# പ്രിയദത്ത

നിഗൂഢതകൾ പലപ്പോഴും ചുരുളഴിയുന്നത് പതിറ്റാണ്ടുകൾക്കുശേഷമാകും. അത് സംഭവങ്ങളായാലും സ്ഥലങ്ങളായാലും വ്യക്തികളെക്കുറിച്ചായാലും. അത്തരത്തിൽ  പ്രശസ്തമായ മണൽനഗരമാണ്  മലീഹ.

  ഷാർജയിൽനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ വെറും 50 കിലോമീറ്ററിനപ്പുറം 1,35,000 വർഷം പഴക്കമുള്ള മനുഷ്യചരിത്രം പറയുന്ന, അപൂർവമായ വന്യജീവികളെ  കാണുന്ന മലീഹയിലെത്താം. രണ്ടായിരത്തോളം ആളുകൾ താമസിക്കുന്ന ശാന്തമായ ഒരു ചെറുനഗരം. നഗരത്തിനു തൊട്ടടുത്താണ് മലീഹ ആർക്കിയോളജിക്കൽ സെന്റർ.  മുപ്പതുവർഷത്തെ വിപുലമായ ഗവേഷണത്തിനും പര്യവേക്ഷണ പദ്ധതികൾക്കുമൊടുവിലാണ് മലീഹയുടെ  ചരിത്രപരമായ  സവിശേഷതകളിലേക്കു വാതിൽ തുറന്നത്. ഷാർജ ഭരണാധികാരിയുടെ നിർദേശപ്രകാരം 1973  മുതലാണ് ഇവിടെ ഖനനവും ചരിത്രപഠനവും തുടങ്ങിയത്. 1,35,000 വർഷങ്ങൾക്കു മുൻപ് തൊട്ട് ഇവിടെ മനുഷ്യർ ജീവിച്ചിരുന്നതായി ഗവേഷകർ കണ്ടെത്തി. ഗോത്ര വിഭാഗത്തിലുള്ള  ഇവിടുത്തെ താമസക്കാരുടെ ആയുധങ്ങളും ആഭരണങ്ങളും നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്.

 ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകളുള്ള പ്രദേശമാണ് ഇത്. 25 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഹജ്ജാർ  മലനിരകൾക്കരികിലായതിനാൽ 2000 വർഷം മുൻപുവരെ ഇവിടെ നിരവധി തടാകങ്ങൾ ഉണ്ടായിരുന്നെന്നും ചരിത്രാന്വേഷികൾ പറയുന്നു. പിന്നീട് അറേബ്യൻ മേഖല വരണ്ടു തുടങ്ങിയപ്പോളാകണം,  പ്രദേശവാസികൾ കിണർ കുഴിച്ചതിന്റെ അടയാളങ്ങളും ഇവിടെ കാണാം. വിവിധ കാലഘട്ടങ്ങളിലെ പാത്രങ്ങൾ, വീട്ടുസാധനങ്ങൾ  എന്നിവയും ഗവേഷകർക്ക് ലഭിച്ചു. മലീഹയിലെ താമസക്കാരുടെ സാമൂഹിക-സാംസ്കാരിക- വാണിജ്യ കാലഘട്ടത്തിലേക്ക്  വെളിച്ചം വീശുന്ന ഉപകരണങ്ങൾ, അടുക്കള സാമഗ്രികൾ, ആയുധങ്ങൾ തുടങ്ങിയവ  ഇവിടുത്തെ പുരാവസ്തു ഗവേഷണകേന്ദ്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മലീഹയിൽ തലയുയർത്തി നിൽക്കുന്ന മറ്റൊരു പ്രധാന ആകർഷണമാണ് ഫോസിൽ റോക്ക്.  ദൂരെനിന്ന്‌ നോക്കിയാൽ ഒരു  വലിയ പാറപോലെ. എന്നാൽ അടുത്തുചെന്ന് നോക്കിയാൽ  കാണാം കാലം കൊത്തിെവച്ച സമുദ്രജീവികളുടെയും പവിഴപ്പുറ്റുകളുടെയും ഫോസിൽ രൂപങ്ങൾ.  പുരാവസ്തുഗവേഷകരുടെ പര്യവേക്ഷണത്തിൽ വെളിപ്പെട്ട  പാലിയോലിത്തിക്, നിയോലിത്തിക്, പ്രീ-ഇസ്ലാമിക് യുഗങ്ങളിലെ കാഴ്ചകളാണ്  മലീഹയിലുടനീളം.  200 വർഷത്തോളം ആദി  മനുഷ്യർ ഉപയോഗിച്ചിരുന്ന വൃത്താകൃതിയിലുള്ള  മൃതദേഹങ്ങളടക്കം ചെയ്യുന്ന കേന്ദ്രമാണ് ഇതിൽ പ്രധാനം. ഇവിടെനിന്ന് കണ്ടെത്തിയ വസ്തുക്കൾ പറയുന്നത് മലീഹയിലെ ആദിമനുഷ്യർക്ക് മെസൊപൊട്ടാമിയയുമായി ബന്ധമുണ്ടായിരുന്നെന്നാണ്. മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന 120-ഓളം അറകൾ പര്യവേഷകർക്കു മലീഹയിൽ  കണ്ടെത്താനായി.

 മലീഹ ഇപ്പോൾ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. യുനെസ്കോയുടെ ആഗോള പൈതൃകകേന്ദ്രങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലീഹ, പുരാവസ്തു ഗവേഷണ- ഇക്കോ ടൂറിസം  പദ്ധതിയായി ഷാർജ നിക്ഷേപക വികസന അതോറിറ്റി (ശുറൂഖ്) വികസിപ്പിച്ചു. സമാനതകളില്ലാത്ത ദൃശ്യവിരുന്നാണ് ഇവിടെയെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. പുരാവസ്തു ഗവേഷണകേന്ദ്രം സന്ദർശിച്ച ശേഷം ചുവന്ന മണൽകുന്നുകളിലൂടെ മരുഭൂമിയുടെ വന്യതയിലേക്കു പ്രവേശിക്കാം.  

ചരിത്രപരമായ സവിശേഷത മാത്രമല്ല, മരുഭൂമിയിലെ അത്യപൂർവമായ സസ്യ ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് മലീഹ. ഉരഗങ്ങൾ, സസ്തനികൾ, ചെറു പ്രാണികൾ തുടങ്ങി വംശനാശ  ഭീഷണി നേരിടുന്ന  നിരവധി ജീവികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. പദ്ധതിയുടെ അടുത്ത ഘട്ടമായി മലീഹ നാഷണൽ പാർക്ക് എന്ന പേരിൽ വന്യജീവിസങ്കേതമൊരുക്കാനാണ് ശുറൂഖ് തീരുമാനിച്ചിരിക്കുന്നത്. ധാരാളമായി റോന്തുചുറ്റുന്ന കഴുതകളും ഒട്ടകങ്ങളും പുറമെ മാനുകളും വിവിധതരം പക്ഷികളും കൗതുകക്കാഴ്ചയാകുമ്പോൾ പ്രശസ്തമായ അറേബ്യൻ റെഡ് ഫോക്സ് എന്ന കൊച്ചു കുറുക്കൻ വല്ലപ്പോഴും  മാത്രമാണ് സന്ദർശകരെ കാണാനെത്തുന്നത്.

 മരുഭൂമിയിലെ മറഞ്ഞുകിടന്നിരുന്ന നിധികൾ  കണ്ടെടുത്തു പുനഃസ്ഥാപിച്ചു സംരക്ഷിക്കുമ്പോഴും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും കോട്ടമേൽക്കാത്ത രീതിയിൽ ലോകത്തിനുമുൻപിൽ അത് പ്രദർശിപ്പിക്കാൻ നിരവധി പദ്ധതികളാണ് ശുറൂഖ് ഒരുക്കിയിരിക്കുന്നത്. പുരാവസ്തു ഗവേഷണകേന്ദ്രം സന്ദർശിക്കാം. ഫോർ വീൽ വാഹനത്തിൽ മലീഹയുടെ  പിൻകാലങ്ങൾ അടയാളപ്പെടുത്തിയ ആർക്കിയോളോജിക്കൽ സൈറ്റുകൾ സന്ദർശിക്കാം.  വന്യജീവികളെ കാണാം.  കൂടാതെ സാഹസികത ഇഷ്ടപ്പെടുന്നവർക്കു  മരുഭൂമിയിലേക്കു സൈക്ലിങ്‌, ബഗ്ഗി റൈഡ്, സഫാരി, ട്രക്കിങ്, പാരാഗ്ലൈഡിങ്  മുതലായ വിനോദങ്ങൾ തിരഞ്ഞെടുക്കാം. ഒടുവിൽ  മരുഭൂമിയുടെ സ്വച്ഛതയിൽ നക്ഷത്രങ്ങൾക്കുകീഴിൽ  അത്താഴം കഴിച്ചു മടങ്ങാം. ഇനിയും മതിയായില്ലെങ്കിൽ മണൽത്തരികളോട്  സംസാരിച്ചു ചരിത്രമുറങ്ങുന്ന മലീഹായിൽ ഒരു രാത്രി തങ്ങാം.

ഇതിനെല്ലാംവേണ്ട സൗകര്യങ്ങൾ ശുറൂഖ് ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതാവും ഉചിതമെന്നു മാത്രം.  സാഹസികനെയും സഞ്ചാരിയെയും ചരിത്രാന്വേഷകനെയും സാഹിത്യകാരനെയും എന്നുവേണ്ട  ഒരു കുട്ടിയെപ്പോലും പ്രചോദിപ്പിക്കുന്ന, ഊർജം പകരുന്ന മലീഹ പ്രായഭേദമന്യേ ആർക്കുമിഷ്ടപ്പെടും.


അഭിനയചാരുതയോടെ...

അവിചാരിതമായിട്ടാണ്‌ അനന്തലക്ഷ്മി നാടകനടിയായത്‌. അഭിനയം അവർക്കിപ്പോൾ ജീവിത സപര്യയാണ്‌

# ഇ.ടി. പ്രകാശ്

അഭിനയം നഷ്ടങ്ങളാണ് നൽകുന്നതെന്ന് തിരിച്ചറിയുമ്പോഴും അതൊരു ജീവിത സപര്യയായി കൊണ്ടുനടക്കുകയാണ് അനന്തലക്ഷ്മിയെന്ന നടി. അധ്യാപികയായ അവർ അവിചാരിതമായാണ് അബുദാബിയിൽവെച്ച് നാടകത്തിൽ വേഷമിടുന്നത്. എന്നാൽ സ്വയം തിരിച്ചറിയാതെപോയ അഭിനയത്തിന്റെ മാസ്മരികതയിൽ കലയുടെ പുതിയ സോപാനം കീഴടക്കുകയായിരുന്നു പിന്നീടവർ.
ആലപ്പുഴ മാന്നാർ സ്വദേശിനിയായ അനന്തലക്ഷ്മി കോളേജിൽ പഠിക്കുമ്പോഴാണ് അതേ കോളേജിൽ വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷരീഫിനെ പരിചയപ്പെടുന്നത്. തന്റെയും ഷരീഫിന്റെയും ഇഷ്ടാനിഷ്ടങ്ങൾ ഒരേദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ അവർ ജീവിതത്തിലും ഒന്നാവുകയായിരുന്നു. 2003-ൽ അനന്തലക്ഷ്മി അബുദാബിയിൽ ഭർത്താവിനരികിലെത്തി. അവിടെ ഒരു  സ്കൂളിൽ ആദ്യമായി രസതന്ത്ര അധ്യാപികയായി ജോലിക്ക് കയറി. കാത്തിരുന്നുകിട്ടിയ ജോലിയുടെ തുടക്കത്തിൽ തന്നെ കല്ലുകടി അനുഭവപ്പെട്ടു. സ്വന്തം ഭാഷയിൽ സ്വകാര്യനിമിഷങ്ങളിൽ സുഹൃത്തുക്കളോടുപോലും സംസാരിക്കരുതെന്ന അധികൃതരുടെ നിർദേശം അംഗീകരിക്കാൻ മാതൃഭാഷയെ സ്നേഹിക്കുന്ന അവർക്ക് സാധിക്കുമായിരുന്നില്ല. അങ്ങനെ ആദ്യമായി കിട്ടിയ ജോലി അനന്തലക്ഷ്മി ഉപേക്ഷിച്ചു. പിന്നീട്  2004-ൽ അബുദാബി ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി.

അബുദാബി ജീവിതത്തിനിടയിൽ അവിചാരിതമായാണ് അനന്തലക്ഷ്മി നാടകനടിയുടെ കുപ്പായമണിയുന്നത്. കേരള സോഷ്യൽ സെന്ററിൽ നരേന്ദ്രപ്രസാദ് ഫൗണ്ടേഷനുവേണ്ടി ‘മാർത്താണ്ഡവർമ എങ്ങനെ രക്ഷപ്പെട്ടു’ എന്ന നരേന്ദ്രപ്രസാദിന്റെതന്നെ നാടകത്തിന്റെ റിഹേഴ്‌സൽ നടക്കുന്നു. ഭർത്താവ് ഷെരീഫാണ് നായകൻ.

ഭർത്താവിന്റെ അഭിനയം കാണാനായി ലക്ഷ്മി റിഹേഴ്‌സൽ ക്യാമ്പിലെത്തിയ സമയം. ഉദ്ദേശിച്ച നായികയെത്തിയില്ല. റിഹേഴ്‌സലാണെങ്കിൽ കൃത്യസമയത്ത് തുടങ്ങണം. അങ്ങനെ ഭർത്താവിന്റെ നിർബന്ധത്തിനുവഴങ്ങി പകരക്കാരിയായി.  നായികയായി പരിശീലനം തുടങ്ങി. നാടകം വേദിയിലെത്തി, അനന്തലക്ഷ്മിയുടെ അഭിനയം കണ്ട കാണികൾ അവരെ മുക്തകണ്ഠം പ്രശംസിച്ചു. തുടർന്ന് ‘ചുവന്നപൊട്ട്’ എന്ന നാടകവും ശ്രദ്ധേയമായി.  ഇടക്കാലത്ത് യു.എ.ഇ.യിൽ നാടകങ്ങൾ  ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് തടസ്സങ്ങൾ നീങ്ങി പുനരവതരണം നടക്കുന്നതും അബുദാബിയിലെ ചുവന്നപൊട്ട് അടക്കമുള്ള നാടക വസന്തങ്ങളിലൂടെയായിരുന്നു. അതേകാലത്തുതന്നെയാണ്  കവി അസ്‌മോ പുത്തൻചിറയുടെ കൂടെ ലക്ഷ്മിയും ഷരീഫും കൂടിച്ചേർന്ന്  ‘കോലായ’ രൂപവത്കരിച്ചത്. കവിതയും പാട്ടും സാഹിത്യചർച്ചയുമായി കോലായയുടെ പ്രവർത്തനങ്ങളിൽ ഷരീഫിന്റെകൂടെ അനന്തലക്ഷ്മിയും സജീവമായി. ഈണത്തിൽ കവിത ചൊല്ലാൻ സാധിക്കുന്ന ലക്ഷ്മിയുടെ ആലാപനം കോലായ ഏറ്റെടുക്കുകയായിരുന്നു. കവിതയിലൂടെ ലക്ഷ്മിക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചു.

ഷരീഫ് ഒരു നടൻ മാത്രമല്ല, മികച്ച സംഘാടകൻകൂടിയായിരുന്നു. നാടകസമിതി എന്നപേരിൽ നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. 2008-ൽ അബുദാബിയിൽ ഭരത് മുരളി നാടകോത്സവത്തിനു തുടക്കമായി. 2009-ൽ ഷരീഫിന്റെതന്നെ സംഘാടകത്വത്തിൽ ‘അവൾ’ എന്ന നാടകം അവതരിപ്പിച്ചു. ആ വർഷം ഏറ്റവും നല്ല നടിക്കുള്ള ഭരത് മുരളി അവാർഡ് അനന്തലക്ഷ്മിക്ക് ലഭിച്ചു.

ആ നാടകത്തിൽ നായികാ കഥാപാത്രം കൂടാതെ മറ്റ് നാലുകഥാപാത്രങ്ങൾകൂടി ലക്ഷ്മിതന്നെ അവതരിപ്പിച്ചു. പിന്നീട്‌ ‘ഗസ്റ്റ്’ എന്ന നാടകത്തിൽ മികച്ച രണ്ടാം നടിയായി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടിയായത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുരഭിയായിരുന്നു.

2010-ൽ ബഷീറിന്റെ ‘മതിലുകൾക്കപ്പുറം’ എന്ന നാടകത്തിൽ നാരായണിയായി ലക്ഷ്മി തകർത്തഭിനയിച്ചു. ആ വർഷത്തെ മികച്ച നടിക്കുള്ള അബുദാബി മലയാളി സമാജം അവാർഡും ലക്ഷ്മി നേടി. പിന്നീട് കുടുംബയോഗം എന്ന നാടകത്തിലെ വൃദ്ധ, 'കൂട്ടുകൃഷി' യിലെ ആയിഷ, മഹാശ്വേതാ ദേവിയുടെ 'ബായൻ', 'മദർ കറേജ്' എന്നീ നാടകങ്ങൾ എന്നിവയിലെല്ലാം ലക്ഷ്മി അഭിനയത്തിന്റെ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. എന്നാൽ പലപ്പോഴും അർഹിക്കുന്ന അംഗീകാരങ്ങളിൽനിന്ന്  മാറ്റിനിർത്തപ്പെട്ടെന്ന  വേദന ഈ കലാകാരിക്കുണ്ട്.
ഷരീഫിന്റെ സംഘാടകത്വത്തിലും സഹായത്തിലുമാണ് ലക്ഷ്മിയിലെ അഭിനയത്തിന്റെ സാധ്യത അവർ സ്വയംകണ്ടെത്തിയത്. അതിന് ഭർത്താവിനോടാണ് അവർ എന്നും കടപ്പെടുന്നത്. അതിനിടയിൽ പ്രവാസികളുടെ കഥ പറയുന്ന ജനനം, രാത്രികാലം തുടങ്ങിയ  ഹ്രസ്വ
ചിത്രങ്ങളിലും ഈ നടി കഴിവ് തെളിയിച്ചു.

അബുദാബിയിലെ ജീവിതം മതിയാക്കി ലക്ഷ്മി ഭർത്താവിനൊപ്പം ഷാർജയിലേക്ക് മാറി. അജ്മാനിൽ അധ്യാപികയായിത്തന്നെ ജോലി മാറ്റം. ഭർത്താവ് അപ്പോഴും എല്ലാദിവസവും അബുദാബിയിലേക്ക് പോയിവരും. ഷാർജയിലും ഷരീഫും ലക്ഷ്മിയും നാടകത്തിനു പുതിയ സാധ്യതകൾ കണ്ടെത്തുകയും മാസ് ഷാർജ പോലുള്ള കൂട്ടായ്മകളുടെ കൂടെ സഹകരിച്ച് നാടകപ്രവർത്തനം നടത്തുകയും ചെയ്യുന്നു.

മഞ്ജുളൻ സംവിധാനം ചെയ്ത ‘അദ്രികന്യ’ എന്ന മാസ് ഷാർജയുടെ നാടകത്തിൽ അനന്തലക്ഷ്മിയുടെ അഭിനയം പ്രേക്ഷകർ അംഗീകരിച്ചതായിരുന്നു. പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യ ‘റോഷനാരാബീഗം’ എന്ന അന്നപൂർണയായി ലക്ഷ്മി അതിൽ വേഷമിട്ടു. ഒരു കലാകാരിയുടെ രാഗവും രാഗനഷ്ടാനന്തര ജീവിതവും ലക്ഷ്മി തികഞ്ഞ മികവോടെ വേദിയിൽ അവതരിപ്പിച്ചു. ലതാലക്ഷ്മി എഴുതിയ 'തിരുമുഗൾ ബീഗം' എന്ന കൃതിയെ ആസ്പദമാക്കിയാണ് നാടകത്തിന്റെ രചന. രണ്ട് പതിറ്റാണ്ടിന്റെ ഭർതൃതിരസ്കരണം അദ്രികന്യയെ ഏകാന്തതയിലേക്ക് വലിച്ചെറിഞ്ഞപ്പോഴുണ്ടായ രോഷവും പകയും ദുഃഖവും ആത്മാവിഷ്കാരത്തോടെ ലക്ഷ്മി അവതരിപ്പിക്കുകയായിരുന്നു. രാത്രിയിലും അവധിദിവസങ്ങളിലുമാണ് ലക്ഷ്മി നാടകം പരിശീലിക്കുന്നത്.

‘തിയേറ്റർ ക്രിയേറ്റിവിറ്റി’ പോലുള്ള കലാസംരംഭങ്ങളിലും ഈ ദമ്പതിമാർ സജീവമാണ്. ഇപ്പോഴും നാടകങ്ങളിൽ ഭാര്യയോടൊന്നിച്ച് ഷരീഫും മികച്ച വേഷങ്ങൾ ചെയ്യുന്നുണ്ട്. നാടകങ്ങൾ നിമിത്തം ഇവർക്ക് വലിയ സാമ്പത്തികനഷ്ടങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അതെല്ലാം സാമൂഹിക പ്രതിബദ്ധതയോടും കലയോടുള്ള സ്നേഹത്തിന്റെ പേരിലും സഹിക്കുകയാണ്.

രൂപേഷ് തിക്കോടിയും അനിൽ പള്ളൂരുമെല്ലാം സഹകരിച്ച് പൂർത്തിയാക്കിയ ‘ശാക്തേയം’ എന്ന ഹ്രസ്വചിത്രത്തിൽ അനന്തലക്ഷ്മി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഈ വർഷത്തെ ഷാർജ ലെൻസ് വ്യൂ സമിതിയുടെ മികച്ച നടിക്കുള്ള അവാർഡും ഈ ചിത്രത്തിലെ അഭിനയത്തിന് ലക്ഷ്മിക്ക് ലഭിച്ചു. ചലച്ചിത്ര സംവിധായകൻ ഹരിഹരൻ ചെയർമാനായ ജൂറി സംതൃപ്തി രേഖപ്പെടുത്തിയ അഭിനയമായിരുന്നു അവരതിൽ കാഴ്ചവെച്ചത്. അതിനിടയിൽ ദാർവീഷ് മുഹമ്മദിന്റെ ഇംഗ്ളീഷ് കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും അനന്തലക്ഷ്മിക്ക് സാധിച്ചു. ഈയിടെ ദുബായ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപികയായി  ലക്ഷ്മിക്ക് നിയമനം ലഭിച്ചു. ഏകമകൻ അപ്പു ഷാർജ ‘അവർ ഓൺ’ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ്.  ഷാർജ അബു ഷഗാരയിൽ താമസം.