വ്രതാനുഷ്ഠാനം ആത്മപീഢയല്ല, മറിച്ച് ആത്മസംസ്‌കരണമാണ്. മനസ്സിനേയും ആത്മാവിനേയും ശരീരത്തെയും സംസ്‌കരിച്ചെടുക്കുന്ന പ്രക്രിയ. റംസാനിതര മാസങ്ങളിൽ ഭൗതീകതയിലും തന്റേതായ ലോകത്തും അഭിരമിക്കുന്ന മനുഷ്യന് ഭൂതദയയിലേക്കും പരജീവി കാരുണ്യത്തിലേക്കും പ്രവേശിക്കാനുള്ള ഒരു കവാടം- അതാണ് വിശുദ്ധ റംസാൻ.

   തീർച്ചയായും മനുഷ്യൻ ചുറ്റുപാടുകളാൽ ആകർഷിക്കപ്പെടുന്നവനാണ്. നൈമിഷികമായ സുഖലോലുപത അവനെ സദാ ആകർഷിച്ചു കൊണ്ടിരിക്കുന്നു. ഈ സുഖലോലുപതയിൽ മുങ്ങി മലീമസമായിക്കൊണ്ടിരിക്കുന്ന ആത്മാവിനെ മാലിന്യമുക്തവും സംസ്‌കൃതചിത്തവുമാക്കി മാറ്റുക എന്ന പ്രക്രിയയാണ് വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നത്.

മനുഷ്യന് മാത്രമല്ല മനുഷ്യേതര ജീവജാലങ്ങൾക്കും പ്രാഥമികമായ ഒരു അവശ്യ ഘടകമാണ് ഭക്ഷണം. ജീവന്റെ നിലനിൽപിന് വായു അത്യാവശ്യമെന്നത് പോലെ ജീവന്റെ പരിപോഷണത്തിന് ഭക്ഷണം അത്യന്താപേക്ഷിതമാണ്.എന്നാൽ വായു സർവ്വ ജീവികൾക്കും പ്രാപ്യമാണെന്നിരിക്കെ , ഭക്ഷണം അവൻ തേടി കണ്ടെത്തേണ്ടിയിരിക്കുന്നു. തേടി കണ്ടെത്തലുകൾ മനുഷ്യന്റെ ശക്തിക്കും ബുദ്ധിക്കും അടിസ്ഥാനപ്പെടുത്തിയതിനാൽ തന്നെ ,അതിന്റെ ലഭ്യതയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു. ശക്തിയും ബുദ്ധിയും ഉപയോഗിച്ച് മനുഷ്യൻ മറ്റ് ജീവജാലങ്ങൾക്ക് വിരുദ്ധമായി ,കൂടുതൽ ശേഖരിച്ച് വെക്കാനും അങ്ങനെ സമ്പാദ്യശീലം രൂപപ്പെടാനും തുടങ്ങി.

 എന്നാൽ മറ്റ് ചിലർക്ക് ആരോഗ്യപരവും ബൗദ്ധികപരവുമായ ന്യൂനതകൾ കാരണവും സാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥ കാരണവും , ശേഖരിച്ച് വെക്കാനോ ചിലയവസരങ്ങളിൽ വിശപ്പടക്കാൻ പോലും അന്നം കണ്ടെത്തുക അസാധ്യമായിത്തീർന്നു. അഥവാ ഭൂമിയിൽ എല്ലാവർക്കുമായി ദൈവം വിതാനിച്ച ഭക്ഷ്യോത്പന്നങ്ങൾ ചിലർ കൈയടക്കിവെക്കുകയും തദ്വാരാ ഭൂമിയിലെ ഭക്ഷ്യവിതരണം താളം തെറ്റുകയും ചെയ്തു. തന്മൂലം ഭൂമിയിൽ ചിലർ പട്ടിണിക്കാരാവുകയും മറ്റ് ചിലർ വൈവിധ്യമാർന്ന വിഭവങ്ങളാൽ മൃഷ്ടാന്നഭോജനപ്രിയരാവുകയും ചെയ്തു. ദരിദ്രന്റെ വേദന അറിയണമെങ്കിൽ,അവന്റെ വിശപ്പ് അറിയണമെങ്കിൽ, വിശപ്പ് തനിക്ക് കൂടി അനുഭവേദ്യമാക്കണം. അതിനുള്ള മാധ്യമമാണ് വ്രതം.

  ലോകത്തുള്ള എല്ലാ സംസ്‌കാരങ്ങളിലും സർവ്വ മതങ്ങളിലും വ്രതാനുഷ്ഠാനം ഉണ്ട് എന്നത് പോലെ തന്നെ ഇസ്ലാം മതത്തിലും വ്രതാനുഷ്ഠാനം ഉണ്ട്. എന്നാൽ പ്രഭാതം മുതൽ പ്രദോഷം വരെ , ഖര, ദ്രാവക രൂപത്തിലുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും തന്റെ കുടലിൽ എത്തുന്നത് തടഞ്ഞ് കൊണ്ടുള്ള വ്രതം ഇസ്ലാമിന്റെ സംഭാവനയാണ്. ചിന്തകൾക്കും വാക്കുകൾക്കും കാഴ്ചയ്ക്കും കേൾവിക്കും നിയന്ത്രണമേർപ്പെടുത്തുന്ന ഒരേ ഒരു വ്രതാനുഷ്ഠാനം അറബിക് കലണ്ടറിലെ റംസാൻ മാസത്തിലേതാണ്. ശുദ്ധമായ വാക്കുകൾ മാത്രമേ ഉച്ചരിക്കാവൂ, ശുദ്ധമായ ശബ്ദവീചികൾ മാത്രമേ തന്റെ കർണ്ണപുടങ്ങളിൽ എത്തിച്ചേരാവൂ , മനസ്സിനെ മലീമസമാക്കുന്ന കാഴ്ചകളിൽ നിന്നൊക്കെയും വിട്ടു നിൽക്കുക, ദുഷ്‌ചെയ്തികൾക്ക് പ്രേരണയാകുന്ന ചിന്തകളൊക്കെയും ദുരീകരിക്കുക - ഇവയൊക്കെയും റംസാൻ വ്രതാനുഷ്ഠാനത്തിന്റെ നിബന്ധനകളിൽ ചിലതാണ്. അന്യനെ വേദനിപ്പിക്കാതിരിക്കുക, പരദൂഷണങ്ങൾ നിർബ്ബന്ധമായും ഒഴിവാക്കുക , അപരന് ഇഷ്ടമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക, കാമ കോപ ചേഷ്ഠകളിൽ നിന്നും മുക്തരായിരിക്കുക എന്നിവയൊക്കെയും റംസാൻ വ്രതാനുഷ്ഠാന വേളയിൽ നിർബ്ബന്ധമായും പാലിക്കേണ്ടവയാണ്. അല്ലാത്ത പക്ഷം വ്രതം ദൈവത്തിങ്കൽ അസ്വീകാര്യമാവുകയും അതിന്റെ പുണ്യം നഷ്ടപ്പെടുകയും ചെയ്യും എന്നതാണ് ദൈവവിധി. ഇത്യാദി കാരണങ്ങൾ കൊണ്ട് തന്നെ റംസാൻ വ്രതം കേവലം അന്ന പാനീയ വർജ്ജനമല്ല , മറിച്ച് അത് ചെവിയുടെ,കണ്ണിന്റെ, നാവിന്റെ, കുടലിന്റെ, മനസ്സിന്റെ വ്രതമാണ്. സർവ്വോപരി ആത്മാവിനേയും ശരീരത്തെ മുഴുവനായും സംസ്‌കരിച്ചെടുക്കുന്ന വ്രതമാണ്.

     അറബിക് കലണ്ടറിലെ പന്ത്രണ്ട് മാസങ്ങളിൽ പുണ്യമാസമായി കരുതപ്പെടുന്ന റംസാൻ ഒന്ന് മുതൽ മുപ്പത് വരെയുള്ള നാളുകളിൽ അനുഷ്ഠിച്ച വ്രതത്തിന്റെ ഫലമായി കൈവരിച്ച ആത്മവിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ ഇസ്ലാം അനുശാസിക്കുന്നുമുണ്ട്. ജീവിതത്തിലുടനീളം വിശുദ്ധി കാത്ത് സൂക്ഷിക്കാനുള്ള നിർബന്ധ പരിശീലനമായാണ് ഓരോ വിശ്വാസിയും റംസാൻ വ്രതത്തെ പരിഗണിക്കേണ്ടത്.

   ആരാധന അധികരിപ്പിക്കുക എന്നത് റംസാനിൽ അധിക പുണ്യലബ്ധിക്ക് ഇടയാക്കുന്നു. ധർമ്മം ഒരു ആരാധനയാണ്. ധനം കൊണ്ട് ധർമ്മം ചെയ്യൽ ഓരോ മുസ്ലിമിന്റേയും കടമയാണ്. ഒരു മുസ്ലിം നിർബ്ബന്ധമായും ചെയ്തിരിക്കേണ്ട പ്രഥമ പഞ്ചകർമ്മങ്ങളിൽ നാലമത്തേത് ധർമ്മം ചെയ്യലാണ്. ധർമ്മം അധികരിപ്പിക്കുന്നു എന്നതും റംസാന്റെ സവിശേഷതയാണ്. സദാ മറ്റുള്ളവനിലേക്ക് ഇറങ്ങിച്ചെല്ലാനും കാരുണ്യത്തിന്റെ ചെയ്തികൾ മറ്റ് മനുഷ്യരിലേക്കും വ്യാപിപ്പിക്കാനും റംസാൻ വ്രതം പ്രേരിപ്പിക്കുന്നു. കാരുണ്യത്തിന്റെ കരസ്പർശവും കാരുണ്യത്തിന്റെ വെളിച്ചവും പകരുന്നതാണ് റംസാൻ എന്നത് ഈ പുണ്യമാസത്തിന്റെ സവിശേഷതയാണ്.  റംസാനിൽ ആത്മീയ വിശുദ്ധി കൈവരിക്കാൻ എല്ലാ വിശ്വാസികൾക്കും കഴിയട്ടെ.


ഒളിമങ്ങാത്ത ഓർമകൾ...

44 വർഷത്തെ പ്രവാസജീവിതത്തിന്റെ ഓർമകളുണ്ട് ഇ.പി. മൂസഹാജിയുടെ മനസ്സിൽ. ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങി വലിയൊരു വാണിജ്യ വ്യവസായ അധിപനായി ജീവിതം നയിക്കുമ്പോഴും വ്രതശുദ്ധിയും ആത്മശുദ്ധിയുമായി കർമനിരതനാണ് അദ്ദേഹം. യു.എ.ഇ. ആധുനികതയിലേക്ക് പ്രയാണം തുടങ്ങുമ്പോൾ ഉറച്ച കാൽവെപ്പോടെ മൂസ ഹാജി ഈ മണ്ണിലുണ്ട്. സാഹസികമായ ആ കാലത്തെ നോമ്പിനെ മൂസഹാജി ഓർത്തെടുക്കുന്നു.
      പതിനെട്ടാമത്തെ വയസ്സിലാണ് ഗൾഫിലെത്തിയത്. അക്കാലത്ത് ആവശ്യത്തിന് വെള്ളമോ വൈദ്യുതിയോ എ.സി.യുടെ തണുപ്പോ ഉണ്ടായിരുന്നില്ല. ഇതൊന്നുമില്ലാത്ത ആ ദുരിതകാലത്ത് വല്ലാത്തൊരു വൈകാരികബന്ധം എല്ലാവരുമായും ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ വിഭവ സമൃദ്ധമായ ഇഫ്താർ സംഗമങ്ങൾ അന്നുണ്ടായിരുന്നില്ല. വിശന്നുവലഞ്ഞ വയറിലേക്ക് ലഘുപാനീയങ്ങളും കാരക്കയും ഖുബ്ബൂസും കഴിച്ചാണ് നോമ്പ് തുറന്നിരുന്നത്. കൂട്ടത്തിൽ ജോലിയില്ലാത്തവരുണ്ട്, അന്യമതസ്ഥരുണ്ട്, പാവപ്പെട്ട തൊഴിലാളികളുമുണ്ട്. എങ്കിലും ഉള്ളതുകൊണ്ട് എല്ലാവരും ആത്മനിർവൃതിയോടെ നോമ്പുതുറക്കും. സൗകര്യങ്ങളും ആധുനികസംവിധാനങ്ങളും ഇല്ലാത്തതുകൊണ്ട് കഠിനമായിരുന്നു അന്നത്തെ നോമ്പുകാലം. തീഷ്ണമായ കാലാവസ്ഥയിലാണ് പലരും ജോലിചെയ്തിരുന്നത്. ക്ഷീണവും വിശപ്പും ദാഹവും കൂടുതലാണെങ്കിലും ആത്മസാക്ഷാത്കാരത്തിന്റെ ഉത്തമ മാതൃകകളായി എല്ലാവരും ജീവിച്ചു. എ.സി.യുടെ തണുപ്പില്ലാത്ത മുറികളിലും ഹാളിലുമായി എല്ലാവരും കഴിഞ്ഞു. സത്യം പറഞ്ഞാൽ അന്നത്തെ കഠിനാധ്വാനമാണ് ജീവിതത്തിന് വലിയ അർഥമുണ്ടാക്കിയത്. ഇന്ന് എന്റെ കൂടെ മൂവായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരടക്കം പല രാജ്യങ്ങളിൽനിന്നുള്ളവർ. അവരുടെ കുടുംബാംഗങ്ങൾക്ക് ഭക്ഷണം കഴിക്കാൻ നിമിത്തമായതിൽ അല്ലാഹുവിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു’’- മൂസഹാജി പറയുന്നു.
      വാണിജ്യത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലും വിദേശത്തുമായി ധാരാളം സംഘടനകളുടെ നേതൃസ്ഥാനത്തുണ്ട്. ജീവകാരുണ്യ മേഖലയിലും മറ്റ് കർമ മണ്ഡലങ്ങളിലും നിശ്ശബ്ദസേവനം നടത്തുന്നുണ്ട്. യു.എ.ഇ.യുടെ പ്രാന്തപ്രദേശങ്ങളിൽ കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്കിടയിലും മറ്റും നോമ്പ് കാലത്ത് ഭക്ഷണമെത്തിക്കുന്നുണ്ട്.
      എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനങ്ങളുണ്ട്. ഭക്ഷണം വെടിഞ്ഞുകൊണ്ടുള്ള ജീവിതത്തോടൊപ്പം ആത്മസാക്ഷാത്കാരത്തിന്റെ ഉപാധിയാണ് വ്രതം. ജീവിതകാലം മുഴുവൻ വിശപ്പും ദാഹവും സഹിക്കാൻ വിധിക്കപ്പെട്ടവരോടുള്ള ഐക്യപ്പെടൽ. കുട്ടികൾ, യുവാക്കൾ, വൃദ്ധന്മാർ, സ്ത്രീകൾ, പണ്ഡിതർ, പാമരർ, ധനികർ, ദരിദ്രർ, രോഗികൾ തുടങ്ങി സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവർ വിഷമങ്ങൾ അവഗണിച്ചുകൊണ്ട് പകൽ പട്ടിണിയിലാണെന്ന് തോന്നിപ്പിക്കുക പോലും ചെയ്യാതെ തികഞ്ഞ ആവേശത്തോടെ അല്ലാഹുവിന്റെ മുമ്പിൽ താറാഫിക് നമസ്കാരത്തിന് അണിനിരക്കുന്ന രംഗം ആരെയാണ് പുളകം കൊള്ളിക്കാതിരിക്കുക. എന്താണവരെ ഇങ്ങനെ അണിനിരത്തിയിട്ടുള്ളത്. തിരുമേനിയുടെ ഒരു വചനം മാത്രം: ‘‘ഉറച്ച വിശ്വാസത്തോടും തികഞ്ഞ പ്രതീക്ഷയോടും കൂടി റംസാനിൽ നമസ്കരിക്കുന്നവരുടെ പാപങ്ങൾ പൊറുക്കപ്പെടേണ്ടതാണ്. അല്ലാതെ ഒരൊറ്റ ബൗദ്ധികശക്തിക്കും മനുഷ്യരെ ഇവ്വിധം അണിനിരത്താൻ കഴിയില്ലെന്ന് തീർച്ച-ഉറച്ച മനസ്സോടെ മൂസഹാജിയുടെ വാക്കുകൾ.

# ഇ.പി. മൂസഹാജി, ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ

തയ്യാറാക്കിയത്:  ടി.പി. ഗംഗാധരൻ


വിനയപൂർവം

 ആധുനിക ജീവിതപശ്ചാത്തലത്തിൽ നോമ്പുകാലത്തിന്റെ പ്രസക്തി ഓരോവർഷവും കൂടുതൽ പ്രാധാന്യമുള്ളതാകുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിനൊപ്പം ആത്മശുദ്ധീകരണത്തിനും നോമ്പ് കാലം നമ്മെ വിധേയമാക്കുന്നു. ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ ദുരിതമനുഭവിക്കുന്ന ധാരളംപേരുള്ള ഈ ഭൂമിയിൽ നോമ്പുകാലം നമ്മെ പലതും ഓർമിപ്പിക്കുന്നുണ്ട്.
  ദാരിദ്യ്രവും ദുഃഖവും ദുരിതവും അനുഭവിക്കുന്നവരോട് താദാത്മ്യം പ്രാപിക്കാനും അവന്റെ വേദനകളിൽ പങ്കാളികളാവാനും വ്രതം മനസ്സിനെ  പ്രേരിപ്പിക്കുന്നു.
നോമ്പിന്റെ സത്‌ഫലങ്ങൾ എത്ര മനോഹരം!. നോമ്പുനേരത്ത് ചില വിഷമങ്ങളൊക്കെ ഉണ്ടാകാറുണ്ടെന്നത് ശരിതന്നെ. എന്നാൽ, അതൊരു വിഷമമായിരുന്നു എന്ന് അത് തുറക്കുന്നതോടെ തോന്നുകയേ ഇല്ല. ദാഹം ശമിച്ചു. നാഡീഞരമ്പുകൾ നനഞ്ഞു.
 മഹത്തായ പ്രതിഫലം ഉറപ്പാക്കുകയുംചെയ്തു. ഭക്ഷണത്തിനുള്ള നിയന്ത്രണം, ആത്മീയ സാക്ഷാത്കാരം, ഒപ്പം സാമ്പത്തിക അച്ചടക്കത്തിലും നോമ്പുകാലം എന്നെ വിനീതനാക്കുന്നു. സക്കാത്തിലൂടെ പാവപ്പെട്ടവരുടെ വേദനയിൽ പങ്കാളിയാവാൻ റംസാൻ എന്നെ ഓർമിപ്പിക്കുന്നു.

# അദീബ് അഹമ്മദ്, മാനേജിങ് ഡയറക്ടർ, ലുലു ഇന്റർനാഷണൽ എക്സ്‌ചേഞ്ച്