എക്‌സ്പോ ആരംഭിക്കാന്‍ എട്ടാഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വൈവിധ്യങ്ങള്‍ ഒളിപ്പിച്ച പവിലിയനുകളുടെ അവസാന മിനുക്കുപണികളിലാണ് ലോകരാജ്യങ്ങള്‍. എക്‌സ്പോയിലെ ഏറ്റവുംവലിയ രണ്ടാമത്തെ പവിലിയനെന്ന ഖ്യാതിയോടെ ആറുനിലകളില്‍ 13,000 ചതുരശ്രമീറ്ററിലാണ് സൗദി അറേബ്യയുടെ വിസ്മയക്കാഴ്ചകള്‍ ഒളിപ്പിച്ച പവിലിയന്‍ സ്ഥിതിചെയ്യുന്നത്. നിര്‍മിതിയിലെ സവിശേഷതകള്‍ കൊണ്ട് ഇതിനകം മൂന്ന് ഗിന്നസ് റെക്കോഡുകള്‍ക്ക് അര്‍ഹമായ സൗദി പവിലിയന്‍ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക.

ലോകത്തിലെ ഏറ്റവുംവലിയ എല്‍.ഇ.ഡി. മിറര്‍ സ്‌ക്രീനാണ് പവിലിയന്റെ പ്രത്യേകതകളിലൊന്ന്. 8000 എല്‍.ഇ.ഡി. ലൈറ്റുകളോടുകൂടിയ ഇന്‍ട്രാക്ടീവ് ഫ്‌ളോര്‍, 32 മീറ്റര്‍ വലിപ്പമുള്ള ലോകത്തിലെ ഏറ്റവുംവലിയ ഇന്‍ട്രാക്ടീവ് ജലവിനോദ സംവിധാനം എന്നിവയാണ് പവിലിയനിലേക്ക് ഗിന്നസ് റെക്കോഡ് കൊണ്ടുവന്നത്. രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന പവിലിയന്‍, ആകാശത്തിലേക്ക് തുറന്നിട്ട ജനാലകളെന്ന സങ്കല്‍പ്പത്തില്‍ നിര്‍മിച്ച തിളങ്ങുന്ന 2030 സ്ഫടിക ജാലകങ്ങള്‍ നിറഞ്ഞതാണ്. സൗദി അറേബ്യയുടെ വിഷന്‍ 2030 എന്ന ആശയത്തിലൂന്നിയാണ് നിര്‍മിതി. തൊഴില്‍രംഗത്തെ വനിതാ പ്രാതിനിധ്യം, തൊഴില്‍ സാധ്യതയും വിദേശനിക്ഷേപവും ഉയര്‍ത്തല്‍ എന്നീ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണിത്.

സൗദിയുടെ സംസ്‌കൃതിയും പരിസ്ഥിതിയും ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്ന 68 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള വളഞ്ഞ സ്‌ക്രീനാണ് പവിലിയനുള്ളില്‍ പ്രവേശിക്കുമ്പോള്‍ കാണുന്ന ആദ്യകാഴ്ച. ഇതില്‍ നിറയുന്ന മരുഭൂമിയുടെ വന്യത തുറന്നിടുന്ന 'എംപ്റ്റി ക്വാര്‍ട്ടര്‍', അസീര്‍ പ്രവിശ്യയിലെ അല്‍ ബര്‍ദാനി താഴ്വരയിലെ സസ്യജാലങ്ങള്‍, തബൂക്കിലെ മലനിരകള്‍, ചെങ്കടലിലെ തിരകള്‍ എന്നിവയെല്ലാം ലോകസന്ദര്‍ശകര്‍ക്ക് സൗദിയിലൂടെ നടത്തുന്ന സ്വതന്ത്രസഞ്ചാരത്തിന്റെ അനുഭവം പ്രദാനംചെയ്യും. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലിടം നേടിയ അദ്ദിരിയയിലെ അല്‍ തുരൈഫ്, അല്‍ ഉലയിലെ ഹെഗ്ര പുരാവസ്തുകേന്ദ്രം, ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ ഇടങ്ങള്‍, ഹായില്‍ പ്രവിശ്യയിലെ ശിലാനിര്‍മിതികള്‍, അല്‍ അഹ്സ മരുപ്പച്ചയെല്ലാം സ്‌ക്രീനില്‍ മിന്നിമറിയും.

സുസ്ഥിരതാ ആശയത്തിലൂന്നിയുള്ള പവിലിയന്‍ പരിസ്ഥിതി പ്രാധാന്യമര്‍ഹിക്കുന്ന നിര്‍മിതിക്കായുള്ള പുരസ്‌കാരങ്ങളും ഇതിനകം നേടിക്കഴിഞ്ഞു. യു.എസ്. ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ ലീഡ് പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് ഇതിലൊന്നുമാത്രം. സൗദിയിലെ കലാകാരന്മാര്‍ ചിട്ടപ്പെടുത്തിയ സൃഷ്ടികളുടെ നൂതനാവിഷ്‌കാരങ്ങളും പവിലിയനെ സമ്പുഷ്ടമാക്കും.