വ്യാഴം വെള്ളിയെ ഗർഭം ധരിക്കുന്ന ദിവസമാണ്. കാലത്ത് ഒരു പ്രത്യക ഊർജത്തോടെയും ഉന്മേഷത്തോടെയുമാണ് ഡ്യൂട്ടിക്കിറങ്ങുക. നാളെ അവധിയായതിനാൽ അധികനേരം ഉറങ്ങാമെന്ന വലിയ സന്തോഷമാണ് അപ്പോഴുണ്ടാവുക.
ഒഴിവുദിനത്തിന്റെ ആഘോഷങ്ങൾ വ്യാഴാഴ്ച വൈകീട്ടുതന്നെയാരംഭിക്കും. ലേബർ ക്യാമ്പിലെ ഓരോരുത്തരുടെയും മുഖത്ത് അത് പ്രകാശിച്ചുനിൽക്കും. വീട്ടുകാരെ സ്വസ്ഥമായി വിളിക്കുക ഈ ദിവസമാണ്. മദ്യക്കുപ്പികൾ അരയിൽ ഒളിപ്പിച്ച് വിൽക്കുന്നവർ ക്യാമ്പിലൂടെ ഉലാത്തുന്ന രാത്രി. കൂട്ടുകൂടലും കൂടിച്ചേരലും കുടിച്ചു കൂത്താടലും... അങ്ങനെ ആനന്ദനിർവൃതിയുടെ വേരുകൾ തേടുന്ന ദിനം. പാതിരാവോളം നുരഞ്ഞുപതയുന്ന റൂമുകൾ. വേവുന്ന രതിസ്വപ്നങ്ങളിലൂടെ പുളഞ്ഞുമേയുന്ന ഇരുൾക്കൂട്ടിലെ കട്ടിലുകൾ. വൈകിയുറങ്ങുകയും ജനൽകർട്ടന്റെ വിടവിലൂടെ വെള്ളിയുടെ വെയിലിലേക്ക് വൈകിയുണരുന്നവർ.
ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് പിന്നെയും ഒന്നോ രണ്ടോ മണിക്കൂർ കിടന്നുറങ്ങും. വൈകീട്ട് എഴുന്നേൽക്കുമ്പോൾ ഒരുതരം അലസതയും ക്ഷീണവുംകൊണ്ട് തല പെരുത്തു കയറും. പിന്നീട് ഒരു സുലൈമാനിയും ബിസ്കറ്റും കഴിച്ച് കൂട്ടുകാർക്കൊപ്പം നടക്കാനിറങ്ങും. ക്യാമ്പിനകത്തെയും പുറത്തെയും റോഡിലൂടെയായിരിക്കും നടത്തം. അപ്പോൾ ദൂരെ മണൽക്കൂനകളുടെ ഏറ്റവും മുകളിലേക്ക് ചിലർ കയറുകയും അവിടെ പടിഞ്ഞാറോട്ട് അഭിമുഖമായിരിക്കുന്നതും കാണാം.

ഒരുദിവസം ഞങ്ങളും മരുഭൂമിയിലൂടെ നടക്കാനിറങ്ങി. മണൽപ്പാമ്പുകളുണ്ടാകുമെന്ന് ഭയന്നാണ് പലപ്പോഴും മണൽ നടത്തം ഒഴിവാക്കാറുള്ളത്. ഇപ്രാവശ്യം സേഫ്റ്റി ഷൂ ധരിച്ച് രണ്ടും കൽപ്പിച്ചിറങ്ങി. കാറ്റ് മിനുക്കിയെടുത്ത മണൽക്കൂനകളുടെ ഉടലുകളിൽ കാൽപ്പാടുകൾ തീർത്ത് ഞങ്ങൾ നടന്നു. മണലിൽ പൂണ്ട് വലിച്ചെടുക്കുന്ന ഷൂവിലെ പൊടി പാദത്തിലുരയുന്ന അസ്വസ്ഥതയോടെ ഒരു വലിയ കൂനയ്ക്കു മുകളിലെത്തി. മനീഷ് കടൽ കണ്ട കുട്ടിയുടെ ആഹ്ലാദത്തോടെ മണലിൽ കൈകുത്തി മറിഞ്ഞു. വെള്ളത്തിലേക്കെന്നപോലെ ചാടി മലക്കം മറിഞ്ഞു. മുംബൈക്കാരൻ ദിൽബർ അതനുകരിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും മണലിൽ മുഖം കുത്തിവീണു.

ഓരോ മണൽക്കൂനകളും കയറിയിറങ്ങുമ്പോൾ ചവിട്ടി നടക്കാൻ കൊതിതോന്നുന്ന അതിനേക്കാൾ മനോഹരമായത് മുന്നിൽ കാണും. ആവശത്തോടെ അതിന്റെ മുകളിലേക്കും ഓടിക്കയറും.ആകാശത്തിന് പകുതിയും മരുഭൂമിയുടെ നിറമായി. ടവറിനു മുകളിൽനിന്ന് സൂര്യൻ പടിയിറങ്ങിക്കൊണ്ടിരുന്നു. മണൽത്തിട്ടകളുടെ ചെരുവിൽ നിഴലുകൾ നേർത്ത ഇരുട്ട് പരത്തി. ഒരു വലിയ മണൽക്കൂനയുടെ മുകളിലെത്തിയപ്പോൾ ദൂരെ ഒന്നു രണ്ടു ഒട്ടകങ്ങളെ കണ്ടു. കൗതുകത്തോടെ അതിനടുത്തേക്ക് നടന്നടുത്തപ്പോൾ തൊട്ടടുത്ത് ചെറിയൊരു ക്യാമ്പ്. ഒട്ടകങ്ങൾക്ക് എപ്പോഴും വയസ്സന്മാരുടെ മുഖമാണ്. ഒരു സാധുമൃഗം.ചുറ്റും കമ്പിവേലികൊണ്ട് മറച്ച ഒട്ടകക്യാമ്പിനകത്ത് ചെറിയൊരു ടെന്റും കാണാം. നാലുഭാഗത്തും മണൽ നിറച്ച പ്ലാസ്റ്റിക് ചാക്കിൽ കയർ വലിച്ചുകെട്ടിയാണ് ടെന്റ് ഉറപ്പിച്ചുനിർത്തിയിട്ടുള്ളത്. അടിഭാഗത്ത് ചെറിയ കോൺക്രീറ്റ് പില്ലറോടെയുള്ള ഇരുമ്പുതൂണിലാണ് ചുറ്റും കമ്പിവേലി പിടിപ്പിച്ചിട്ടുള്ളത്.

ടെന്റിൽനിന്ന് ഇറങ്ങിവന്ന ഒരു നീളക്കുപ്പായക്കാരൻ ഓരോ ഒട്ടകങ്ങൾക്ക് മുന്നിലും ഉണക്കപ്പുല്ല് ഇട്ടുകൊടുക്കുന്നത് കണ്ടു. ഏത് ദേശക്കാരനാണെന്ന് തിരിച്ചറിയാനാവാത്ത വിധം കണ്ണൊഴികെ തലമുഴുവനും അയാൾ വെളുത്ത തുണികൊണ്ട് മൂടിക്കെട്ടിയിരുന്നു. മുഷിഞ്ഞ വസ്ത്രത്തിൽനിന്ന് വെളിവാകുന്ന അവയവഭാഗങ്ങളിൽനിന്ന് അയാളുടെ എല്ലിച്ച കറുത്തശരീരം ഊഹിച്ചെടുക്കാനാവും. ആ ഉടുപ്പ് അയാളിൽനിന്ന് ഏറെ അകലംപാലിച്ച് കാറ്റിൽ പാറിക്കളിച്ചു.ഞങ്ങളെ കണ്ടപ്പോൾ അയാൾ മുഖാവരണം നീക്കി. അലക്ഷ്യമായി വളർന്നുകിടക്കുന്ന താടിയും മുടിയും. ഒട്ടകത്തിന്റെ മുഖംതന്നെയായിരുന്നു അയാൾക്ക് ! അതിന്റെ വാടയും ആ ദേഹത്തിനുണ്ട്. ഞങ്ങളോട് ചിരിക്കുമ്പോൾ പരിചയമില്ലാത്ത ഏതോ പ്രവൃത്തിചെയ്യുന്ന അങ്കലാപ്പ് അയാളുടെ മുഖത്തു കാണാം. ആരെങ്കിലുമായി ഒന്നു ചിരിച്ചിട്ട് മാസങ്ങളായിട്ടുണ്ടാകും.


‘കൈസെ ഹെ ഭായ്...’
‘അൽഹം ദുലില്ലാ... ടീക് ഹെ’
അതു പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഞങ്ങൾ ശ്രദ്ധിച്ചു. ഈ മണൽജീവിതത്തിൽനിന്ന് എങ്ങനെയാണ് അയാൾക്ക് ഇത്ര ആത്മസംതൃപ്തിയോടെ സംസാരിക്കാൻ കഴിയുന്നത്.
‘ആപ് കിധർ സെ’
‘പാകിസ്താൻ’
‘കാം കൈസെ ഹെ’ 
‘അൽഹംദുലില്ലാ...’
വീണ്ടും ആ മുഖത്ത് ആത്മസംതൃപ്തിയുടെ ചിരി. അപ്പോൾ അയാളുടെ ശരീരത്തിൽനിന്ന് പൊടിമണ്ണ് ഊർന്നുവീണു. ഒട്ടകങ്ങൾക്കൊപ്പം ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണും കൈയും മേൽപ്പോട്ടുയർത്തി അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ തെളിമയോടെ അയാൾ പറഞ്ഞു.
‘യെ സബ് ഖുദാ കാ ഹുകും ഹെ ന...’
ഞങ്ങൾ ശരിയെന്ന് തലയാട്ടി.

അയാൾ ഒരു ഒട്ടകക്കുഞ്ഞിന്റെ അടുത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അതിനെ തൊട്ടുനോക്കുകയും ഒപ്പംനിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ അയാളുടെ ടെന്റിനകത്ത് കയറി. തുരുമ്പിച്ച ഇരുമ്പുകട്ടിലിൽ പിഞ്ഞിയ കിടക്കയും അതിൽ നിറയെ മണലും. താഴെ കുറേ പാത്രങ്ങളും ഒരു സ്റ്റൗവും. എല്ലാം പൊടിപിടിച്ചു കിടക്കുന്നു.
പിക്കപ്പിൽ ഒട്ടകങ്ങൾക്കുള്ള ഉണക്കപ്പുല്ലിനോടൊപ്പം എറിഞ്ഞുകൊടുക്കുന്ന ഉണങ്ങിയ കുബ്ബൂസ് പാക്കറ്റുകളായിരുന്നു അയാളുടെ ഭക്ഷണം. ചിലപ്പോൾ അർബാബിന്റെ വീട്ടിൽ ബാക്കിയായ മന്തിയോ മജ്ബൂസോ ലഭിക്കും. പലപ്പോഴുമത് തുറക്കുമ്പോൾതന്നെ പഴകിപ്പുളിച്ച നാറ്റം മൂക്കിലടിക്കും. അപ്പോൾത്തന്നെ അയാളത് മരുഭൂമിയിൽ വലിച്ചെറിയും. പതിവുപോലെ കട്ടിത്തൈരിൽ മുക്കിയ ഉണക്കക്കുബ്ബൂസ് അകത്താക്കും.

നാലുവർഷമായി അയാൾ ഈ ഒട്ടകങ്ങൾക്കൊപ്പമാണ്. മഖ്ദൂംഅലി ഗ്രാമത്തിലെ തന്റെ ഭാര്യയെയും മക്കളെയും അയാൾ ഓർക്കാറേയില്ല. മൂന്നു വയസ്സുകാരിയായ ഇളയ കുട്ടിയെ കണ്ടിട്ടുപോലുമില്ല. എപ്പോഴെങ്കിലും അവളെക്കുറിച്ചോർക്കുമ്പോൾ അയാൾക്ക് ഉറങ്ങാൻ കഴിയാറില്ല. അവളുടെ പേരിട്ട ഒട്ടകക്കുഞ്ഞിനെ കെട്ടിപ്പിടിച്ച് അയാൾ പൊട്ടിക്കരയും.
ഒട്ടകക്യാമ്പുകൾ മാറിക്കൊണ്ടിരിക്കും. അപ്പോൾ മരുഭൂമിയിലൂടെ അവയെയും തെളിച്ച് ദീർഘദൂര യാത്ര നടത്തണം. ഒട്ടകപ്പുറത്തു കയറിയും നടന്നും പൊടിക്കാറ്റിലൂടെ മൈലുകൾ താണ്ടണം.മെക്കാനിക് ഹെൽപ്പർ ജോലിയാണെന്നുപറഞ്ഞാണ് ഏജന്റ് വിസയ്ക്ക് പണം വാങ്ങി മുൾട്ടാൻ എയർപോർട്ടിൽനിന്ന് വിമാനം കയറ്റിവിട്ടത്. പക്ഷേ, ചെന്നുപെട്ടത് ഒട്ടകക്യാമ്പിൽ. കടങ്ങൾ വീട്ടാതെ തിരിച്ചു നാട്ടിലേക്കില്ലെന്ന് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പോക്കറ്റിലുണ്ടായിരുന്ന കുറച്ച് ദിർഹംസ് ഞങ്ങൾ അയാളുടെ കൈയിൽ ചുരുട്ടിക്കൊടുത്തു. പക്ഷേ, അതയാൾ വാങ്ങിയില്ല. അധ്വാനിച്ച് കിട്ടുന്ന കാശുമാത്രം മതിയെന്ന് ഈ ദുരിതക്കയത്തിലും അയാൾ അഭിമാനത്തോടെ പറഞ്ഞു.നേരം നല്ലതുപോലെ ഇരുട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ മടങ്ങി. ക്യാമ്പിനകത്തെ ചെറിയ വെട്ടത്തിൽ ഒട്ടകങ്ങൾക്ക് നടുവിലായി മറ്റൊരു ഒട്ടകംകണക്കെ അയാൾ നിന്നു. റോഡിലെത്തി തിരിഞ്ഞുനോക്കുമ്പോൾ പെട്ടെന്ന് വീശിയടിച്ച പൊടിക്കാറ്റിൽ ഒട്ടകക്യാമ്പിനു മുകളിൽ മണൽ ഉയർന്നു പൊങ്ങി.