സംഭവബഹുലമായ 2020 പടിയിറങ്ങുമ്പോൾ പ്രതീക്ഷയോടെ ലോകത്തെ ഉറ്റുനോക്കാൻ കരുത്തേകുന്ന പുതുവർഷമായിരിക്കണം അടുത്തതെന്ന പ്രാർഥനയായിരുന്നു ലോകജനതയ്ക്ക്. മഹാമാരിയും ഉത്കണ്ഠയും ഭയവും ജനങ്ങളിൽനിന്ന് സന്തോഷകരമായ അന്തരീക്ഷമെല്ലാം തട്ടിയെടുത്തിരുന്നു അന്ന്. എങ്കിലും ഇരുട്ടുമുറിയിൽ സൂര്യപ്രകാശം അരിച്ചെത്തുന്ന ദിശയിലേക്ക് പുതുനാമ്പുകളെ ഉയർത്തുന്ന ഒരു കുഞ്ഞുചെടിപോലെ ലോകം പുതിയ പ്രതീക്ഷകളുടെ വാതിലുകൾ പതിയെ തുറക്കുകയായിരുന്നു 2021-ൽ. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും മുമ്പോട്ടുള്ള യാത്രകൾക്കുള്ള പുതിയ പാതകൾ വെട്ടിയൊരുക്കുകയായിരുന്നു ലോകം. അവനവനിലേക്ക് ഒതുങ്ങിപ്പോയ ജനങ്ങൾക്കും രാജ്യങ്ങൾക്കും ഒത്തുചേരാനും കൂട്ടായ യത്നത്തിലൂടെ ശുഭപ്രതീക്ഷയുടെ നാളെകൾക്കുള്ള അടിത്തറപാകാനും ഈ വർഷത്തിലായി. ഇരുന്നൂറോളം ലോകരാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്ന യു.എ.ഇ.യിലെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ലോകത്തിന്റെ തന്നെ പ്രതീക്ഷയായി മാറുകയായിരുന്നു.

ഒട്ടുമിക്ക ലോകരാജ്യങ്ങളിലേക്കും ആകാശമാർഗം യാത്രചെയ്യാൻ ഏറ്റവുമനുയോജ്യമായ അടിസ്ഥാനസൗകര്യമുള്ള അപൂർവം ഇടങ്ങളിൽ ഒന്നാണ് യു.എ.ഇ. 2021-ൽ ലോകത്തിന്റെ ഏറ്റവും വലിയ ആശങ്ക മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ നിർണായകമായ വാക്സിന്റെ ലഭ്യത എല്ലാരാജ്യങ്ങൾക്കും ഉറപ്പുവരുത്തുകയെന്നതായിരുന്നു. വാക്സിൻ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾക്കും ആവശ്യമുള്ള രാജ്യങ്ങൾക്കുമിടയിലെ യാത്രാവെല്ലുവിളികളെ ലഘൂകരിക്കുകയെന്ന മഹത്തായ ഉദ്യമം യു.എ.ഇ.ക്കായിരുന്നു. അതിനായി യു.എ.ഇ.യിലെ വിവിധയിടങ്ങളിൽ വലിയ വാക്സിൻ സംഭരണശാലകൾ ഒരുക്കി തുറമുഖങ്ങളും വിമാനത്താവളങ്ങളും സർവസജ്ജമാക്കി. കഷ്ടതകളും ആഭ്യന്തരകലാപങ്ങളും നടക്കുന്ന രാജ്യങ്ങളിലേക്ക് സ്വന്തംനിലയ്ക്കും വാക്സിനും മരുന്നുകളും യു.എ.ഇ. എത്തിച്ചു.

മറ്റുരാജ്യങ്ങളിലേക്ക് സുഗമമായ വാക്സിൻ കണ്ടെയ്നർ ഗതാഗതം ഉറപ്പാക്കി. പൊതുവായ പ്രശ്നത്തിന് പരിഹാരമെന്നോണം കൃത്യമായ ആസൂത്രണത്തിലൂടെ ഘട്ടംഘട്ടമായി യു.എ.ഇ. നടപ്പാക്കിയ പദ്ധതികൾ ലോകത്തിനുതന്നെ മാതൃകയാണ്. ലോകം അഭിമുഖീകരിക്കുന്ന മഹാമാരിയെന്ന പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കലായിരുന്നു അതിലേറ്റവും പ്രധാനം. അതിനായി സമഗ്ര വാക്സിനേഷൻ യജ്ഞങ്ങളിലൂടെ നൂറുശതമാനം വാക്സിേനഷൻ നിരക്ക് കൈവരിക്കുകയും ശേഷം ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കുകയും ചെയ്തു. കോവിഡിൽ തകർന്ന വാണിജ്യ, വ്യവസായരംഗങ്ങളുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. അതിനായി കോവിഡാനന്തരം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ മേളയ്ക്ക് വേദിയൊരുക്കുകയായിരുന്നു എക്സ്പോ 2020-യിലൂടെ യു.എ.ഇ. 
കേവലം യു.എ.ഇ. വിപണിയിൽ ചലനങ്ങളുണ്ടാകുകയോ പ്രദർശക രാജ്യങ്ങൾക്ക് സാധ്യതകൾ തുറന്നിടുകയോ മാത്രമായിരുന്നില്ല എക്സ്പോയിലൂടെ സംഭവിച്ചത്. അത് ലോകത്തിന് യു.എ.ഇ.യുടെ സന്ദേശമായിരുന്നു -ഏതൊരു പ്രതികൂല സാഹചര്യങ്ങൾക്കുമപ്പുറം പ്രതീക്ഷയുടെ വസന്തം വരാനിരിക്കുന്നുവെന്ന്. അതിന് നാം നമ്മിൽ വിശ്വസിക്കുകയും സ്വയം പാകപ്പെടുത്തുകയും വേണമെന്നുമാത്രം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വാക്കുകൾ കടമെടുത്താൽ ‘ശുഭാപ്തിവിശ്വാസവും ക്രിയാത്മകതയും ജീവിതത്തിൽ ഏതു വെല്ലുവിളികളെയും ഏറ്റെടുക്കാനും ഏറ്റവും കഠിനമായ ഉദ്യമങ്ങൾ പോലും പൂർത്തീകരിക്കാനും നമ്മെ പ്രാപ്തരാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പോസിറ്റീവ് എനർജിയും പകർച്ചവ്യാധിപോലെയാണെന്ന് ഞാൻ കരുതുന്നു. നമുക്ക് അത് മറ്റുള്ളവരിലേക്ക് പകർത്താനാകും’. ലോകം പ്രതീക്ഷയോടെയും 
ആകാംക്ഷയോടെയും ഉറ്റുനോക്കുന്ന വളർച്ചാനിരക്ക് കൈവരിച്ച രാജ്യത്തിന്റെ ഭരണാധികാരിക്ക് ഇത്തരത്തിലല്ലാതെ എങ്ങനെ ജീവിതത്തെ നോക്കിക്കാണാനാകും.

നിയമപരിഷ്കാരങ്ങൾ
രാജ്യത്ത് ഏറ്റവുമധികം നിയമപരിഷ്കാരങ്ങൾ നിലവിൽവന്ന വർഷമാണ് പടിയിറങ്ങുന്നത്. പിന്തുടർച്ചാവകാശം, സ്ത്രീസുരക്ഷ, വിവാഹം, രക്ഷാകർതൃത്വം, മദ്യം, വ്യാജവാർത്ത, സൈബർ കുറ്റകൃത്യം തുടങ്ങി 40 വിഷയങ്ങളിൽ സമഗ്ര നിയമനിർമാണം 2021-ൽ യു.എ.ഇ. നടപ്പാക്കി. അതിൽ പലതും വിപ്ലവകരമായിരുന്നു എന്നതും പ്രതേകതയാണ്. ആഗോളരീതികൾക്കനുസൃതമായുള്ള ഇത്തരം പരിഷ്കരണങ്ങൾ എല്ലാ സാമൂഹിക ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവർക്കും തൊഴിലെടുക്കാനും ജീവിക്കാനും അനുയോജ്യമായ ഇടമാക്കി യു. എ.ഇ.യെ മാറ്റുന്നു.

സുരക്ഷിതരാജ്യം
ഒട്ടേെറ പ്രസ്ഥാനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ നടത്തിയ അഭിപ്രായസർവേകളിൽ യു. എ.ഇ. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ഖ്യാതി നിലനിർത്തി. ഏറ്റവുമൊടുവിലെ ഗാലപ്സ് 2021 ഗ്ലോബൽ ലോ ആൻഡ് ഓർഡർ റിപ്പോർട്ടുപ്രകാരം 95 ശതമാനം ആളുകളും യു.എ.ഇ.യിൽ രാത്രികാലങ്ങളിൽ ആശങ്കകളില്ലാതെ തനിച്ചുനടക്കാനാകുമെന്ന് വ്യക്തമാക്കുന്നു.

ഗോൾഡൻ വിസ
ലോകത്തിലെ ഏറ്റവും മികച്ചതെന്തും യു.എ.ഇ.യിൽ വേണമെന്ന നിർബന്ധബുദ്ധിയോടെയാണ് ഭരണനേതൃത്വത്തിന്റെ പ്രവർത്തനം. ആ ആശയത്തിൽ നടപ്പാക്കപ്പെടുന്ന സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഗോൾഡൻ വിസ. വിവിധ മേഖലകളിൽ പ്രതിഭതെളിയിച്ചവരെ യു.എ.ഇ. ഗോൾഡൻ വിസ നൽകി ആദരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് യു.എ.ഇ. രണ്ടാമത്തെ വീടായും പ്രിയപ്പെട്ടയിടമായും മാറ്റും വിധത്തിലാണ് പത്തുവർഷത്തേക്കുള്ള ഈ വിസ സമ്മാനിക്കപ്പെട്ടത്. ആരോഗ്യവിദഗ്ധരെ രാജ്യം ഗോൾഡൻ വിസ നൽകി ചേർത്തുനിർത്തുന്നതിലൂടെ സുസ്ഥിരഭാവിയുടെ അടിത്തറകൂടിയാണ് സജ്ജമാക്കപ്പെടുന്നത്.

ഹോപ് പ്രോബ് 
ഏഴുമാസത്തെ യാത്രയ്ക്കുശേഷം യു.എ.ഇ.യുടെ സ്വന്തം ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയിലെത്തിയ വർഷം കൂടിയാണിത്. 2021 ഫെബ്രുവരി ഒമ്പതിനാണ് ചരിത്രപരമായ നേട്ടം യു.എ.ഇ. കൈവരിച്ചത്. ചൊവ്വയിൽ ആദ്യമായെത്തുന്ന അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത് രാജ്യവുമായി യു.എ.ഇ. 
ഇതിനുപുറമെ ഇന്ത്യയ്ക്കുശേഷം പ്രഥമ ചൊവ്വാദൗത്യം തന്നെ വിജയകരമായി പൂർത്തീകരിക്കുന്ന രാജ്യമെന്ന ഖ്യാതിയും യു.എ.ഇ.ക്ക് സ്വന്തം. ബഹിരാകാശ പര്യവേക്ഷണരംഗങ്ങളിൽ അറബ് രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയേകുന്ന ചുവടുവെപ്പായി ഇത്. യു.എ.ഇ.യുടെ സാങ്കേതികരംഗങ്ങളിലെ വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കി.

ശനി, ഞായർ  അവധി
പൊതുമേഖലയിൽ പ്രവൃത്തിദിനം തിങ്കൾ മുതൽ വെള്ളിവരെയാക്കിയതും ശനി, ഞായർ അവധിയാക്കിയതും ചരിത്രപരമായ തീരുമാനമായി. രാവിലെ ഏഴര മുതൽ മൂന്നര വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണി വരെയും മാത്രമാണ് ഓഫീസുകൾ പ്രവർത്തിക്കുക. അവധിദിന പരിഷ്കാരങ്ങൾക്കനുസൃതമായി പള്ളികളിലെ വെള്ളിയാഴ്ച പ്രാർഥന 1.15-ന് ശേഷവുമാക്കി.  
സ്വകാര്യ-പൊതുമേഖലയിലെ അവധിയാനുകൂല്യങ്ങൾ ഏകീകരിച്ച വർഷം കൂടിയായി 2021. പൊതുജന സന്തോഷ സൂചികയിൽ പ്രതിഫലിക്കുന്ന ഈ തീരുമാനം വിനോദസഞ്ചാരമേഖലയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഐൻ ദുബായ്
യു.എ.ഇ.യിലെ വിനോദസഞ്ചാരരംഗത്തെ ഏറ്റവും പുതിയതും ലോകശ്രദ്ധയാകർഷിച്ചതുമായ നിർമിതി ‘ഐൻ ദുബായ് ’ സന്ദർശകർക്ക് ഒക്ടോബറിൽ തുറന്നുനൽകി. 
ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ നിരീക്ഷണചക്രം ബ്ലൂ വാട്ടേഴ്സ് ഐലൻഡിലാണ് സ്ഥിതിചെയ്യുന്നത്. 250 മീറ്റർ ഉയരത്തിൽ നഗരത്തിന്റെയും കടലിന്റെയും വശ്യസൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാം. ‘ദുബായുടെ കണ്ണ്’ എന്നർഥം വരുന്ന ഐൻ ദുബായ് ഒരേസമയം 480 സന്ദർശകരെ ഉൾക്കൊള്ളുന്നതാണ്. അൾട്രാവയലറ്റ് കിരണങ്ങളിൽനിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണുള്ളത്. ഒരുതവണ കറങ്ങാൻ 38 മിനിറ്റെടുക്കും. ഉയരത്തിൽ ലാസ് വേഗാസിലെ ഹൈ റോളറിനെയും ന്യൂയോർക്ക് സിറ്റി വീലിനെയും പിന്നിലാക്കും ഐൻ ദുബായ്.

ട്വന്റി 20 ലോകകപ്പ്
എല്ലാവിധ സുരക്ഷാസംവിധാനങ്ങളോടും കൂടി ട്വന്റി 20 ലോകകപ്പിന് യു.എ.ഇ. വേദിയൊരുക്കി. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന മത്സരങ്ങൾക്ക് വലിയ ജനപങ്കാളിത്തവുമുണ്ടായി. കോവിഡിന് ശേഷമുള്ള ഐ.പി.എൽ. 
മത്സരങ്ങൾക്കും യു.എ.ഇ. വേദിയൊരുക്കിയിരുന്നു. ഇത് യു.എ.ഇ. ഉറപ്പാക്കുന്ന കോവിഡ് സുരക്ഷയിൽ ലോകരാജ്യങ്ങൾക്കുള്ള വിശ്വാസം ഉയർത്തുന്നതായി. കൃത്യമായ ബയോബബ്ൾ സംവിധാനം ഉറപ്പാക്കി മുഴുവൻ കളിക്കാരെയും ബന്ധപ്പെട്ടവരെയും കോവിഡ് വരാതെ പരിരക്ഷിക്കുന്നതിൽ ആരോഗ്യവകുപ്പ് കൈക്കൊണ്ട നടപടികളും പ്രശംസ പിടിച്ചുപറ്റി.

50 വർഷത്തെ വികസന അജണ്ട
സുവർണജൂബിലിയുടെ ഭാഗമായി യു.എ.ഇ. പ്രഖ്യാപിച്ച അടുത്ത 50 വർഷത്തെ വികസന അജണ്ട ഭരണാധികാരികളുടെ ദീർഘവീക്ഷണങ്ങളെ അടിവരയിടുന്നതാണ്. സാധ്യമായ ഏറ്റവും മികച്ച ജീവിതസാഹചര്യം ജനങ്ങൾക്ക് ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. സാമൂഹികം, സാംസ്കാരികം, വാണിജ്യ-വ്യവസായം, സുസ്ഥിരവികസനം, വിദേശനയം, മേഖലയിലെ സമാധാനം, കാലാവസ്ഥാമാറ്റം തുടങ്ങി ഒട്ടേറെ മേഖലകളെ ബന്ധപ്പെടുത്തി പത്ത് തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് 50 വർഷ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് വാക്സിൻ നിർമാണം
കോവിഡ് വാക്സിൻ നിർമാണം നടത്തുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയും യു.എ.ഇ. ഈ വർഷം നേടി. ‘ഹയാത് വാക്സ്’ എന്നപേരിൽ സിനോഫം സി.എൻ.ബി.ജി., അബുദാബി ജി42 എന്നിവ സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്. ആരോഗ്യമേഖലയിൽ സുസ്ഥിരത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി മേഖലയ്ക്ക് തന്നെ അഭിമാനം പകരുന്നതായി.

ബറാഖ രണ്ടാം യൂണിറ്റിൽനിന്ന് വൈദ്യുതിയുത്പാദനം
മേഖലയിലെ പ്രഥമ ആണവനിലയമായ ബറാഖയിൽ രണ്ടാം റിയാക്ടർ യൂണിറ്റിൽനിന്ന് വ്യാവസായിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുത്പാദനത്തിന് സെപ്റ്റംബറിൽ തുടക്കം കുറിച്ചു. വ്യാവസായികാവശ്യങ്ങൾക്കും സ്കൂളുകൾ, താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും ഇവിടെനിന്നുള്ള വൈദ്യുതി ലഭ്യമാക്കിത്തുടങ്ങി.
എല്ലാ മേഖലകളെയും ബന്ധപ്പെടുത്തിയുള്ള സമഗ്ര പ്രവർത്തനങ്ങൾക്കാണ് യു.എ.ഇ. 2021-ൽ വേദിയൊരുക്കിയത്. കോവിഡിനെത്തുടർന്ന് വേഗം കുറഞ്ഞ വാണിജ്യ-വ്യവസായ രംഗങ്ങൾക്ക് കരുത്തേകുന്നതിന് പദ്ധതികൾ സഹായകമായി. യു.എ.ഇ. സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച ഇളവുകൾ വ്യവസായസമൂഹത്തിന് വലിയ ആശ്വാസമായി. ഇതോടൊപ്പം തന്നെ ഡിജിറ്റൽവത്കരണത്തിലൂടെ ഇടപാടുകൾ ലളിതവും സുതാര്യവുമാക്കിയതും 100 ശതമാനം വിദേശനിക്ഷേപ സാഹചര്യം ഒരുക്കിയതുമെല്ലാം രാജ്യത്തിന്റെ വളർച്ചയ്ക്ക് വേഗം പകർന്നു. നിലവിൽ യു.എ.ഇ.യിലേക്ക് സന്ദർശകവിസയിൽ എത്തുന്നവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വൻ വർധന രാജ്യത്തിന്റെ തൊഴിൽ, വ്യവസായ രംഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നല്ല മാറ്റങ്ങളെ അടിവരയിടുന്നതാണ്. 2022 കൂടുതൽ സാധ്യതകൾ തുറന്നിടുന്നതാകും എന്നുതന്നെയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.

എക്സ്പോ 2020
മഹാമാരി ഉഴുതുമറിച്ചിട്ട ലോകത്തിന്റെ പ്രതീക്ഷയാണ് എക്സ്പോ 2020. ജനങ്ങളെയും രാജ്യങ്ങളെയും വീണ്ടും ഒന്നിച്ചിരുത്തിയ ആഗോളവേദി. ഓരോ രാജ്യത്തിനും തങ്ങളുടെ സാധ്യതകൾ ചർച്ചചെയ്യാനും അവയെ നടപ്പിൽവരുത്താനുമുള്ള അവസരം എക്സ്പോയുടെ പ്രത്യേകതയാണ്. ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള സ്റ്റാർട്ടപ്പുകൾക്ക് ഇതിനകം ആഗോള നിക്ഷേപക സമൂഹത്തിന് മുമ്പിൽ തങ്ങളുടെ പ്രത്യേകതകൾ വിശദീകരിക്കാനായി എന്നതുമാത്രം മതിയാകും ഈ പ്രദർശനത്തിന്റെ പ്രഭാവം മനസ്സിലാക്കാൻ. ഇന്ത്യൻ പവലിയൻ തുറന്നിടുന്ന സാധ്യതകൾക്കനുസൃതമായ തരത്തിൽ 192 രാജ്യങ്ങൾ ഇവിടെ സ്വയം പ്രകാശിപ്പിക്കുന്നു. പ്രാദേശിക വിപണിയിൽ വരെ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായകമാകുംവിധത്തിൽ അവതരണങ്ങൾ നടക്കുന്നു. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരും നയതന്ത്രജ്ഞരും ഭരണാധികാരികളുമെല്ലാം ഇവിടെ നിത്യസന്ദർശകരാണ്. 
വലിയ അവതരണങ്ങളിലൂടെ, കൂടിയാലോചനകളിലൂടെ നാളത്തെ ലോകത്തെക്കുറിച്ചുള്ള സുസ്ഥിരമായ കാഴ്ചപ്പാടുകൾ വിശദീകരിക്കപ്പെടുന്നു. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെപ്പിച്ച് ലോകത്തെ ഒരേനൂലിൽ കോർത്ത സൂക്ഷ്മാണുവിനെതിരെയുള്ള ശ്രമങ്ങളിലും രാജ്യങ്ങളെ ഒന്നിപ്പിക്കുകയാണ് എക്സ്പോ 2020.

ലോക ഭാവി ദിനം
ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയോടെയുള്ള കാഴ്ചപ്പാടുകൾ യു.എ.ഇ. മുന്നോട്ടുവെക്കുന്ന എല്ലാ പദ്ധതികളുടെയും ആശയങ്ങളുടെയും അടിസ്ഥാനമായിരിക്കും. ഇതിന്റെയടിസ്ഥാനത്തിൽ യു.എ.ഇ. ദേശീയദിനമായ ഡിസംബർ രണ്ടാം തീയതി ‘ലോക ഭാവി ദിനം’ ആയി യുനെസ്കോയുടെ പ്രഖ്യാപനം വന്നത് ഈ വർഷമാണ്. ഇത് രാജ്യത്തിന്റെ പ്രവർത്തനപദ്ധതികൾക്ക് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു.