ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിസാർ ഇബ്രാഹിം രചിച്ച ചിത്രങ്ങൾ സ്വാഭാവിക സൗന്ദര്യാത്മക ചിന്തകൾക്ക് പുറത്താണ് അതിന്റെ സ്വത്വത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഏകാന്തത മനുഷ്യന് സുഖകരമായ ആസ്വാദനം നൽകാറുണ്ട്. ചിലപ്പോഴെങ്കിലും ഒറ്റപ്പെടലിന്റെ പിരിമുറുക്കത്തിലേക്ക് മനുഷ്യരെ വലിച്ചുകൊണ്ടു പോകാറുമുണ്ട്. എന്നാൽ ബോധപൂർവമായി നിർമിച്ചെടുക്കുന്ന ഏകാന്തത മനുഷ്യരെ ഭീകരമായ അവസ്ഥയിലാണ് എത്തിക്കുക. അവിടെ തുറന്നുകിടക്കുന്ന വാതിൽ മുറിച്ചുകടക്കാൻ കഴിയാത്തവിധം മനുഷ്യർ പ്രകൃതിക്ക് മുമ്പിൽ അകപ്പെട്ടിരിക്കുന്ന കാലമാണിത്. സ്വാതന്ത്ര്യത്തിൽതന്നെ അസ്വാതന്ത്ര്യത്തിന്റെ ചങ്ങല വീഴുമ്പോഴാണ് ഈ ലോക്ഡൗൺ കാലത്ത് ഓരോ മനുഷ്യനും തന്നിലേക്കുതന്നെ നോക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നത്.
ശബ്ദമുഖരിതമായ ലോകത്ത് കാഴ്ചയുടെ എല്ലാ സുഖങ്ങളെയും അനുഭവിക്കുമ്പോഴും ഒറ്റപ്പെട്ടുപോയ അവസരത്തിലാണ് നിസാറിന്റെ ചിത്രങ്ങൾ കടുംനിറങ്ങൾകൊണ്ട് വ്യത്യസ്തമായ രാഷ്ട്രീയ പശ്ചാത്തലത്തെ രേഖപ്പെടുത്തിയത്. കടുംനിറം എങ്ങനെയാണ് നമ്മളെ സ്ഥലകാല ബോധത്തിലേക്ക് പിടിച്ചിരുത്തുന്നത് എന്ന് മുട്ടിൽ തലയമർത്തി ഇരിക്കുന്ന മനുഷ്യൻ പറഞ്ഞുതരുന്നുണ്ട്. അവിടെ സമയം സാക്ഷ്യപ്പെടൽ കൂടിയാണ്. അയാൾ തന്നിലേക്കുതന്നെ ഇറങ്ങിപ്പോകാനുള്ള ശ്രമത്തിലാണ്. കൊറോണ നൽകിയ ഏറ്റവും വലിയ പാഠം അവനവനിലേക്ക് നോക്കുക എന്നതു തന്നെ.
ഒരു സാധാരണ വ്യക്തിയിൽ രാഷ്ട്രീയം പ്രകടമാകുന്നത് അയാളുടെ ഏറ്റവും ഉയർന്ന സാമൂഹ്യ ബോധത്തിന്റെ ഭാഗമായിട്ടായിരിക്കും. ഈയൊരു ബോധത്തിലേക്ക് കലാകാരൻ എത്തുമ്പോൾ അയാൾക്ക് ഇരട്ട ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നു. ഒന്ന് അയാളുടെ സാധാരണ വ്യക്തിത്വത്തിൽ പ്രകടമാകുമ്പോൾ മറ്റൊന്ന് അയാൾ ഉപയോഗിക്കുന്ന കലാ മാധ്യമത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു. ഈ അർഥത്തിൽ നിസാർ ഇബ്രാഹിമിന്റെ സാമൂഹികദൗത്യം പല രീതിയിലാണ് ഉയർന്നു നിൽക്കുന്നത്. വ്യക്തിയിൽ നിന്നും കലാകാരനിലേക്കുള്ള ദൂരം കുറുകി ഇല്ലാതാകുമ്പോൾ വ്യക്തിതന്നെ കലയായി തീരുന്നു. ജോൺ എബ്രഹാം അതിന്റെ എക്കാലത്തെയും ദൃഷ്ടാന്തമാണ്.
നിസാർ കലയിൽ തന്റെ രാഷ്ട്രീയദൗത്യം ഏറ്റെടുക്കുന്നത് എന്തെങ്കിലും പരിചിത ദേശത്തുനിന്നല്ല. മറിച്ച് അതിനൊരു ആഗോള പാർശ്വവൽകൃത ജീവിതപരിസരമുണ്ട്. അത്തരം രചനയുടെ പരിസരവർണനയിൽ കടുംനിറങ്ങൾ മുഴച്ച് നിൽക്കുന്നത് സ്വാഭാവികതയായി വന്നുചേരുന്നതല്ല. പകരം നിലപാടിന്റെ ഉൾക്കരുത്തിൽനിന്ന് ഉത്‌ഭവിക്കുന്നതാണ്. അഭയാർഥിത്വത്തിന്റെ ജീവിതരചനയിൽ അത് വായിച്ചെടുക്കാം. എന്നാൽ നിറങ്ങളുടെ പ്രകൃതിരൂപം പരുക്കനായി നിൽക്കുന്നത് കാഴ്ചയെ അത്രയൊന്നും സുഖിപ്പിക്കില്ല. ലാവണ്യാത്മക സൗന്ദര്യ പരിശീലനങ്ങൾക്ക് നിസാറിന്റെ കടുംനിറം അധികഭാരമായി മാറുന്നുണ്ട്. ഇത് കലയുടെ സവർണബോധത്തെ തെറ്റിക്കുന്നതാണെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. അവിടെയാണ് കടും നിറങ്ങൾ നിലപാടിന്റെ ഭാഗമായി മാറുന്നത്. പരമ്പരാഗത സൗന്ദര്യബോധത്തെ മാറ്റിച്ചവിട്ടി കല വസ്തുതാപരമായ യാഥാർഥ്യങ്ങളിലേക്കുള്ള പാലമായി കലാകാരൻ ഉപയോഗിക്കുന്നു. ഇങ്ങനെ ആധിപൂണ്ട മനുഷ്യരോടുള്ള അതിതീക്ഷ്ണമായ ആഭിമുഖ്യം കലയുടെ സവർണ സൗന്ദര്യബോധത്തെ തകിടംമറിച്ചു പരുക്കനായ സത്യങ്ങൾ വിളിച്ചുപറയാൻ കടും നിറംതന്നെ വേണമെന്ന് ചിത്രകാരൻ തിരിച്ചറിയുന്നു
ഇന്ത്യൻ ദേശീയപതാകയെ മുൻനിർത്തി നടത്തിയ രചനയിൽ അത് പ്രകടമാണ്. എന്നാൽ ചിത്രകല വസ്തുതാപരമായ രാഷ്ട്രീയത്തെ ബാഹ്യമായി വിളിച്ചുപറയാനുള്ളതല്ല എന്ന വാദം ശക്തമാണ്. കല എന്നത് രാഷ്ട്രീയം വിളിച്ചുപറയാനുള്ള മാധ്യമമല്ലെന്നും സമൂഹത്തോട് രഹസ്യമായി സംവദിക്കാനുള്ള വഴിയാണതെന്നും പറയുന്നവരുണ്ട്. ഈ വാദവും തള്ളിക്കളയാൻ പറ്റില്ല. അവിടെയാണ് കല എന്തിന് വേണ്ടിയാണോ എന്ന ചോദ്യം പ്രസക്തമാകുന്നത്. നിസാറിന്റെ കല കലയ്ക്ക് വേണ്ടി മാത്രമല്ലെന്നും പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യരെ പൊതു ഇടങ്ങളിൽ അവതരിപ്പിക്കാനുള്ളതാണെന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് കാലം മനുഷ്യർക്കു നേരെ ഭരണകൂടങ്ങൾ വ്യത്യസ്തരീതിയിലുള്ള മർദനങ്ങൾകൂടി കാഴ്ചവെച്ച കാലമാണ് . ഇന്ത്യയിൽ കുടിയേറ്റ തൊഴിലാളികൾ അതിന്റെ ഇരകളാണ്. അമേരിക്കയിലെ മിനി പോളീസിൽ ജോർജ് ഫോൾഡ്മാൻ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് വർണവെറിയുടെ ഇരയായി മരണത്തെ ഏറ്റുവാങ്ങിയത് ലോകം മുഴുവൻ നേരിട്ടു കണ്ടു. വർണവിവേചനത്തിന്റെ രക്തസാക്ഷിയായ ജോർജ് രക്തസാക്ഷിത്വാനന്തരം എങ്ങനെയാണ് ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ കണ്ണുകളിലേക്ക് നോക്കേണ്ടത്.? ആ ചോദ്യത്തിന്റെ മികച്ച ഉത്തരമാണ് നിസാറിന്റെ രചന. നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന് അനുഭവിക്കേണ്ടിവരുന്ന മാനസിക പീഡനങ്ങൾ എത്രയോ കാലമായി തുടങ്ങിയതാണ്. പരിഷ്കൃതമായ കാലത്തും കറുപ്പ് മരണത്തിന് കാരണമാകുന്നു. അവിടെ, അമേരിക്കയുടെ ദേശീയപതാക എന്നത് ദേശത്തിന്റെ മർദക ഉപകരണങ്ങളായി മാറുന്നു. ഈ ചിത്രത്തിൽ സൂക്ഷ്മമായി നോക്കുമ്പോൾ വലിച്ചെറിയപ്പെട്ട മനുഷ്യരുടെ മനസ്സിന്റെ വിസ്ഫോടനങ്ങൾ ആസ്വാദകന്റെ ബോധത്തിലേക്ക് പരകായപ്രവേശം ചെയ്യുന്നു. അത്തരം കാഴ്ചയിൽ ചിത്രത്തിന്റെ ലാവണ്യാത്മക സൗന്ദര്യത്തെ ആസ്വദിക്കാനുള്ള മനസ്സിന് ചെറിയ പോറൽ ഏൽക്കുന്നു. അത് പിന്നീട് ഓരോ നോട്ടത്തിലും ഏതൊക്കെയോ അർഥത്തിൽ കാഴ്ചക്കാരിൽ പ്രതികരിക്കാനുള്ള ഊർജം കുത്തിനിറയ്ക്കുന്നു. അങ്ങനെ നിസാർ തന്റെ രചനയെ മികച്ച രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റിയിരിക്കുന്നു.
നിസാർ ഇതിനകം ശൈഖ് സയിദ് വർഷത്തിലും സഹിഷ്ണുതാ വർഷത്തിലും യു.എ.ഇ.ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ചെയ്ത ശില്പങ്ങളിലൂടെ ഭരണാധികാരികളുടെയും സ്വദേശികളുടെയും വിദേശികളുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമായ പുരസ്‌കാരങ്ങളും പരാമർശങ്ങളും നേടിയ നാല് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത നിസാർ സമീർ എന്ന സിനിമയിലൂടെ കലാസംവിധായകനായും അടയാളപ്പെടുത്തൽ നടത്തിയിട്ടുണ്ട്.