ദുബായിലെ പുതിയ വിമാനത്താവളത്തിലേക്ക് പറിച്ചുനട്ടതോടെയാണ് ദുബായ് എയർ ഷോയുടെ തിളക്കം കുറഞ്ഞതെന്നാണ് ചിലരുടെ കണ്ടെത്തൽ.  അത്രയും ദൂരെ എത്തിപ്പെടാനുള്ള പ്രയാസം കാരണം സാധാരണക്കാരുടെ പ്രവാഹം നിലച്ചു. എന്നാലും ദുബായ് എയർ ഷോ എക്കാലത്തും വ്യോമയാന മേഖലയിലെ പ്രമുഖരെല്ലാം അതിശ്രദ്ധയോടെ വീക്ഷിക്കുന്ന പരിപാടിയാണ്. വിമാനങ്ങളുടെ പതിവുള്ള കൊടുക്കൽ-വാങ്ങൽ കരാറുകൾ ഇത്തവണ കുറവായിരുന്നു. ആകാശത്ത് അദ്‌ഭുതം വിരിയിക്കാറുള്ള അഭ്യാസപ്രകടനങ്ങളും കുറഞ്ഞു എന്നൊക്കെയുള്ള വിശകലനങ്ങളും ഉയർന്നു. എന്നാൽ, ദുബായ് എയർ ഷോ ലോകശ്രദ്ധയിലെത്താൻ വേറൊരു പ്രഖ്യാപനം ഇത്തവണ ഉണ്ടായി. ആകാശത്ത് കുതിക്കാവുന്ന സൂപ്പർ സോണിക് വിമാനങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനമായിരുന്നു അത്.  നിലവിലുള്ള യാത്രാസമയത്തിന്റെ പകുതികൊണ്ട് ലക്ഷ്യത്തിലെത്താവുന്നതാവും സൂപ്പർ സോണിക് വിമാനം.

മണിക്കൂറുകൾ നീളുന്ന വിമാനയാത്രകൾ പതിവ് യാത്രക്കാർക്ക് വലിയ മുഷിപ്പൻ പരിപാടിയായി തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്തൊക്കെ സുഖസൗകര്യങ്ങൾ ഒരുക്കിയാലും അതൊരു കടമ്പ തന്നെയാണ് പലർക്കും. ഇക്കാര്യം വിമാനക്കമ്പനികളും മനസ്സിലാക്കിയിരിക്കുന്നു എന്നതാണ് സൂപ്പർ സോണിക് വിമാനങ്ങളുടെ പ്രഖ്യാപനത്തിലൂടെ തെളിയുന്നത്. 2017-ലെ ദുബായ് എയർ ഷോ ഓർമിക്കപ്പെടുന്നത് സൂപ്പർ സോണിക് വിമാനങ്ങളുടെ പ്രഖ്യാപനം കൊണ്ടുതന്നെയാവും. നാലോ അഞ്ചോ വർഷമെടുക്കുമായിരിക്കും ഈ യാഥാർഥ്യം ആകാശത്ത് എത്താൻ. എന്നാലും അതൊരു വലിയ സംഭവം തന്നെ.

സാധാരണ വിമാനങ്ങളെക്കാൾ രണ്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനത്തിന് ദുബായിൽനിന്ന് ലണ്ടനിലേക്ക് പറക്കാൻ നാല് മണിക്കൂർ മതിയാവും.  ബൂം എന്ന അമേരിക്കൻ വിമാന നിർമാണ കമ്പനിയുടെ സ്ഥാപകൻ ബ്ലൈക് ഷോളാണ് ഈ അതിവേഗ വിമാനത്തെ ദുബായിൽ പരിചയപ്പെടുത്തിയത്. അടുത്തവർഷം തന്നെ  സൂപ്പർസോണിക് വിമാനത്തിന്റെ പരീക്ഷണ പറക്കൽ തുടങ്ങുമെന്നും 2020 പകുതിയോടെ സർവീസുകൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ചെറിയൊരു നിരാശ നൽകുന്ന കാര്യം ഇതിൽ 55 പേർക്ക്  മാത്രമേ  യാത്ര ചെയ്യാനാവൂ എന്നതാണ്. കൂടുതൽ തിരക്കുള്ളവർ ഇതിൽ പോകട്ടെ എന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം. ബിസിനസ് ക്ലാസ് ടിക്കറ്റിന്റെ നിരക്കാണ് ഈടാക്കുകയെന്ന് ബൂം കമ്പനി ഇപ്പോൾ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.  സാധാരണ വിമാനങ്ങളെക്കാൾ അല്പം വേഗത്തിലാവും ടേക്ക് ഓഫും ലാൻഡിങ്ങും. അതൊഴിച്ചാൽ  യാത്രക്കാർക്ക് പ്രകടമായ വ്യത്യാസങ്ങളൊന്നും തോന്നുകയില്ല.  ഇനി ഏതായാലും നമുക്ക് സൂപ്പർ സോണിക് വിമാനത്തിനായി കാത്തിരിക്കാം. ദുബായിയുടെ എക്സ്‌പോ 2020-യിൽ അതിഥികൾ അതിൽ പറന്നെത്തുമെന്നും നമുക്ക് കരുതാം.
ഏത് എയർഷോയിലെയും വലിയ മത്സരമാണ് വിമാനങ്ങളുടെ നിർമാണക്കരാറുകൾ സമ്പാദിക്കൽ. എവിടെയുമെന്ന പോലെ ബോയിങ്ങും എയർബസും തമ്മിലാണ് ഇക്കാര്യത്തിൽ എല്ലായിടത്തെയും മത്സരങ്ങളും. ബോയിങ്ങായിരുന്നു ആദ്യ ദിവസങ്ങളിൽ ഓർഡറുകൾ ഏറെയും നേടിയത്. എന്നാൽബ അവസാന ദിവസങ്ങളിൽ എയർബസ്സിന്റെ വൻ പ്രകടനമായിരുന്നു. ആദ്യദിവസം ദുബായിയുടെ എമിറേറ്റ്‌സുമായി 15.1 ബില്യൺ ഡോളറിന്റെ കരാറിൽ ഏർപ്പെട്ട ബോയിങ് പിന്നീട് ഫ്ളൈദുബായിയുടെ ഓർഡറും നേടി. 27 ബില്യൻ ഡോളർ ചെലവിൽ 225 വിമാനങ്ങളാണ് ഫ്ളൈദുബായ് വാങ്ങുന്നത്. 737 മാക്സ് ടൈപ്പ് വിമാനങ്ങളാണ് എമിറേറ്റ്‌സിന്റെ സഹോദര സ്ഥാപനമായ ഫ്ളൈദുബായ് ലക്ഷ്യമിട്ടത്. ഇതോടെ എയർബസിന് വലിയ ക്ഷീണമാണെന്ന് വിലയിരുത്തപ്പെട്ടു. എന്നാൽ, അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ഇൻഡിഗോ പാർട്‌ണേഴ്സ് എയർബസുമായുള്ള കരാറിൽ ഏർപ്പെട്ടു. 49.5 ബില്യൺ ഡോളറിന്റെ കരാറിൽ 430 വിമാനങ്ങളാണ് എയർബസിൽനിന്ന് ഇൻഡിഗോ പാർട്‌ണേഴ്സ് വാങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ ബജറ്റ് എയർലൈൻ വിമാനക്കമ്പനികൾക്കായിരിക്കും ഇൻഡിഗോ പാർട്‌ണേഴ്സ് ഈ വിമാനങ്ങൾ നൽകുന്നത്.
ഫ്ളൈദുബായ് പിറവിയെടുത്തിട്ട് എട്ട് വർഷമേ ആകുന്നുള്ളൂ. പുതിയ ഓർഡറുകളോടെ അവരുടെ ശ്രേണിയിലെ വിമാനങ്ങളുടെ എണ്ണം 320 ആകും. 2019 മുതൽ പുതിയ വിമാനങ്ങൾ എത്തിത്തുടങ്ങും. നേരത്തേ ഓർഡർ നൽകിയ കുറേ വിമാനങ്ങൾ ഈ വർഷാവസാനത്തോടെ എത്തിത്തുടങ്ങും എന്നതാണ് ഫ്ളൈദുബായിയുടെ മറ്റൊരു വിശേഷം.

താരം എമിറേറ്റ്‌സ്
ദുബായ് എയർ ഷോയിലെന്നും അവരുടെ സ്വന്തമായ എമിറേറ്റ്‌സ് തന്നെയാവും താരം. ഇത്തവണയും അതിൽ മാറ്റമില്ല. ദുബായ് എയർ ഷോയ്ക്ക്‌ വേദിയായ ദുബായ് വേൾഡ് സെൻട്രൽ എന്ന പുതിയ വിമാനത്താവളത്തിലെ റൺവേകളിലും ആകാശത്തും എമിറേറ്റ്‌സിന്റെ പ്രകടനങ്ങൾ തന്നെയായിരുന്നു അതിഥികളെ എതിരേറ്റത്.  എയർ ഷോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ആകാശപ്രകടനങ്ങളിൽ യു.എ.ഇ.യുടെ അൽ ഫുർസാൻ സംഘത്തോടൊപ്പം വർണക്കാഴ്ചകളൊരുക്കിയാണ് എമിറേറ്റ്‌സ്  കാണികളുടെ മനംകവർന്നത്. മിക്ക സായാഹ്നങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങളിൽ എമിറേറ്റ്‌സ് പങ്കാളികളായി.

2018-ലെ സായിദ് വർഷാചരണത്തിന്റെ ഭാഗമായി രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രം ആലേഖനം ചെയ്ത രണ്ട് എമിറേറ്റ്‌സ് വിമാനങ്ങളാണ് ഏഴു ഫുർസാൻ ജെറ്റ് വിമാനങ്ങളുടെ അകമ്പടിയോടെ ആകാശത്ത്‌  പ്രദർശനം ഒരുക്കിയത്. ആദ്യദിനം തന്നെ 55 ബില്യൺ ദിർഹത്തിന്റെ കരാറുകളിലാണ് എമിറേറ്റ്‌സ്  ഒപ്പുവെച്ചത്. 40 പുതിയ ബോയിങ് 787 ഡ്രീംലൈനറുകൾ വാങ്ങാനുള്ള കരാറുകളായിരുന്നു ഇതിൽ പ്രധാനം. 2022 മുതൽ എമിറേറ്റ്‌സിന്റെ ശ്രേണിയിലേക്ക് പുതിയ വിമാനങ്ങൾ എത്തും .

പുതിയ സൗകര്യങ്ങളോടെയുള്ള കാബിനുകളാണ് എമിറേറ്റ്‌സിന്റെ മറ്റൊരു താരം.  നാസ സാങ്കേതികതയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച ‘സീറോ ഗ്രാവിറ്റി’യുള്ള വിശാലമായ കിടക്ക, പുറംകാഴ്ചകൾ കാണാൻ വെർച്വൽ ജനാലകൾ, ജീവനക്കാരുമായി സംസാരിക്കാൻ വീഡിയോ കാൾ സംവിധാനം, ഒരു വിമാനത്തിൽ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതിന്റെ പതിന്മടങ്ങു സൗകര്യങ്ങളുമായാണ് എമിറേറ്റ്സിന്റെ ബോയിങ് 777 വിമാനങ്ങളുടെ ഫസ്റ്റ് ക്ലാസ് സ്വകാര്യ സ്യൂട്ടുകൾ ഒരുങ്ങുന്നത്. പരിഷ്കരിച്ച ഇന്റീരിയറിൽ 40 ചതുരശ്ര അടിയാണ് ഓരോ യാത്രക്കാരനും ലഭിക്കുക. 2500 ചാനലുകളിൽനിന്ന് വിനോദമെത്തിക്കുന്ന പ്രത്യേക എച്ച്.ഡി. സ്‌ക്രീൻ, ഓരോ സ്യൂട്ടിലും മിനി ബാറുകൾ തുടങ്ങി ഒരു നക്ഷത്രഹോട്ടലിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ആകാശത്തും ലഭ്യമാകുന്ന വിധത്തിലാണ് പുതിയ സ്യൂട്ടുകളുടെ നിർമാണം. പുതിയ ബോയിങ് 777 വിമാനങ്ങൾ  ഡിസംബർ ഒന്നു മുതൽ സർവീസ് നടത്തും.

പരിശീലനകേന്ദ്രവും
അത്യാധുനിക സൗകര്യങ്ങളുള്ള എമിറേറ്റ്‌സിന്റെ വൈമാനിക പരിശീലന കേന്ദ്രമാണ് എയർഷോയിൽ ശ്രദ്ധേയമായ മറ്റൊരു സംരംഭം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലന പദ്ധതികളോടെയാണ് എമിറേറ്റ്‌സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമി തുടങ്ങിയിരിക്കുന്നത്.

 1,64,000 ചതുരശ്ര അടി സ്ഥലത്ത് 1800 മീറ്റർ നീളമുള്ള റൺവേയും പ്രത്യേക എയർ ട്രാഫിക് കൺട്രോൾ ടവറും അക്കാദമിക്കുണ്ട്.  ഒരു കുടക്കീഴിൽ  വൈമാനിക പരിശീലനം, ഗ്രൗണ്ട് സ്കൂൾ, താമസം, വിനോദം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്ന ആദ്യ പരിശീലന കേന്ദ്രമാണിത്.  ഭാഷ ഉൾപ്പെടെ അടിസ്ഥാനപരമായ കാര്യങ്ങളിൽ പ്രത്യേക പരിശീലനം  നൽകും. 1100  മണിക്കൂർ ഗ്രൗണ്ട് പരിശീലനവും 315  മണിക്കൂർ പറക്കലും പൂർത്തിയാക്കിയാണ് പൈലറ്റ് കേഡറ്റുകൾ അക്കാദമിയിൽനിന്ന് പുറത്തിറങ്ങുക. 25 ലക്ഷം ദിർഹം വിലവരുന്ന സിറസ് എസ്.ആർ. 22 എന്ന വിമാനമാണ് പരിശീലനക്കളരിയിലെ താരം. ഇത് കൂടാതെ അഞ്ചു എംബ്രായെർ ഫെനം 100 ഇ.വി.വിമാനങ്ങളും പരിശീലനത്തിനെത്തും. യു.എ.ഇ. സ്വദേശികൾക്കും വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്കും പ്രവേശനമുണ്ട്.  നൂതന സാങ്കേതികവിദ്യകളും പരിശീലന വിമാനങ്ങളുമെല്ലാം ചേർന്ന കേന്ദ്രത്തിൽ 600 പേർക്ക് ഒരേസമയം പരിശീലനം നേടാം.