മരണത്തിന്റെ ആഘാതം ഏല്പിച്ച മനസ്സുമായി ദൈനംദിനം പിന്നിടുന്നു. സാന്ത്വനത്തിനുവഴിയില്ല. ഒരുപാടുപേരെ മരണം തട്ടിയെടുത്തു. ലോകം മുഴുവൻ നിറഞ്ഞുനിന്ന മഹാമാരിയുടെ സംഹാരനൃത്തം. ഇപ്പോൾ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ നമുക്ക് കഴിയണം. ജീവിച്ചിരിക്കുന്നവർ വലിയ പ്രയാസത്തിലാണ്. പല കമ്പനികളും മുന്നോട്ടു പോകാനാവാതെ പ്രയാസത്തിൽ നിൽക്കുമ്പോൾ ശമ്പളമില്ലാത്തവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. വസ്ത്രം, ഭക്ഷണം, മരുന്ന് അതാണിപ്പോൾ ആവശ്യം. അത് നൽകി സ്വപ്നങ്ങൾ നഷ്ടപ്പെട്ടവരിൽ തളിരിലകൾ വിരിയിക്കാൻ അവർക്ക് താങ്ങാവാൻ സഹായിക്കാൻ കഴിയുന്നവർ വിചാരിച്ചാൽ ഏറക്കുറെ കഴിയും. നമ്മുെട ആലോചന ആ വഴിക്കാകട്ടെ. 
‘‘ഞാനലിയുന്നൂ, ഇടംവലം ദേഹങ്ങ-
ളാരുടെ, ഗന്ധം, നിറം, രുചി, വാക്കുകൾ!
ഞാനുമ്മവെച്ച മുഖങ്ങൾ, ചൂടേറ്റേറെ
വാടിയ രാത്രികൾ, ഉച്ചകൾ, സന്ധ്യകൾ
തേടിയലഞ്ഞു തളർന്നവസാനമായി
തേടിെയത്തൊരൊടുങ്ങാത്ത സൗഹൃദം
ജീവനില്ലാത്ത നിഴലുകൾ
ഒക്കെയും ജീവനില്ലാത്തവ
ചത്തവ....
ചത്തവ...(വിജയലക്ഷ്മി)
അറബികളുടെ മൗസം എന്ന പേരാണ് മഴ എന്നായതെന്ന് രേഖകൾ പറയുന്നു. മൗസം ബ്രിട്ടീഷുകാരുടെ വരവോടെ മൺസൂൺ ആയെന്ന് മറ്റൊരു പറച്ചിൽ. മഴയെക്കുറിച്ച് എം.എൻ. വിജയൻ കുറിച്ചിട്ടതിങ്ങനെ. ‘മഴ വികാരങ്ങളും പ്രാർഥനകളും ഉണ്ടാക്കുന്നു. മോഹങ്ങളും േമാഹഭംഗങ്ങളും ഉണ്ടാക്കുന്നു. മഴപ്പാറ്റകളെയും മഴത്തവളകളെയും ഭൂമിയുടെ തടവറയിൽനിന്നു പുറത്തുവിടുന്നു. കിണറുകളിലും കുളങ്ങളിലും തോട്ടുവക്കിലും ഇരുന്ന്‌ തന്നെപ്പുകഴ്ത്തിപ്പാടുന്ന ദേശീയവും സാർവദേശീയവുമായ മണ്ഡൂകങ്ങളെ കവികളാക്കി മാറ്റുന്നു.’’
ഇതോടൊപ്പംതന്നെ വൈലോപ്പിള്ളിയുടെ ‘വർഷാഗമം’ എന്ന കവിതയിലെ വരികൾകൂടിചേർത്തുവായിക്കട്ടെ. 
‘‘മിഴിക്കു നീലാഞ്ജന പുഞ്ജമായും
ചെവിക്കു സംഗീതസാരമായും
മെയ്യിന്നു കർപ്പൂരക പൂരമായും
പുലർന്നുവല്ലോ പുതുവർഷകാലം
കവിക്കു, കാമിക്കു, കൃഷീവലന്നു
കരകൾക്കൊരാഹ്ലാദരസം വളർത്തി
ആവിർഭവിപ്പൂ നവ നീലമേഘം
അഹോ കറുപ്പിൻ കമനീയഭാവം’’
ആധുനിക നാഗരിക ജീവിതത്തിൽ സംസ്കൃതിയും സംസ്കാരമില്ലായ്മയും നിറയുന്നുണ്ട്. തിന്മകളെ സാമൂഹിക ധാർമികതയിലൂടെ മാത്രമേ നേരിടാനാകൂ. പൊതുസമൂഹത്തിൽ ഇടപെടുന്നവർക്ക് അതിനുകഴിയണം. അതിലൂടെ മാത്രമേ നന്മകളെ ഉയർത്താനും വൈകൃതത്തെ തടയാനും കഴിയൂ. മാറിയ സാമൂഹിക-പരിസ്ഥിതിജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. 
വിജനഭൂമിയിൽ ചിത കത്തുമ്പോൾ, നദിയിലൂടെ ശവം ഒഴുകുമ്പോൾ മനസ്സ് നിറയെ ദുഃഖം കത്തുന്നു. ചിരിക്കാലമല്ല കണ്ണീർക്കാലം അരികത്തെത്തുന്നു. മിണ്ടിയും ഒത്തുകൂടിയും ഒന്നിച്ച നാളുകൾ തിരിച്ചുവരുമോ. വരാതിരിക്കില്ല ഏതിരുളു കഴിഞ്ഞാലും വെളിച്ചം വരുമെന്നതാണല്ലോ സത്യം. മരണമെത്ര രുചിനോക്കിയാലും മനുഷ്യർക്ക് അതിജീവിച്ചല്ലേ പറ്റൂ. വരും ശാന്തിയുടെ ദിനരാത്രം. നമുക്ക് അഹന്തയെ വലിച്ചെറിയാം. ഏത് വീട്ടുവിളിയിലും കണ്ണീരും കഷ്ടപ്പാടും ഉണ്ട്. ബലിക്കാക്കയുടെ കരച്ചിലിനിടയിലാണ്‌ ജീവിതാവസ്ഥ. നെഞ്ചുകീറിയ തൊഴിൽദൂരത്തിലുണ്ട് പുത്തൻകലവും ഉടപ്പിറപ്പും. അരി, ഉപ്പ്, മുളക് ചോദിക്കില്ല ജാതിക്കനം. രാഷ്ട്രരൂപകമേ ഇരുട്ടിലാക്കല്ലേ സത്യമേവ ജയതേ ജാതിക്കനം. കടൽനഗരംതന്ന ചോറ്, സമഭാവനയിലെ മനുഷ്യപ്പറ്റ്. ഇത്‌ നാടുവിട്ടവന്റെ പ്രച്ഛന്നം.