ഒരു സാധനം വിൽക്കുവാൻ ആദ്യംവേണ്ടത് അതിന്റെ പരസ്യവും മാർക്കറ്റിങ്ങും ആണ്. ഇന്ന് ഈ രംഗത്ത് വമ്പൻ കമ്പനികൾ മത്സരിക്കുന്നു. എന്നാൽ ദൃശ്യമാധ്യമങ്ങളൊക്കെ പ്രചാരത്തിൽ ആകുന്നതിനും സാധാരണക്കാർ അക്ഷരാഭ്യാസം നേടുന്നതിനും മുമ്പ് എങ്ങനെയായിരുന്നു ചന്തകളിൽ പരസ്യപ്രചാരണം?
ജേക്കബ് അബ്രഹാമിന്റെ ‘കുമരി’ എന്ന നോവൽ മുകളിലെ ചോദ്യത്തിന് ഉത്തരം നൽകും. നാമൊക്കെ ജനിക്കുംമുമ്പേ, നമ്മൾക്കറിയാത്ത പരസ്യപ്രചാരണത്തിന്റെ ലോകം തുറന്നിടുകയാണ് ജേക്കബ്. കഥാനായകൻ റെക്‌സ് എഴുതുന്ന കുമരി ചന്തയെപ്പറ്റിയുള്ള നോവലാണ് ആ വിശാലലോകം തുറന്നിടുന്നത്. കോപ്പി റൈറ്ററായി റെക്‌സ് ജോലിചെയ്യുന്നത് ആപ്പിൾ ട്രീ എന്നൊരു നവപരസ്യ കമ്പനിയിലാണ്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അതേജോലി കാലങ്ങൾക്കുമുമ്പ് നാട്ടിൽ എങ്ങനെ നടന്നിരുന്നു എന്നൊരു അന്വേഷണമാണ് റെക്‌സിന്റെ നോവൽ. കുമരി ചന്തയിലെ കൂവുന്നോൻ എന്നൊരു കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് റെക്‌സ് എഴുതുന്നത്. അവിടെ ചന്തയിൽ ഏത് സാധനം വിൽക്കണമെങ്കിലും കൂവുന്നോൻ വേണം. സാധനങ്ങളുടെ മഹിമകൾ പാടിപ്പുകഴ്ത്തി ആൾക്കാരെ ആകർഷിച്ച് വൈകുന്നേരമാകുമ്പോഴേക്കും കച്ചവടം കൊഴുപ്പിക്കുക എന്ന പഴയകാല പരസ്യരീതി. ഓരോ സാധനത്തിനും ചേർന്ന രീതിയിൽ വിളിച്ചുകൂടി അയാൾ ജനത്തെ ആകർഷിക്കുന്നു. അന്ന് അയാൾ ചെയ്തതും ഇപ്പോൾ ചെയ്യുന്നതിനും തമ്മിൽ കാലത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂവെന്ന് റെക്‌സ് കരുതുന്നു. ജോലിക്കിടയിലെ തിരക്കും മീറ്റിങ്ങുകളും ടെൻഷനുകളും കഥയെഴുത്തിൽനിന്നും റെക്‌സിനെ മാറ്റിനിർത്തുന്നില്ല.


തുടക്കത്തിൽ ഒരു ഇളകാറ്റുപോലെയും പുഴയുടെ ഒഴുക്കുപോലെയും കഥ മുന്നോട്ടുപോവുകയും അവസാനഭാഗങ്ങളിൽ വല്ലാത്ത വികാരാവേശം വായനക്കാരിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നുണ്ട് നോവലിൽ. ദീർഘനാളത്തെ പരസ്യക്കമ്പനികളിലുള്ള പ്രവൃത്തിപരിചയം കഥയുടെ ആഴത്തിലുള്ള എഴുത്തിന് ജേക്കബ് എബ്രഹാമിനെ സഹായിച്ചിട്ടുണ്ട്. ഇന്ന് പരസ്യക്കമ്പനികളിൽ കാണുന്ന ഒട്ടുമിക്ക കാര്യങ്ങളും വിവരങ്ങളും റെക്‌സ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി വായനക്കാരൻ അറിയുന്നു. ലോക പരസ്യരംഗത്തും ഇന്ത്യൻ പരസ്യരംഗത്തും പണ്ടും ഇന്നും നടക്കുന്ന പലതും വായനക്കാർക്ക് അറിവും കൗതുകവും ജനിപ്പിക്കും. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രയോജനപ്രദമായ പലതും നോവലിൽനിന്ന് ലഭിക്കുകയും ചെയ്യും.

ഒരേസമയം ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ സിനിമകൾ കാണുന്ന പ്രതീതി നോവലിൽ ഉടനീളം സൃഷ്ടിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കൺമുന്നിൽനിന്ന് മറഞ്ഞുപോയ കാലവും അന്നത്തെ ജീവിതരീതികളും ചന്തയിലെ സാധനങ്ങളുടെ വർണനയും ഇതിനുപിന്നിൽ എഴുത്തുകാരൻ നടത്തിയ പ്രയത്നം വെളിവാക്കുന്നുണ്ട്. കുമരി എന്ന ചന്ത കേരളത്തിന്റെ മൊത്തത്തിലുള്ള ഗതകാലചിത്രം വരച്ചിടുന്നു. സുന്ദരൻ എന്നൊരു കഥാപാത്രം ഉപ്പിനായി നടത്തുന്ന ‘ഉപ്പുകലാപം’ എന്ന ഭാഗം കേരളത്തിൽ ഒരുകാലത്ത് നടമാടിക്കൊണ്ടിരുന്ന അടിമത്വത്തിന്റെ നേർചിത്രീകരണമാണ്. കുമരി ചന്തയുടെ ഗതകാലത്തോടൊപ്പം ആധുനിക മാർക്കറ്റുകളുടെ വർണശബളിമകൂടി കൂട്ടിയോജിപ്പിച്ച് കഥ ക്രാഫ്റ്റ് ചെയ്തരീതി രസകരവും നോവലിസ്റ്റിന്റെ സർഗാത്മകതയുടെ തെളിവുമാകുന്നു. ചിത്രകാരി ദീപ്തി ജയന്റെ ചിത്രീകരണം കഥയ്ക്ക് കൂടുതൽ മിഴിവേകുന്നുണ്ട്.
ലളിതമായും രസകരമായും വായനക്കാരനുമുന്നിൽ പൊയ്‌പ്പോയ കാലവും പുതുകാലവും ഒന്നുപോലെ ചിത്രീകരിക്കുന്ന ‘കുമരി’ നഷ്ടമല്ലാത്തൊരു വായന നൽകുന്ന പുസ്തകമാണ്.