''രാഘവോ...'' മണിച്ചിത്രത്താഴിലെ ഇന്നസെന്റിനെ പോലെയായിരുന്നു ഷില്ലറിന്റെ ആ പേരുവിളി. അദ്ദേഹം ആട്ടിവിട്ട് പോയ കസേരപോലെ ഞങ്ങളുടെ ചുവരിലെ ക്ലോക്ക് പന്ത്രണ്ടുവട്ടം ആടി നിശ്ചലമായി. ചുമരലമാരയില്‍ ഞങ്ങളുറങ്ങുന്നതും കാത്ത് കാവലിരിക്കുന്ന കൊന്തയും മുസല്ലയും രാഘവേട്ടന്റെ രാമായണവും അസഹിഷ്ണതയോടെ ഷില്ലറിനെ നോക്കി.

പുതപ്പിനുള്ളില്‍നിന്ന് തലപുറത്തേക്കിട്ട് രാഘവേട്ടന്‍ ദേഷ്യത്തോടെ പറഞ്ഞു: ''ഒന്നു കിടന്നുറങ്ങെടാ...'' രാഘവേട്ടന്റെ നന്മകളെക്കുറിച്ചും ഗുണഗണങ്ങളെക്കുറിച്ചും ഷില്ലര്‍ വീണ്ടും തൃശ്ശൂര്‍ഭാഷയില്‍ വാചാലനായി. മുഖത്തുവിടര്‍ന്ന പുഞ്ചിരിയോടെ രാഘവേട്ടന്റെ തല വീണ്ടും പുതപ്പിനുള്ളിലേക്കു വലിഞ്ഞു. രണ്ടുനിലക്കട്ടിലിന്റെ രണ്ടാമത്തെ നിലയില്‍നിന്ന് ഞാന്‍ ഉറക്കത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് സ്വയം വലിച്ചെറിയപ്പെട്ടു.

ഈന്തപ്പഴങ്ങള്‍ പഴുക്കുന്ന ചുട്ടുപഴുത്ത വേനല്‍ക്കാലങ്ങളിലൊന്നില്‍, വൈദ്യുതവെളിച്ചവും നക്ഷത്രവെളിച്ചവും നിറഞ്ഞ ആകാശത്തിന്റെ അനന്തതയിലേക്ക് കൈവീശിക്കാണിച്ചുകൊണ്ട് ടെറസ്സിനുമുകളിലെ ഡിഷ് ആന്റിനയുടെ വെളിച്ചം വീഴാത്തമറവില്‍ ഒളിഞ്ഞിരുന്ന രാഘവേട്ടനെ, തുണിയുണക്കാനായിച്ചെന്ന ഞാന്‍ ചോദ്യഭാവത്തില്‍ നോക്കിനിന്നു.

എന്റെ ജിജ്ഞാസയെ വെളിച്ചത്തിന്റെ കൈകളാല്‍ തോണ്ടിയെടുത്തുകൊണ്ട് രാഘവേട്ടന്‍ പറഞ്ഞു:- ലിനീഷേ, ഞാനാ പറന്നിറങ്ങുന്ന വിമാനത്തിലെ യാത്രക്കാരെ ആശീര്‍വദിച്ചതാണ്. അവരില്‍ പലരും ജീവിതത്തിന്റെ സ്വര്‍ണഖനിതേടി വരുന്നവരാണ്. അവര്‍ക്കറിയില്ലല്ലോ ഈ നാടിന് വളര്‍ത്താനും തളര്‍ത്താനുമുള്ള കഴിവുണ്ടെന്ന്...

തലയ്ക്കുമുകളില്‍ കേട്ട അടുത്തവിമാനത്തിലേക്ക് രാഘവേട്ടന്‍ കൈകളുയര്‍ത്തി. ആകാശത്തിലെ നക്ഷത്രങ്ങള്‍ മുഴുവനും രാഘവേട്ടന്റെ നീലക്കണ്ണുകളിലേക്ക് ഇറങ്ങിവന്നിട്ട് വെള്ളിവെളിച്ചം തീര്‍ത്തിരുന്നു. അബ്രയ്ക്കും വെള്ളത്തിനും മുകളിലൂടെ വട്ടമിട്ട് പറക്കുന്ന കടല്‍കാക്കകളെ നോക്കി പുല്‍ത്തകിടിയില്‍ വെറുതെയിരിക്കുകയായിരുന്നു ഞങ്ങള്‍. അബ്രയിലെ സഞ്ചാരികളാരെങ്കിലും അന്തരീക്ഷത്തിലേക്ക് നീട്ടിയെറിയുന്ന റൊട്ടികഷ്ണങ്ങളോ മറ്റേതെങ്കിലും ഭക്ഷണമോ വായുവില്‍ വെച്ചുതന്നെ അകത്താക്കാനായി അബ്രയ്ക്ക് സമാന്തരമായി നീങ്ങുന്ന കടല്‍പറവക്കൂട്ടങ്ങളെ കണ്ടിരിക്കാന്‍ ചന്തമേറെയായിരുന്നു. പീപ്പിയൂതി കുട്ടികളെയും കൂട്ടിനടക്കുന്ന പൈഡ്‌ െപെപ്പറെപ്പോലെ തോന്നിച്ചു.

ഇതുപോലെ രണ്ട് ചിറകുകിട്ടിയിരുന്നെങ്കില്‍ എനിക്കാരുടേയും സ്വപ്നങ്ങളുടെ കാവല്‍ക്കാരനാവാതെ ഏഴുകടലും കടന്നു പറന്നുപോകാമായിരുന്നുവെന്ന് രാഘവേട്ടന്‍ പറയും. അതുപറയുമ്പോള്‍ തന്നെ ഓര്‍മയുടെ ലുട്ടാപ്പിക്കുന്തത്തിലേറി ആശാന്‍ പലതവണ പോയിവന്നിട്ടുണ്ടാകുമെന്ന് സമുദ്രങ്ങളെ ഒളിപ്പിച്ച നീലക്കണ്ണുകളില്‍നിന്ന് ഞാന്‍ വായിച്ചെടുക്കുമായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പൊരിക്കല്‍ നാട്ടിലെ ഭഗവതിക്ഷേത്രത്തിലെ ചിറക്കല്‍ കടവിലെ വെള്ളോളങ്ങളിലേക്ക് കാലിറക്കിവെച്ച് പരല്‍മീനുകളെ നോക്കിയിരിക്കുമ്പോള്‍ കൂട്ടുകാരന്‍ ബിനോയും പറഞ്ഞിരുന്നത്, പരല്‍മീന്‍ കണ്ണുകളില്‍ മിന്നാമിനുങ്ങുകളെ ഒളിപ്പിച്ചിരുന്നവളുടെ സ്വപ്നങ്ങളുടെ കാവല്‍ക്കാരനാണ് ഞാനെന്നാണ്. പട്ടിണി പങ്കുവെക്കാന്‍ കൂടെയാരും വേണ്ടെന്ന് ശാഠ്യം പിടിച്ച ഭീരുവായ ഒരു കാവല്‍ക്കാരന്‍, അതായിരുന്നില്ലേ ഞാന്‍. കോണിച്ചുവട്ടിലെ മുഖംമറയ്ക്കുന്ന ഇരുട്ടില്‍ കരിവളകള്‍ ഉടഞ്ഞുചിതറിയപ്പോള്‍ മറനീക്കിപുറത്തുവന്നൊരു തേങ്ങലിന്, ഓര്‍മകളുണ്ടായിരിക്കണമെന്ന് അര്‍ഥമുണ്ടായിരുന്നു.

രാത്രിയില്‍ കെണിവെച്ചുപിടിച്ച എലികളെ ഫ്‌ളാറ്റിന്റെ ടെറസ്സിനുമുകളില്‍വെച്ച് ചൂടുവെള്ളമൊഴിച്ചു കൊല്ലുന്നത് എന്റെ പതിവായിരുന്നു. കൂട്ടിനുള്ളില്‍ കിടന്നുള്ള അവയുടെ പരക്കംപാച്ചിലും പ്രാണന്‍ പോകുന്നസമയത്തുള്ള കമ്പിയിലെ കടിച്ചുപിടിക്കലും നോക്കിയിരിക്കുമ്പോഴാണ്, ''പാപം ചെയ്യല്ലെടാ മോനേ...'' എന്നും പറഞ്ഞ് തലയ്ക്കുചുറ്റും ദിവ്യപ്രകാശവുമായി ദൈവദൂതനെപ്പോലെ രാഘവേട്ടന്‍ പ്രത്യക്ഷനായത്. സൂക്ഷിച്ചുനോക്കിയപ്പോഴാണ് മഞ്ഞിന്റെ മറയിട്ട സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞപ്രകാശത്തിലാണ് അദ്ദേഹം നില്‍ക്കുന്നതെന്ന് ബോധ്യമായത്. ഈ പാപത്തില്‍ എനിക്കുമാത്രമല്ല പങ്കെന്നു പറഞ്ഞപ്പോള്‍, കേട്ടുമറന്ന രത്‌നാകരന്‍ എന്ന വേടന്റെ കഥ രാഘവേട്ടന്‍ എനിക്കുമുന്നില്‍ വീണ്ടും തുറന്നുവച്ചു. പക്ഷേ മാനസാന്തരപ്പെട്ട ഒരു വാല്മീകിക്കും എന്നിലെ കാട്ടാളനില്‍ സ്പര്‍ശിക്കാനായില്ലെന്നു മാത്രം. പെരുന്തച്ചന്റെ കുലത്തില്‍പെട്ടവനാണെന്നും, ഞങ്ങളുടെ നാട്ടിലെ പേരുകേട്ട തച്ചനാണെന്റെ അച്ഛനെന്നും രാഘവേട്ടന്‍ കൂടെക്കൂടെ അഭിമാനത്തോടെ പറയുമായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ കാരണമായിരുന്നു രാഘവേട്ടന്‍ ജോലിയുപേക്ഷിച്ചുപോയത്.

നാളുകള്‍ക്കൊടുവില്‍ ഒരു അവധിക്കാലത്ത് രാഘവേട്ടനെന്നെ കാണാന്‍ വന്നിരുന്നു. കാലം രാഘവേട്ടനില്‍ നടത്തിയ മല്ലയുദ്ധപ്പാടുകള്‍ വേദനയുടെ വെയില്‍ക്കഷ്ണങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. ദാമ്പത്യബന്ധം വേര്‍പിരിയലിന്റെ പരമോന്നതിയില്‍ എത്തിയതിനെക്കുറിച്ച് രാഘവേട്ടന്‍ പറഞ്ഞു. മകളെക്കുറിച്ച് പറയുമ്പോള്‍, നീലക്കടലുകളെ സൂക്ഷിച്ചിരുന്ന കണ്ണുകള്‍ തിരമാലകളെ പറഞ്ഞയച്ച് കവിളുകളെ നനയിപ്പിച്ചുകൊണ്ടിരുന്നു. മറുത്തുപറയാനൊരു ആശ്വാസവാക്കിനായി എനിക്കുചുറ്റും പരതി പരാജയപ്പെട്ടു. സായന്തനക്കാറ്റുപോലും ഞങ്ങളെ തൊടാതെ ഉമ്മറത്തെ തൂണിനിടയില്‍ മറഞ്ഞുനിന്നു.

തിരിച്ചുള്ള യാത്രയില്‍ എന്റെ ബൈക്കിന്റെ പുറകിലിരുന്നു രാഘവേട്ടന്‍ പറഞ്ഞു: ''പഠിച്ചകാര്യങ്ങളും അറിഞ്ഞകാര്യങ്ങളും ജീവിതത്തിന്റെ ചില സന്ദര്‍ഭങ്ങളില്‍ മതിയായിക്കൊള്ളണമെന്നില്ല. അപ്പോള്‍ മാത്രം നീ നിന്റെ മനസാക്ഷിയോടു ചോദിക്കുക, ശരിയായ ഉത്തരം നിനക്ക് മനസാക്ഷി മന്ത്രിച്ചുതരും. മനസാക്ഷിയെ വഞ്ചിച്ചാല്‍ നീ നശിക്കുന്നത് നീപോലും അറിയുകയില്ല.'' ബൈക്കിന്റെ വേഗത്തില്‍ എന്റെ കണ്ണിലെ വെള്ളത്തുള്ളികളടര്‍ന്ന് പൊട്ടിച്ചിതറി.

എടപ്പാളില്‍നിന്ന് കണ്ണൂരിലേക്കുള്ള സൂപ്പര്‍ഫാസ്റ്റില്‍ കയറി കണ്‍വെട്ടത്തുനിന്ന് അന്ന് മറഞ്ഞതാണ് രാഘവേട്ടന്‍. കാഴ്ചയുടെ മറനീക്കി ദൈവദൂതനെപോലെ ഒരിക്കല്‍ അദ്ദേഹം പ്രത്യക്ഷപ്പെടുമോ...? അതോ പെരുന്തച്ചരില്‍ പെരുന്തച്ചനായവന്റെ കൈയിലെ ഉളി രാഘവേട്ടന്റെ കഴുത്തിലും വീണുകാണുമോ? വീഴാതിരിക്കട്ടെ.

നന്മമരങ്ങളുടെ കടയ്ക്കലൊരിക്കലും ഒരുമഴുവും വീഴാതിരിക്കട്ടെ...