ലോകത്തിലെ ഏറ്റവുംവലിയ നിരീക്ഷണചക്രമായ ഐന്‍ ദുബായിക്ക് 130 വര്‍ഷം പഴക്കമുള്ള ചരിത്രംകൂടി പറയാനുണ്ട്. 1893-ല്‍ ഷിക്കാഗോയില്‍ നടന്ന ലോക കൊളംബിയന്‍ എക്‌സ്പോസിഷനില്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ഗെയ്ല്‍ ഫെറിസ് ജൂനിയര്‍ ആണ് ആദ്യമായി ജയിന്റ് വീല്‍ (ഫെറിസ് വീല്‍) അവതരിപ്പിക്കുന്നത്. അതിനുമുന്‍പേ തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ജയിന്റ് വീലുകള്‍ പല പേരുകളില്‍ അറിയപ്പെട്ടിരുന്നു. 1900-ത്തില്‍ പാരീസ് എക്‌സ്പോയില്‍ ഗ്രാന്‍ഡെ റൂ ഡി പാരീസ്, 1985-ല്‍ ജപ്പാന്‍ എക്‌സ്പോയില്‍ ടെക്‌നോകോസ്മോസ് എന്നീ ജയിന്റ് വീലുകള്‍ അവതരിപ്പിക്കുകയും പിന്നീട് പൊളിച്ചുനീക്കുകയും ചെയ്തു.

എക്‌സ്പോ മേളകള്‍ക്ക് പുറമെയും ലോകത്ത് പല ഭാഗങ്ങളിലായി ജയിന്റ് വീലുകള്‍ പ്രത്യക്ഷപ്പെട്ടു. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഫെറിസ് ചക്രം നെവാഡയിലെ ലാസ് വെഗാസിലെ 167.6 മീറ്റര്‍ (550 അടി) ഉയരത്തിലുള്ള ഹൈ റോളറാണ്, ഇത് 2014 മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. ഇതിനെ കവച്ചുവെക്കുന്നതാണ് ദുബായില്‍ യഥാര്‍ഥ്യമാകാനിരിക്കുന്ന ബ്ലൂ വാട്ടേഴ്സ് ഐലന്‍ഡിലെ പടുകൂറ്റന്‍ ജയിന്റ് വീല്‍. ഉയരം 250 മീറ്റര്‍. യു.എ.ഇ.യുടെ വശ്യസൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാം. ലാസ് വേഗസ് ഹൈ റോളറിനേക്കാള്‍ 83 മീറ്റര്‍ ഉയരത്തിലാണ് ഐന്‍ ദുബായ് റെക്കോഡിലേക്ക് കറങ്ങുക.

എക്‌സ്പോ 2020 ദുബായ് വേദി സന്ദര്‍ശിക്കുന്നവര്‍ക്ക് നഗരത്തിലെ ആകാശപാതയ്ക്ക് മുകളിലായി ഐന്‍ ദുബായ് ഉയര്‍ന്നുനില്‍ക്കുന്നതുകാണാം. ദുബായുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ശക്തമായ പ്രതീകംപോലെ. എക്‌സ്പോകളും ലോകമേളകളുമെല്ലാം ഭാവി ദൃശ്യമാക്കുന്ന ഒരു ജാലകം കൂടിയാണ്. ചരിത്രംമാറ്റിയ, ജീവിതത്തെ മാറ്റിമറിച്ച എക്‌സ്പോ നേട്ടങ്ങള്‍ എക്‌സ്പോ 2020 ദുബായ് പടിവാതില്‍ക്കലെത്തിയ നിമിഷം ഓര്‍മിക്കാതിരിക്കുന്നതെങ്ങനെ. ലോകാത്ഭുതവേദികളില്‍ വിസ്മയിപ്പിച്ചതും എന്നാലിപ്പോള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതുമായ വിവിധ കണ്ടുപിടുത്തങ്ങള്‍ ഐന്‍ ദുബായ് നമ്മെ ഓര്‍മപ്പെടുത്തുകയാണ്.

ടെലിഫോണ്‍

1876-ല്‍ ഫിലഡെല്‍ഫിയ എക്‌സ്പോയിലാണ് അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ടെലിഫോണ്‍ അവതരിപ്പിച്ചത്. അന്ന് എക്‌സിബിഷന്‍ പവിലിയന്റെ മതിലുകള്‍ക്കുള്ളില്‍ ആദ്യമായി ടെലിഫോണ്‍ എന്ന വാക്ക് മുഴങ്ങി. അകലെ നില്‍ക്കുന്നവര്‍ക്ക് പരസ്പരം സംസാരിക്കാനാവുന്ന ഉപകരണം അങ്ങനെ ലോകത്തിന് സുപരിചിതമായി. വിവിധ രാജ്യങ്ങള്‍ അതേറ്റെടുത്തു, ക്രമേണ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു.

ടുമാറ്റോ കെച്ചപ്പ്

ഹീന്‍സ് ടുമാറ്റൊ കെച്ചപ്പിന്റെ അവതരണവും ഫിലഡെല്‍ഫിയ എക്‌സ്പോയിലായിരുന്നു. ടുമാറ്റോ കെച്ചപ്പിന്റെ രുചി ആദ്യം ലോകമറിഞ്ഞത് ക്യാറ്റ്സപ്പ് എന്ന പേരിലായിരുന്നു. പിന്നീട് മറ്റ് ടേബിള്‍ സോസുകളില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ ടുമാറ്റോ എന്ന വാക്ക് ഉള്‍പ്പെടുത്തി. ഗുണനിലവാരം ലോകത്തെ അറിയിക്കാന്‍ എച്ച്.ജെ. ഹീന്‍സ് ഒരു ഗ്ലാസ് ബോട്ടില്‍ തിരഞ്ഞെടുത്തു. ചൈനീസ് വാക്കായ കെ-ട്സൈപ്പ് (വിനാഗിരി ചേര്‍ത്ത ഫിഷ് സോസ്) ആണ് ക്യാറ്റ്സപ്പ് ആയതും പിന്നീട് കെച്ചപ്പ് ആയിമാറിയതും.

പുല്ലുവെട്ടാന്‍ യന്ത്രം

1830-ല്‍ ഇംഗ്ലണ്ടിലാണ് പുല്ലരിയാന്‍ മികച്ച മാര്‍ഗം എന്ന ആശയം ഉയര്‍ന്നുവന്നത്. എന്നാല്‍ 1855-ല്‍ പാരീസ് ലോക എക്‌സ്പോയില്‍ ലോകത്തെ ആദ്യത്തെ ഭാരംകുറഞ്ഞ യന്ത്രം അവതരിപ്പിച്ചു.

പിക്കാസോ ഗുര്‍നിക്ക

1937-ല്‍ പാരീസ് എക്‌സ്പോയിലാണ് പിക്കാസോയുടെ പ്രശസ്ത ചിത്രമായ ഗുര്‍നിക്ക ലോകംകണ്ടത്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെയും യൂറോപ്യന്‍ ഫാസിസം ഉദയം ചെയ്തതിന്റെയും നിഴലില്‍ നടന്ന കലയുടെയും സാങ്കേതികവിദ്യയുടെയും അന്താരാഷ്ട്ര പ്രദര്‍ശനമായിരുന്നു അത്. നാസി ക്രൂരതകള്‍, ആഭ്യന്തരയുദ്ധം, ജീവിതത്തിലെ സങ്കീര്‍ണതകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള വിഖ്യാതചിത്രമാണ് പിക്കാസോ ഗുര്‍നിക്ക.

കോഫി പെര്‍കോളേറ്റര്‍

ഫ്രഞ്ചുകാരുടെ ഇഷ്ടപാനീയമാണ് കോഫി. 1855-ല്‍ പാരീസ് എക്‌സ്പോയിലാണ് ആദ്യമായി കോഫി പെര്‍കോളേറ്റര്‍ മെഷീന്‍ അവതരിപ്പിക്കുന്നത്. അതില്‍ 2000 കപ്പ് എസ്പ്രസ്സോ ഓരോ മണിക്കൂറിലും ഉത്പാദിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഐസ്‌ക്രീം കോണ്‍

1904-ലെ സെയ്ന്റ് ലൂയിസ് എക്‌സ്പോയിലാണ് ഐസ്‌ക്രീം കോണുകള്‍ ആദ്യമായി അവതരിപ്പിച്ചത്. സിറിയന്‍ ബേക്കറായ ഏണസ്റ്റ് ഹാംവിയായിരുന്നു ഐസ്‌ക്രീം വാഫിള്‍സ് അവതരിപ്പിച്ചത്. മേളയില്‍ അദ്ദേഹത്തിന്റെ സ്റ്റാള്‍ ലെബനനില്‍നിന്നുള്ള ഐസ്‌ക്രീം കച്ചവടക്കാരനായ അര്‍നോള്‍ഡ് ഫോര്‍നാച്ചോയുടെ അടുത്തായിരുന്നു. ചൂടുള്ള വാഫിളുകള്‍ കോണ്‍ രൂപത്തിലാക്കാമെന്നും ഫോര്‍നാച്ചോയുടെ വിഭവങ്ങള്‍ അതിനുമുകളില്‍ വെക്കാമെന്നുമുള്ള ആശയം ഹാംവി മുന്നോട്ടുവെക്കുകയായിരുന്നു. അങ്ങിനെ ഐസ്‌ക്രീം കോണ്‍ ജനിക്കുകയും ജനപ്രീതി നേടുകയും ചെയ്തു. 2008-ല്‍ മിസോറിയുടെ ഔദ്യോഗിക സംസ്ഥാന മധുരപലഹാരമായി ഇത് മാറി.

ഹോട്ട് ഡോഗുകള്‍

ഐസ്‌ക്രീം കോണുകള്‍പോലെ സെയ്ന്റ് ലൂയിസ് മേളയില്‍ സന്ദര്‍ശകര്‍ ഹോട്ട് ഡോഗും പരിചയപ്പെട്ടു. ജര്‍മന്‍കാരനായ ആന്റ്വന്‍ ഫോയിഷ്വാംഗര്‍ രുചികരമായ ഹോട്ട് ഡോഗ് മേളയില്‍ ജനപ്രിയമാക്കി. ചൂടോടെ തയ്യാറാക്കിയ ഹോട്ട് ഡോഗ് കൈ പൊള്ളാതിരിക്കാന്‍ ബണ്ണിലാക്കി വ്യത്യസ്ത ചേരുവകളോടെ നല്‍കി. നേരത്തെ കൈയുറകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

തീം പാര്‍ക്കുകള്‍

1933 ഷിക്കാഗോ എക്‌സ്പോയിലെ പ്രധാന ആകര്‍ഷണമായിരുന്നു ബെല്‍ജിയം വില്ലേജ്. 30 പഴയ ലോക കെട്ടിടങ്ങളുടെയും തെരുവുകളുടെയും പകര്‍പ്പ്. സന്ദര്‍ശകരില്‍ വലുതും മികച്ചതുമായ സാധ്യതകളുണ്ടാക്കിയ, അത്ഭുതക്കാഴ്ചയൊരുക്കിയ വാള്‍ട്ട് ഡിസ്നി. പിന്നീട് 1955-ല്‍ ഡിസ്നിലാന്‍ഡ് തുറക്കുകയും ചെയ്തു.

മേളകളിലെ അദ്ഭുതങ്ങള്‍

• 1939-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ലോകമേളയിലാണ് ടെലിവിഷന്‍ പ്രക്ഷേപണം ആദ്യമായി അമേരിക്കന്‍ ജനങ്ങള്‍ ആസ്വദിച്ചത്.

• 1939-ലെ ലോകമേളവരെ എയര്‍ കണ്ടീഷനിങ് അത്ര അറിയപ്പെടാത്ത കണ്ടുപിടിത്തമായിരുന്നു.

• 1964 ന്യൂയോര്‍ക്കില്‍ നടന്ന ലോകമേളയില്‍ വ്യക്തികള്‍ക്ക് പരസ്പരം കാണാവുന്ന പിക്ചര്‍ ഫോണ്‍, വീഡിയോ കോളുകള്‍ എന്ന ആശയം കൂടുതല്‍ സജീവമായി.

• 1901 ന്യൂയോര്‍ക്ക് എക്‌സ്പോയില്‍ തോമസ് ആല്‍വ എഡിസന്‍ എക്സ്റേ മെഷീന്‍ അവതരിപ്പിച്ചു.

• 1970 ഒസാക എക്‌സ്പോയില്‍ വിപ്ലവകരമായ മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് കാറുകള്‍ എന്നിവ ആദ്യമായി പ്രദര്‍ശിപ്പിച്ചു. അബുദാബി പവിലിയന്‍ തുറന്ന ആദ്യ എക്‌സ്പോ എന്ന പ്രത്യേകതയുമുണ്ട്.

• 1906 മിലാന്‍ എക്‌സ്പോയില്‍ ഇലക്ട്രിക് ട്രാം വേ.

• 2000-ത്തില്‍ ഹാനോവര്‍ എക്‌സ്പോയില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ പ്രദര്‍ശിപ്പിച്ചു.

• 2015-മിലാന്‍ എക്‌സ്പോ സോളാര്‍ ട്രീ