# ടി.പി. അനൂപ്

അബുദാബി ഇന്ത്യൻ  ഇസ്‌ലാമിക് സെന്റർ സ്ഥാപിതമായതു തൊട്ടിന്നോളം സെന്ററെന്നാൽ ആർക്കും മനസ്സിൽ ഓടിയെത്തുന്നത് ബാവാഹാജിയെന്ന പേരാണ്. ഒരു ഔദ്യോഗികസംഘടനയുടെ ഭാരവാഹിത്വം ഏറ്റവുംകൂടുതൽ തവണ വഹിക്കുകയെന്ന എളുപ്പമല്ലാത്ത കാര്യം ബാവാഹാജിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ലളിതമായ ഒന്നാണ്. ഇരുപതോളംതവണ ഇന്ത്യൻ  ഇസ്‌ലാമിക് സെന്ററെന്ന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായും ഏകദേശം അത്രതന്നെ  വർഷം ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് മലപ്പുറം ആലങ്കോട് പഞ്ചായത്തിലെ കക്കിടിപ്പുറത്തുനിന്ന് 49 വർഷം മുമ്പ് യു.എ.ഇ.യിൽ കപ്പലിറങ്ങിയ പി. ബാവാഹാജി. അതിനൊരു  കാരണവുമുണ്ട്. ബാവാഹാജിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘‘എന്റെ വീടുതന്നെയാണ് ഇസ്‌ലാമിക് സെന്റർ, ജോലിസമയം  കഴിഞ്ഞാൽ ഞാൻ കൂടുതലും ചെലവഴിച്ചിട്ടുണ്ടാവുക സെന്ററിൽത്തന്നെയാണ്. എന്നെ കാണാൻ വരുന്നവരും ഞാൻ കാണുന്നവരുമെല്ലാം ഇവിടെയാണ് എത്താറുള്ളത്

ചരിത്രം

 മലയാളികളുടെ ഗൾഫ് കുടിയേറ്റക്കാലം തൊട്ടുള്ള യു.എ.ഇ.യുടെയും മലയാളികളുടെ സംഘടനാ പ്രവർത്തനങ്ങളുടെയും ചരിത്രം കൂടിയാണ് ബാവാഹാജിയുടെ കഥ. സഹോദരൻ അയച്ചുകൊടുത്ത വിസയുമായി 1968 ജൂലായ് 29-ന് ആണ് മുംബൈയിൽനിന്ന് ഏഴുദിവസത്തെ യാത്രയ്ക്കൊടുവിൽ സിർദാന എന്ന കപ്പലിൽ അദ്ദേഹം ദുബായ് തീരത്ത് വന്നിറങ്ങുന്നത്. തുടർന്ന് സ്വന്തം വഴി വെട്ടിയുണ്ടാക്കി നീങ്ങിയ ജീപ്പുകളിലൊന്നിൽ കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ അബുദാബിയിലേക്ക് അഞ്ചുമണിക്കൂറിലധികം നീണ്ട യാത്ര. നഗരാസൂത്രണ വകുപ്പിൽ കൺസൾട്ടന്റായി ജോലി ലഭിക്കാൻ നാട്ടിലെ തൊഴിലനുഭവം  സഹായകമായി. അങ്ങനെ  ചെറിയ ചെറിയ ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളുമല്ലാതെ കാര്യമായി മറ്റൊന്നുമില്ലാത്ത അബുദാബി നഗരത്തിൽ ജീവിതം ആരംഭിച്ചു.

‘തൊഴിൽ സമയങ്ങൾക്കുശേഷം മറ്റൊന്നും കാര്യമായി ചെയ്യാനില്ലാത്ത സാമൂഹികാന്തരീക്ഷമാണ് അന്നിവിടെ. പ്രവാസികൾക്കാണെങ്കിൽ ആഴ്ചകൾ വൈകിയെത്തുന്ന പത്രങ്ങളും കാസറ്റുകൾ സംഘടിപ്പിച്ച് വാരാന്ത്യങ്ങളിൽ കാണുന്ന മലയാള സിനിമയും തന്നെ ആകെയുള്ള ആനന്ദങ്ങൾ. ചെറുഹോട്ടലുകളെങ്കിലും  മെസ്സെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ‘ആനന്ദന്റെയും മാമാന്റെയും മെസ്സുകളിൽ’ എത്തി ഭക്ഷണം കഴിക്കുക. നാട്ടുവിശേഷങ്ങൾ പങ്കുവെക്കുക. ഇത്രയൊക്കെ തന്നെയാണ് സാധാരണപ്രവാസികളുടെ ജീവിതം. ബാങ്കുകളും എണ്ണക്കമ്പനികളും പോലുള്ള സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് ഒത്തുകൂടാനായി ഇന്നത്തെ ഇന്ത്യാ സോഷ്യൽ സെന്ററിന്റെ ആദ്യരൂപമായ യൂണിറ്റി ക്ലബ്ബ് അന്നുണ്ട്. എന്നാൽ, ഏറ്റവും സാധാരണക്കാരായ പ്രവാസികളുടെ ഒത്തുകൂടൽ ചെറിയ മെസ്സുകളിലൊക്കെത്തന്നെ -ബാവാഹാജി ആ ദിവസങ്ങൾ ഓർക്കുന്നു.

മലയാളിസമാജം
 ഈ സാഹചര്യത്തിലാണ് 1970- ൽ മലയാളി സമാജം എന്ന പ്രസ്ഥാനത്തിന് ചിറക് മുളയ്ക്കുന്നത്. പത്രവായനയ്ക്ക് ഒത്തുകൂടൽ, വലിയ പ്രോജക്ടറിൽ ഇന്ത്യൻ സിനിമയിട്ട് ഒരുമിച്ചുകാണൽ എന്നിവയെല്ലാമാണ് അന്നത്തെ സമാജത്തിലെ പ്രധാന പരിപാടികൾ. എങ്കിലും നാടും വീടും വിട്ടുവന്ന  പ്രവാസികൾക്ക് അത് വലിയ ആശ്വാസമായിരുന്നു. സമാജം സ്ഥാപക അംഗങ്ങളിൽ ഒരാളും സജീവപ്രവർത്തകനുമായി ബാവാഹാജി. തന്റെ സംഘടനാപ്രവർത്തനങ്ങൾക്ക്  തുടക്കമാവുന്നത് സമാജത്തിലൂടെയാണെന്ന് ബാവാഹാജി ഓർക്കുന്നു. വ്യത്യസ്ത ചിന്താഗതിക്കാരായവരുടെ ഒത്തുചേരലായിരുന്നു സംഘടനാസംവിധാനത്തിൽ  ആദ്യമുണ്ടായിരുന്നത്. ആശയ വൈജാത്യങ്ങളുടെ ആരോഗ്യകരമായ പുനഃക്രമീകരണമെന്ന നിലയിൽ 1972-ൽ  കേരളാ സോഷ്യൽ സെന്ററെന്ന പ്രസ്ഥാനത്തിന് തുടക്കംകുറിക്കപ്പെട്ടു. സെന്ററിന്റെ തുടക്കംമുതൽ  ബാവാഹാജിയുടെ സാന്നിധ്യമുണ്ട്.

1970-കളിൽതന്നെ ഇസ്‌ലാമിക് സെന്റർ എന്ന ചിന്തയ്ക്ക് തുടക്കമായിരുന്നു. മതപരമായും സാംസ്കാരികമായും ഒരു ഒത്തുചേരൽ എന്ന ആശയമായിരുന്നു അതിന് പിറകിൽ. കേരളാ മുസ്‌ലിം ജമാ അത്ത് എന്നായിരുന്നു സംഘടനയ്ക്ക് ആദ്യം നിർദേശിക്കപ്പെട്ട പേരെങ്കിലും സാമൂഹികകാര്യ വകുപ്പിന്റെ രജിസ്‌ട്രേഷനും മറ്റുമായി ബന്ധപ്പെട്ടത് അത് ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എന്ന തരത്തിലാക്കി. 1973-ൽ  ആയിരുന്നു ഐ.ഐ.സി. രജിസ്‌ട്രേഷൻ. തച്ചിറക്കൽ ഇബ്രാഹിം ഹാജി, അബ്ദുസലാം മൗലവി, മണയത്ത് അബ്ദുൽ ഖാദർ ഹാജി, വി.ടി. ബീരാവു, സെയ്ദ് മുഹമ്മദ് ഹാജി, പി. ബാവാഹാജി എന്നിവരാണ് ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിന് ചുക്കാൻപിടിച്ചത്. തുടർന്ന് അബ്ദുസലാം മൗലവി പ്രസിഡന്റും മണയത്ത് അബ്ദുൽ ഖാദർ ഹാജി ജനറൽ സെക്രട്ടറിയും തച്ചിറക്കൽ ഇബ്രാഹിം ഹാജി ഖജാൻജിയും ബാവഹാജി വൈസ് പ്രസിഡന്റുമായി 73-ൽ  ആദ്യ കമ്മിറ്റി നിലവിൽവന്നു. അബുദാബി മദീനത് സായിദിലെ ചെറിയ കെട്ടിടത്തിലാണ് ഇസ്‌ലാമിക് സെന്റർ കാര്യാലയം ആരംഭിച്ചത്. യുവതലമുറയെ നേർവഴിക്ക് നടത്തുക, അതിനാവശ്യമായ മാർഗനിർദേശങ്ങൾ  നൽകുക എന്നിവയായിരുന്നു സെന്ററിന്റെ പ്രാഥമിക അജൻഡകൾ. ഇതിനായി ക്ളാസുകൾ, ശിൽപ്പശാലകൾ, ഉദ്‌ബോധന പ്രഭാഷണങ്ങൾ എന്നിവയെല്ലാം സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു.

അന്ന് യു.എ.ഇ.യിൽ ഇന്ത്യൻ എംബസി സ്ഥാപിതമായിട്ടില്ല. മസ്കറ്റിലെ  ഇന്ത്യൻ എംബസിയെയാണ് യു.എ.ഇയിലെ പ്രവാസികൾ ഔദ്യോഗികാവശ്യങ്ങൾക്ക് ആശ്രയിക്കേണ്ടിവന്നിരുന്നത്. അതുകൊണ്ടുതന്നെ പ്രവാസിസംഘടനകൾക്ക് ഏറെ ഉത്തരവാദിത്വം വഹിക്കാനുണ്ടായിരുന്നു അക്കാലത്ത്. ഒരു സംഘടനയെന്ന നിലയിൽ ഏറെ അംഗീകരിക്കപ്പെടുന്നത് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് 1975-ൽ യു.എ.ഇ. സന്ദർശിച്ചപ്പോഴും എംബസി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമികാവശ്യങ്ങൾക്ക് വിദേശകാര്യ മന്ത്രി വൈ.ബി. ചൗഹാൻ അതേവർഷം യു.എ.ഇ. സന്ദർശിച്ചപ്പോഴും സംഘാടകനായി പ്രവർത്തിക്കാനായതോടെയാണ്.

യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1979-ൽ ഇസ്‌ലാമിക് സെന്ററിന് ഇന്നത്തെ കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലം നൽകുകയുണ്ടായി. സെന്റർ മുഖ്യ രക്ഷാധികാരിയായ എം.എ. യൂസഫലിയുടെ ഇടപെടലും സ്വന്തം സ്ഥലമെന്ന ലക്ഷ്യമെളുപ്പമാക്കുന്നതിൽ നിർണായകമായി. 1981-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരിത്രപരമായ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ചാണ് ഇസ്‌ലാമിക് സെന്ററിന്റെ ഇന്നത്തെ കാര്യാലയത്തിന്റെ തറക്കല്ലിടുന്നത്. ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നത്തെ ഇസ്‌ലാമിക് സെന്ററിന് മുന്നിലൂടെയുള്ള വലിയ റോഡുകളുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത് -ബാവാഹാജി ഓർക്കുന്നു. തറക്കല്ലിടുന്നത് 1981-ൽ ആണെങ്കിലും പലകാരണങ്ങളാൽ  കെട്ടിടനിർമാണം ആരംഭിക്കാൻ വീണ്ടും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 2007-ൽ  ആണ് സെന്റർ കാര്യാലയത്തിന്റെ നിർമാണം ആരംഭിക്കുന്നത്. 2010-ൽ പൂർത്തിയായ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പട്ടേലായിരുന്നു. ഇന്ത്യൻ ഭരണാധികാരികളുടെ യു.എ.ഇ. സന്ദർശനവേളയിലെല്ലാം സെന്ററിനെ പ്രതിനിധാനംചെയ്ത് ബാവാഹാജി തന്നെയായിരുന്നു മുൻനിരയിലുണ്ടായിരുന്നത്. തുടർന്നിങ്ങോട്ട് നിരവധി ദേശീയനേതാക്കളും  മതപണ്ഡിതരുമെല്ലാം സെന്ററിന്റെ അതിഥികളായി.

അൽ നൂർ ഇന്ത്യൻ ഇസ്‌ലാമിക് സ്കൂളിന്റെ തുടക്കം
പുനരധിവാസവും ആരോഗ്യവും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം തന്നെയായിരുന്നു എക്കാലത്തെയും പ്രവാസികളുടെ പ്രധാന പ്രശ്നങ്ങളിൽ ചിലത്. ഇതിന്റെ വെളിച്ചത്തിൽ ശരാശരിക്കാരായ പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് വെളിച്ചം വീശാനാണ് സെന്ററിന്റെ കീഴിൽ അൽ നൂർ ഇന്ത്യൻ ഇസ്‌ലാമിക് സ്കൂളിന് തുടക്കംകുറിക്കുന്നത്. ഒന്നാംതരം മുതൽ പത്താംതരം വരെയുള്ള കുട്ടികൾക്കായി കുറഞ്ഞ ഫീസ് നിരക്കിൽ 28 വർഷക്കാലം സ്കൂൾ അബുദാബിയിൽ പ്രവർത്തിച്ചു. മൂന്നുവർഷം മുൻപ് നഗരപരിധിക്കുള്ളിലെ വില്ലാ സ്കൂളുകളുടെ പ്രവർത്തനം റദ്ദ് ചെയ്തതോടെയാണ് സ്കൂളിന്റെ പ്രവർത്തനം തത്‌കാലം നിലച്ചത്. ഏകദേശം കാൽലക്ഷത്തിലധികം കുട്ടികൾ ഇവിടെനിന്ന്  പഠിച്ചിറങ്ങിയിട്ടുണ്ട്. ജോലികിട്ടി പെട്ടെന്ന് യു.എ.ഇ.യിലേക്ക് വരേണ്ടിവന്നവർക്കായി ഭാരതീയാർ യൂണിവേഴ്‌സിറ്റിയടക്കമുള്ള സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പദ്ധതികൾ സെന്റർ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. പത്താംതരം തുല്യതാ പരീക്ഷയും നടത്തിവന്നിരുന്നു. പാലക്കാട് സിവിൽ അക്കാദമിയുമായി ബന്ധപ്പെട്ട് ഐ.എ.എസ്, ഐ.പി.എസ്. പരിശീലനവും സെന്റർ നടപ്പാക്കിയിരുന്നു. ഇതിനെല്ലാം പിറകിലെ സാന്നിധ്യമായി നിലകൊള്ളുന്ന ബാവാഹാജി അൽ നൂറിനുപുറമേ അബുദാബി ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ ഇസ്‌ലാഹി സ്കൂൾ എന്നിവയുടെ സ്ഥാപകാംഗം കൂടിയാണ്. മുസഫയിൽ സെന്ററിന്റെ കീഴിൽ ഒരു നഴ്‌സറി സ്കൂൾ ആരംഭിക്കാനുള്ള പദ്ധതിയും നടന്നുവരികയാണെന്ന് ബാവാഹാജി പറയുന്നു.

 യു.എ.ഇ. എങ്കിലും യു.എ.ഇയിലേക്ക് വരാൻ തയ്യാറാവുന്ന യുവാക്കൾ നാട്ടിൽനിന്നുതന്നെ ഏതെങ്കിലും തൊഴിലിൽ പരിശീലനം നേടണമെന്ന് ബാവാഹാജി പറയുന്നു. അല്ലെങ്കിൽ എന്തുജോലിയും ചെയ്യാനുള്ള മനസ്സോടെയാവണം വിമാനം കയറേണ്ടത്.

 ഇന്ത്യൻ സ്വാതന്ത്ര്യദിനവും യു.എ.ഇ. ദേശീയദിനവുമടക്കം എല്ലാ ആഘോഷങ്ങളും ഇസ്‌ലാമിക് സെന്ററിൽ സമുചിതമായി കൊണ്ടാടുന്നു. നാട്ടിലും ഇവിടെയുമായി സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് സെന്റർ ചുക്കാൻ പിടിക്കുന്നു. ബാവാഹാജിയുടെ അനുഭവസമ്പത്തും സംഘടനാപാടവവുമാണ് ഇതിന്റെയെല്ലാം ആണിക്കല്ല്. ഇതിനെല്ലാമുള്ള അംഗീകാരമെന്നോണം 2013-ൽ കൊച്ചിയിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ ബാവാഹാജിക്ക് സമൂഹസേവനത്തിനുള്ള പ്രവാസി ഭാരതീയ സമ്മാൻ നൽകി  ആദരിക്കുമായുണ്ടായി. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്നാണ് ബാവാഹാജി പുരസ്കാരമേറ്റുവാങ്ങിയത്.

 അബുദാബിയിൽ ഒരു കോൺട്രാക്ടിങ് സ്ഥാപനം നടത്തുന്ന ബാവാഹാജിയുടെ ഭാര്യ ഖദീജയാണ്. റസിയ റഫീഖ്, അഷ്‌റഫ്, ഡോ. ഐഷ അഷ്‌റഫ്, ഡോ. അസ്മ എന്നിവർ മക്കൾ.
രാവിലെ അഞ്ചുമണിക്ക്‌ ഉണർന്ന് നടത്തത്തിനും പ്രാർഥനകൾക്കും മറ്റുകാര്യങ്ങൾക്കും ശേഷം സ്ഥാപനത്തിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുപോയി വന്നശേഷം വൈകുന്നേരത്തോടെ ഇസ്‌ലാമിക് സെന്ററിലെത്തുന്ന ബാവാഹാജി രാത്രി പത്ത് -പതിനൊന്ന് മണിവരെ സംഘടനാ കാര്യങ്ങളുമായി തിരക്കിലായിരിക്കും. ഗൾഫ് കുടിയേറ്റം ആരംഭിച്ച് അൻപതുവർഷത്തോളമായി. ഇന്നും മലയാളി യുവാക്കളുടെ സ്വപ്നഭൂമിയായി ഗൾഫ് തുടരുന്നുണ്ടെങ്കിലും ഇവിടത്തെ തൊഴിൽ സാഹചര്യങ്ങൾ അത്ര ശോഭനമല്ലെന്ന അഭിപ്രായത്തിലാണ് അദ്ദേഹം.  ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിലെ പുതിയ തലമുറയാണ് ഗൾഫിലെ തൊഴിൽ സാഹചര്യങ്ങൾ ഇന്ന് കൂടുതലും കൈയടക്കുന്നത്. കഠിനാധ്വാനവും അർപ്പണബോധവുമുണ്ടെങ്കിലേ ഈ മത്സരത്തിൽ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയൂ -അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.