കലയോടുള്ള അടങ്ങാത്ത പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരുപാടുപേരുണ്ട്. ലോകത്തെ അദ്ഭുതപ്പെടുത്തിയ കലാകാരന്മാരുടെ സൃഷ്ടികൾ നേരിൽകാണാൻ ആഗ്രഹിക്കുന്നവർ. പാരീസിലെയും ആംസ്റ്റർഡാമിലെയും ലോകത്തിന്റെ പല കോണുകളിലെയും പ്രശസ്ത മ്യൂസിയങ്ങളിൽ ഒരിക്കലെങ്കിലും പോകണമെന്നും അവിടെയെല്ലാം നടന്നുകാണണമെന്നും സ്വപ്നം കാണുന്നവർ. എന്നാൽ ഉള്ളകാശുകൊണ്ട് എങ്ങനെയെങ്കിലും ജീവിച്ചുപോകാൻതന്നെ പറ്റുന്നില്ല, പിന്നെയല്ലേ അങ്ങനെയൊക്കെയുള്ള യാത്രകളും സ്വപ്നങ്ങളും... ഇതാണ് പലരുടെയും അവസ്ഥ.

എന്നാൽ അങ്ങനെയങ്ങ് ചിന്തിച്ച് നിരാശരാവരുതെന്നാണ് അബുദാബി വിനോദസഞ്ചാരവകുപ്പ് പറയുന്നത്. കാലദേശാന്തരങ്ങളെ മറികടന്ന് ലോകത്തെ അമ്പരപ്പിച്ച സൃഷ്ടികളെ ഒരു കുടക്കീഴിൽ അടുക്കിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അബുദാബിയിൽ ഒരുങ്ങുന്ന കലയുടെ ഏറ്റവും പ്രൗഢ വേദിയായ ലൂവ്ര് മ്യൂസിയത്തിലൂടെയാണ് വിനോദസഞ്ചാരവകുപ്പ് കലാസ്വാദകരോട് മറുപടി പറയുന്നത്. അതേ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിന്റെ പുതിയ പതിപ്പാണ് ശനിയാഴ്ച പൊതുജനങ്ങൾക്ക്‌ തുറന്നുകൊടുക്കുന്നത്‌.  

 അദ്ഭുതമെന്ന് കരുതിയിരുന്ന പലതുമാണ് ഇവിടെ സംഭവിക്കുന്നത്. പ്രതിഭകളുടെ കരസ്പർശമേറ്റ അകൃത്രിമമായ ക്യാൻവാസുകളിൽ നിറഞ്ഞ വർണങ്ങൾ, ലോകമിന്നും അടങ്ങാത്ത കൗതുകത്തോടെ നോക്കിക്കാണുന്ന ശില്പങ്ങൾ, ക്രിസ്തുവിന് മുൻപും പിൻപും വിശ്വകലാരംഗങ്ങളിൽ ഉദയംചെയ്തിട്ടുള്ള പരീക്ഷണങ്ങൾ, കാലഘട്ടങ്ങളിലെ കലയുടെ സ്വാധീനമുണ്ടാക്കിയ മാറ്റങ്ങൾ എന്നിവയെല്ലാം കാഴ്ചക്കാരനുമായി നേരിട്ട് സംവദിക്കുന്നുണ്ടിവിടെ. ലൂവ്ര് അബുദാബി ഒരദ്ഭുതമാണ്. യു.എ.ഇ.യോ മിഡിലീസ്റ്റോ ഇതിനുമുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരദ്ഭുതം. അതിന് കാരണങ്ങൾ അനവധിയാണ്...

അദ്‌ഭുതക്കാഴ്ചകൾ
അബുദാബിയിൽനിന്ന് ദുബായിലേക്ക് സാദിയാത് വഴിയുള്ള യാത്രയിൽ കഴിഞ്ഞ നാളുകളിലെല്ലാം ആളുകൾ തമ്മിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണവിടെ വെള്ളത്തിൽ പൊങ്ങിവരുന്നതെന്ന്. ചിലരതിനെ പാത്രം കമിഴ്ത്തിവെച്ചതിനോടും മറ്റു ചിലരതിനെ നക്ഷത്രങ്ങളുടെ കൂടാരത്തിനോടും ഉപമിച്ചു. ദൂരക്കാഴ്ചയിൽ വെള്ളത്തിൽ കമിഴ്ത്തിവെച്ച ഒരു പളുങ്ക് പാത്രമാണ് ലൂവ്ര് മ്യൂസിയം. നിർമിതിയുടെ തുടക്കംമുതൽക്കേ ലൂവ്ര് അബുദാബി ലോകത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കാരണം പ്രശസ്ത ഫ്രഞ്ച് വാസ്തുശില്പ വിദഗ്‌ധൻ ജീൻ നോവെലതിന് നൽകിയ അദ്വിതീയമായ മാതൃകയാണ്. നക്ഷത്രങ്ങൾ മുകൾത്തട്ട് പാകിയ മാതൃക. ഒന്നും രണ്ടുമല്ല ജീൻ ലൂവ്രിന് മുകളിൽ പാകിയ നക്ഷത്രങ്ങൾ, എട്ട് പാളികളിലായി 7850 നക്ഷത്രങ്ങൾ. മുകൾത്തട്ടിൽ സ്‌റ്റെയിൻലെസ് സ്റ്റീലിലും അകത്ത് അലുമിനിയത്തിലുമാണ് നക്ഷത്രങ്ങൾ തീർത്തിരിക്കുന്നത്. 7500 ടണ്ണോളം ഭാരം വരുമിതിന്. നക്ഷത്രങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മ്യൂസിയത്തിനകത്ത് മഴ പെയ്യുന്ന പ്രതീതിയാണ് നൽകിയിട്ടുള്ളത്. അതെ, ‘വെളിച്ചത്തിന്റെ മഴ’ എന്നതാണ് നിർമിതിയുടെ ആശയംതന്നെ. ഉള്ളിൽ പരക്കുന്ന ആ വെളിച്ചം സമ്മാനിക്കുന്ന ധന്യമായ അന്തരീക്ഷത്തിലാണ് നാം ലൂവ്രിലെ ലോക ക്ലാസിക്കുകൾ ആസ്വദിക്കുക.

ചരിത്രപുസ്തകങ്ങളിൽ വായിച്ചറിഞ്ഞ പ്രപഞ്ച നാഗരികതകളിലെ 620 അനശ്വര സൃഷ്ടികളാണ് ലൂവ്ര് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഇതിൽ പലതും പാരീസിലേതിൽ നിന്നടക്കമുള്ള മ്യൂസിയങ്ങളിൽനിന്ന് വായ്പാവ്യവസ്ഥയിൽ എത്തിച്ചിട്ടുള്ള മൗലിക സൃഷ്ടികളാണ്. ഇറ്റലിയിലെ നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായ ലിയനാർഡോ ഡാ വിഞ്ചി വരച്ച ലാ ബെല്ലാ ഫെറോണിറിയടക്കമുള്ള ലോകപ്രശസ്ത ചിത്രങ്ങൾ ഇതിലുൾപ്പെടും. വെളുത്ത പശ്ചാത്തലമെന്ന പരമ്പാരാഗത ശൈലി മറികടന്നുകൊണ്ട് പശ്ചാത്തലം കറുപ്പിൽ പടർത്തിയ ഈ സൃഷ്ടി ചിത്രരചനയിലെ വിപ്ലവമായാണ് വിലയിരുത്തപ്പെടുന്നത്. എന്തുകൊണ്ട് ലൂവ്ര് അബുദാബി എന്ന ചോദ്യത്തിന് പതിന്നാലാം നൂറ്റാണ്ടിൽ വരച്ച ഈ ചിത്രം മാത്രം മതി ഉത്തരമായി.

അമൂല്യമായ ചിത്രങ്ങൾ
സമകാലികരുടെയും മറ്റ് നൂറ്റാണ്ടുകളിലെയും പ്രതിഭകളുടെ വിരൽസ്പർശമേറ്റ 215 ചിത്രരചനകൾ ലൂവ്രിലുണ്ട്. ഇതിൽ വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ചിത്രമടക്കം ഉൾപ്പെടും. പുരാതന ഈജിപ്ഷ്യൻ ശില്പങ്ങൾ, ഗ്രീക്ക് മാർബിൾ ശില്പങ്ങൾ, റോമൻ സാമ്രാജ്യത്തിലെ ശില്പങ്ങൾ, ചരിത്രപാഠപുസ്തകത്തിൽ എന്നോ വായിച്ച് പോയ മെസപ്പൊട്ടോമിയൻ കലഘട്ടത്തിലെ രൂപങ്ങളും സ്തൂപങ്ങളുമടങ്ങുന്ന നിർമിതികൾ എന്നിവ ലൂവ്രിലൂടെയുള്ള നടത്തം സ്വപ്നസമാനമായ അനുഭവത്തിലേക്കെത്തിക്കുന്നു.

മാർബിൾ ശില്പങ്ങളിലെ ക്ളാസിക്കുകളായി നാം ചിത്രങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും അറിഞ്ഞ പലതും നക്ഷത്രപാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ ലൂവ്രിലെത്തുന്ന ലോകസന്ദർശകരെ സ്വാഗതം ചെയ്യുന്നു. ഓരോ ചിത്രങ്ങളും ശില്പങ്ങളും സൃഷ്ടികളും പങ്കുവെക്കുന്ന കഥകളുണ്ട്. കാലത്തിന്റെയും സംസ്കാരത്തിന്റെയും നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും സാമ്രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും മതങ്ങളുടയും പ്രണയങ്ങളുടെയും കഥ. സമൂഹത്തോട് കലഹിച്ച് കല വഴികാട്ടിയായ കാലഘട്ടത്തിന്റെ കഥ. 97,000 ചതുരശ്ര മീറ്റർ വലിപ്പമുള്ള മ്യൂസിയം മുഴുവനും ഒരായിരം കഥകളാണ് സന്ദർശകർക്കായി ഒരുക്കിവച്ചിരിക്കുന്നത്. ഇതിൽ 6400 ചതുരശ്ര മീറ്ററോളം സ്ഥലം മ്യൂസിയത്തിലെ സ്ഥിരം സൃഷ്ടികളുടെ മാത്രം പ്രദർശനത്തിന് മാറ്റി നൽകി. 2000 ചതുരശ്ര മീറ്റർ സ്ഥലം പ്രത്യേക പരിപാടികൾക്കും ഉപയോഗിക്കും.

ഗ്യാലറികൾ ആകർഷകം
ലൂവ്രിലെ ഗ്യാലറികളാണ് മറ്റൊരു പ്രത്യേകത. സമാനതകളില്ലാത്തവിധം ഒരു വിദ്യാർഥിക്ക് അറിവുകൾപകർന്ന് നൽകുന്ന സർവകലാശാലയോളം വിശാലമായ കാഴ്ചപ്പാടോടുകൂടി നിർമിച്ചത്. കാലഘട്ടങ്ങളെ വ്യക്തമായി അടയാളപ്പെടുത്തി കലയും രാഷ്ട്രീയവും മനുഷ്യനും എത്രമാത്രം ഇഴചേർന്ന് കിടന്നിരുന്നുവെന്ന് വ്യക്തമാക്കും വിധമാണവ. ആദിമഗ്രാമങ്ങളും ലോകശക്തികളും എന്നതാണ് ആദ്യ ഗ്യാലറിയുടെ പേര്. ശിലായുഗം മുതലുള്ള കലാസങ്കേതങ്ങൾ ഇവിടെ വിവരിക്കപ്പെടുന്നു. തുടർന്നിങ്ങോട്ട് സംസ്കാരവും സാമ്രാജ്യങ്ങളും ലോക മതങ്ങൾ, ഏഷ്യൻ വാണിജ്യ രംഗം, മെഡിറ്ററേനിയൻ മുതൽ അറ്റ്‌ലാന്റിക് വരെ, പ്രപഞ്ചവിവരണം, ലോക ദർശനങ്ങൾ, കോടതികളുടെ മഹിമ, ഒരു പുതിയ ജീവിതവീക്ഷണം, ഒരു പുതിയ ലോകം, ആധുനികതയുടെ വെല്ലുവിളികൾ, സാർവലൗകിക അവസ്ഥ എന്നീ ആശയങ്ങൾ ഓരോ ഗ്യാലറികളിലും പങ്കുവെക്കപ്പെടുന്നു. മാനവികതയുടെ സർവകലാശാലയെന്ന വിശേഷണം ഏറ്റവുമിണങ്ങുംവിധമാണ് ലൂവ്രിന്റെ പ്രവർത്തനം. കുരുന്നുകൾക്കായി ഒരു കുട്ടി മ്യൂസിയവും ലൂവ്രിനുള്ളലെ വിസ്മയങ്ങളിൽ ഒന്നാണ്.

ടിക്കറ്റ് നിരക്ക് 60 ദിർഹം
ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ പത്ത് മണി മുതൽ എട്ട് മണിവരെയും വ്യാഴം, വെള്ളി ദിനങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയുമാണ് മ്യൂസിയം പ്രവർത്തിക്കുക. തിങ്കളാഴ്ച അവധിയായിരിക്കും. മുതിർന്നവർക്ക് 60 ദിർഹവും 13-നും 22-നുമിടയിൽ പ്രായമുള്ളവർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും 30 ദിർഹവുമാണ് പ്രവേശന ഫീസ് നിരക്ക്.