ക്ലബ്ബ്‌ എഫ്.എം. സീസൺ 4 

ഐസുമൂടിയ മലനിരകളും വിശാലമായ കടൽത്തീരവും തണുത്ത കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ മാടിവിളിക്കുന്ന അൽബേനിയ എന്ന യൂറോപ്യൻ രാജ്യത്തേക്കായിരുന്നു മാതൃഭൂമി ക്ലബ്ബ്‌ എഫ്.എമ്മിന്റെ സീസൺ നാല് യാത്ര. യൂറോപ്പിലെ ബാൽക്കൺ ഉപദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ രാജ്യമാണ് അൽബേനിയ. 29 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്തെ പ്രധാന നഗരങ്ങൾ ടിരാന, ഡുറസ്, എൽബസൻ, വ്ളോർ, ഷ്കോഡർ, പൊഗ്രഡെക് തുടങ്ങിയവയാണ്. തലസ്ഥാനമായ ടിരാനയിലെ ജനസംഖ്യ 3,75,000 ആണ്‌. 14.8 ബില്യൺ ഡോളറാണ് അൽബേനിയയുടെ ആഭ്യന്തര ഉത്പാദന വളർച്ച. 
അൽബേനിയ എന്നാൽ ഈഗിൾ എന്നാണർഥം. ഗംഭീരന്മാരായ കഴുകന്മാർ ഉള്ളതുകൊണ്ടായിരിക്കും ഇത്തരമൊരു പേര് വന്നത്. ഉയർന്ന പർവതങ്ങൾ, തടാകങ്ങൾ, കൃഷിപ്പാടങ്ങൾ, കടൽത്തീരങ്ങൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന എല്ലാമുണ്ടിവിടെ. രാജ്യത്തെ ശരാശരി ചൂട് 15 ഡിഗ്രി മാത്രം. ഇറ്റാലിയൻ, ലാറ്റിൻ, ടർക്കിഷ് ചേർന്നതാണ് അൽബേനിയൻ ഭാഷ. ദീർഘകാലത്തെ കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷം ഇപ്പോൾ പാർലിമെന്ററി റിപ്പബ്ലിക്കാണ് അൽബേനിയ. 70 ശതമാനം ജനങ്ങളും സുന്നി മുസ്‌ലിമുകൾ. 30 ശതമാനം പേർ ക്രിസ്ത്യൻ ഭിന്ന സമുദായക്കാർ. 
 33 പേരടങ്ങിയ ക്ലബ്ബ്‌ എഫ്.എം. സംഘം ടിരാന വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോൾ സമയം ഉച്ചയ്ക്ക് ഒന്നരമണി. ദുബായ് വിമാനത്താവളത്തിൽനിന്ന് ആറ് മണിക്കൂറെടുത്തു ഫ്ലൈ ദുബായ് ടിരാനയിലെത്താൻ. അന്തരീക്ഷ ഊഷ്മാവ് എട്ട് ഡിഗ്രി സെൽഷ്യസ്. വെള്ളപുതച്ച മാമലകൾക്കുതാഴെ ടിരാന വിമാനത്താവളം ഞങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു. ‘വിസ ഓൺ അറൈവൽ’ ആയതുകൊണ്ട് നടപടിക്രമങ്ങളെല്ലാം ലളിതം. പുറത്ത് അൽബേനിയൻ ടൂർ ഗൈഡ് ‘അൽബാന’ ചുവന്ന രോമക്കുപ്പായമിട്ട് ക്ലബ്ബ്‌ എഫ്.എം. ബോർഡുമായി ടൂറിസ്റ്റ് ബസിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു. ഉച്ചഭക്ഷണം കഴിക്കാൻ എയർപോർട്ടിൽനിന്ന് നേരെ ഒരു ഫാം ഹൗസിലേക്ക്. 
സുന്ദരികളായ അൽബേനിയൻ യുവതികളാണ് ഭക്ഷണം വിളമ്പുന്നത്. ഏത് യാത്രയും ആകർഷകമാകുന്നത് ഭക്ഷണം നന്നാവുമ്പോഴാണ്. ഓരോ നാടിനുമുണ്ട് അവരുടെ തനത് വിഭവങ്ങൾ. വിഭവങ്ങൾ എന്തായാലും ഭക്ഷണം ഒരുക്കിവെക്കുന്നതിലെ കലാചാതുരിയും ആതിഥേയരുടെ സ്നേഹസൗഹൃദവും ചേരുമ്പോൾ യാത്രകൾ ആഹ്ലാദകരമാകുന്നു. ഓറഞ്ചും മുന്തിരിയും ഉറുമാമ്പഴവും വിളയുന്ന അന്തരീക്ഷത്തിൽ പലതരം പച്ചക്കറികളും റൊട്ടിയും ചുട്ട ആട്ടിറച്ചിയും പാതിവേവിച്ച മീനും തിന്നാൻ പ്രത്യേക രസം. ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കഷ്ണം തിന്നാൻ മലയാളിയെ ആരും പഠിപ്പിക്കേണ്ടല്ലോ...
കുന്നുകളും കോട്ടകളും തോട്ടങ്ങളും കൊണ്ട് സമ്പന്നമാണ് അൽബേനിയ. പ്രകൃതിസമ്പത്ത് തന്നെയാണ് അൽബേനിയയയുടെ കരുത്ത്. എണ്ണയുത്പാദനമുണ്ട്. ചെമ്പും വെള്ളിയും സ്വർണവും കുഴിച്ചെടുക്കുന്നുണ്ട്. എങ്കിലും കൃഷിതന്നെയാണ് പ്രധാന വരുമാനമാർഗം. ഓറഞ്ചും ഒലീവും മുന്തിരിയും ഉരുളക്കിഴങ്ങും വിളയുന്ന തോട്ടങ്ങൾ നോക്കെത്താദൂരത്തോളമുണ്ട്. സംസ്കരിച്ചെടുക്കുന്ന ഒലീവെണ്ണയും പുഴുങ്ങിയ ഒലീവിൻ കായകളും സമൃദ്ധമായി അവർ കയറ്റിയയക്കുന്നു. ആരോഗ്യദൃഢഗാത്രരായ പുരുഷന്മാർ പ്രായാധിക്യം വകവെക്കാതെ കൊടുംതണുപ്പിലും അധ്വാനിക്കുന്നു. 
നാല് ഹെക്ടർ സ്ഥലത്ത് മുന്തിരികൃഷി നടത്തി മുന്തിരിച്ചാറിൽനിന്ന് വൈൻ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി കാണാൻ ഞങ്ങൾക്ക് അവസരമുണ്ടായിരുന്നു. പാരമ്പര്യം കൈവിടാതെ ഈ വൈൻ ഫാക്ടറി നടത്തിക്കൊണ്ടുപോകുന്ന അൽബേനിയൻ യുവതി ‘അരിയാന’ വൈൻ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചു. വൈൻ വീപ്പകളുടെ നടുവിലിരുത്തി അവർ ഞങ്ങൾക്ക് വർഷങ്ങളുടെ പഴക്കവും സുഗന്ധവുമുള്ള വൈൻ പകർന്നുതന്നു. അധ്വാനത്തിന്റെ മഹത്വവും അതുണ്ടാക്കുന്ന സാമ്പത്തിക സുരക്ഷിതത്വവും അവരുടെ ശരീരഭാഷയിൽ ആത്മവിശ്വാസം നിറച്ചിരുന്നു. വൈൻ ആയാലും വിസ്കിയായാലും അത് കഴിക്കുന്നതിലുമുണ്ട് കുലീനത. ആ സംസ്കാരം മലയാളികൾക്കില്ല. അതുകൊണ്ടാണ് നാട്ടിൽ കള്ളുകുടിയന്മാർ അപഹാസ്യരാകുന്നത്. മദ്യം എങ്ങനെ കഴിക്കണമെന്നും എങ്ങനെ വിൽക്കണമെന്നും അൽബേനിയൻ പെൺകൊടി വിശദീകരിക്കുമ്പോൾ മദ്യപിക്കാത്തവരുടെ വായിലും കപ്പലോടുന്നത് ആ സന്ധ്യയിൽ ഞങ്ങളറിഞ്ഞു. 
ഇതുപോലെ ഒരു ചീസ് ഫാക്ടറി കാണാനും ഞങ്ങൾക്കവസരം ലഭിച്ചിരുന്നു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദപഠനം നടത്തുന്ന ഗ്രാമീണസുന്ദരി ‘ഡഫീന’യാണ് ചീസ് ഫാക്ടറിയുടെ പ്രവർത്തനം പരിചയപ്പെടുത്തിയത്. പഠനവും തൊഴിലും ഒന്നിച്ചുകൊണ്ടുപോകുന്ന ആ പെൺകുട്ടി അൽബേനിയൻ യുവത്വത്തിന്റെ പ്രതീകമാണ്. കൃഷിക്കൊപ്പം പാരമ്പര്യത്തിന്റെ പ്രൗഢിയും അൽബേനിയക്കാർ നിധിപോലെ കാക്കുന്നു. കമ്യൂണിസത്തിന്റെ കെട്ടുപാടുകൾ അഴിച്ചുകളഞ്ഞ് വിനോദത്തിനും സഞ്ചാരത്തിനും വാതിലുകൾ തുറന്നുവെച്ചിരിക്കുകയാണിപ്പോൾ അൽബേനിയ. പഴയ കൽക്കൊട്ടാരങ്ങളും കോട്ടകളും വീടുകളും ജീവിതരീതികളും ആകർഷകമായി സംരക്ഷിച്ച് വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. പൂർവസൂരികൾ പിന്തുടർന്ന ജീവിതചര്യകൾ പുതുതലമുറയ്ക്കായി സൂക്ഷിക്കാനും അത് പ്രൊഫഷണലിസത്തോടെ വിദേശസഞ്ചാരികൾക്ക് മുമ്പിൽ അവതരിപ്പിച്ച് കാശുണ്ടാക്കാനും ‘അൽബേനിയൻ ടൂറിസം വകുപ്പ്’ കാണിക്കുന്ന മിടുക്ക് നമുക്കും മാതൃകയാണ്. അൽബേനിയയിലുള്ളതിന്റെ ആയിരം ഇരട്ടി സാധ്യതകൾ കേരളത്തിലുണ്ട്. പക്ഷേ, നമ്മുടെ വഞ്ചിയിപ്പോഴും തിരുനക്കര തന്നെ... ടിരാന നഗരത്തിൽനിന്ന് പത്ത് കിലോമീറ്റർ ഉയരത്തിലുള്ള കുന്നിൻമുകളിലേക്ക് ഇരുമ്പുവടം കെട്ടിയുണ്ടാക്കിയ റോപ് കാർ യാത്ര അൽബേനിയയിലെ ഏറ്റവും മനോഹരമായ ദൃശ്യവിരുന്നാണ്. സ്വദേശികളും വിദേശികളുമായി ദിനംപ്രതി നൂറുകണക്കിനാളുകൾ ആ ആകാശയാത്ര ആസ്വദിക്കാനെത്തുന്നു. കുന്നിൻമുകളിലെ കൊടുംതണുപ്പിൽ ഐസ് മഴയിൽ കുളിച്ച് ചിത്രമെടുക്കാനും കുതിരപ്പുറത്ത് സഞ്ചരിക്കാനുമൊക്കെ അവസരങ്ങളുണ്ട്. അൽബേനിയൻ യാത്രയിലെ അവിസ്മരണീയമായ അനുഭവമായി ഈ കാർയാത്ര. വയനാടൻ ചുരങ്ങൾക്ക് മുകളിലൂടെ ഇത്തരമൊരു ആകാശയാത്ര സ്വപ്നംകാണാനേ നമ്മൾക്ക് കഴിയൂ... 
ചെറുതും വലുതുമായ അനേകം ഹോട്ടലുകൾ ടിരാന നഗരത്തിലും മറ്റ് അൽബേനിയൻ പട്ടണങ്ങളിലും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. താരതമ്യേന ചെലവുകുറവാണ് താമസത്തിനും ഭക്ഷണത്തിനുമൊക്കെ. അൽബേനിയൻ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യം ആദ്യമൊരമ്പരപ്പ് സൃഷ്ടിക്കുമെങ്കിലും പതുക്കെ നമുക്കതിൽ ലയിക്കാൻ ബുദ്ധിമുട്ടില്ല. ടിരാന നഗരത്തിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിലെ അത്താഴവിരുന്നിനുശേഷം അൽബേനിയൻ പൈതൃകനൃത്തത്തിനൊപ്പം ചുവടുവെക്കാൻ ക്ലബ്ബ്‌ എഫ്.എം. ടീമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ല. ബസിനുള്ളിലെ അന്തരീക്ഷം പാട്ടും നൃത്തവും കൊണ്ട് സജീവമാക്കിയ സംഘാംഗങ്ങൾക്ക് അൽബേനിയൻ സുന്ദരിമാർക്കൊപ്പം നൃത്തംചെയ്യാൻ എന്തുമടി...
രാത്രി അൽബേനിയൻ കടൽത്തീരത്ത് തീകൂട്ടി ചുറ്റുമിരുന്ന് യാത്രാസംഘം പറഞ്ഞ കുറേ കാര്യങ്ങളുണ്ട്. യാത്രകൾ പലതും പല രാജ്യങ്ങളിലേക്കും നടത്തിയിട്ടുണ്ടാവും. പക്ഷേ, ഇത്രയും ഊർജം നിറഞ്ഞ യാത്ര ഭൂരിപക്ഷം പേർക്കും ആദ്യത്തെ അനുഭവമായിരുന്നു. ടിരാന നഗരത്തിൽ വന്നിറങ്ങിയ നിമിഷം തൊട്ട് നാലുദിവസവും അതിന്റെ രസനിമിഷങ്ങൾ ബസിലായാലും മലമുകളിലായാലും ഓരോ അംഗത്തിനും അനുഭവവേദ്യമായിരുന്നു. മാതൃഭൂമി യു.എ.ഇ. ജനറൽ മാനേജർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ മാർക്കറ്റിങ് ടീമും റേഡിയോ അവതാരകരായ കാൾ, ശ്രുതി എന്നിവരും യാത്രാസംഘത്തിലുണ്ടായിരുന്നു. കാളിന്റെ ഗിറ്റാർ സംഗീതത്തിനൊപ്പം പഴയ ചലച്ചിത്രഗാനങ്ങൾ പാടി സംഘാംഗങ്ങൾ രാത്രികളെ സംഗീതസാന്ദ്രമാക്കി.
യാത്രയെ യാഥാർഥ്യമാക്കിയ സ്പോൺസർമാരായ റോയൽ പ്രിൻസ് ഓട്ടോ കെയർ, ലുലു എക്സ്ചേഞ്ച്, എ.ബി.സി. കാർഗോ, ഭീമാ ജൂവലറി, കാലിക്കറ്റ് ഫുഡീസ്, ആയുർ ധാരാ ആയുർവേദിക് സെന്റർ, പ്രസ്റ്റീജ് ഗ്രൂപ്പ്, ഇഗ്‌ലൂ ഐസ്‌ക്രീം എന്നിവരോടും ദുബായ് മാതൃഭൂമി കടപ്പെട്ടിരിക്കുന്നു. ഒപ്പം ക്ലബ്ബ്‌ എഫ്.എം. യാത്ര സീസൺ നാലിന്റെ ട്രാവൽ ഏജൻസിയായ ഡസ്റ്റിനർ ട്രാവൽ ആൻഡ് ടൂറിസത്തിനും സെയിൽസ് ഡയറക്ടർ അബ്ദുൽ ഷുക്കൂറിനും നന്ദി. അൽബേനിയയിലെ താമസം, യാത്ര, ടൂറിസം പ്രോഗ്രാമുകൾ റെസ്റ്റോറന്റുകൾ എന്നിവ തിരഞ്ഞെടുത്തത്തിലെ ഔചിത്യമാണ് യാത്ര സീസൺ നാലിനെ അവിസ്മരണീയമാക്കിയത്. യാത്ര ഗൈഡ് അൽബാനയുടെ തെളിഞ്ഞ ഇംഗ്ലീഷിലുള്ള വിവരണവും ക്ഷമാശീലവും ബസ് ഡ്രൈവർ എരീസിന്റെ കൃത്യനിഷ്ഠയും അൽബേനിയൻ യാത്രയെ ഹൃദ്യമാക്കിയതിന്റെ പ്രധാന കാരണങ്ങളാണ്.