• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Gulf
More
Hero Hero
  • GULF
  • UAE
  • Saudi Arabia
  • Kuwait
  • Qatar
  • Bahrain
  • Oman
  • Friday Feature
  • Super Selfie
  • News in Pics
  • News in Videos
  • Communities
  • Jobs
  • Obituary

മറവി പുൽകാത്ത ജീവിതാവസ്ഥകൾക്കൊപ്പം

Dec 11, 2020, 01:52 AM IST
A A A
# ഫൈസൽ ഡോൾബി അയിരൂർ

പോയകാലങ്ങളെ മറവി കൈവിടുമ്പോൾ ഒന്നാമതെത്തിയാലും തോൽക്കും. പ്രവാസമെന്നത് അനന്തമായി നീളുന്നൊരു പാതയാണ്. ആ പാതയിലൂടെയുള്ള യാത്ര അനന്തമായ സാധ്യതകൾ പ്രദാനം ചെയ്യുന്നുണ്ട്. ആ യാത്രയിൽ നാടുകടത്തപ്പെട്ടവനുണ്ട്, നാടുവിട്ടവനുമുണ്ട്. മഹാത്മാഗാന്ധിയും മമ്പുറം തങ്ങളും ഈ രണ്ടു താവഴികളെ പ്രതിനിധാനം ചെയ്യുന്നു. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലം നാടുവിട്ടവരാണ് അധികവും. കാര്യകാരണങ്ങൾ ചികയുമ്പോൾ പ്രവാസികളയക്കുന്ന പണമാണീ നാടിന്റെ നട്ടെല്ലെന്ന് നിർത്താതെ പുകഴ്ത്തുന്ന നാളിതുവരെ നാടുഭരിച്ച എല്ലാ ഭരണകൂടങ്ങൾക്കും അതിൽ പങ്കുണ്ടെന്ന് സമ്മതിക്കേണ്ടി വരും.

ആത്മാവിനെ പിറന്ന നാട്ടിൽ വെച്ച് ശരീരം ബെൽറ്റിട്ട് മുറുക്കി നാടുവിടുന്ന വേറെയൊരു ഭൂരിപക്ഷമുണ്ട്. ഭൗതിക ജീവിതത്തോടുള്ള ത്വരകളെ കൂടിയാണ് അവർ ബെൽറ്റിട്ട് വരിഞ്ഞുകെട്ടിയത്. സന്ന്യാസിയും ദാർശനികനും വിപ്ലവകാരിയും ചിന്തകനും എഴുത്തുകാരനുമെല്ലാം ഈ ഭൂരിപക്ഷത്തിൽ ഉൾപ്പെടും. ഈ ഭൂരിപക്ഷത്തിൽനിന്നാണ് മികച്ച രചനകളുണ്ടായതും. നാടിനുവേണ്ടി നാടിനെ വിട്ടുപോയവർ. കുടുംബത്തിന് വേണ്ടി കുടുംബത്തെ വിട്ടുപോയവർ.. അവരാണ് കേരളത്തിലെ പ്രവാസികൾ. അവർ മണലാരണ്യത്തിൽ പൊഴിക്കുന്ന വിയർപ്പാണ് അങ്ങ് മാമല നാട്ടിൽ സകല മിനുക്കവും സൃഷ്ടിക്കുന്നത്. അവരുടെ ശ്വാസ നിശ്വാസങ്ങളുടെ ചൂടിലാണ് കേരളീയ ജീവിതം രുചിനൽകിയും വിശപ്പ് മാറ്റിയും വെന്തു പാകമാവുന്നതും. ചൂട് പകർന്ന് അവസാനം ബാക്കിയാവുന്നത് വെണ്ണീരാണ് എന്നതോർക്കുമ്പോഴാണ് പ്രവാസത്തിന്റെ അന്തിമ മൂല്യനിർണയം പൂർണത കൈവരിക്കുന്നത്.

റഫീസ് മാറഞ്ചേരിയുടെ ‘പരാജിതൻ’ നോവലിലൂടെ സഞ്ചരിക്കുമ്പോൾ ദൃശ്യമാകുക കഥയെന്ന് കഥാകാരൻ പറയുമ്പോഴും ജീവിതമെന്ന് വ്യക്തമാകുന്ന കാഴ്ചകളാകും. അങ്ങനെ വിശ്വസിക്കാൻ നമ്മൾ നിർബന്ധിതരാകും എന്നതാണ് വാസ്തവം. കാരണം രചയിതാവ് കോർത്തുവെച്ച സംഭവങ്ങളെക്കാൾ, അവ വരയ്ക്കാൻ ഉപയോഗിച്ച വാക്കുകളെക്കാൾ പതിന്മടങ്ങ് വിചിത്രവും സങ്കീർണവുമാണ് ഓരോ പ്രവാസിയുടെയും ജീവിതമെന്ന് അനുഭവം കാണിച്ചുതന്നിട്ടുണ്ട്.

ആഴ്ചയിൽ ഒരു നാൾ വീണുകിട്ടുന്ന പ്രവാസ ലോകത്തെ വ്യാഴാഴ്ച രാത്രികളിലെ പുലരുവോളം നീളുന്ന സംസാരവേളകൾ ബോധ്യപ്പെടുത്തിയ ഒരു കാര്യമുണ്ട് - ഓരോ പ്രവാസിയും ഓരോ കഥാസാഗരങ്ങളാണ്. വില്ലനും നായകനും നായികയും ഹാസ്യ കഥാപാത്രങ്ങളുമൊക്കെ ഓരോ കഥയിലും വ്യത്യസ്തം! മുന്തിയ ഭക്ഷണത്തോടൊപ്പം ദുരിതക്കൂട്ടുകളും വിളമ്പിയാണ് ഒത്തുകൂടലിന്റെ ഓരോ രാവും അവസാനിക്കുക. കഥ പറഞ്ഞവരൊക്കെ എഴുതിയിരുന്നെങ്കിൽ. ലോകത്തെ ഏറ്റവും വലിയ സാഹിത്യം അനുഭവങ്ങളിൽനിന്നും പിറവികൊള്ളുന്ന പ്രവാസികളുടെ സാഹിത്യമായി മാറുമായിരുന്നു.

നൊമ്പരങ്ങളുടെ പൂക്കൾ കണ്ണു നനയ്ക്കുമെങ്കിലും കഥാകാരൻ അനുഭവങ്ങളാൽ സമ്പന്നനാണ്. സുഖമാണോ എന്ന നാട്ടിൽനിന്നുള്ള ചോദ്യത്തിന് ഏത് അവശതയിലും ‘‘ദൈവവത്തിനു സ്തുതി, സുഖമാണ്...’’ എന്ന് മറുപടി കൊടുക്കുന്ന പ്രവാസിക്കല്ലാതെ മറ്റാർക്കാണ് അനുഭവത്തിന്റെ തീക്ഷ്ണത പോലും വീര്യംകുറച്ച് പറഞ്ഞു നിസ്സംഗനായി മാറിനിൽക്കാൻ കഴിയുക? റഫീസിന്റെ ശൈലിയിലും ആ സൗമ്യതയും മാന്യതയുമുണ്ട്. എന്നാൽ, ആകാശത്തിന്റെ നഗ്‌നതയും പൊള്ളുന്ന സത്യങ്ങളുടെ ഊഷ്മാവും ഒട്ടും മറച്ചുവെക്കാതെ പറഞ്ഞുപോയിട്ടുമുണ്ട്. ഗൾഫ് പ്രവാസിയുടെ വീട്ടുകാർ ഒരിക്കലും അയാളുടെ ജീവിതച്ചൂടറിയാൻ താത്‌പര്യം കാട്ടാറില്ല. അയാളുടെ എല്ലെണ്ണയുടെ തണുപ്പിൽ അവർക്കറിയേണ്ടത് എന്നും റിയാലിന്റെ / ദിർഹമിന്റെ ഹുണ്ടിക്കണക്കുകളാണ്‌. ‘‘എത്ര അയച്ചു?’’ ‘‘എന്ന് കിട്ടും?’’ തുടങ്ങിയ ചോദ്യങ്ങളിൽ അത് ഒതുങ്ങും. നാട്ടിൽ ‘‘അടിച്ചു പൊളിക്കാൻ’’ എത്തുന്ന അവധിക്കാലത്ത് (അതാണു ആകെ ജീവിത കാലം!) നാട്ടുകാരുടെ ചോദ്യങ്ങളും രണ്ട്: ‘‘എന്ന് വന്നു?’’, ‘‘എന്ന് പോവും?’’

അങ്ങനെ തിരിച്ചു പോവാനായി മാത്രം സ്വന്തം വീട്ടിൽ അതിഥിയായി വരാൻ വിധിക്കപ്പെട്ട ജന്മങ്ങൾ. വീടുവിട്ടവൻ ഒരിക്കലും വീട്ടുകാരനാവുന്നില്ല. വിരുന്നുകാരനായി വന്നുപോവുന്നവൻ സ്ഥിരവാസത്തിനു തിരിച്ചെത്തുന്നത് പലപ്പോഴും നിത്യരോഗിയോ, മൃതദേഹമോ ആയിട്ടാണ്. ഗൾഫിലെ തൊഴിൽ നിയമങ്ങളാൽ നിർബന്ധ മടക്കത്തിനു വിധേയമാകുന്ന നിർഭാഗ്യവാന്മാരാകട്ടെ, ആ മടക്കം അംഗീകരിക്കാൻ മനസ്സും പരിസരവും ഒരുക്കാത്തവരാണ്. പ്രവാസി മനസ്സിനെ വിചാരണയ്ക്കു വിധേയമാക്കുന്ന ഒട്ടേറെ നിരീക്ഷണങ്ങൾ റഫീസ് തൊടുത്തുവിടുന്നുണ്ട്. വലിയ തത്ത്വചിന്തയാണെന്ന നാട്യം ഒട്ടുമില്ലാതെ; സാമൂഹികവിമർശനം തന്റെ പണിയേയല്ല എന്ന ബോധ്യത്തോടെ; തന്നോടുതന്നെ കയർക്കുന്ന ഒരു താന്തോന്നിയുടെ ലാഘവത്തോടെ; സാഹിത്യജാഡയോ ബുദ്ധിജീവി സൂത്രങ്ങളോ, ഭാഷയുടെ അലങ്കാര വേലകളോ ഒന്നുമില്ലാതെ; കടിച്ചു പിടിച്ചാണെങ്കിലും പറയുന്നത് നേരാണ് എന്ന ആത്മാർഥതയോടെ...

നാടുവിടുന്ന മലയാളിയുടെ സദാചാര നിഷ്ഠകൾ തകർന്നുവീഴുന്ന കാഴ്ചകൾ എത്ര സുതാര്യമായാണു റഫീസ് പറഞ്ഞു പോവുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്തിനെ കുറിച്ച് എൻ.പി. മുഹമ്മദിന്റെ ഒരു നിരീക്ഷണമുണ്ട്: ‘‘മലയാളിയുടെ സന്മാർഗ നിഷ്ഠയുടെ സൃഷ്ടിയാണ്‌ ആ പാട്ട്.’’ സത്യമാണ്. ഫിലിപ്പീനികൾക്കും മിസിരികൾക്കും യൂറോപ്യന്മാർക്കും ആ പാട്ട് സാധ്യമല്ല. പാകിസ്താനികൾക്കും അഫ്ഗാനികൾക്കും സുഡാനികൾക്കും വിരഹത്തിന്റെ സർഗ സംഗീതമുണ്ട് താനും. എന്തായാലും മാറുന്ന മലയാളിക്കും ഹൃദയരക്തം കൊണ്ട് അങ്ങനെയൊരു പാട്ട് ഇനിയുള്ള കാലം സാധ്യമല്ല എന്ന് റഫീസ് പറയാതെ പറയുന്നു. അപ്പോഴും കാമച്ചന്തയിൽ ചരക്കിന്റെ ഓരോ അവയവത്തിനും പ്രത്യേകം പ്രത്യേകം വിലയിട്ട് വിലപേശുന്ന വികാരവിപണനത്തിന്റെ യാന്ത്രിക കലകൾ ആരെയാണ് നടുക്കാത്തത്? ശരീരത്തിന്റെ ചോദനകൾകൊണ്ട് മനസ്സിന്റെ പിന്തുണയില്ലാതെ അനുഷ്ഠിക്കുന്ന കർമങ്ങൾ അയാളിൽ കുറ്റബോധം സൃഷ്ടിക്കുന്നുണ്ട്.

അതേസമയം റഫീസിന്റെ നിരീക്ഷണങ്ങൾ സദാചാരവുമായി ബന്ധപ്പെട്ട ചില അടിസ്ഥാന പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ഒരു വ്യക്തിയുടെ സദാചാര ധാർമികത ആരുടെ സൃഷ്ടിയാണ്? ദൈവം, മതം, സമൂഹം, സംസ്‌കാരം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ വ്യക്തിയുടെ ആത്മനിയന്ത്രണത്തെ ബാധിക്കുന്നുണ്ടോ? അതല്ല സദാചാരം തീർത്തും ഒരു സാമൂഹിക ഉത്പന്നമാണോ? ഇത്തരം വിതാനങ്ങളിലേക്കും നയിച്ചുകൊണ്ടുപോകാവുന്ന ചില നിരീക്ഷണങ്ങൾ ഈ പുസ്തകത്തിലുണ്ട്. നാട്ടിൽ കഴിയുന്നവർക്ക് ആലോചിക്കാൻ ഇടവന്നിട്ടില്ലാത്ത അത്തരം സന്ദർഭങ്ങളെ പ്രവാസി എത്ര ലളിതമായാണു ചർച്ചയ്ക്ക് െവക്കുന്നത്? റഫീസ് എഴുതുന്നത് കാണുക: ‘‘നാടും വീടും വിട്ടാൽ വരുന്ന ഒരു പ്രത്യേക ധൈര്യമുണ്ട്! ചുറ്റിലുമുള്ളത് അപരിചിതരാണെന്നുള്ള ധൈര്യം അത് നമ്മെക്കൊണ്ട് പലതും ചെയ്യിക്കും.. നാട്ടിൽവെച്ച് നാട്ടുകാരെ പേടിച്ച് ചെയ്യാൻ മടിച്ച പലതും...’’ ആരോടൊക്കെയോ അന്യായമായി തുടർന്നുവന്ന പേടിയുടെ പേരാണു സദാചാരമെന്ന് റഫീസ് പറയുമ്പോൾ അത് ആലോചനാമൃതം തന്നെയല്ലേ?

ദുരഭിമാനത്തിന്റെ നെടുങ്കോട്ടകളാണു പ്രവാസിയെ ദുരിതങ്ങളുടെ പെരുമഴയിൽ തളച്ചിടുന്നത്. സൗദി ജയിലുകളിൽ എത്തിപ്പെടുന്ന സഹോദരിമാർ മിക്കപ്പോഴും ദുരന്ത സാക്ഷികളാണ്. അറബിയുടെ വീട്ടിലെ യാതനകൾ വിവരിച്ച ഗദ്ദാമമാരോട് ഞാൻ ചോദിച്ചിട്ടുണ്ട്. നാട്ടിലെ പല വീടുകളിലായി വേല ചെയ്താൽ സുരക്ഷിതമായി ഇതിലേറെ വരുമാനം ഉണ്ടാക്കിക്കൂടെ? എന്ന്. (കൊച്ചിയിലെ ഫ്ലാറ്റുകളിൽ മണിക്കൂറിനു 200 രൂപയാണു കൂലി. ഒരു ദിവസം ജോലി ചെയ്താൽ, കുറച്ചുപേർ ചേർന്നു ഒരു വാടക വീട്ടിൽ താമസിച്ചാൽ പോലും ഗൾഫ് ശമ്പളം ബാക്കിയാക്കാം) . അഭിമാനത്തിന്റെ ആനമണ്ടത്തരം (മാളിലെ ട്രോളി തള്ളുന്ന അധ്യാപകൻ ഒരുദാഹരണം). ഏതുതരം അടിമപ്പണിയും മറുനാടിന്റെ മേൽ വിലാസത്തിൽ ഒളിപ്പിച്ചെടുക്കാനുള്ള തത്രപ്പാട്. പ്രവാസി പുരുഷന്മാരിൽ ഏറെ കഷ്ടപ്പെടുന്ന പലർക്കും ഗൾഫിൽ വിയർക്കുന്ന മൂന്നിലൊന്ന് അധ്വാനം കൊണ്ട് നാട്ടിൽ നന്നായി ജീവിക്കാൻ പറ്റും. എന്നാലും അറബ് വീടുകളിലെ എച്ചിലും ഷവർമ കടലാസും പൈപ്പ് വെള്ളവും കുടിച്ച് പ്രവാസപർവം താണ്ടാൻ വെമ്പൽ കൊള്ളുന്നത് നാട്ടുകാരുടെ മുമ്പിൽ ‘കുഞ്ഞാപ്പു’ ആയി ഏതാനും നാൾ കാഴ്ചയ്ക്കുവെക്കാനാണ്. റഫീസ് പക്ഷേ, ഈ കപട നാട്യങ്ങൾക്കും കണ്ണീരിൽ ചാലിച്ച ഒരു ന്യായം സ്വന്തം കരൾ തൊട്ടുപറയുന്നുണ്ട്: ‘‘റാഫിക്ക ജോലിയെ കുറിച്ച് തിരക്കിയപ്പോൾ ഞാൻ ബുദ്ധിമുട്ടുകൾ ഒന്നും പറഞ്ഞില്ല. പറഞ്ഞാൽ അത് നാട്ടിൽ അറിയും. നമ്മുടെ പ്രയാസങ്ങളും വേദനകളും പ്രിയപ്പെട്ടവർ കൂടി അറിയുമ്പോൾ ആ വേദന ഒന്നുകൂടി കഠിനമാകും’’ -പ്രവാസി സമൂഹത്തിന്റെ ജീവിതദർശനം ഈ വാക്കുകളിൽ പ്രകടമാണ്.

തന്നെ ആശ്രയിക്കാനും ചൂഷണം ചെയ്യാനും വരുന്നവരെ പിണക്കാൻ വയ്യ എന്ന ചിന്തയും പ്രവാസിയെ നിത്യദുരിതത്തിൽ നിർത്തുന്നുണ്ട്. റഫീസിന്റെ ആലോചനകൾ കൃത്യമായി അവിടെ എത്തിച്ചേരുന്നുണ്ട്: ഒരു വിധം പ്രശ്നങ്ങളുടെയൊക്കെ കാരണം ‘‘ഇല്ല’’ എന്ന സത്യം പറയാത്തതാണ്. ‘‘ഇല്ല’’ എന്ന ഒറ്റവാക്ക് ആ സമയത്ത് ചില പ്രയാസങ്ങൾ സൃഷ്ടിച്ചേക്കും. പിന്നീട് അത് സുഖം നൽകും. ‘‘ഗൾഫ് പരീക്ഷണത്തിൽ ലോട്ടറി അടിക്കുന്ന അപൂർവം ചിലരോട് എല്ലാ പ്രവാസിയെയും താരതമ്യം ചെയ്യുന്ന ക്രൂരതയും ഈ പാപങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു.

മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള വേറിട്ട ചില നിരീക്ഷണങ്ങളും പ്രവാസിക്കു മാത്രം സാധ്യമായ ഭാഷയിൽ റഫീസ് രേഖപ്പെടുത്തുന്നുണ്ട്. ‘‘ദുരിത കാലങ്ങളിൽ കൂട്ടാവുന്നത് ബന്ധുക്കളും നാട്ടുകാരുമല്ല, ഉറ്റവരും പേരറിയാത്ത പച്ചമനുഷ്യരുമാണ്’’ എന്ന പാഠം അവയിൽ ഒന്നും മാതം. പുതിയ കേരളത്തെയും പ്രവാസത്തെയും ബന്ധിപ്പിച്ചുകൊണ്ട് നിശിതമായ ഒരു നിരീക്ഷണം കൂറേക്കൂടി കൗതുകകരമാണ്. ‘‘നമ്മൾ ഗൾഫിൽ പോകേണ്ട ആവശ്യം അന്യ സംസ്ഥാനക്കാരുടേത് കൂടിയാണ്. എന്നാലേ അവർക്ക് കേരളത്തിൽ ജോലിയുണ്ടാകൂ... അവരുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന കോഴിയും ആടും പച്ചക്കറിയുമെല്ലാം ഉയർന്ന വിലയ്ക്ക് മലയാളിക്ക് വിൽക്കാനാവൂ...’’

പേനയെ പ്രണയിക്കുന്ന ഈ കഥാകാരൻ കാല്പനിക വർണങ്ങൾ ഒന്നും ചാർത്താതെ ഇവിടെ ജീവിതം പറയുകയാണ്. ഒന്നാമതെത്തിയാലും തോൽക്കുന്ന മറവി പുൽകാത്ത ജീവിതാവസ്ഥകൾക്കൊപ്പം മരുഭൂമിയിലെ കുളിർതെന്നൽ പോലെ ഒരു പ്രണയ കഥയുടെ ചാരുതയും സഞ്ചരിക്കുന്നു. സൗമ്യ ഒരു പക്ഷേ കഥാകാരന്റെ കാമിനിയാവാം. അല്ലെങ്കിൽ പ്രവാസി വംശത്തിന്റെ സുന്ദരസ്വപ്നവുമാവാം. എന്തായാലും റഫീസ് മാറഞ്ചേരി നടുക്കുന്ന ഒരു കഥ പറഞ്ഞ് നമ്മെ അലിയിക്കുകയല്ല. പ്രവാസി സഹോദരന്റെ ഇടനെഞ്ചിനോട് നമ്മെ കുറേക്കൂടി അടുപ്പിക്കുകയാണ്.

PRINT
EMAIL
COMMENT

 

Related Articles

അകത്തേക്ക് വളരുന്ന യാത്രകൾ
Gulf |
Gulf |
കാണാതായ കടൽ..!
Gulf |
ഓപ്പറേഷൻ ജാവ സിമ്പിൾ! പവർഫുൾ!
Gulf |
ടെൻഷൻ മുക്കിലെ സ്മാരകങ്ങൾ
 
  • Tags :
    • GULF FEATURE
More from this section
Gulf Feature
അകത്തേക്ക് വളരുന്ന യാത്രകൾ
അസാധാരണ അവധിക്കാലം
കാണാതായ കടൽ..!
ഓപ്പറേഷൻ ജാവ സിമ്പിൾ! പവർഫുൾ!
ടെൻഷൻ മുക്കിലെ സ്മാരകങ്ങൾ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.