വ്യോമയാന വിപണിയുടെ ശക്തമായ തിരിച്ചുവരവിന്റെ സൂചനകൾ നൽകിക്കൊണ്ടാണ് അഞ്ചുദിവസം നീണ്ടുനിന്ന ദുബായ് എയർഷോ സമാപിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കിടെ ഇവിടെ ഒപ്പുവെക്കപ്പെട്ട ഉടമ്പടികളുടെ മതിപ്പുമൂല്യം പരിശോധിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ ഈ പ്രദർശനമുണ്ടാക്കിയ ചലനം വ്യക്തമാകും. ഏകദേശം എല്ലാ രാജ്യങ്ങളിലേക്കും വിമാനസർവീസുകളുണ്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്. ലോകരാജ്യങ്ങളെയും നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ നിർണായകമായ പങ്കാണ് ഇതിലൂടെ ദുബായ് വഹിക്കുന്നത്. ആകാശയാത്രകൾ സജീവമായതോടെയാണ് ആഗോള നയതന്ത്ര രംഗങ്ങളിലും വാണിജ്യവ്യവസായ രംഗങ്ങളിലുമെല്ലാം പങ്കാളിത്തം സുശക്തമാകുന്നത്. ലോകത്തിലേറ്റവുമധികം വിദേശികൾ തൊഴിൽ തേടിയെത്തുന്ന, തൊഴിലെടുത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്ന നഗരമെന്ന നിലയ്ക്ക് ദുബായ് മുന്നോട്ടുവെക്കുന്ന സാധ്യതകൾ അനന്തമാണ്. അതിനോടുചേർന്നുനിന്നുവേണം മേഖലയിലെ വിമാനസർവീസുകളെക്കുറിച്ചും മനസ്സിലാക്കാൻ. ലോകത്തിലെ ഏറ്റവും മികച്ച ദേശീയ വിമാനക്കമ്പനിയിലൊന്ന് ദുബായ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. വ്യോമയാന രംഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കൃത്യതയോടെ ഉൾക്കൊണ്ടുകൊണ്ട് നിരന്തരമായ പരിവർത്തനത്തിന് വിധേയമാകുക വഴിയാണ് ഇത് സാധ്യമാകുന്നത്. അന്താരാഷ്ട്ര വ്യോമയാനമേഖലയിലുണ്ടാകുന്ന മാറ്റങ്ങളെ അടുത്തറിയാനുള്ള അവസരമാണ് ദുബായ് എയർഷോ ഒരുക്കിയത്. വ്യോമയാനരംഗത്തെ നാളെയുടെ സാധ്യതകളാണ് അഞ്ചുദിവസം നീണ്ടുനിന്ന പ്രദർശനത്തിലൂടെ പങ്കുവെക്കപ്പെട്ടത്.

വ്യോമയാന മേഖല നൂതനമായ പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യേതര ഇന്ധനത്തിൽ പറക്കാൻ സഹായിക്കുന്ന സാങ്കേതികതകൾ അടക്കം ഇവിടെ പരീക്ഷിക്കപ്പെടുന്നു. ആഡംബരത്തിന്റെ അവസാനവാക്കായി മാറിക്കൊണ്ടിരിക്കുകയാണ് ചെറുയാത്രാവിമാനങ്ങൾ പോലും. പട്ടണങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുന്ന ഹ്രസ്വദൂര വിമാനസർവീസുകളെക്കുറിച്ചുള്ള ആലോചനകളും പുരോഗമിക്കുന്നു. ഇത്തരത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അടുത്തറിയാൻ ദുബായ് എയർഷോ അവസരമൊരുക്കി. ഒപ്പം ഈ മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും വിദഗ്ധർ അവതരണം നടത്തി. ദുബായ് എയർഷോയുടെ ഭാഗമായി നടത്തിയ സ്റ്റാർട്ടപ്പ് പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് കോവിഡനന്തരം വാണിജ്യ വ്യവസായ രംഗങ്ങളിലുണ്ടാക്കുന്നത്. 

ആഗോള വ്യോമയാനമേഖലയിൽ നടന്ന നൂതനമായ അവതരണങ്ങളും കണ്ടെത്തലുകളും ദുബായ് എയർഷോയുടെ പ്രത്യേകതയായി. 96 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരാണ് ഷോയുടെ ഭാഗമായത്. വാണിജ്യ, സ്വകാര്യ ആവശ്യങ്ങൾക്കുള്ളതും സൈനികാവശ്യങ്ങൾക്കുള്ളതുമായ 160 തരം വിമാനങ്ങൾ പ്രദർശിപ്പിച്ചു. ഇവയുടെ അഭ്യാസപ്പറക്കൽ സന്ദർശകർക്ക് വേറിട്ട അനുഭവം പകരുന്നതായി. സാങ്കേതികതയിൽ ലോകത്തെ അമ്പരപ്പിക്കുന്ന ഇസ്രയേലിൽ നിന്നുള്ള സംഘം ആദ്യമായി ദുബായ് എയർഷോയുടെ ഭാഗമായതും പ്രത്യേകതയായി. ഏഴ് കമ്പനികളാണ് ഇസ്രയേലിനെ പ്രതിനിധീകരിച്ച് ദുബായിലെത്തിയത്. വ്യോമ പ്രതിരോധരംഗങ്ങളിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഉടമ്പടികൾ ഉപ്പുവെക്കപ്പെട്ടു.

കാർഗോ വിമാനങ്ങളുടെ വലിയ നിരയും പ്രത്യേകത പകരുന്ന കാഴ്ചയായി. കോവിഡ് മഹാമാരിക്കാലത്ത് വാക്സിനും മരുന്നുമെല്ലാം ലോകത്തിന്റെ എല്ലാകോണുകളിലേക്കും അതിവേഗമെത്തിച്ച് സ്ഥിതിഗതികൾ സാധാരണനിലയിലേക്കാക്കുന്നതിൽ കാർഗോ സർവീസുകൾ നിർണായക പങ്കാണ് വഹിച്ചത്. സംഭരണശേഷി കൂടിയ, നൂതന സങ്കേതങ്ങൾ ഉൾക്കൊള്ളിച്ച കാർഗോ വിമാനങ്ങൾ നാളെയുടെ പ്രതീക്ഷയായാണ് കണക്കാക്കപ്പെടുന്നത്. വ്യോമപാതകളുടെ കുറ്റമറ്റ നിയന്ത്രണത്തിനായുള്ള കാഴ്ചപ്പാടുകൾ പ്രദർശനത്തിന്റെ ഭാഗമായി നടന്ന യോഗങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. 250 വിദഗ്ധരാണ് വിവിധ യോഗങ്ങളിൽ അവതരണം നടത്തിയത്.

വ്യോമയാന സാങ്കേതികരംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അതിനെ നേരിടാനുള്ള സംവിധാനങ്ങളും പ്രദർശനത്തിന്റെ ഭാഗമായി നടന്ന ’ടെക് എക്സ്‌പ്ലോർ’ ചർച്ച ചെയ്തു. സൈബർ ആക്രമണങ്ങളടക്കമുള്ള വെല്ലുവിളികൾ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നതിനാൽ സാങ്കേതികകൈമാറ്റമടക്കമുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കും.
ദുബായ് ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ നാല് എ-380 വിമാനങ്ങൾ പ്രദർശനത്തിന്റെ മുഖ്യ ആകർഷണമാണ്. യു.എ.ഇ. സുവർണജൂബിലിയാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രീമിയം ഇക്കണോമി ക്ലാസ് ക്യാബിനടക്കമുള്ള പ്രത്യേകതകൾ ഏറെ പുതുമയുള്ള അനുഭവമാണ് സന്ദർശകർക്ക് പകരുന്നത്. 1989-ൽ തുടക്കം കുറിച്ചതുമുതൽ ഇതുവരെ നടന്ന ഏറ്റവും വലിയ പ്രദർശനമാണ് ഈ വർഷത്തേത്. 148 രാജ്യങ്ങളിൽ നിന്നുള്ള 1200 ഓളം പ്രദർശകരാണ് ഇതിന്റെ ഭാഗമായത്. യു.എ.ഇ.യുടെ അൽഫൊർസാൻ, ഇന്ത്യയുടെ സൂര്യകിരൺ, ഇന്ത്യൻ വ്യോമസേനയുടെ സാരംഗ് ടീം, റഷ്യയുടെ നൈറ്റ്‌സ്, സൗദിയുടെ ഹോക്സ് എന്നിവയുടെ അഭ്യാസപ്പറക്കൽ പ്രദർശനത്തിന്റെ മാറ്റ് കൂട്ടി. ദുബായ് മഖ്തും വിമാനത്താവളത്തിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ തുറുപ്പുചീട്ടായ ഫൈറ്റർ വിമാനം തേജസിന്റെ പ്രകടനവും കൈയടിനേടി.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് എയർപോർട്ട്‌സ്, യു.എ.ഇ. പ്രതിരോധ മന്ത്രാലയം, ദുബായ് ഏവിയേഷൻ എൻജിനിയറിങ് പ്രോജക്റ്റ്‌സ് എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്ന് ടാർസസ് മിഡിലീസ്റ്റാണ് പ്രദർശനം നടത്തിയത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ആശയത്തിൽ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റാൻ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ആഗോള സമ്മേളനങ്ങളും പ്രദർശനങ്ങളുമെല്ലാം സംഘടിപ്പിക്കുക വഴി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാനും അതിലൂടെ പ്രതിഭകളെ ആകർഷിക്കാനും നിക്ഷേപസാധ്യതകൾ ഉയർത്താനും സാധിക്കുന്നു. വ്യോമയാന രംഗങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡുകൾ ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുന്നതായി 17-മത് ദുബായ് എയർഷോ.