ലോകത്ത് ഏറ്റവും അമൂല്യമെന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് ആഹാരം. ലോകത്തെങ്ങും ആഹാരത്തിനും ആഹാരക്രമങ്ങൾക്കും വലിയ അന്തരമുണ്ട്. ഓരോ രാജ്യത്തിന്റെയും ഘടനയും കാലാവസ്ഥയുമനുസരിച്ച് ആഹാരസാധനങ്ങൾക്കും വലിയ മാറ്റമുണ്ട്. കേരളത്തിന്റെ പരമ്പരാഗത ആഹാരഘടനയിൽതന്നെ മാറ്റങ്ങൾ സംഭവിക്കുമ്പോൾ മറുനാടുകളിലും സമാനരീതിയിൽ ആഹാരങ്ങൾക്ക് മാറ്റമുണ്ടാകുന്നു. മലയാളികളടക്കം മറുനാടുകളിൽ കഴിയുമ്പോൾ ജീവിക്കുന്ന നാട്ടിലെ ആഹാരക്രമവുമായി പതുക്കെ താദാത്മ്യം പ്രാപിക്കുകയും അവ സ്വന്തം നാട്ടിലേക്ക് പറിച്ചുനടുകയും ചെയ്യുന്നു. വ്യത്യസ്തതനിറഞ്ഞ മനുഷ്യ സംസ്കാരങ്ങളിൽ ‘ഭക്ഷണ സംസ്കാരവും’ പ്രാധാന്യമേറിയതാണെന്ന് തെളിയിക്കപ്പെടുന്നു. മനുഷ്യനിർമിതിക്കാവശ്യമായ ആഹാരം പാഴാക്കിക്കളയരുതെന്ന് ലോകം നിരന്തരം ഓർമിപ്പിക്കുന്ന കാലംകൂടിയാണിത്. 

പട്ടിണിമരണങ്ങൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ ആഹാരം പാഴാക്കിക്കളയുകയല്ല സംഭരിച്ച് സൂക്ഷിക്കുകയാണ് വേണ്ടതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന രാജ്യമാണ് യു.എ.ഇ. അങ്ങിനെ ആഹാരംശേഖരിച്ച് ദരിദ്രരാജ്യങ്ങൾക്കായി യു.എ.ഇ. നടപ്പാക്കുന്ന പദ്ധതിയായ ‘100 മില്യൻ ഭക്ഷണപദ്ധതി’ക്ക്‌ വലിയ പിന്തുണയും ലഭിക്കുന്നു. എല്ലാവർക്കും ആഹാരം ലഭ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി യു.എ.ഇ. ഭക്ഷ്യബാങ്കുതന്നെ സ്ഥാപിച്ചിട്ടുണ്ട്. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിങ്’ ദരിദ്രർക്കുവേണ്ടിയുള്ളതാണ്. ഈ പദ്ധതിയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും നടപ്പാക്കുന്നത്.പട്ടിണിയും ദുരിതവുമനുഭവിക്കുന്ന പാവങ്ങളിൽ ഭക്ഷ്യബാങ്ക് പദ്ധതി എത്തിക്കുകയെന്നതാണ് യു.എ.ഇ. ഭരണാധികാരികൾ പരമപ്രധാനമായി കാണുന്നത്. അതിനായി യു.എ.ഇ. യിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യ ശൃംഖലയും ഏകോപിപ്പിച്ച് ആഹാരം സ്വരൂപിക്കുന്നത് വലിയ വിജയവുമാണ്. 


ആതിഥ്യത്തിന്റെ അറബ് ലോകം

ലോകത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രഥമ സ്ഥാനങ്ങളിൽ ഉൾപ്പെടുന്ന യു.എ.ഇ. ഭക്ഷണമികവിലും മുൻപന്തിയിലാണ്. മറ്റുള്ള അറബ് രാജ്യങ്ങളിൽനിന്നടക്കം വൈവിധ്യ ഭക്ഷണങ്ങൾ രുചിക്കൂട്ടൊടെ ഇവിടെ തീൻമേശമേൽ വിരുന്നൊരുക്കുന്നു. പ്രധാനമായും സൗദി, ഒമാൻ രാജ്യങ്ങളിലെ ഭക്ഷണങ്ങൾക്ക് സമാനമായാണ് യു.എ.ഇ.യിലും ഉള്ളത്. അറബ് രാജ്യങ്ങൾ തമ്മിലുള്ള സംസ്കാര കൈമാറ്റങ്ങളിൽ ഭക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ടെന്നതിന് തെളിവാണത്.അറബ് ലോകത്തെ ആതിഥ്യമര്യാദ മറ്റുള്ളവർക്ക് മാതൃകയാണ്. ആതിഥ്യമരുളുന്നതിന് തുല്യമായ പ്രധാന്യം പാചകത്തിന്റെ ഗുണത്തിനും കൽപിക്കുന്നു. ഭക്ഷണംകഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്നതിൽ അറബ് ജനത പണ്ടുകാലംമുതൽ ഒരേപോലെ വിലകൽപ്പിക്കുന്നു. വലിയ തളികയിൽ അതിഥികൾക്ക് ആഹാരംവിളമ്പുന്നു. വിവിധ അളവിൽ മസാലകൾ ചേർത്ത അരിഭക്ഷണം, മാംസം (പ്രധാനമായും ആട്, കോഴി), പായസം, പച്ചക്കറി സൂപ്പ് അടക്കമുള്ള വിഭവങ്ങൾ, തക്കാളി സോസ്, ചായ എന്നിവയെല്ലാം ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവങ്ങളാണ്. തേനും റോസ് വാട്ടറും ഒലിവ് എണ്ണയും ബ്രഡിനൊപ്പം ചേർത്ത് കഴിക്കുന്നതും അറബികളുടെ ഭക്ഷണരീതിയാണ്. കുടുംബങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കുന്നതാണ് രീതി. ബദാം ചേർത്ത മധുരപലഹാരങ്ങൾ പഴയകാലം മുതൽ ‘രാജാക്കന്മാരുടെ ഭക്ഷണം’ ആയി കണക്കാക്കുന്നു. മധ്യകാല അറബ് പാചക സാഹിത്യത്തിൽ മധുരപലഹാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. തീൻമേശയ്ക്ക് മുന്നിലിരിക്കുമ്പോൾ ഭക്ഷണത്തിനാണ് പ്രാധാന്യമെന്ന് അറബ് വാക്യമാണ്.

പച്ചക്കറികൾക്കും പ്രാധാന്യം

യു.എ.ഇ. അടക്കമുള്ള രാജ്യങ്ങളിൽ പച്ചക്കറികൾക്കും വലിയ പ്രാധാന്യം കൽപ്പിക്കുന്നു. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, ഇലവർഗങ്ങൾ, കിഴങ്ങുകൾ, പഴവർഗങ്ങൾ എന്നിവയെല്ലാം ഉത്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. മല്ലിയില, കാബേജ്, കോളിഫ്ളവർ തുടങ്ങിയവ വ്യാപകമായി ചേരുവകളിൽ ഉൾപ്പെടുത്തുന്നതോടൊപ്പം വിവിധ പച്ചക്കറികൾ ചേർത്ത് വീഞ്ഞുപോലുള്ള പാനീയങ്ങളും ഉണ്ടാക്കുന്നു. പുഴുങ്ങിയ വഴുതന, ഉരുളക്കിഴങ്ങ് എന്നിവ അറബികളുടെ പ്രധാന വിഭവമാണ്.


യു.എ.ഇ.യുടെ ഭക്ഷണസംസ്കാരം

ബി.സി. മൂന്നാം നൂറ്റാണ്ടിൽതന്നെ പ്രാചീന യു.എ.ഇ.യിലെ മരുഭൂമികളിൽ ഈന്തപ്പന തഴച്ചുവളർന്നതായി ചരിത്രം പറയുന്നു. അതിനാൽ ഇവിടങ്ങളിലെ ആദിമ മനുഷ്യവർഗത്തിന്റെ വിശപ്പടക്കാനുള്ള പ്രധാന ഭക്ഷണമായി ഈന്തപ്പഴം ഉപയോഗിച്ചുതുടങ്ങി. പിന്നീടങ്ങോട്ട് ഈന്തപ്പഴം അവിഭാജ്യഘടകമാവുകയുംചെയ്തു. പ്രാചീനകാലത്ത് ഉമ്മുൽ-നാർ എന്ന പ്രദേശത്ത് ആദ്യമായി ഈന്തപ്പന കണ്ടെത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ.യിലെ ഭക്ഷണ സംസ്കാരത്തിൽ ഈന്തപ്പഴം അതോടെ വലിയ സ്വാധീനമായെന്ന് കണക്കാക്കുന്നു. കാലാവസ്ഥ, കൃഷി, വാണിജ്യം എന്നിവയെല്ലാം ഭക്ഷണരീതികളിലും അറബ് നാടുകളിൽ പ്രതിഫലിക്കുന്നു. സുഗന്ധവ്യഞ്ജനം, ഔഷധ സസ്യങ്ങൾ എന്നിവ ഭക്ഷണങ്ങളുമായും ഈ രാജ്യങ്ങളിൽ ബന്ധപ്പെട്ടുകിടക്കുന്നു. പ്രാചീന അറബിപാചക പുസ്തകങ്ങളിൽ രേഖപ്പെടുത്തിയ സോസുകൾ ഇന്നും തീൻമേശമേൽ പ്രധാനമാണ്. 
പത്താംനൂറ്റാണ്ടിൽ അൽ താബിഖ് എഴുതിയ പാചകക്കുറിപ്പുകളിൽ വറുത്ത മത്സ്യങ്ങൾ ഭക്ഷണവിഭവമായി പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. മീൻപിടിച്ചും കക്ക വാരിയും പ്രാചീന അറബ് ജനതയുടെ ഭക്ഷണ രീതികളിൽ മീൻ ഇടം പിടിച്ചതിലും അത്ഭുതമില്ല. വിനാഗിരിയിൽ കുതിർത്ത ഉണക്കമുന്തിരിയും വെളുത്തുള്ളി, വാൾനട്ട്, കടുക്, ഇഞ്ചി, മാതളനാരങ്ങ, ഗ്രാമ്പൂ എന്നിവയെല്ലാം കോഴി വിഭവങ്ങളിലും മറ്റും ചേർക്കുന്നതും പ്രാചീന കൃതികളിൽ പ്രതിപാദിച്ചിട്ടുണ്ട്.


ഈന്തപ്പഴവും ഇമ്പമേറിയ ‘സുലൈമാനി’യും

ഈന്തപ്പഴവും ഇമ്പമേറിയ ‘സുലൈമാനി’യും കേരളത്തിലെ വീടുകളിൽപോലും പ്രിയപ്പെട്ടതായിട്ട് പതിറ്റാണ്ടുകളായി. ആറ് പതിറ്റാണ്ടിലധികമുള്ള പ്രവാസം അറബ് നാടുകളിൽനിന്നും കേരളത്തിലെത്തിച്ചതാണ് ഈന്തപ്പഴവും ‘ഗാവ’ യെ ഓർമിപ്പിക്കുന്ന കടുംചായയും. ‘മുഹബത്തിന്റെ സുലൈമാനി’ എന്നൊക്കെ നമ്മുടെ കട്ടൻചായയ്ക്ക് പേരുവന്നത് അറബ് നാടുകളുടെ സ്വാധീനമാണ്. കോഴിക്കോടൻ രുചി വൈഭവങ്ങളെ ഏറെ സ്വാധീനിച്ചതാണ് യു.എ.ഇ. അടക്കമുള്ള അറേബ്യൻ രാജ്യങ്ങളിലെ ‘നാവിൽ വെള്ളമൂറുന്ന’ ആഹാരങ്ങൾ. എന്നാൽ കോട്ടയത്തെയും തലശ്ശേരിയിലെയും കപ്പയും കാച്ചിലും ഇന്ന് അറബികളുടെ തീൻമേശമേലും ഇടംപിടിച്ചിട്ടുണ്ടെന്നും ഓർക്കേണ്ടതുണ്ട്. അതും കേരളത്തിന്റെ പുണ്യമാണ്.കേരളത്തിൽ കോവിഡ് കാലത്ത് 10,000 ത്തിലേറെ റെസ്റ്റോറന്റുകൾ അടയ്ക്കേണ്ടിവന്നപ്പോൾ പുതിയതായി 25,000 -ത്തോളം അറേബ്യൻ റെസ്റ്റോറന്റുകൾ തുറക്കുകയും ചെയ്തിട്ടുണ്ടെന്ന് കേരളത്തിലെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കണക്കുകളിൽ പറയുന്നു. ഇതൊരു വിചിത്ര വിശേഷമാണെന്നോർക്കണം.അറബ് ഭക്ഷണങ്ങൾ കൊച്ചുകേരളത്തിൽ അത്രയേറെ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അറബികളുടെ പ്രധാന ഭക്ഷണങ്ങളിൽ ഉൾപ്പെടുന്ന, പ്രവാസ നാടുകളിൽ വലിയരീതിയിൽ കാണപ്പെടുന്ന ‘ഷവർമ, കുഴിമന്തി’ കളെല്ലാം കേരളത്തിന് പ്രിയപ്പെട്ടതായിട്ട് കുറച്ചുകാലമായി. കോവിഡിൽ ഗൾഫിൽനിന്ന് തൊഴിൽനഷ്ടപ്പെട്ട് തിരിച്ചെത്തിയ മലയാളികൾ ഇത്തരം റെസ്റ്റോറന്റുകൾ ആരംഭിക്കാൻ മുന്നിൽനിന്നു. 

യു.എ.ഇ.യുടെ സ്വർണബിരിയാണി 

കൊതിയൂറും ബിരിയാണിയ്ക്ക് പേരുകേട്ട നാടാണ് യു.എ.ഇ. വിലകൂടിയ ‘ദി റോയൽ ഗോൾഡ് ബിരിയാണി’ വരെ ലഭിക്കുന്ന നാടാണിത്. ഈ ‘സ്വർണബിരിയാണി’ കഴിക്കാനായി വിദേശങ്ങളിൽനിന്ന് ദുബായിലെത്തുന്ന സമ്പന്നരും കുറവല്ല. രുചിതേടി വേറിട്ട ആഹാരങ്ങൾ ലഭിക്കുന്നയിടങ്ങൾ തേടിപ്പോകുന്നവരും വർധിച്ചിട്ടുണ്ട്. അതിനായി സമൂഹ മാധ്യമങ്ങളിൽ ഫുഡ് ട്രാവൽ സൈറ്റുകളും പ്രചാരത്തിലുണ്ട്. സ്വന്തംനാട്ടിലെ തനത് വിഭവങ്ങൾക്ക് പ്രീതികൂടുന്ന പ്രവാസികളും ഒട്ടേറെയുണ്ട്, കേരളീയ ഗ്രാമങ്ങളിൽ ഒരുകാലത്ത് വ്യാപകമായിരുന്ന ‘സമാവർ ചായക്കടകൾ’ യു.എ.ഇ.യിൽ വ്യാപകമായിട്ടുണ്ട്. ഇത്തരം കടകളിലെ ചൂടുള്ള ചായയും എണ്ണക്കടികളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അറബികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഹരീസ്. കൊതുമ്പില്ലാത്ത ഗോതമ്പുകൊണ്ടുണ്ടാക്കിയ ഹരീസ് മലയാളികളുടെയും ഇഷ്ടവിഭവമായിട്ട് കാലമേറെയായി. റംസാൻ മാസത്തിലാണ് ഹരീസിന് ഏറെ പ്രാധാന്യം. അർമേനിയൻ വിഭവമായ ഹരീസ് ഗോതമ്പും മാംസവും ചേർത്താണ് ഉണ്ടാക്കുന്നത്.ഒലീവ് എണ്ണ, കടുക്, ഈന്തപ്പഴം, കടല എന്നിവ ധാരാളമായി ഉപയോഗിച്ച് ആഹാരമുണ്ടാക്കുന്നവരും അറബികളാണ്. പൗരാണികകാലംതൊട്ടേ ഇത്തരം ആഹാരങ്ങളാണ് ഇവിടുത്തുകാർ ശീലിച്ചത്. അനാരോഗ്യമില്ലാത്ത ഒരു ജനതയുടെ മികച്ച ആഹാരരീതിയുമായി അവ മാറ്റപ്പെട്ടു. ‘ഷവർമയും മന്തിയും’ കൂടാതെ മസ്‌ലി, കബ്‌സ, സരീദ്, മത്‌റൂബ, ബഷ്മൽമക്, റോണ, ലഹം മസ്സങ്ക, നാഷ്‌ഫലഹം, ഖുബ്‌സ് എന്നിവയെല്ലാം ഈ രാജ്യങ്ങളുടെ പ്രിയപ്പെട്ടതാണ്. അരി, നൂഡിൽസ്, ചെറുപയർ, സോയാബീൻസ്, ആട്ടിറച്ചി, വിവിധതരം ഇലകൾ എന്നിവയെല്ലാം ഗൾഫിൽ ആഹാരത്തിൽ പണ്ടുകാലം മുതൽ ഉപയോഗിക്കുന്നുണ്ട്. അറബികളുടെ പ്രഭാതഭക്ഷണത്തിൽ ബീഫ് സോസേജ് ഉൾപ്പെടുത്താറുണ്ട്. മാംസത്തിൽ ആട്, മാട്, ഒട്ടകം എന്നിവയെല്ലാം പ്രധാനമാണ്. 


പ്രഭാതഭക്ഷണത്തിൽ കുബൂസ് (ഹുബ്‌സ്) പ്രധാനം

അറബ് നാടുകളിൽ ഏതുനേരവും പ്രിയമേറിയ ഭക്ഷണമാണ് കുബൂസ്. ഗോതമ്പ് പൊടി, മൈദ എന്നിവ ചുടുവെള്ളവും പാലും ഈസ്റ്റും പഞ്ചസാരയും നെയ്യുമെല്ലാം ചേർത്തുണ്ടാക്കുന്ന കുബൂസിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കുബൂസ് ഹലാവ എന്നറിയപ്പെടുന്ന കടലയും മധുരവും ചേർത്ത് അരച്ചുണ്ടാക്കിയ വിഭവം കുബൂസിനൊപ്പം കഴിക്കുകയാണ് അറബികളുടെ ശീലം. കൂടാതെ പച്ച, കറുപ്പ് ഒലീവ് പഴങ്ങൾ ഉപ്പുചേർത്ത് പ്രാതലായി കഴിക്കുന്നു. ഹംഗറിയിൽനിന്നും എത്തിക്കുന്ന പ്രത്യേകതരം വെണ്ണ ഉപ്പുചേർത്ത് ശുദ്ധമായ വെള്ളത്തിൽ ഇട്ടുവെച്ച് കഴിക്കാറുണ്ട്. ഹമ്മൂസും (വെളുത്ത കടല, വെളുത്ത എള്ള്, വെളുത്തുള്ളി, ഉപ്പ്, ഒലിവ് എണ്ണ എന്നിവ ചേർത്തുണ്ടാക്കുന്നത്) കൂടെ ഉപയോഗിക്കുന്നു. ഏറെ പോഷകാംശമുള്ള ഈ വിഭവങ്ങൾ ഗൾഫിൽ പ്രവാസികൾക്കടക്കം പ്രിയമേറിയത്.അറബ് നാടുകളിൽ രുചിയേറിയ വിഭവങ്ങളാണ് അറേബ്യൻ കപ്‌സയും യെമെൻ മന്തിയും. ചിക്കൻ, മട്ടൻ, ബീഫ് എന്നിവയിലെല്ലാം ഇത്തരം വിഭവങ്ങളുണ്ടെങ്കിലും ചിക്കൻ ആണ് കൂടുതൽ പ്രിയം. നിശ്ചിത അളവുകളിൽ ബസുമതി പോലുള്ള അരിയും കോഴിയും മസാലക്കൂട്ടുകളും ചേർത്തുണ്ടാക്കുന്നവ. 

കോഴിയും ബീഫും മട്ടനും ഉപയോഗിച്ച് വെവ്വേറെ തയ്യാറാക്കുന്ന വ്യത്യസ്തതരം ബിരിയാണി വിഭവമാണ് മദ് ഹുത്. സൗദിയിലാണ് ഏറെ പ്രചാരത്തിലെങ്കിലും യു.എ.ഇ.യിലും വ്യാപകമായി ലഭിക്കുന്നു. തന്തൂർ അടുപ്പിൽ ചുട്ടെടുക്കുന്ന ഇന്ത്യൻ ഭക്ഷണമായ ‘തന്തൂരി ചിക്കൻ’ യു.എ.ഇ.യിലും പ്രചാരത്തിലായിട്ട് വർഷങ്ങളായി. വിദേശികളും തദ്ദേശീയരും തന്തൂരി ചിക്കന്റെ ഇഷ്ടക്കാരാണ്. വിഭജനത്തിനുമുൻപുള്ള പാകിസ്താനിലെ പെഷവാറിലാണ് കുന്ദൻലാൽ ഗുജ്‌റാൾ എന്നയാൾ ആദ്യമായി തന്തൂരി ചിക്കൻ പാകം ചെയ്തത്. അതുവരെ തന്തൂർ അടുപ്പുകളിൽ റൊട്ടി, നാൻ എന്നിവയായിരുന്നു ചുട്ടെടുത്തത്. 

ദുബായ് കലവറതന്നെ

ദുബായ് ഭക്ഷണങ്ങളുടെ കലവറയാണ്. ഏതുനേരത്തും എവിടെയും ഭക്ഷണംകിട്ടുന്ന നാട്. ജനവാസമുള്ള പ്രദേശങ്ങളിൽ നൂറുകണക്കിന് ചെറുതും വലുതുമായ റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നു. യു.എ.ഇ.യിലെ റെസ്റ്റോറന്റുകളിൽ മലയാളികളാണേറെ ജോലിചെയ്യുന്നതെന്നും പ്രത്യേകതയാണ്. അറബ് ഭക്ഷണങ്ങൾ മാത്രമല്ല, മറുനാടൻ ഭക്ഷണങ്ങളും യു.എ.ഇ.പ്രോത്സാഹിപ്പിക്കുന്നു. 2014-ൽ തുടക്കമായ ‘ദുബായ് ഫുഡ് ഫെസ്റ്റിവൽ’ ലോകപ്രസിദ്ധമാണ്. വിനോദസഞ്ചാര കേന്ദ്രമെന്നനിലയിൽ മാത്രമല്ല പാചകകലയുടെ തലസ്ഥാനമായും ഫുഡ് ഫെസ്റ്റോടെ ദുബായ് അറിയപ്പെടാൻ തുടങ്ങി. 200-ലേറെ രാജ്യങ്ങളിലെ പാചകരീതികൾ ദുബായിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. ദുബായിലെത്തുന്ന ആർക്കും സാമ്പത്തിക ബാധ്യത വരുത്താതെയാണ് വിലനിലവാരമെന്നതും സാധാരണക്കാർക്ക് അനുഗ്രഹമാണ്. കോവിഡിന്റെ തുടക്കത്തിൽ ഈ രാജ്യം പ്രവാസസമൂഹത്തെയാകെ പട്ടിണിയില്ലാതെ സംരക്ഷിച്ചിട്ടുമുണ്ട്. കാരുണ്യത്തിന്റെ വലിയ പാഠമാണ് രാജ്യം എല്ലാകാലത്തും പകർന്നുനൽകുന്നത്.