പരിമിതമായ സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രമുണ്ടായിരുന്ന എഴുപതുകളിലെ യു.എ.ഇ.യിൽനിന്ന് ലോകത്തെ അമ്പരപ്പിക്കുന്ന ആധുനിക യു.എ.ഇ.യിലേക്കുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പ്രധാനമായും മണൽക്കൂനകളും കടൽത്തീരങ്ങളും കുന്നുകളും മാത്രമുണ്ടായിരുന്ന ഈ രാജ്യത്തെ വികസനങ്ങൾക്ക് അടിത്തറയിട്ടത് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദീർഘവീക്ഷണപരമായ ‌ഒട്ടേറെ ചുവടുവെപ്പുകളായിരുന്നു. അതിൽ നിർണായകമായത് അന്താരാഷ്ട്ര സഹകരണമെന്ന ആശയമായിരുന്നു.

എമിറേറ്റുകളുടെ ഏകീകരണത്തിനുശേഷം യു.എ.ഇ.ക്ക് നവീനമായ വികസനാശയങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാനായത് മറ്റ് ലോകരാജ്യങ്ങളുമായി ആരംഭിച്ച നയതന്ത്ര-വാണിജ്യ ബന്ധങ്ങളിലൂടെയും പുരോഗമനപരമായ വിദേശനയങ്ങളിലൂടെയുമാണ്. ലോകത്തിലെ മികച്ചതെന്തും യു.എ.ഇ.യിൽ സാധ്യമാക്കുന്നതിൽ ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾ നിർണായകമായി. വിദേശസന്ദർശനങ്ങളിലൂടെയും ലോകനേതാക്കൾക്ക് ആതിഥ്യമരുളിയും യു.എ.ഇ. ഭരണാധികാരികൾ രാഷ്ട്രവികസനത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർക്കുകയായിരുന്നു. ഈ ആശയത്തെ പിൻപറ്റിയുള്ള ഒട്ടേറെ അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും വേദിയൊരുക്കുന്നതിൽ യു.എ.ഇ. ഇന്ന് മുന്നിലാണ്. അതിന്റെ പശ്ചാത്തലത്തിൽ കരുത്താർജിക്കുന്ന വാണിജ്യ, വ്യവസായ, സാംസ്കാരിക നയതന്ത്രബന്ധം മേഖലയിലെ പ്രബലരാജ്യമായി യു.എ.ഇ.യെ നിലനിർത്തുന്നു.

യു.എ.ഇ.യുടെ വളർച്ചയ്ക്ക് വിത്തുപാകിയ ശൈഖ് സായിദിന്റെ ഓർമകളിൽ സംഘടിപ്പിക്കപ്പെടുന്ന പ്രധാന മേളകളിൽ ഒന്നാണ് അൽ വത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവൽ. 2022 ഏപ്രിൽ ഒന്നുവരെ നീളുന്ന ഫെസ്റ്റിവൽ തുറന്നിടുന്നത് യു.എ.ഇ.യുടെ വളർച്ചയുടെയും ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെയും ചിത്രങ്ങൾ മാത്രമല്ല, അന്താരാഷ്ട്ര സഹകരണത്തിലൂന്നിയ പ്രവർത്തനങ്ങൾ എങ്ങനെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുമെന്നതിന്റെ നേർക്കാഴ്ചകൂടിയാണ്. തീർത്തും മരുഭൂപ്രദേശമായ അൽ വത്ബയിൽ വർഷങ്ങൾക്കുമുമ്പ് ശൈഖ് സായിദ് പൈതൃകോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ പരമ്പരാഗത രീതിയിൽ പനയോല മേഞ്ഞ വേദികളിൽ അറബ് ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു സന്ദർശകർക്ക് മുമ്പിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇന്നത് 26 ലോകരാജ്യങ്ങളുടെ വലിയ പവിലിയനുകളാൽ ചുറ്റപ്പെട്ട

പൈതൃകോത്സവവേദിയായി മാറിക്കഴിഞ്ഞു. ഒട്ടേറെ കച്ചവടസ്ഥാപനങ്ങളും ആഘോഷവേദികളും ഓരോ പവിലിയന്റെയും പ്രത്യേകതയാണ്.
ഇന്ത്യ, ലോകത്തിന് സംഭാവനചെയ്ത വിശേഷപ്പെട്ട തുണിത്തരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും രുചിക്കൂട്ടുകളുമെല്ലാം അവതരിപ്പിക്കുന്ന ‌ഒട്ടേറെ സ്റ്റാളുകൾ ഇന്ത്യൻ പവിലിയനിലെ കാഴ്ചയാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തുന്നവർക്ക് പരമ്പരാഗത ഇന്ത്യൻ വിപണിയുടെ സാധ്യതകൾ നേരിട്ടറിയാൻ ഇത് അവസരമൊരുക്കുന്നു. ആവശ്യക്കാർക്ക് ഉത്പന്നങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ആവശ്യമെങ്കിൽ ഇന്ത്യയിലെത്തി കച്ചവടം നടത്താനുമുള്ള മാർഗമൊരുക്കുന്നതിൽ ഫെസ്റ്റ് വലിയ പങ്കുവഹിക്കുന്നു.
പ്രതിഭകൾക്ക് ലോകജനതയ്ക്കുമുമ്പിൽ അവതരണം നടത്താനുള്ള വേദിയും ഇവിടെ സജ്ജമാണ്.

പലരാജ്യങ്ങളിൽനിന്നുള്ളവർക്കുമുമ്പിൽ തങ്ങളുടെ കലാസൃഷ്ടികൾ പങ്കുവെക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഇവിടെ ഒട്ടേെറ മുഖങ്ങളിൽ കാണാനാകും. നിമിഷനേരംകൊണ്ട് കാരിക്കേച്ചർ വരച്ച് കാണികളെ അമ്പരപ്പിക്കാൻ കഴിവുള്ളയാളാണ് അർമേനിയക്കാരനായ ചിത്രകാരൻ മിഹ്റാൻ. തന്റെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ പലയിടങ്ങളിൽ നിന്നുള്ളവരുമായി സംവദിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പവിലിയന്റെ ഓരം ചേർന്ന് ഈ ചിത്രകാരൻ ഒരു കസേരയും കാൻവാസുമായി നിലകൊള്ളുന്നത്. ഇത്തരം വേദികളിലൂടെ വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. രാജ്യങ്ങൾ തമ്മിലുള്ള അന്തരം ഒരു പ്രദർശനവേദിയിലെ ഒത്തുചേരലുകളിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. അന്താരാഷ്ട്ര സഹകരണമെന്ന വാക്കിന്റെ ഏറ്റവും സൃഷ്ടിപരമായ അവതരണമാണ് ലോകരാജ്യങ്ങൾ ഭാഗമാകുന്ന ഇത്തരം മേളകൾ.

സാംസ്‌കാരികമായ ഒത്തുചേരലുകൾ ജനങ്ങളെ അന്യതാബോധം മറികടന്ന് ലോകത്തെ സമഭാവനയോടെ കാണാൻ പ്രേരിപ്പിക്കുന്നു. അർഥമറിയില്ലെങ്കിലും കാവ്യഭംഗിയാസ്വദിച്ചിരിക്കുന്ന അറബ് സാഹിത്യസദസ്സിലെ സായിപ്പും ആഫ്രിക്കൻ അവതരണവേദിയിലെ മലയാളിയുമെല്ലാം ഇത്‌ അടിവരയിടുന്നു. നാം പരിചയിച്ച പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുമാത്രം ലോകത്തെ കാണുന്നതിൽനിന്ന് വിശാലമായ കാഴ്ചപ്പാടോടെ കാര്യങ്ങളെ അറിയാനുള്ള അവസരമാണ് ഈ മേള. ഓരോ നാട്ടുകാർക്കും ലോകത്തോടുപറയാനുള്ള ഒരായിരം കഥകൾ ഇവിടെ കേൾക്കാനാകും.

അതിൽ ചിപ്പിയിൽനിന്ന് മുത്ത് ശേഖരിച്ച് ആഭരണമുണ്ടാക്കുന്നയാളിന്റെയും ഈന്തപ്പഴത്തിൽനിന്ന് തേനെടുക്കുന്ന കർഷകന്റെയും ശൂന്യതയിൽനിന്ന്‌ പൂക്കൾ പുറത്തെടുക്കുന്ന മജീഷ്യന്റെയും ബാന്റുമേളം മുഴക്കുന്ന വാദ്യക്കാരന്റെയുമെല്ലാം ഉൾപ്പെടും. മേള നടന്നുകാണാൻ ഭാഗ്യമനുവദിക്കാത്തവർ ചക്രക്കസേരകളിൽ ചിരിച്ചമുഖത്തോടെ ആളുകളെയും അവതരണങ്ങളെയും കണ്ടുപോകുന്നത് ഇവിടെ പുതുമയുള്ള കാഴ്ചയല്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ശൈഖ് സായിദ് ഫെസ്റ്റ്. എല്ലാവർക്കും വഴികളും വേദികളും ഇവിടെയുണ്ട്. അർധരാത്രിവരെ നീളുന്ന ആഘോഷങ്ങൾക്കൊടുവിൽ വർണാഭമായ വെടിക്കെട്ടും ലേസർഷോയും ആസ്വദിച്ച് ലോകം കറങ്ങിയ ഒരാളുടെ മനസ്സോടെ മടങ്ങാൻ ഇവിടം അവസരമൊരുക്കുന്നു.

ലോകരാജ്യങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് സദുദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന വലിയ മേളകൾ എല്ലാ രാജ്യങ്ങളിലുമുണ്ടാകണം. ആളുകൾക്ക് തമ്മിൽ കാണാനും സംസ്‌കാരങ്ങളെ തമ്മിൽ കൂട്ടിയിണക്കാനും സന്തോഷത്തോടെ കഴിയേണ്ടയിടമാണ് ഈ ലോകമെന്ന ബോധ്യം വളർത്താനും ഇത് സഹായകമാകും. മരുഭൂമിയെ 50 വർഷംകൊണ്ട് സാങ്കേതികതയുടെ ഉയരങ്ങളിലേക്ക് നയിച്ച രാഷ്ട്രശില്പികൾ നേരത്തേയറിഞ്ഞതും പരീക്ഷിച്ചതും അന്താരാഷ്ട്ര സഹകരണത്തിന്റെ ഇത്തരം പുതിയ വഴികളായിരുന്നു.