ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുള്ള ഭരണനേതൃത്വത്തിന്റെ കരുത്തും മികവും തെളിയിച്ച വർഷമാണ് യു.എ.ഇ.യെ സംബന്ധിച്ച് വിടവാങ്ങുന്നത്. ദാനത്തിന്റെ മഹത്ത്വം പൊതുസമൂഹത്തിന്റെ ആത്മാവിലേക്ക് പ്രവേശിപ്പിച്ച ദാനവർഷ പ്രഖ്യാപനംമുതൽ അത് തുടങ്ങി.

2017 ദാനവർഷമാണ്. സാമൂഹികപ്രതിബദ്ധത വർധിപ്പിക്കുന്നതിനും സന്നദ്ധസേവനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സേവിക്കുകയെന്ന ആശയം ശക്തിപ്പെടുത്തുന്നതിനുമാണ് യു.എ.ഇ. പ്രസിഡന്റ്‌ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2017 ദാനവർഷമായി പ്രഖ്യാപിച്ചത്.
2,75,000 സന്നദ്ധസേവകരാണ് വിവിധ പ്രവർത്തനങ്ങളിൽ ഇക്കാലയളവിൽ വ്യാപൃതരായത്. ഏകദേശം 2.8 ദശലക്ഷം മണിക്കൂർ സന്നദ്ധ പ്രവർത്തനമാണ് രാജ്യം കാഴ്ചവെച്ചത്. സ്വകാര്യമേഖലയിൽ നിന്നുമാത്രം 1.5 ബില്യൺ ദിർഹമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സേവനപ്രവർത്തനങ്ങൾക്കായി സമാഹരിക്കപ്പെട്ടത്. സ്വകാര്യ സ്ഥാപനങ്ങളുടെ ജീവകാരുണ്യ സംരംഭങ്ങൾക്ക്‌ പുതിയൊരു മാനംനൽകി സി.എസ്.ആർ. സ്മാർട്ട് പ്ലാറ്റ്‌ഫോം തുടങ്ങി പത്തോളം സംരംഭങ്ങൾ ഇതിന്  അനുബന്ധമായും തുടങ്ങി.

രാജ്യത്തെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം തന്നെയാണ് ദാനവർഷത്തിന്റെ പുണ്യമായത് . സഹജീവികളുടെ കണ്ണീരുകാണാനും കൈത്താങ്ങാകാനും മനസ്സുള്ള ഒരു തലമുറതന്നെയാണ് 2017 നൽകുന്ന വാഗ്ദാനം.

പുതുചിന്തകളുമായി യുവത്വം
കഴിവുകളും പ്രതിഭയും നൂതനാശയങ്ങളും ശാസ്ത്രസാങ്കേതിക വിദ്യകളുമാണ് ഭാവിയുടെ മുതൽക്കൂട്ടെന്ന പ്രഖ്യാപനവുമായി ആറു പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി ഈവർഷം യു.എ.ഇ. മന്തിസഭ പുനഃസംഘടിപ്പിച്ചു. 2071 യു.എ.ഇ. സെന്റണിയൽ പദ്ധതിക്ക് വഴിയൊരുക്കുകയാണ് യുവാക്കൾക്കും സ്ത്രീകൾക്കും പ്രാമുഖ്യംനൽകുന്ന, പുതിയ വകുപ്പുകൾകൂടി ഉൾപ്പെടുത്തിയ മന്ത്രിസഭയുടെ ദൗത്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു പ്രത്യേകവകുപ്പായി ഉൾപ്പെടുത്തി 27-കാരനായ ഒമർ ബിൻ സുൽത്താൻ അൽ ഒലാമയെ മന്ത്രിയായി നിയമിച്ച തീരുമാനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

സാറ അൽ അമീരിയെന്ന മുപ്പതുകാരി നേതൃത്വം നൽകുന്ന നൂതനശാസ്ത്രമാണ് മറ്റൊരു പുതിയവകുപ്പ്. വിജ്ഞാനം വർധിപ്പിക്കുക, ശാസ്ത്ര ഗവേഷണങ്ങൾക്ക് മുൻതൂക്കം നൽകുക, യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരിക എന്നിവയാണ് പുതിയ മന്ത്രിസഭയുടെ ലക്ഷ്യങ്ങളെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തിനുപരിചയമുള്ള രാഷ്ട്രീയ ശീലങ്ങളിൽനിന്ന് മാറി ചിന്തിക്കുന്ന, ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരു രാജ്യത്തിന്റെ ദൃഢനിശ്ചയത്തോടെയുള്ള പ്രയാണത്തിന് ആക്കംകൂട്ടാൻ ഇവരോരോരുത്തരുമുണ്ടാകും.

സൗഹൃദത്തിന്റെ പുതുവഴികൾ
ഇന്ത്യ-യു.എ.ഇ. ബന്ധത്തിൽ പുതുവഴികൾ സമ്മാനിച്ച വർഷമാണ് 2017. ജനുവരിയിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തിയത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ സുശക്തമാക്കി.

ഇന്ത്യാ യു.എ.ഇ. വാണിജ്യ വ്യവസായ രംഗങ്ങളിൽ ഇതുണ്ടാക്കിയ കുതിച്ചുചാട്ടം ചെറുതല്ല.  വൈവിധ്യവത്കരണത്തിലൂടെഎണ്ണ ഇതര വരുമാനമുയർത്തി സാമ്പത്തികവളർച്ച നേടാൻ യു.എ.ഇ. ലക്ഷ്യമിടുമ്പോൾ നേരിട്ടുള്ള വിദേശനിക്ഷേപ സാഹചര്യങ്ങൾ ഒരുക്കുകയാണ് ഇന്ത്യ. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലെ ചെറുകിട മധ്യനിര കമ്പനികളുടെ കഴിവും വിദ്യാസമ്പന്നരായ യുവജനതയുടെ സാന്നിധ്യവും യു.എ.ഇ.യുടെ എമിറേറ്റുകളിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായുള്ള സാധ്യതകളിലേക്ക് നിർദേശിക്കപ്പെടും. ഇത്തരത്തിലായാൽ 2020-ഓടെ 100 ബില്യൺ യു.എസ്. ഡോളർ ട്രേഡ് എന്ന ലക്ഷ്യത്തിലേക്ക് എത്താനും ഇരുരാജ്യങ്ങൾക്കും സാധിക്കും.

സുൽത്താന് ഹൃദയപൂർവ്വം
അക്ഷരങ്ങളുടെ സുൽത്താനെ മലയാളം നെഞ്ചേറ്റിയ വർഷമാണ് 2017. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ സെപ്റ്റംബറിൽ കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് ബിരുദംനൽകി ആദരിച്ചു. ആദരവ് ഏറ്റുവാങ്ങാൻ നേരിട്ടെത്തിയ ഷാർജ ഭരണാധികാരിക്ക് കേരളം ഹൃദ്യമായ സ്വീകരണമൊരുക്കിയപ്പോൾ ധന്യമായത്  പ്രാരാബ്ധങ്ങളുടെയും സ്വപ്നങ്ങളുടെയും ഭാണ്ഡങ്ങളുമായി യു.എ.ഇ.യിലെത്തിയ ഓരോ പ്രവാസിയുടെയും മനസ്സാണ്. മലയാളികൾക്കായി ഷാർജയിൽ ഭവനപദ്ധതി, കണ്ണൂരിൽ മെഡിക്കൽ സെന്റർ തുടങ്ങാൻ നിക്ഷേപം, ഷാർജയിൽ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് കേരളത്തിൽനിന്നുള്ളവർക്ക് അവസരം, ഷാർജയിൽ കേരളത്തിന്റെ സാംസ്കാരികകേന്ദ്രം, ഷാർജയിൽ നിന്നുള്ളവർക്ക് കേരളത്തിൽ പ്രത്യേക മെഡിക്കൽ ടൂറിസം, കിഫ്ബിയിൽ നിക്ഷേപം, ഐ.ടി. രംഗത്ത് സഹകരണം എന്നിങ്ങനെ കേരളം സമർപ്പിച്ച എട്ടുപദ്ധതികൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ശൈഖ് സുൽത്താൻ ഉറപ്പുനൽകി.
ഇതിനുപുറമേ തടവുപുള്ളികളെ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥനപ്രകാരം ഷാർജയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിലിൽക്കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാരുടെ ബാധ്യതകൾ ഏറ്റെടുത്ത് ജയിൽമോചിതരാക്കി.

യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തിക്കൊണ്ടാണ്  ഷാർജ സുൽത്താന്റെ സന്ദർശനം ചരിത്രത്തിലിടം നേടിയത്.

പിണക്കത്തിന്റെ രാഷ്ട്രീയം
പശ്ചിമേഷ്യയിൽ പുകഞ്ഞിരുന്ന അസ്വാരസ്യങ്ങൾക്കൊടുവിൽ ജൂൺ അഞ്ചിന്‌ സൗദിയുടെ നേതൃത്വത്തിലുള്ള നാലുരാജ്യങ്ങൾ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചു. സൗദിക്കൊപ്പം യു.എ.ഇ., ബഹ്റൈൻ, ഈജിപ്റ്റ് എന്നീ  രാജ്യങ്ങൾ തങ്ങളുടെ സ്ഥാനപതികളെ ഖത്തറിൽനിന്ന്‌ പിൻവലിച്ചും വാണിജ്യ ഇടപാടുകൾ നിർത്തിയും അതിർത്തികൾ അടച്ചും യാത്രകൾ നിരോധിച്ചും ബഹിഷ്കരണം ശക്തമാക്കി. തീവ്രവാദികൾക്ക് സഹായധനം നൽകുന്നു, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു, ഇറാനുമായിച്ചേർന്ന്‌ മേഖലയുടെ സുരക്ഷയിൽ ആശങ്ക പടർത്തുന്നു എന്നിവയാണ് പ്രധാനമായി ഖത്തറിനെതിരേ  സഖ്യം ഉയർത്തിയ ആരോപണങ്ങൾ. അൽ ജസീറ അടച്ചുപൂട്ടുന്നതുൾപ്പെടെ 13 ഉപാധികളും സഖ്യം ബഹിഷ്‌കരണം പിൻവലിക്കാൻ  മുന്നോട്ടുവെച്ചു. എന്നാൽ, ഇതംഗീകരിക്കാൻ  ഖത്തർ തയ്യാറായില്ല. അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഇടപെടലുകളും കുവൈത്ത് അമീർ നടത്തിയ മധ്യസ്ഥശ്രമങ്ങളും ഫലംകണ്ടില്ല. ഏറ്റവുമൊടുവിൽ കുവൈത്തിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി കൗൺസിലിന്റെ ഘടന മാറിയേക്കുമെന്ന സൂചനയോടെ ഒരുദിവസം കൊണ്ടവസാനിപ്പിക്കുകയായിരുന്നു.  

ശീലമാക്കാം വ്യായാമം
ആരോഗ്യമാണ് സമ്പത്ത് എന്ന സന്ദേശമുയർത്തിയാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആ വെല്ലുവിളി നടത്തിയത്. ഒരുമാസം എല്ലാദിവസവും മുപ്പതു മിനിറ്റുവീതം വ്യായാമത്തിനായി മാറ്റിവെക്കണം. വെല്ലുവിളി മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്വീകരിച്ച്  പ്രായഭേദമെന്യേ ദുബായ് നിവാസികൾ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി. നഗരം മുഴുവൻ സൗജന്യ പരിശീലനപരിപാടികൾ, കായികവേദികൾ, പ്രഗല്‌ഭർ പങ്കെടുത്ത് ട്രെയിനിങ് സെഷനുകൾ -ഇങ്ങനെ ഉത്സവപ്രതീതിയിലാണ് വ്യായാമം ശീലമാക്കാനുള്ള  തയ്യാറെടുപ്പുകൾ സജ്ജമാക്കിയത്. അതിന്‌ ഫലമുണ്ടായി. വാരാന്ത്യ കാർണിവലുകളിൽ കുടുംബങ്ങൾ അടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ദുബായിയെ ലോകത്തെ ഏറ്റവും സജീവമായ  നഗരമാക്കിമാറ്റുക മാത്രമല്ല,  വ്യായാമത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുക കൂടിയായിരുന്നു ലക്ഷ്യം. നിരവധി റെക്കോഡുകൾ പിറന്നു. മന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖർ ചലഞ്ചിന്റെ ഭാഗമായി. അത്രതന്നെ ആവേശത്തോടെ ഭിന്നശേഷിയുള്ളവരുൾപ്പെടെ ചലഞ്ചേറ്റെടുത്തു.

കൌണ്ട് ഡൌൺ തുടങ്ങി
ലോക മാമാങ്കം എക്സ്‌പോ 2020 -യെക്കുറിച്ചുള്ള വ്യക്തമായ ചിത്രങ്ങൾ സമ്മാനിച്ച എക്സ്‌പോ കൗണ്ട് ഡൗൺ ആണ് 2017 -ന്റെ മറ്റൊരുപ്രത്യേകത. കൃത്യം മൂന്നുവർഷംമുൻപ് ഒക്ടോബർ 20-ന് സംഗീതത്തിന്റെയും വിവിധ പരിപാടികളുടെയും അകമ്പടിയോടെയാണ് കൗണ്ട് ഡൗൺ സന്ദർശകരെ വരവേറ്റത്.

മുൻകാലങ്ങളിലെ എക്സ്‌പോകൾ സമ്മാനിച്ച കണ്ടുപിടിത്തങ്ങൾ, എക്സ്‌പോ പ്രദർശനത്തിന്റെ രീതികൾ, യു.എ.ഇ.യുടെ എക്സ്‌പോ പദ്ധതികൾ എന്നിവയെക്കുറിച്ച് കൃത്യമായ അറിവ് പങ്കുവെക്കാൻ  ഈ പരിപാടിക്ക് കഴിഞ്ഞു. സ്വദേശമോ, ഭാഷയോ, പ്രായമോ ഉപാധികളില്ലാതെ  30,000 സന്നദ്ധപ്രവർത്തകരെ  തേടുന്ന പോർട്ടലിന്റെ ഉദ്‌്‌ഘാടനമാണ് കൗണ്ട് ഡൗൺ സാക്ഷ്യം വഹിച്ച മറ്റൊരുപ്രത്യേകത.

ലൂവ്ര് എന്ന വിസ്മയം
കാഴ്ചയുടെ വസന്തമൊരുക്കി പ്രസിദ്ധമായ ലൂവ്ര് മ്യൂസിയം അബുദാബിയിൽ തുടങ്ങി. സംസ്കാരങ്ങളുടെ സമന്വയമാണ് ലൂവ്രിലെ പ്രദർശനം. 12 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. ആദിമഗ്രാമങ്ങളും ലോകശക്തികളും, സംസ്കാരവും സാമ്രാജ്യങ്ങളും, ലോക മതങ്ങൾ, ഏഷ്യൻ വാണിജ്യരംഗം, മെഡിറ്ററേനിയൻ മുതൽ അറ്റ്‌ലാന്റിക് വരെ, പ്രപഞ്ചവിവരണം, ലോക ദർശനങ്ങൾ, കോടതികളുടെ മഹിമ, ഒരു പുതിയ ജീവിതവീക്ഷണം, ഒരു പുതിയ ലോകം, ആധുനികതയുടെ വെല്ലുവിളികൾ, സാർവ ലൗകിക അവസ്ഥ എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഗാലറികൾ. യു.എ.ഇ. സന്ദർശിക്കുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രമാക്കും ലൂവ്ര് അബുദാബി. കലയും സംസ്കാരവും വരുംതലമുറകളുടെ മുതൽക്കൂട്ടാണെന്ന്‌ ചിന്തിക്കുന്ന ഒരു ഭരണനേതൃത്വത്തിന്റെ നേർക്കാഴ്ചയെന്നോണമാണ് 7500 ടണ്ണോളം ഭാരമുള്ള മിനാരം ലൂവ്ര് അബുദാബിയുടെ മുകളിൽ തലയെടുപ്പോടെ നിക്കുന്നത്. വരുംവർഷങ്ങളിൽ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നാകും ലൂവ്ര് എന്നതിൽ സംശയമില്ല.

സുരക്ഷക്കായി പുതിയ നിയമങ്ങൾ
റോഡുസുരക്ഷ വർധിപ്പിക്കാനും വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും ഫെഡറൽതലത്തിൽ  പുതിയ  ട്രാഫിക് നിയമം 2017 ജൂലായ്‌ ഒന്നുമുതൽ നടപ്പായി. നിയമംലംഘനങ്ങളുടെ പിഴത്തുക ഗണ്യമായി വർധിപ്പിക്കുകയും ബ്ലാക്ക് പോയന്റുകൾ, വണ്ടി കണ്ടുകെട്ടൽ തുടങ്ങിയ ശിക്ഷകൾ കർശനമാക്കുകയുമാണ് പ്രധാനമായും ചെയ്തത്. ഒപ്പം പുതിയ സ്മാർട്ട് റഡാറുകളും ക്യാമറകളുമായി പരിശോധനയും കർശനമായി. റോഡപകടങ്ങൾ കുറയാൻ നിയമം ഫലപ്രദമാണെന്ന് പിന്നീടുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ 1,00,000 പേരിൽ ആറ്‌് എന്ന നിലയിലാണ് വാഹനാപകടങ്ങളിലെ മരണസംഖ്യ. ഇത് മൂന്നായി കുറയ്ക്കുകയും അപകടമരണങ്ങൾ തീർത്തും ഇല്ലാതാക്കുകയുമാണ് അധികൃതരുടെ ലക്ഷ്യം.  

എക്സൈസ് നികുതി
ഒക്ടോബർ ഒന്നുമുതലാണ് യു.എ.ഇ.യിൽ എക്സൈക് നികുതി നിലവിൽവന്നത്. യു.എ.ഇ.യിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമഗ്ര നികുതിസംവിധാനത്തിന്റെ ആദ്യപടിയെന്നോണമാണ് ആരോഗ്യത്തിന് ഹാനികരമായ ചില ഉത്പന്നങ്ങൾക്ക് എക്സൈസ് നികുതിയീടാക്കുന്നത്.
ഉത്പന്നങ്ങളുടെ വിലയുടെ നൂറുമുതൽ പരമാവധി ഇരുനൂറുശതമാനം വരെയാണ് നികുതിയായി ഈടാക്കുന്നത്. പുകയില ഉത്പന്നങ്ങൾ, ഊർജപാനീയങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയ്ക്ക് നൂറുശതമാനവും പഞ്ചസാരയുടെ അളവുകൂടിയ പാനീയങ്ങൾക്ക് അൻപത് ശതമാനവുമാണ് നികുതിയേർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികരംഗത്തും വലിയ സംഭാവനയാണ് എക്സൈസ് നികുതി നൽകുക. എഴുന്നൂറുകോടി ദിർഹത്തിന്റെ അധികവരുമാനമാണ് പ്രതിവർഷം നികുതിയിനത്തിൽ ഗവൺമെന്റിന് ലഭിക്കുക

ഒടുവിൽ നികുതിയെത്തുന്നു
നികുതി എന്ന വാക്ക് ആദ്യമായി യു.എ.ഇ.യിൽ പ്രചാരം നേടിയെന്ന പ്രത്യേകതയും 2017-ന് സ്വന്തം.  എണ്ണവിലയിലുണ്ടായ കുറവ് രാഷ്ട്രത്തിന്റെ വരുമാനത്തിലുണ്ടാക്കിയ കുറവിനെ മറികടക്കുകയെന്ന ലക്ഷ്യമാണ് നികുതി നടപ്പാക്കുന്നതിന് പിന്നിൽ. ഓഗസ്റ്റ്‌ 23 -നാണ് മൂല്യവർധിതനികുതി അഥവാ വാറ്റ് സംബന്ധിച്ച ഫെഡറൽ ഉത്തരവ് പുറത്തിറങ്ങിയത്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗം അടിസ്ഥാനമാക്കിയുള്ള നികുതിയാണ് വാറ്റ്. പ്രഖ്യാപനംതൊട്ട് വാറ്റിനെക്കുറിച്ച് ഏറെ ചർച്ചചെയ്തെങ്കിലും സാധാരണക്കാരിലേക്ക് വാറ്റ് ഏതുതലത്തിലുള്ള മാറ്റമാണ് കൊണ്ടുവരികയെന്നത് ഇനിയും വ്യക്തമായിട്ടില്ല. 12 മാസക്കാലയളവിൽ 375,000 ദിർഹത്തിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഫെഡറൽ ടാക്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. ജനുവരി ഒന്നുമുതലാണ് വാറ്റ് പ്രാബല്യത്തിലാകുന്നത്. വിപണിയിൽ സമൂലമായ മാറ്റമാണ് വാറ്റ് കൊണ്ടുവരിക. ഉപഭോക്താവിനെ നേരിയ തോതിൽ ബാധിക്കുമെങ്കിലും സുതാര്യവും  നീതിയുക്തവുമായ ഇടപാടുകൾ ആകും വാറ്റ് നൽകുന്ന സംഭാവന.

ബഹിരാകാശ സ്വപ്നങ്ങൾ
2014-ലാണ് യു.എ.ഇ. സ്പേസ് ഏജൻസി സ്ഥാപിച്ചത്.  ചൊവ്വയിൽ ഒരു നഗരം സ്ഥാപിക്കുക എന്ന സ്വപ്നപദ്ധതിക്ക് തുടക്കമിട്ടുകൊണ്ടാണ് യു.എ.ഇ. തങ്ങളുടെ ബഹിരാകാശ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചത്. 2117-ഓടെ  ഇത് സാധ്യമാകുന്ന തരത്തിൽ ഗവൺമെന്റും ബഹിരാകാശ കേന്ദ്രവും പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 500 ദശലക്ഷം ദിർഹം ചെലവിൽ 19 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മാർസ് സയന്റിഫിക് സിറ്റി ഇതിന്റെ ഭാഗമായി നിർമിക്കും.  ചൊവ്വയിൽ ഭക്ഷണം, ജലം, ഊർജം എന്നിവ ഉത്പാദിപ്പിക്കാനുള്ള സാധ്യതകളും തേടും. 2020-ൽ പദ്ധതിക്ക് തുടക്കമിടും. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ സമ്മേളനത്തിന് യു.എ.ഇ. വേദിയാകുന്നതും ഇതേ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടിയാണ്.  വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും അറിവുകളും ആശയങ്ങളും ഫലപ്രദമായി പങ്കുവെക്കാൻ മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ആക്സിലറേറ്റഡ് റിസർച്ച് എന്ന പുതിയ ഗവേഷണകേന്ദ്രമാണ് 2017-ലെ ഈ രംഗത്തെ ഒടുവിലത്തെ പ്രഖ്യാപനം.

നേട്ടങ്ങൾ, പദ്ധതികൾ
ഈ വർഷം രാജ്യം തുടക്കമിട്ട പദ്ധതികൾ എണ്ണിയാൽ തീരുന്നതല്ല. സ്മാർട്ട് നഗരമാകുന്നതിന്റെയും വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ തേടുന്നതിന്റെയും ഭാഗമായിമാത്രം നൂറിലധികം പദ്ധതികൾ, സേവനങ്ങൾ. എങ്കിലും ഇതിൽ ഏറ്റവും ശ്രദ്ധേയമെന്ന് പറയാവുന്നത് ലോകത്തിലെ ആദ്യ പറക്കും ടാക്സിയാണ്. രണ്ടുപേർക്കിരിക്കാവുന്ന ടാക്സി ആദ്യ പരീക്ഷണങ്ങളിൽ വിജയകരമായി ദുബായുടെ ആകാശത്ത് ചിറകുവിരിച്ച്‌ പറന്നുകഴിഞ്ഞു. സുസ്ഥിര വികസനത്തിന്റെ ഭാഗമായി പുനരുപയോഗിക്കാവുന്ന, ശുദ്ധസ്രോതസ്സുകളിൽ നിന്നുത്‌പാദിപ്പിക്കുന്ന ഊർജം, കാർബൺ ബഹിർഗമനം കുറയ്ക്കുന്ന ഗതാഗതപദ്ധതികൾ എന്നിവയും ഏറെ മുന്നേറി. വൈദ്യുതവാഹനങ്ങൾ, സ്മാർട്ട് റഡാറുകൾ, ഡ്രോണുകൾ, ഡ്രൈവറില്ലാവാഹനങ്ങൾ എന്തിന് പെഡസ്ട്രിയൻ ക്രോസിങ് വരെ സ്മാർട്ടായ വർഷമാണിത്. യന്ത്രപ്പോലീസും പട്രോളിങ്ങിനായി കുഞ്ഞൻ കാറുകളും പറക്കും ബൈക്കുമായി പോലീസ് വകുപ്പും ഇതിനൊപ്പം സഞ്ചരിക്കുന്നു. ഗവൺമെന്റ് വകുപ്പുകളുടെ സേവനങ്ങളും മിക്കവാറും ഓൺലൈൻ ആയി. വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന മുഖം തിരിച്ചറിയുന്ന വിദ്യ. സാകേതികവിദ്യയിലൂന്നിയ സ്മാർട്ട് തുരങ്കങ്ങളുടെ പരീക്ഷണവും നടന്നുകഴിഞ്ഞു. ദുബായ് സഫാരി, വാട്ടർഫ്രണ്ട് മാർക്കറ്റ്, ദുബായ് ക്യാമൽ ഹോസ്പിറ്റൽ, ഉടൻ തുറക്കുന്ന ദുബായ് ഫ്രയിം തുടങ്ങിയ ലോകോത്തര പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചാണ് 2017 വിട വാങ്ങുന്നത്..

പുരസ്‌കാര നിറവിൽ മാതൃഭൂമി
പ്രവാസമണ്ണിൽ ‘മാതൃഭൂമി’ക്ക് ഏറെ ആഹ്ലാദവും അഭിമാനവും നൽകിയാണ് 2017 നടന്നകലുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 2017-ലെ മികച്ച ഇന്റർനാഷണൽ പബ്ലിഷർ എന്ന പുരസ്കാരത്തിന് അർഹമായത് ‘മാതൃഭൂമി’യാണ്. ഇന്ത്യയിലെ ഒരു മാധ്യമസ്ഥാപനം ആദ്യമായാണ് ഈയൊരു പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത് എന്നതാണ് അതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയിൽനിന്ന് ‘മാതൃഭൂമി’ ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പുരസ്‌കാരം സ്വീകരിച്ചത് മേളയുടെ ഉദ്ഘാടനംനടന്ന നവംബർ ഒന്നിനാണ്. അന്ന് മലയാളികൾ കേരളപ്പിറവി ആഘോഷിക്കുന്ന ദിവസംകൂടിയായി എന്നത് യാദൃച്ഛികം.

കേരളപ്പിറവിദിനത്തിൽ മലയാളത്തിന് ലഭിച്ച ആദരമായാണ് മാതൃഭൂമി ഈ പുരസ്കാരം സ്വീകരിച്ചത്. മലയാളത്തിന്റെ, കേരളത്തിന്റെ സാഹിത്യത്തിനും ചരിത്രത്തിനും സംസ്കാരത്തിനുമൊപ്പം സഞ്ചരിച്ച മാതൃഭൂമിക്ക് ലഭിച്ച ഈ സ്നേഹാദരം മലയാളത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്.