പതിവുതെറ്റിച്ച് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അപ്പോൾ നിള. ഇടവപ്പെയ്ത്ത് പാതിക്കുമുമ്പേ ആരംഭിച്ചതിനാലാകാം പുറംതൊലി മൊരിഞ്ഞ മലമേടുകൾ കുടിച്ചെടുക്കാത്ത മഴവെള്ളം പാഴ്ജലമായി കടലിലേക്ക്. കടവ് കടന്നുവേണം ഇളയമ്മായിയുടെ വീട്ടിലെത്താൻ. യാത്രപറയുക മാത്രമല്ല മാമനുള്ള മരുന്നും കത്തും വാങ്ങണം. പൊതുവെ രണ്ടാണ്ടുകൂടുമ്പോൾ ലഭിക്കുന്ന അറുപത് ദിവസത്തെ നാട്ടുവാസത്തിൽ ഏറ്റെടുത്തും ചെയ്ത് തീർക്കാൻ പറ്റാത്തതുമായ ദൗത്യങ്ങളെക്കുറിച്ചുള്ള പ്രവാസി വ്യസനം ചെറുപ്പംമുതൽ കാണാറുള്ളതാണ്. അപ്പോഴാണോ നാലാണ്ട് കഴിഞ്ഞ് നാട്ടിലെത്തിയ തനിക്കുകിട്ടിയ നാൽപ്പത്തഞ്ചു ദിവസം.
മഴക്കോട്ടും ഹെൽമറ്റും മറ്റുമായി അങ്ങോട്ട് കയറിച്ചെല്ലുന്നതിന്റെ അനൗചിത്യം തെല്ലൊന്നലട്ടി. ഇതെല്ലാം തൂക്കിയിട്ട മോട്ടോർ സൈക്കിളിനെ കടവത്ത് അനാഥമാക്കാനും വയ്യ. പരിസരത്തെ പരിചിത വീടുകളിലൊന്ന് വിദ്യാലയജീവിതത്തിലെന്തോ ഒരടുപ്പം തോന്നിയൊരു പെൺകുട്ടിയുടെതായിരുന്നു. സഹയാത്രികനായ ‘ബാല്യകാലസുഹൃത്ത്’ അതോർമിപ്പിച്ചൊന്നു വലംകണ്ണിറുക്കി. എനിക്കുംതോന്നി ഒരു കൗതുകം.
ഇഷ്ടം തോന്നിയിരുന്നെങ്കിലും അക്കാലത്തെ സ്കൂൾ സദാചാരം ഒന്ന് മിണ്ടാൻ പോയിട്ട് ചിരിക്കാൻപോലും അനുവദിക്കുന്നതായിരുന്നില്ല. അവൾ ഞങ്ങളെക്കാൾ ഒരു ക്ലാസ് താഴെയായിരുന്നു. ഇളംകറുപ്പ്, നീണ്ടമൂക്ക്, മുട്ടിലിഴയും മുടി, വിടർന്ന മിഴികൾ ഇതായിരുന്നു അക്കാലത്തെ എന്റെ കാൽപ്പനിക പ്രണയിനീ സങ്കൽപ്പം. ഇവൾക്ക് ഇതൊക്കെ ഉണ്ടായിരുന്നെങ്കിലും എന്നെപ്പോലെതന്നെ വസ്ത്ര വൈവിധ്യമുണ്ടായിരുന്നില്ല. വായന തുടങ്ങിയ കാലം സിനിമാസ്വാദനം അതിന്റെ മൂർധന്യത്തിൽ നിൽക്കുന്നു. എല്ലാ നായികാ സൗന്ദര്യത്തിലും അവളോട് മുഖസാദൃശ്യം തോന്നും. എപ്പോഴുമുണ്ടാകും പ്രണയമെഴുതിയൊരു കുറിപ്പ് കീശയിൽ. തനിച്ച് കാണുമ്പോൾ കൊടുക്കും തീർച്ച.
എന്ന് ഓരോ രാത്രിയിലും ഉറക്കത്തിന് മുമ്പ് ശപഥം ചെയ്ത് ജയനോ സോമനോ ആയി സ്വയം സങ്കൽപ്പിച്ച് ഉറങ്ങും. ഏകപക്ഷീയ നിശ്ശബ്ദ പ്രണയങ്ങൾ ആരും ഓർത്തുവെക്കില്ലെന്ന സമാധാനത്തിലും പ്രായസമാനതയിൽ അവൾ വിവാഹിതയായിപ്പോയിരിക്കും എന്ന ധൈര്യത്തിലും വീതികുറഞ്ഞ ഇടവഴിയിലൂടെ സാഹസപ്പെട്ട് അവളുടെ വീട്ടുമുറ്റത്തെത്തി.
പ്രായം ചെന്നൊരു ഉമ്മയിരിപ്പുണ്ട് പുറത്ത്. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ചോദ്യഭാവത്തിൽ അവർ മുഖമുയർത്തി. ഒന്ന് മുരടനക്കി അല്പം ജാള്യതയോടെ പറഞ്ഞു,
‘ഞാൻ ഇവിടത്തെ സമീറയുടെ പഴയൊരു സഹപാഠിയാണ്, അക്കരെപ്പോയി വരുംവരെ ഈ വണ്ടിയൊന്നിവിടെ വച്ചോട്ടെ?’
‘മോളേ....’ എന്ന വിളിക്കുത്തരമായി വിടർന്ന കണ്ണുള്ള ഒരു പതിനേഴുകാരി വാതിൽപ്പടിയിലെത്തി. ഞാൻ പറഞ്ഞത് വീണ്ടും ആവർത്തിച്ചു.
എന്നെ സൂക്ഷ്മമായി നോക്കിയ അവളുടെ ചോദ്യം ഞെട്ടിച്ചു.
‘മുനീർക്കയാണോ? മുനീർ അഹമ്മദ് ?’ അതേ എന്ന ഉത്തരത്തിന്, ‘ഇത്ത പറയാറുണ്ടായിരുന്നു, ഒത്തിരി വർഷങ്ങൾക്ക് മുൻപ് സ്കൂളിലെ ഒരു പരിപാടിയിൽ കാണിച്ചും തന്നിരുന്നു. ഇത്ത ഇവിടെയുണ്ട്, കുളിക്കുന്നു.’ എന്ന് മറുപടി. അവിശ്വസനീയതയോടെ എന്നെ തുറിച്ചു നോക്കിയ കൂട്ടുകാരനെ നിസ്സഹായ ഭാവത്തിൽ ദൈന്യമായി നോക്കി കൈകൂപ്പി. നീണ്ട നാലരക്കൊല്ലത്തെ തുടർപ്രവാസത്തിൽ മാറ്റങ്ങൾ പലതുമുണ്ടായി. ജനിച്ച വാടകവീട്ടിൽ നിന്ന് കൗമാരത്തിലെ അന്നം തേടിപ്പറക്കേണ്ടി വന്നത് സമ്പാദ്യമോ പുറം ബാധ്യതകളോ ഇല്ലെങ്കിലും പ്രിയ പിതാവിനും കുടുംബത്തിനും താങ്ങാവാനായിരുന്നു. മേലും കീഴുമായി നാലഞ്ച് സഹോദരിമാരുടെ ഭാവിയെക്കുറിച്ചുള്ള ആധിയും സ്വന്തമായി ഒരു വീടില്ലാത്ത ദു:ഖവും. എന്റെ തീരുമാനത്തെ ആരും എതിർത്തില്ല.
ഏക അമ്മാവൻ തുറന്നുതന്ന പ്രവാസപ്പടിയിലൂടെ ആദ്യമെത്തിയ പലചരക്കുകടയിൽ (സൂപ്പർ മാർക്കറ്റ് ) പിടിപ്പത് പണിയുണ്ടായിരുന്നു.
എത്തിയ മേയ് പത്തൊമ്പതിന്റെ അടുത്തദിവസം കൊണ്ടുപോയത് ശീലിച്ച ഉച്ച വേനലിലപ്പുറം തിളയ്ക്കുന്ന ഒരു ക്യാമ്പിലേക്ക്. ഏതോ നിർമാണസ്ഥലം പൊളിച്ചുകൊണ്ടുവന്ന സാധനസാമഗ്രികൾ ഉയരം കുറഞ്ഞ ഞാൻ ഉയരത്തിലുള്ള ട്രക്കിൽ കയറി തോളിൽ കേറ്റി ഇറക്കിയടുക്കണം.
പഠനമേശയിൽ നിന്നൊരു പെൻസിൽ വീണാൽ പോലും കുനിഞ്ഞെടുക്കാത്ത അഹങ്കാരമുള്ള എനിക്കിതൊന്നും ശീലമുണ്ടായിരുന്നില്ല.
നിർജലീകരണം തളർത്തിയോ? എന്നെ താങ്ങിഎടുത്ത് കൊണ്ടുപോയിക്കിടത്തിയതും തകരപ്പഴുപ്പുള്ള ഒരു കുശിനിയിൽ. തളർച്ച മാറ്റാൻ തന്ന കഞ്ഞിയിൽ വിതറി ഇട്ടിട്ടുണ്ടായിരുന്ന പീരയുടെ പൂർവാവസ്ഥയിലെ തേങ്ങയും തെങ്ങും തെങ്ങുള്ള നാടും മനസ്സിലോടിയെത്തി.
അതിന്റെ ഈർപ്പത്തിലേക്ക് വീണ്ടുമെത്തണമെങ്കിൽ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ എങ്ങനെയെങ്കിലും കൂട്ടിമുട്ടിക്കണം. അതിനൊത്തിരി വേനൽ നോൽക്കേണ്ടി വരും. മുന്നിൽ കാണുന്ന അനന്തമായ പാതക്കപ്പുറം മഴവില്ലുകൾ വിരിഞ്ഞ ഏതോ ചക്രവാളമാകാം വീണ്ടുമെന്നെ തളരാതെ പണിയെടുപ്പിച്ചത്. എന്നെക്കുറിച്ചെപ്പോഴും വേവലാതിപ്പെട്ടിരുന്ന കൂട്ടുകാരോട് വാക്കു കൊടുത്തതാണ്. തിരിച്ചുവരും കടമകൾ തീർത്ത് പഠനം പൂർത്തിയാക്കണം. അന്നും ഇന്നും എന്നെയും എന്റെ ശരിയായ അവസ്ഥയെയും അടുത്തറിയുന്നവരാണ് എന്റെ പ്രിയകൂട്ടുകാർ. എന്നെക്കാളെത്രയോ മെച്ചപ്പെട്ട അവസ്ഥയിലായിരുന്ന അവർ എപ്പോഴും ഒരു ഊർജമാണ്.
ഇളവെയിലിൽ പുഴ തിളങ്ങി. പുഴയിലേക്കിറങ്ങിയ വാകമരത്തിൻ വേരുപിടിച്ച് ഒരു കുട്ടി പുഴ കയറി വന്നു. ചാഞ്ഞ ചില്ലയിൽ പിടിച്ച് അവളും. തോളിൽ ചാഞ്ഞൊരു കുഞ്ഞ്. കൈയൊതുക്കത്തിൽ ഈറനായ തുണിക്കെട്ടുമായി അവൾ അരികിലെത്തി. കാലം പടർത്തിയ മേഘരാശി കൺതടത്തിൽ. റോഡരികിലെ പൊതുകിണറ്റിൽനിന്ന് വെള്ളവുമായി പോകുന്ന അവളെക്കാണാൻ പോയിരുന്നു പല ഞായറും. കണ്ട ഭാവം നടിക്കാറില്ലെങ്കിലും ഒടുവിലെ വെള്ളക്കുടം അടുക്കളപ്പുറത്തുവെച്ച് അകത്തേക്ക് കയറുമ്പോൾ നിർവികാരതയോടെ ഒന്ന് നോക്കുകമാത്രം ചെയ്യും. ആ വൃഥാ യാത്രകളെ കൂട്ടുകാരൻ നിശിതമായി എതിർക്കുമായിരുന്നു. നോട്ടത്തിന് അതേ നിർവികാരത തന്നെയായിരുന്നെങ്കിലും ഒരു അപേക്ഷാ നനവ് കൺകോണിലുണ്ടായിരുന്നു. ഒന്നും ചോദിച്ചില്ല പറഞ്ഞുമില്ല. പറഞ്ഞത് കൂട്ടുകാരൻ, ‘വണ്ടി ഇവിടൊന്ന് വച്ചോട്ടെ, അക്കരെപ്പോയി തിരിച്ചുവന്ന് എടുത്തോളാം. അവളൊന്ന് തലയാട്ടുക മാത്രം ചെയ്തു. ചെറിയ മഴക്കോളുള്ളതിനാൽ തുഴക്കാരൻ ആഞ്ഞു കുത്തി. മഴയെ പ്രണയിക്കുന്ന പ്രവാസിയായ ഞാനപ്പോൾ സ്വാർഥനായ മഴ വിരോധിയായി.
ഉള്ളിൽ നിറഞ്ഞ ചോദ്യങ്ങളാകാം സഹയാത്രികനെ അസ്വസ്ഥനാക്കിയത്. ഉത്തരങ്ങളില്ലാതെ അതേ ചോദ്യങ്ങൾ തന്നെയാകാം എന്നെ മൗനിയാക്കിയതും. കടവിറങ്ങി അല്പദൂരം നടക്കണം അമ്മായിയുടെ വീടെത്താൻ. അന്ന് വരുമെന്നത് അറിയാമെന്നതിനാൽ തന്നയക്കാനുള്ളതൊക്കെ മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്നു.
ഒരിറക്ക് ചായയും കുടിച്ച് ഉടനെ ഇറങ്ങി. തിരിച്ച് വേറെ യാത്രികരുണ്ടായിരുന്നില്ല, സന്ധ്യയും മഴക്കോളുമാകാം ഹേതു. ചുരുട്ടിൻ പുകയും തുഴക്കോലിൻ താളവും നിളയുടെ ഇളക്കവും തണുത്ത കാറ്റും!
പക്ഷേ...,കരയണഞ്ഞാൽ അവളെക്കാണുമ്പോൾ എന്തുചോദിക്കും. എങ്ങിനെയിരിക്കും അവളുടെ ശബ്ദം? ഒടുവിലെ അധ്യയനവർഷം മുഴുവൻ ശ്രമിച്ചിട്ടും അവളെ കാണാനല്ലാതെ കേൾക്കാൻ കഴിഞ്ഞിരുന്നില്ല. കലാലയത്തിലെ ആദ്യവർഷത്തിൽ ആൺ പെൺ സൗഹൃദങ്ങൾ ഒത്തിരിയുണ്ടായി. എങ്കിലും വാരാന്ത്യങ്ങളിൽ ഇടക്കിടെ കടവത്തെ ആ കാഴ്ചകാണാൻ പോകും. അതുമാത്രമായി ചുരുങ്ങി ദർശനം.
അവളുടെ പരീക്ഷക്കാലമായി. എനിക്കറിയാം, പത്തുകഴിഞ്ഞാൽ തുടർപഠനത്തിന് വിടാൻപറ്റുന്ന സാഹചര്യമല്ല അവളുടെ കുടുംബത്തിനെന്ന്. വിട്ടുപോന്നെങ്കിലും സ്കൂളുമായുള്ള ബന്ധം തുടർന്നിരുന്നു. പരീക്ഷാഹാളിൽ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്ന അവളുടെ ശ്രദ്ധകിട്ടാനായി ചുമച്ചുംചൂളമടിച്ചും നോക്കി. ഒടുവിൽ ചെറിയൊരു വെള്ളാരംകല്ല് പെറുക്കി മുഖം മറച്ച പുസ്തകത്തിനുനേരെ എറിഞ്ഞു. അവൾ നോക്കി, വെറും നോട്ടമല്ല, ഒത്തിരി നാളായി കാണാത്ത കൂട്ടുകാരനെ കണ്ടതുപോലെ മിഴികൾ വിടർത്തിത്തന്നെ.
പരീക്ഷ തുടങ്ങാനുള്ള ബെല്ലടിക്കാനായി പ്യൂൺ അച്യുതേട്ടൻ ചുറ്റികയുമായി നിൽപ്പുണ്ട്. നോട്ടുബുക്കിൽനിന്ന് ഒരു കാൽ പേജ് കീറിയെടുത്ത് അവളെന്തോ കുത്തിക്കുറിച്ചു. പിന്നീടത് ചുരുട്ടിച്ചുരുട്ടി ഒരു കല്ലുപോലെയാക്കി എനിക്കുനേരെ എറിഞ്ഞു. കാറ്റിനൊപ്പം അല്പം ദൂരേക്ക് പറന്നുവീണ അതൊന്ന് കുനിഞ്ഞെടുക്കാൻ തുനിഞ്ഞപ്പോൾ മുന്നിൽ നിൽക്കുന്നു എനിക്കേറെ ഭയഭക്തിയുള്ള ത്രേസ്യ ടീച്ചർ ചൂരലുമായി.
‘നിനക്കെന്താ ഇവിടെക്കാര്യം, ഇന്ന് കോളേജില്ലേ’? എന്നചോദ്യത്തിന് ഒരു ഇളിഭ്യച്ചിരി ചിരിച്ച് പെട്ടെന്ന് തടിയെടുത്തു. കാറ്റ് പിന്നെയും കിനാവുകൾ കുറിച്ച ആ കൊച്ചു കടലാസുണ്ടയെ നിത്യതയിലേക്ക് പറത്തിക്കാണും.
ചോദിക്കണം ഇപ്പോഴെങ്കിലും എന്തായിരുന്നു അതിലെഴുതിയതെന്ന്. പക്ഷേ ഒരധൈര്യം.
വേണ്ട ഇനി അവളെ കാണേണ്ട. ആ കുറിപ്പിൽ എനിക്കിഷ്ടമുള്ളത് എഴുതിച്ചേർക്കാമല്ലോ. ഒറ്റനോട്ടത്തിൽ അവളുടെ ക്ഷീണിച്ചുവിളറിയ മുഖം ഉള്ളിൽ അത്രമേൽ പതിഞ്ഞിരുന്നില്ല. ഇനി കാണുമ്പോൾ ചിലപ്പോൾ ഇടയ്ക്കോർത്തെടുക്കുന്ന പ്രഥമ പ്രണയമുഖത്തിന്റെ ചാരുത നഷ്ടപ്പെടും. എന്ന് മനസ്സ് പറഞ്ഞു. വീടിനുമ്മറത്ത് ആ വൃദ്ധ മാത്രമേ ഉള്ളുവെന്നത് സമാധാനമായി.
'വല്യുമ്മാ വണ്ടി എടുക്കുന്നു.’ നന്ദിസൂചകമായി ഞങ്ങൾ പുഞ്ചിരിച്ച് തലയാട്ടി.
‘മക്കള് കേറിയിരിക്കിൻ, കാറ്ണ്ട്, പെയ്താ ചെലപ്പൊ വഴീ കുടുങ്ങും, ഇറ്റ് ചായ കുടിച്ച് പൊവാ’ എന്ന് സ്നേഹക്ഷണത്തിൽ ഉമ്മറത്ത് കയറിയിരുന്നു. ഒരു തളികയിൽ നിറയെ പുഴുങ്ങിയ കോഴിമുട്ടയും വേറൊന്നിൽ ഏതോ നാടൻ പഴവും. അനുജത്തി എന്ന് പരിചയപ്പെടുത്തിയ പെൺകുട്ടി ഏലക്കാമണമുള്ള ചായയുമായി ഞങ്ങൾക്ക് മുന്നിൽ.
‘ഇത്ത പറയാറുണ്ടായിരുന്നു മുനീർക്കയെക്കുറിച്ച്. എന്നോട് ഒരിക്കൽപ്പോലും മിണ്ടിയിട്ടില്ലാത്ത അവൾ എന്നെക്കുറിച്ച് എന്തു പറയാൻ എന്നതിശയിച്ചു. ആദ്യംകണ്ട ആ ഉമ്മുമ്മ അടുത്തുവന്ന് തല തഴുകി താടിപിടിച്ച് മുഖത്തേക്ക് നോക്കി ചിരിക്കുന്ന കണ്ണോടെ ചോദിച്ചു, ‘അപ്പോ ഇജി ആണല്ലേ ഓള് പറയണ മുനീറ്?’..എന്റെ അതിശയവും സംഭ്രമവും അധികരിച്ചു. എന്തായിരിക്കും അവൾ എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവുക. ഇത്ര വാചാലമാണോ മൗന മന്ദസ്മിതങ്ങൾ. ഓരോ ഒളിനോട്ടങ്ങളും ചങ്കിനാഴത്തിൽ നിന്നായിരുന്നോ.
ചില കപട സദാചാര വാർപ്പ് മൂല്യങ്ങൾ ലംഘിക്കാനാകാത്ത ഒരു ഗ്രാമീണ പെൺകുട്ടിയുടെ ‘ദിവ്യാനുരാഗം’ ചിലപ്പോൾ ഇങ്ങനെയൊക്കെ ആയിരിക്കാം. ലൈലയുടെ മൗനപ്രണയം ഖൈസിനെ ഭ്രാന്തൻ (മജ്നൂൻ) ആക്കിയതുപോലെ. അവിടെയും സദാചാരത്തിന്റെയും ഉച്ഛനീചത്വത്തിന്റെയും മുൾവേലികളായിരുന്നല്ലോ! പിന്നീട് ഞാനറിഞ്ഞു. യൗവ്വനത്തിലേ വിധവയായ ആ പിതൃസഹോദരി അവളുടെ
മനഃസാക്ഷി സൂക്ഷിപ്പുകാരികൂടി ആയിരുന്നെന്ന്. ചായയോ തളികയിലെ തീൻ പണ്ടങ്ങളോ എന്നെ ആകർഷിച്ചില്ല. എന്റെ കണ്ണുകൾ അവളെ മാത്രം തിരഞ്ഞു.
യാത്ര പറഞ്ഞ് നിരാശയോടെ പടികളിറങ്ങി വണ്ടിയുടെ അടുത്തെത്തി. ‘വേണ്ട, നീ ഓടിക്കേണ്ട!’ സുഹൃത്തിന്റെ കൽപ്പന’ പിൻസീറ്റിൽ അമർന്നിരുന്ന് ഒടുവിലായി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അതാ അവൾ പടികളിറങ്ങി വരുന്നു. അടുത്തെത്തി.
ശരീരം നന്നേ ശോഷിച്ചിരിക്കുന്നു. ദൈന്യതയുള്ള കണ്ണുകൾ. തോളിൽ അർധമയക്കത്തിലൊരു കുഞ്ഞ്, കടുംവർണത്തിലുള്ള ഏതോ മിഠായി വായിൽ കടിച്ച് അവളുടെ കൈത്തലം തൂങ്ങി ഒരാൺകുട്ടിയും. പെയ്യാൻ വെമ്പുന്ന കണ്ണുകളോടെ അവൾ ചോദിച്ചു, ‘നാലരക്കൊല്ലായി ല്ലേ പോയിട്ട്’
‘അതേ’ എന്നുമാത്രം ഉത്തരംപറഞ്ഞു. ‘വന്നിട്ടിപ്പോൾ രണ്ടുമാസവും ഇരുപത്തിനാല് ദിവസവും’
അദ്ഭുതവും അതിശയവും മറച്ചുവെച്ച് ‘അതെ’ എന്ന ഉത്തരം വീണ്ടും.
‘സമീറാ...’
ഞാൻ ജീവിതത്തിലാദ്യമായി അവൾ കേൾക്കെ അവളുടെ പേരുച്ചരിച്ചു. ഉമ്മറത്തുനിന്ന് ആരൊക്കെയോ ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു.
‘ഞാൻ....’എന്തു പറയണമെന്നറിയാതെ നൊമ്പരപ്പെട്ടു. ‘സുഖമല്ലേ നിനക്കും മക്കൾക്കും?’
‘എന്താ ഇവന്റെ പേര്?’
‘മുനീർ, മുനീർ ഇബ്രാഹിം’
എനിക്ക് വിശ്വസിക്കാനായില്ല. അസ്വസ്ഥമായതെന്തോ കേട്ടപോലെ കൂട്ടുകാരൻ വണ്ടി ഇരമ്പിപ്പിച്ചു. ‘ഞാൻ നാളെ യാത്രയാകുന്നു, കുട്ടികളുടെ ഉപ്പയും അറേബ്യയിലാണെന്നറിഞ്ഞു. കത്തുണ്ടെങ്കിൽ തന്നോളൂ,
ഞാനയച്ചുകൊടുക്കാം. ഇൻശാ അല്ലാഹ് വിധിയുണ്ടെങ്കിൽ വീണ്ടും കാണാം.’
‘ഇനിയെങ്കിലും പറയാമോ എന്തായിരുന്നു അന്ന് നീ എഴുതിയ ആ കുറിപ്പിൽ...?’
‘അത്... അത്...’ അവൾ പറഞ്ഞുതുടങ്ങുംമുമ്പെ അവൻ വണ്ടി മുന്നോട്ടെടുത്തു. ഇടവഴിതിരിയും മുമ്പെ പുറംതിരിഞ്ഞ് ഒന്നുകൂടി നോക്കി.
വാകമരച്ചോട്ടിൽ അവളും മക്കളും.
* * * * * * *
വേനലിൽ മെലിഞ്ഞും മഴയിൽ നിറഞ്ഞും നിള വീണ്ടും ഒരുപാടൊഴുകി. പ്രവാസത്തിന്റെ മറ്റൊരിടവേള. അവളെ തേടി തനിച്ച് ആ വീട്ടിലേക്ക്. വീട് പുതിയ ചായംപൂശി ഗ്രില്ല് വെച്ച് മനോഹരമാക്കിയിട്ടുണ്ട്. പുറത്തൊരു തുളസിത്തറയ്ക്കുചുറ്റും വിരിഞ്ഞ് നിൽപ്പുണ്ട് ജമന്തിയും വാടാമല്ലിയും. ബെല്ലടിച്ചു, സിന്ദൂരപ്പൊട്ട് ചാർത്തിയ ഒരു മധ്യവയസ്ക വാതിൽ തുറന്നു. അപ്രതീക്ഷിതമായി കണ്ട അവരോട് യാന്ത്രികതയോടെ ചോദിച്ചുപോയി. 'ഞാൻ... ഞാൻ...,ഇവിടുത്തെ സമീറയെ ഒന്നുകാണാൻ...
‘സമീറ..?!’ അവർ ചോദ്യഭാവത്തിൽ തലയുയർത്തി. അപരിചിതനെ കണ്ടതിനാലാകാം ഒരു അയൽക്കാരി വന്ന് കാര്യം തിരക്കി. ആവശ്യമറിയിച്ചപ്പോൾ അവർ പറഞ്ഞു,
‘അവരോ, ബാപ്പ മരിച്ചപ്പോ ഓല് ഈ വീട് വിറ്റിട്ട് പൊയക്കക്കരള്ള ഉമ്മാന്റെ തറവാട്ടീ കൂടി’.
‘വിലാസം അറിയുമോ’ പ്രതീക്ഷയോടെ ചോദിച്ചു. 'അറിഞ്ഞൂട, ഓട്ടോർഷക്കാരൻ ഒരാങ്ങള ചെക്കന്ണ്ട്, ഓനെ എടക്ക് കാണാം. നി കാണുമ്പൊ ചോയ്ച്ചി വെക്കാം. അപരിചിതരായ പുതു താമസക്കാരോട് ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ഇടവഴിതിരിയും മുമ്പ് അന്നത്തെപ്പോലെ വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി, കുഞ്ഞു മക്കളുമായ് വഴിക്കണ്ണാലെ അവളവിടെ ഉണ്ടോ എന്ന്. പുഴക്കാറ്റില്ലാത്ത ആ അന്തിച്ചോപ്പിൽ ശിഖരങ്ങൾ കരിഞ്ഞ വാകമരം പുഴയിലേക്ക് ചാഞ്ഞു കൊണ്ടിരുന്നു.