രാജ്യം അമ്പതാമത് ദേശീയദിനം ആഘോഷിക്കുമ്പോൾ സ്വദേശികളും പ്രവാസികളുമെല്ലാം അതിൽ ഒരേ മനസ്സോടെ അണിനിരക്കും. ഡിസംബർ രണ്ട് യു.എ.ഇ.യിൽ ജീവിക്കുന്നവർക്കെല്ലാം ആഘോഷത്തിന്റെ ദിവസമാണ്. രാഷ്ട്രരൂപവത്കരണത്തിന്റെ 50 ആണ്ടുകൾ പിന്നിടുമ്പോൾ ലോകത്തിനുമുന്നിൽ വലിയ നേട്ടങ്ങളോടെയാണ് യു.എ.ഇ. നിലകൊള്ളുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രസാങ്കേതിക വിദ്യ എന്നിവയിലെല്ലാം ലോകത്തിലെ മറ്റേത് മുൻനിര രാഷ്ട്രത്തോടും ചേർന്നുനിൽക്കുന്ന വികസനമാണ് യു.എ.ഇ.യിൽ നടന്നുവരുന്നത്. 

1971 ഡിസംബർ രണ്ടിന് അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളെ യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന ഒരുപേരിൽ ചേർത്തുനിർത്തുമ്പോൾ മണൽക്കൂനകളും കടൽത്തീരങ്ങളും മാത്രമുള്ള ഒരു മേഖലയായിരുന്നു ഇത്. തൊട്ടടുത്ത വർഷം ഫെബ്രുവരി പത്തിന് റാസൽഖൈമകൂടി യു.എ.ഇ.ക്ക് കീഴിൽ വരികയും ഏഴ് എമിറേറ്റുകൾ ഒരു പതാകയ്ക്ക് കീഴിലാവുകയുംചെയ്തു. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെന്ന ദീർഘദർശിയായ നേതാവിന്റെ നേതൃത്വത്തിൽ യു.എ.ഇ. പിന്നീട് സാധ്യതകൾതേടിയുള്ള പ്രയാണത്തിലായിരുന്നു.

മധ്യപൗരസ്ത്യ ദേശത്തെ മരുഭൂമിയിൽ സ്വപ്നങ്ങൾക്ക് നിറംപകർന്ന് ശൈഖ് സായിദ് നടത്തിയ തേരോട്ടം ഐതിഹാസികമായിരുന്നു. മറ്റുരാജ്യക്കാരും സഞ്ചാരികളും തിരിഞ്ഞുനോക്കാതിരുന്ന ഭൂപ്രദേശത്തെ ഒരു മാന്ത്രികന്റെ മെയ്‌വഴക്കത്തോടെ ശൈഖ് സായിദ് ഉഴുതുമറിക്കുകയായിരുന്നു. യു.എ.ഇ.യെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രമാക്കി വളർത്തി. അഞ്ചുവൻകരയിലെയും ജനങ്ങൾ ഈ ഉഷ്ണഭൂമിയിലെ ഏത് കാലാവസ്ഥയിലും പറന്നിറങ്ങാൻ തുടങ്ങി. ഭാഷയുംവേഷവും രൂപവുംഭാവവും മതവുംജാതിയും നോക്കാതെ എല്ലാവരെയും രാജ്യം ഇരുകൈയുംനീട്ടി സ്വീകരിച്ചു.

എണ്ണയിൽ അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥയിൽനിന്ന് മാറിനടന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ. എണ്ണയ്ക്ക് വിപണിയിൽ വില കുറഞ്ഞതോടെ അതിന് പകരം വിവരവിജ്ഞാന ശാഖകളിലുള്ള മികവുമായി രാജ്യം കുതിക്കുന്നതാണ് കഴിഞ്ഞവർഷങ്ങളിൽ യു.എ.ഇ. ലോകത്തിന് നൽകിയ ചിത്രം. കടലിലൂടെ ചരക്കുകളും ആകാശംവഴി ജനങ്ങളും യു.എ.ഇ.യിലേക്ക് പ്രവഹിച്ചു. വിദ്യാഭ്യാസം, തൊഴിൽ, വാണിജ്യം, വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും വിസ്മയകരമായ പുരോഗതി കൈവരിച്ചു. യു.എ.ഇ.യിലെത്തുന്ന ഓരോവ്യക്തിക്കും ഇത് സുരക്ഷിതത്വത്തിന്റെ രാജ്യമാണ്.

ലോകരാജ്യങ്ങളുമായി ഊഷ്മളബന്ധം പുലർത്തുന്ന യു.എ.ഇ.യിൽ ഇന്ന് ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്നുണ്ട്. അവർക്ക് സ്വന്തം ദേശംപോലെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും യു.എ.ഇ. ലഭ്യമാക്കുന്നു. ലോകത്തിന്റെ സംഗമമാണ് യു.എ.ഇ. വിവിധ രാജ്യക്കാരും ഭാഷക്കാരും മതസ്ഥരും ഒന്നിച്ച് സന്തോഷത്തോടെ കഴിയുന്ന നാട്.ഇന്ത്യയുടെയും ചൈനയുടെയും ഫിലിപ്പീൻസിന്റെയും ദേശീയദിനങ്ങൾപോലും യു.എ.ഇ. ആഘോഷപൂർവം കൊണ്ടാടുന്നു.ഇത്തരത്തിൽ ലോകത്തിനുമുന്നിൽ ഒരു മാതൃകാ രാഷ്ട്രമായുള്ള വളർച്ചയ്ക്കുപിറകിൽ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ശക്തമായ നേതൃത്വമാണുള്ളത്. 

രാജഭരണമാണെങ്കിലും ജനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കൈക്കുമ്പിളിൽ നൽകുന്ന മഹത്തായ രാജ്യവും അതിന്റെ ദീർഘദർശികളായ ഭരണാധികാരികളും ലോകത്ത് മറ്റെവിടെയും കാണാനാവില്ല. എല്ലാവർക്കും സുരക്ഷിതത്വവും മികച്ച ജീവിതസൗകര്യങ്ങളും നൽകുന്ന നാട് എന്ന വിശേഷണം വേറെയും. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മാത്രമല്ല, രാജ്യത്തേക്ക് എത്തുന്ന സന്ദർശകരുടെ ജീവിതത്തിനുകൂടി യു.എ.ഇ. ഭരണനേതൃത്വത്തിന്റെ കരുതലുണ്ട്. യു.എ.ഇ.യുടെ ദേശീയദിനം എന്നത് ഓരോ മലയാളിയുടെയുംകൂടി ആഘോഷമാണ്. അതുകൊണ്ടാണ് ദിവസങ്ങൾക്കുമുമ്പുതന്നെ പ്രവാസികളും ആഘോഷം തുടങ്ങിയത്.