഥകളി കൂടിയാട്ടം ഉത്സവവും പഴയപ്രൗഢിയിൽ ഇനിയുണ്ടാവുമെന്ന് കഥകളിപ്രേമികൾ പ്രതീക്ഷിക്കുന്നില്ല. കോവിഡ് കാലം കഴിഞ്ഞാലും ഭീമമായ സ്പോൺസർഷിപ്പ് നൽകി ഇത്തരം പരിപാടികളെ സഹായിക്കാൻ ബിസിനസ് സമൂഹത്തിന് അടുത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല.
കേരളത്തിന്റെ മുഖഛായ മാറ്റിയ ഗൾഫ് പ്രവാസം ആറ് പതിറ്റാണ്ട് പിന്നിടുമ്പോൾ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലാണ് ഗൾഫിലെ മലയാളിജീവിതവും. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നായി മൂന്നുലക്ഷത്തോളം മലയാളികൾ തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തിയതായാണ് ഔദ്യോഗികവിവരം. സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ചെറുകിട വാണിജ്യകേന്ദ്രങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽനിന്നായി ആയിരക്കണക്കിന് ആളുകൾക്കാണ് കോവിഡ് മൂലം തൊഴിൽ നഷ്ടമായത്. ഗൾഫിലെ വിവിധ നഗരങ്ങളിൽ ആഴ്ചതോറും നടക്കാറുള്ള സാംസ്കാരിക പ്രവർത്തനങ്ങളും കൂടിച്ചേരലുകളും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. നാട്ടിലെ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഗൾഫ് നഗരങ്ങളിലെ സ്റ്റേജ് ഷോകൾ എന്നും ചാകരയായിരുന്നു. കോവിഡ് കേരളത്തിൽ ഏറ്റവുമധികം ബാധിച്ചതും അത്തരം കലാകാരന്മാരെയാണ്. സിനിമാതാരങ്ങൾ, നാടകനടന്മാർ, സിനിമാ മേഖലയിലുള്ളവർ, ഗായകസംഘങ്ങൾ, വാദ്യകലാകാരന്മാർ, കഥകളിസംഘങ്ങൾ, മിമിക്രി ട്രൂപ്പുകൾ എല്ലാവരും തൊഴിൽരഹിതരാണ്. ഇവരിൽ ചെറിയൊരു ശതമാനമെങ്കിലും ഗൾഫ് നാടുകളിൽ പരിപാടികളുമായി എത്താറുള്ളതാണ്. നാല് ദശാബ്ദമായുള്ള ഈ പ്രക്രിയ കോവിഡ് മൂലം നിന്നുപോയി.
ഗാനഗന്ധർവൻ യേശുദാസ് തന്റെ ആദ്യത്തെ വിദേശ സംഗീതപരിപാടി അവതരിപ്പിച്ചത് അബുദാബിയിലായിരുന്നു. തുടർന്നിങ്ങോട്ട് ഗൾഫ് നഗരങ്ങളിൽ ആയിരക്കണക്കിന് സ്റ്റേജ് ഷോകൾ അവിരാമം തുടർന്നു. മലയാളത്തിലെ സാഹിത്യകാരന്മാരും കവികളും രാഷ്ട്രനേതാക്കളും മന്ത്രിമാരും നിരന്തരം ഗൾഫിൽ അതിഥികളായി എത്തി. ഗൾഫിൽ മലയാളികളുടെ നേതൃത്വത്തിൽ നിരവധി സാംസ്കാരികകേന്ദ്രങ്ങൾ ഉയർന്നുവന്നു. ഇവയുടെ ഭാഗമായി നൂറുകണക്കിന് സാംസ്കാരികസംഘടനകൾ നിരന്തരം പരിപാടികൾ നടത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ സംഘടനകളുടെയെല്ലാം പ്രവർത്തനങ്ങൾ ഇപ്പോഴും നിശ്ചലാവസ്ഥയിൽത്തന്നെ. പരിപാടികൾ ഇല്ലാതായതോടെ സാമ്പത്തിക സമാഹരണവും ഇല്ലാതായി. വെള്ളം, വൈദ്യുതി, കെട്ടിടവാടക, ജീവനക്കാർക്ക് ശമ്പളം.. ഒന്നിനും മാർഗമില്ല. അഞ്ച് പതിറ്റാണ്ട് അരങ്ങ് നിറഞ്ഞാടിയ സ്റ്റേജുകൾ നിശബ്ദമാണ്.
കോവിഡിന്റെ തുടക്കകാലത്ത് ഭക്ഷ്യവിതരണത്തിനും മറ്റുമായി പല സംഘടനകളും സജീവമായിരുന്നെങ്കിലും അതും അവസാനിച്ചിരിക്കുന്നു. കച്ചവടസ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പ് ഇല്ലാതായതോടെ വെർച്വൽ മീറ്റിങ്ങുകൾക്കുപോലും താത്‌പര്യം നഷ്ടപ്പെട്ടിരിക്കുന്നു. കഥകളിയും ചെണ്ടമേളവും തട്ടുപൊളിപ്പൻ നൃത്തഘോഷവും കൊണ്ട് സമ്പന്നമായ രാവുകൾ ഒരു കാലഘട്ടത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമകളാണിപ്പോൾ. കോവിഡിന്റെ പ്രഹരശേഷി അവസാനിച്ചാൽ എല്ലാം പഴയതുപോലെ ആവുമെന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ അതിനെത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല.