ഫുജൈറയിലെ കദ്റാ മലനിരകള്‍, നിലാവില്‍ നരച്ച ടെന്റുകള്‍ നിറഞ്ഞ വലിയ അഭയാര്‍ഥി ക്യാമ്പുകള്‍പോലെ തോന്നിച്ചു. പകല്‍ ക്വാറികളില്‍ ഓടിത്തളര്‍ന്ന ട്രെയിലറും ഡമ്പറും എസ്‌കവേറ്ററും ഷവലും താഴ്വാരത്ത് വിശ്രമത്തിലാണ്. പൊട്ടിയ അരഞ്ഞാണം പോലെ ദൂരെ ട്രക്ക്റോഡിലെ തെരുവു വിളക്കുകളുടെ മഞ്ഞവെളിച്ചം. ചുട്ടുപഴുത്ത കരിങ്കല്‍പ്പാറക്കെട്ടുകളെ തഴുകിയെത്തുന്ന കാറ്റില്‍ വേവുന്ന അന്തരീക്ഷം. കുറച്ചുസമയം മുറിയില്‍നിന്ന് മുറ്റത്തിറങ്ങി നില്‍ക്കുമ്പോഴേക്കും വിയര്‍ത്തൊലിക്കും. കടുത്ത ഹ്യുമിഡിറ്റിയില്‍ ശ്വാസംമുട്ടും. അപ്പോള്‍ കാരവാനിന്റെ ഡോര്‍ വലിച്ചുതുറന്ന് അകത്തെ വിറയ്ക്കുകയും കിതയ്ക്കുകയും ചെയ്യുന്ന പഴയ വിന്‍ഡോ എ.സി.യുടെ തണുപ്പിലേക്ക് ആശ്വാസത്തോടെ ചുരുളും.

മലമുകളിലാണ് ക്യാമ്പ്. നാലു തട്ടുകളാക്കി കാരവാന്‍ നിരത്തിവെച്ചതാണ് മുറികള്‍. ഏറ്റവും മുകളിലാണ് സൈറ്റ് മാനേജരുടെ താമസം. അതിനുതാഴെ അറബികളും ഫോര്‍മാന്‍മാരും. മൂന്നാമത്തെ തട്ടിലാണ് മെസ്സ് ഹാള്‍. ഏറ്റവും താഴെ തൊഴിലാളികളും മറ്റുള്ളവരും. കാരവാന്‍ കയറ്റിവെച്ച തബൂക് തറയുടെ വിടവുകളില്‍ എലികളും പൂച്ചകളും താമസിക്കുന്നു. ടോമിച്ചേട്ടന് ഷാബിയയില്‍നിന്ന് കിട്ടിയ പട്ടിയെ വളര്‍ത്തുന്നത് മെസ്സിനടുത്തുള്ള ഇരുമ്പുകൂട്ടിലാണ്.

കരിങ്കല്‍ ക്വാറികള്‍ക്കിടയിലൂടെ പൊടിപാറ്റിപ്പായുന്ന പിക്കപ്പിന്റെ ഗ്ലാസിലൂടെ ചുറ്റിലും വെളുത്ത പുക ഉയരുന്നത് കണ്ട് ആദ്യദിനംതന്നെ സങ്കടം തോന്നി. വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ജോലി ഇത്ര കഠിനമായ ഒരു സ്ഥലത്തായിരിക്കുമെന്ന് കരുതിയിരുന്നില്ല. കണ്ണെത്താദൂരത്തോളം ആകാശത്തിന്റെ വെളുപ്പിലേക്ക് അലിഞ്ഞ് വന്യമായ മലനിരകള്‍ കാണുമ്പോള്‍ പരലോകം തൊട്ടപ്പുറത്തായിരിക്കുമെന്ന് തോന്നിപ്പോയി. കൊടുങ്കാറ്റിനൊടുവില്‍ മലമുകളില്‍നിന്ന് ഉടുതുണിയില്ലാതെ ആളുകള്‍ ഇറങ്ങിവന്ന് കൂട്ടംകൂട്ടമായി ആ വലിയ മൈതാനത്തേക്ക് ഒഴുകുന്നത് വെറുതെ സങ്കല്‍പ്പിച്ചു.

പിക്കപ്പിന്റെ ഡോര്‍ തുറന്നപ്പോള്‍ കരിങ്കല്‍പ്പൊടി അകത്തേക്ക് ആഞ്ഞടിച്ചു. കണ്ണിലും മൂക്കിലും വായയിലും ചെവിയിലും മണല്‍ കയറി. പാന്റിനകത്ത് സ്ഥിരമായി കൊണ്ടുനടക്കാറുള്ള ടവ്വല്‍ വലിച്ചെടുത്ത് മടക്കി മുഖത്ത് വലിച്ചു കെട്ടി.

കാറ്റ് അല്പം ശമിച്ചപ്പോള്‍ ക്രഷര്‍ തെളിഞ്ഞുകാണാന്‍ തുടങ്ങി. വലിയൊരു ചിലന്തിയുടെ രൂപമായിരുന്നു അതിന്. ഷവലില്‍ ഹോപ്പറിലേക്ക് തട്ടിയിടുന്ന വലിയ കല്ലുകള്‍ ക്രഷര്‍ വിഴുങ്ങുകയും പലഭാഗത്തെ കണ്‍വെയര്‍ബെല്‍റ്റിലൂടെ ചെറുകല്ലുകളായി ഛര്‍ദിക്കുകയും ചെയ്യുന്ന കാഴ്ച കുറച്ചുസമയം നോക്കിനിന്നു. കണ്ണൊഴികെ തലമുഴുവന്‍ തുണികൊണ്ട് മൂടിക്കെട്ടിയ കവറോളണിഞ്ഞ ലേബര്‍മാര്‍ കരിങ്കല്‍പ്രതിമ കണക്കെ ക്രഷര്‍പരിസരത്ത് നിലയുറപ്പിച്ചു നില്‍ക്കുന്നത് കണ്ടു. അവരില്‍ ചിലര്‍ കൈയുയര്‍ത്തി സലാം പറഞ്ഞു. ഞാന്‍ തിരിച്ചും.

പൊടിനിറഞ്ഞ കണ്‍ട്രോള്‍റൂമിലേക്ക് സ്റ്റെപ്പ് കയറി ഓപ്പറേറ്റര്‍മാരെയും ഇലക്ട്രീഷ്യനെയും പരിയപ്പെട്ടു.

''ക്യാ ഹാല്‍ ഹെ ഭായ്... ടീക് ടാക്...''

''ടീക് ഹെ...'' ഞാന്‍ ചിരിച്ചു. ഡ്രൈവര്‍ തിരിച്ചുവിളിച്ചപ്പോള്‍ സീറ്റിലെ വെളുത്ത പൊടി തട്ടിക്കുടഞ്ഞ് പിക്കപ്പിനകത്ത് കയറി.

പിക്കപ്പ് ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ട് സൈറ്റ് മാനേജര്‍ക്ക് ട്രാന്‍സ്ഫര്‍ലെറ്റര്‍ നല്‍കി. വെളുത്ത് ഉയരമുള്ള ഒരു ലെബനാനിയായിരുന്നു മാനേജര്‍. കഷണ്ടിയുള്ളതിനാല്‍ 'കഞ്ച' എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്.

''അഷ്റഫ്...''

''യെസ് സര്‍''

''ചെക്ക് എവെരിതിങ് ബിഫോര്‍ സ്റ്റാര്‍ട്ടിങ് ദ ക്രഷര്‍. യു ഷുഡ് വര്‍ക്ക് ഇന്‍ ഡേ ആന്‍ഡ് നൈറ്റ് ഷിഫ്റ്റ്. ഓക്കേ...''

''ഒക്കെ സര്‍...''

നിര്‍വികാരതയോടെയാണ് ഞാന്‍ മാനേജരുടെ മുന്നില്‍നിന്നത്. തിരിച്ചുതന്ന ആ ലെറ്ററുമായി ക്യാമ്പ് ബോസിന്റെ മുറിയിലേക്ക് കടന്നു. അയാളും ഒരു ലെബനാനിയായിരുന്നു.

''യു സ്റ്റേ വിത്ത് യൂനുസ്... സൈം സൈം റൂം..''

തൊട്ടടുത്ത് സീറ്റിലിരിക്കുന്ന അക്കൗണ്ടന്റ് യൂനുസ് എന്നെ നോക്കി. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. ആറുമാസത്തിനിടയില്‍ മൂന്നാമത്തെ സ്ഥലംമാറ്റം എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നു.

ഡ്രൈവര്‍ എന്നെ മലമുകളിലെ ക്യാമ്പിലിറക്കി. പിക്കപ്പിന്റെ പിറകില്‍വെച്ച ബാഗ് വലിച്ചെടുക്കുമ്പോള്‍ കരിങ്കല്‍പ്പൊടി ഊര്‍ന്നുവീണു. അത് റൂമിലേക്ക് കയറ്റിവെച്ച് മെസ്സിലേക്ക് നടന്നു. ഫോര്‍മാന്‍ ഹാളില്‍നിന്നായിരുന്നു ഭക്ഷണം. അറബിക് ഫുഡ്.

മെസ്സില്‍നിന്ന് ഇറങ്ങിയപ്പോള്‍ മറ്റൊരു വാതിലിലൂടെ പുറത്തുവന്ന മെക്കാനിക് ടോമിച്ചേട്ടനെ ഡ്രൈവര്‍ എനിക്ക് പരിചയപ്പെടുത്തി. ക്യാമ്പില്‍ ആദ്യമായി ഒരു മലയാളിയെ കണ്ടപ്പോള്‍ സന്തോഷം തോന്നി. അയാള്‍ കൈയില്‍ പൊതിഞ്ഞു കൊണ്ടുവന്ന ഇറച്ചിക്കഷ്ണം തൊട്ടടുത്ത് കൂട്ടിലിരിക്കുന്ന പട്ടിക്കിട്ടുകൊടുക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു.

റൂമിലെത്തി ആവശ്യമുള്ള സാധനങ്ങള്‍ പുറത്തെടുത്ത് ബാഗ് കട്ടിലിനടിയിലേക്ക് തിരുകിക്കയറ്റി. അല്‍ ഐനില്‍ താമസിക്കുമ്പോള്‍ വാങ്ങിയ ടേപ്പ് റിക്കോര്‍ഡര്‍ തലഭാഗത്ത് വെച്ച് റേഡിയോ ഒന്നു മൂളിച്ചു. മലയാള ചലച്ചിത്രഗാനം ഒഴുകിയെത്തിയപ്പോള്‍ നാടും വീടും ഓര്‍ത്ത് കരച്ചില്‍വന്നു.

വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞെത്തിയ യൂനുസ് ഷൂസും ഷര്‍ട്ടും അഴിച്ചുവെക്കുമ്പോള്‍ സങ്കടപ്പെട്ടു കിടക്കുന്ന എന്നെക്കണ്ട് ആശ്വാസവാക്കുകള്‍ പറഞ്ഞു. സമയമായപ്പോള്‍ ഞാന്‍ ഡ്യൂട്ടിക്കിറങ്ങി. ഇരുട്ട് തുടങ്ങുന്നതിനുമുമ്പ് തന്നെ ക്രഷറിലെത്തി. നൈറ്റ് ഷിഫ്റ്റില്‍ ഒരുമണിക്കൂര്‍ മാത്രമേ ജോലിചെയ്യേണ്ടതുള്ളൂ. ക്രഷര്‍ സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ റൂമിലേക്ക് മടങ്ങാം. കരിങ്കല്ലുകള്‍ നിറഞ്ഞ ദുര്‍ഘടമായ വഴികളിലൂടെ ഒരു കിലോമീറ്ററോളം കുന്നുകയറിയിറങ്ങി വേണം ഡ്യൂട്ടിക്ക് പോകാനും വരാനും. ചിലപ്പോള്‍ ഏതെങ്കിലും വാഹനം കിട്ടിയാല്‍ നടക്കാതെയെത്താം.

കുറച്ചുദിവസങ്ങള്‍ക്കകം അവിടുത്തെ ജീവിതസാഹചര്യവുമായി പൊരുത്തപ്പെടാന്‍ തുടങ്ങി. ഹൈദരാബാദുകാരനായ യൂനുസിന്റെ കൂടെയുള്ള താമസം ഏറെ ആശ്വാസമായി തോന്നി. പിന്നീട് ക്യാമ്പിലെ പലരെയും പരിചയപ്പെട്ടു. അവരുടെ സങ്കടങ്ങള്‍ കേട്ടപ്പപ്പോള്‍ എന്റേത് എത്രയോ ചെറുതാണെന്ന് ബോധ്യപ്പെട്ടു.

ക്രഷറിന്റെ ഹാമര്‍ മാറ്റുന്നതിനിടയിലാണ് പൊടിമണ്ണ് പുരണ്ട് തിരിച്ചറിയാനാകാത്തവിധം തമിഴ്‌നാട്ടുകാരനായ കിഷോറിനെ കാണുന്നത്. ഇരുപത്തിയെട്ട് വയസ്സുള്ള ആരോഗ്യവാനായ ചെറുപ്പക്കാരന്‍. എട്ടുവര്‍ഷമായി നാടുവിട്ടിട്ട്. മുംൈബ, മലേഷ്യ, സിങ്കപ്പൂര്‍, ഓസ്*!*!*!േട്രലിയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത് ഇപ്പോള്‍ നാലുവര്‍ഷമായി യു.എ.ഇ.യില്‍. നാട്ടില്‍ പോകാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കിഷോറിന്റെ വാക്കുകള്‍ ഇടറി.

''സേട്ടാ..മൂന്ന് തങ്കച്ചികള്‍ക്ക് തിരുമണം മുടിച്ചാച്ച്.. ഒരു ലച്ചം കടന്‍ മീതിയിരിക്ക്. അത് മുടിച്ച പിറക് ഊരുക്ക് പോവേന്‍...''

ചെറിയ ശമ്പളത്തില്‍ മെക്കാനിക്കായി ജോലിചെയ്യുന്ന അവന് എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് നിശ്ചയമുണ്ടായിരുന്നില്ല.

മെക്കാനിക്കല്‍ ഫോര്‍മാന്‍ ആല്‍ബര്‍ട്ടിന് ദിവസവും കരിങ്കല്‍പൊടി ശ്വസിക്കാതെ ഉറക്കംവരില്ല. ഒരു തൂവാലപോലും മുഖത്ത് കെട്ടാതെ ക്രഷറില്‍നിന്ന് ക്രഷറിലേക്ക് ഓടിനടക്കുന്ന അയാളുടെ രക്തത്തിനുപോലും ചാരനിറമായിരിക്കും. ജീവിതത്തിന്റെ ഭൂരിഭാഗവും ക്വാറികളിലാണ് അയാള്‍ ചെലവഴിച്ചത്. അതുകൊണ്ടാണ് ക്യാന്‍സല്‍ചെയ്ത് പോയിട്ടും നാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇവിടേക്കുതന്നെ തിരിച്ചുവന്നത്.ഒരു ബംഗാളിയെ പരിചയപ്പെട്ടത് കുറച്ചുദിവസത്തേക്ക് ശല്യമായിത്തീര്‍ന്നു. അവന്‍ റൂമില്‍വന്ന് ഓരോ കാര്യങ്ങളും ചോദിച്ചറിയും. എന്റെ ശമ്പളം, പ്രൊഫഷന്‍, വിദ്യാഭ്യാസയോഗ്യത, വിവാഹം അങ്ങനെ പലതും. ''മേം ലേബര്‍ നഹീ ഹെ. മുജെ ഫിറ്റര്‍ കാ കാം മാലൂം... മേരാപാസ് സര്‍ട്ടിഫിക്കറ്റ് ഹെ...''

ലേബറായി ജോലിചെയ്യുന്ന അവന്റെ വീമ്പുപറച്ചില്‍ കേട്ട് എനിക്ക് ബോറടിക്കും. നാലുവയസ്സുകാരനായ മകനെ ഭാവിയില്‍ അക്കൗണ്ടന്റ് ആക്കാനാണ് ആഗ്രഹമെന്നും അതിന് ഇപ്പഴേ ഏതു കോഴ്സിനാണ് ചേര്‍ക്കേണ്ടതെന്ന അവന്റെ ചോദ്യംകേട്ട് എനിക്ക് ചിരിവന്നു. പിന്നീട് ഹിന്ദിസിനിമാ നടീനടന്മാരെക്കുറിച്ചായി അവന്റെ സംസാരം. ഒരോരുത്തരുടേയും പേരുകള്‍ പറഞ്ഞ് അവരുടെ കല്യാണം കഴിഞ്ഞോ എന്നായി അടുത്ത ചോദ്യം. എനിക്ക് ദേഷ്യംവന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് ഞാനവനെ പറഞ്ഞയച്ചു. ലൂസായ ലുങ്കി മുന്‍ഭാഗത്തേക്ക് ചുരുട്ടിക്കെട്ടിക്കൊണ്ട് അവന്‍ റൂമില്‍നിന്ന് ഇറങ്ങിപ്പോയി.

കരിങ്കല്‍ചീള് കൊണ്ട് മുറിഞ്ഞുതൂങ്ങിയ വലതുചെവിയുമായി ഒരു പാവം ആണ്‍കഴുത ക്രഷര്‍പരിസരത്ത് എപ്പോഴും ഒറ്റയ്ക്ക് അലഞ്ഞുനടക്കുന്നത് കാണാം. ഏതെങ്കിലും വാഹനത്തിന്റെ മുന്നില്‍പ്പെടുമ്പോള്‍ അത് കുതറിമാറുകയും പൊടി നിറഞ്ഞ ദേഹം കുടയുകയും ചെയ്യും. ദിവസവും ലേബര്‍മാര്‍ കഴിച്ച സാന്‍ഡ്വിച്ചിന്റെ ബാക്കി വേസ്റ്റ്ബിന്നില്‍ തലയിട്ട് കഴിക്കാന്‍ കിട്ടുന്നതുകൊണ്ട് അത് പുറത്തേക്കെവിടെയും പോകാറില്ല. ക്രഷറിന്റെ കണ്‍വെയറിനടിയിലും സ്റ്റോക്കുകള്‍ക്കിടയിലും അത് കൂസലില്ലാതെ നടന്നുകൊണ്ടിരിക്കും.

ഒരുഗ്രന്‍ സ്‌ഫോടനം കേട്ട നടുക്കത്തോടെയാണ് റൂമില്‍നിന്ന് പുറത്തിറങ്ങിയത്. അതിന്റെ പ്രകമ്പനങ്ങള്‍ മലനിരകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. താഴെ ഗേറ്റിനടുത്ത് രണ്ടു പോലീസ് വാഹനങ്ങള്‍ നിലയുറപ്പിച്ചുനില്‍ക്കുന്നതു കാണാം. ഒന്നും മനസ്സിലാകാതെ പരിഭ്രമിച്ചിരിക്കുമ്പോള്‍ യൂനുസ് തൊട്ടടുത്ത് വന്നു.

''ക്വാറിയില്‍ നടത്തിയ ബ്ലാസ്റ്റിങ്ങാണ്. ഇതിവിടെ പതിവാണ്. മുന്‍കൂട്ടി വലദിയയുടെ അനുമതി വാങ്ങണം. ക്വാറിയുടെ കിലോമീറ്റര്‍ ചുറ്റളവില്‍ മുഴുവനാളുകളെയും ഒഴിപ്പിച്ചതിനുശേഷമാണ് ബ്ലാസ്റ്റിങ് നടത്തുക.''

പിന്നീടാണ് ബ്ലാസ്റ്റിങ് എന്‍ജിനിയറായ മുംൈബക്കാരനെയും അസിസ്റ്റന്റ് ഒരു സര്‍ദാര്‍ജിയെയും പരിചയപ്പെട്ടത്. പാറ തുരന്നുണ്ടാക്കിയ കുഴികളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് അവയുമായി ബന്ധിപ്പിച്ച നീണ്ട കേബിള്‍വഴി ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയാണ് ബ്ലാസ്റ്റിങ് നടത്താറുള്ളത്. ഒരിക്കല്‍ സ്‌ഫോടനത്തില്‍ ക്രഷര്‍ പരിസരത്തേക്ക് കല്ലുകള്‍ തെറിച്ചുവീണ് കണ്‍ട്രോള്‍റൂമിന്റെ ചില്ലുകളുംമറ്റും തകര്‍ന്നു. ബ്ലാസ്റ്റിങ് സമയങ്ങളില്‍ കഴുതയെ ആരെങ്കിലും ദൂരേക്ക് ഓടിച്ചുവിടും. അത് ചിലപ്പോള്‍ കുന്നുകയറി ക്യാമ്പിലെത്തും. ആളുകള്‍ ഉപദ്രവിക്കുന്നത് കൊണ്ട് അതെവിടെയെങ്കിലും ഒതുങ്ങിനില്‍ക്കും.

യു.എ.ഇ.യിലെ ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നീ എമിറേറ്റ്സുകളുടെ അതിര്‍ത്തികള്‍ പങ്കിടുന്ന മലനിരകളാണ് കദ്റ. പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഷോകയാണ് തൊട്ടടുത്ത ചെറുപട്ടണം. സാധനങ്ങള്‍ വാങ്ങാനും വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കാനും ക്യാമ്പിലുള്ളവര്‍ പിക്കപ്പിലും മറ്റു വാഹനങ്ങളിലുമായി ഇവിടെയാണ് പോകാറുള്ളത്. താഴെ ഗേറ്റിനടുത്ത് നിസ്‌കരികരിക്കാന്‍ ചെറിയൊരു കാരവന്‍ വച്ചിട്ടുണ്ടെങ്കിലും ജുമുഅ നടക്കാറില്ല. കുന്നിറങ്ങാന്‍ മടിച്ച് പലരും മറ്റു നിസ്‌കാരങ്ങള്‍പോലും ഓരോ ബ്ലോക്കിന് പുറത്തും ചെറുകൂട്ടമായി നിര്‍വഹിക്കുകയാണ് പതിവ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഗേറ്റിനുപുറത്ത് ഒരു മലയാളി പിക്കപ്പ് വാനില്‍ ചില സാധനങ്ങള്‍ കൊണ്ടുവന്നു വില്‍ക്കാറുണ്ട്. വില അല്പം കൂടുതലാണെങ്കിലും അത്യാവശ്യമുള്ളത് ക്യാമ്പിലുള്ളവര്‍ വാങ്ങിക്കും.

മെസ്സില്‍ ജോലിചെയ്യുന്നവരുടെ റൂമാണ് ഞങ്ങളുടെ ഒരു താവളം. ടി.വി. കാണാനും നാട്ടുവിശേഷങ്ങള്‍ പറയാനും മലയാളികള്‍ ഇവിടെയാണ് ഒത്തുകൂടാറുള്ളത്. കൂടെ ഒന്നോ രണ്ടോ തമിഴന്മാരുമുണ്ടാകാറുണ്ട്. ചെറിയ മുറിയില്‍ പത്തും പതിനഞ്ചുംപേര്‍ കട്ടിലിലും നിലത്തുമായി ഞെരുങ്ങിയിരിക്കും. വ്യാഴാഴ്ച സി.ഡി. പ്ലെയറില്‍ സിനിമകള്‍ കണ്ട് മടങ്ങുമ്പോള്‍ രാത്രി ഏറെ വൈകും.

ക്യാമ്പിലെത്തിയതിനുശേഷം ഒന്നരമാസം കഴിഞ്ഞാണ് ഞാന്‍ പുറംലോകം കാണുന്നത്. മണലുമായി പോകുന്ന ഒരു ട്രക്കിലായിരുന്നു അബുദാബിയിലേക്കുള്ള യാത്ര. എന്റെ കൂടെ ഒരു പാകിസ്താനിയുമുണ്ട്. ഞങ്ങള്‍ ബര്‍ത്തില്‍ കുനിഞ്ഞാണിരിക്കുന്നത്. ഒരു തായ്ലന്‍ഡുകാരനാണ് ഡ്രൈവര്‍. അയാള്‍ ഒരു കളിപ്പാട്ടംപോലെയാണ് ട്രക്ക് ഓടിച്ചുപോവുന്നത്. ഡ്രൈവിങ്ങിനിടയില്‍ നഖം മുറിക്കുകയും ഷേവ് ചെയ്യുന്നതും കണ്ട് എനിക്ക് ഭയവും ആശ്ചര്യവും തോന്നി. കൂടെയുള്ള സുഹൃത്തിനോട് അയാള്‍ തായ്ലന്‍ഡ് ഭാഷയില്‍ എന്തൊക്കെയോ പറയുകയും ഉച്ചത്തില്‍ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ആറുമാസം കഴിഞ്ഞിട്ടും ഒറ്റപ്പെട്ടു കഴിയുന്ന ജീവിതസാഹചര്യവുമായി പൂര്‍ണമായും പൊരുത്തപ്പെട്ടു കഴിയാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനോ കഴിവു തെളിയിക്കാനോ കഴിഞ്ഞിരുന്നില്ല. പലപ്പോഴും സൈറ്റ് മാനേജരുടെ ഷൗട്ടിങ്ങുകള്‍ക്ക് വിധേയനായി. ഇവിടെയെത്തിയ ദിവസംമുതല്‍തന്നെ സുഹൃത്തുക്കളെ വിളിച്ച് പരിഭവം പറഞ്ഞിരുന്നു. പരമാവധി പിടിച്ചുനില്‍ക്കാന്‍ തന്നെയാണ് അവര്‍ ഉപദേശിച്ചത്.

രാത്രിയില്‍ റൂമിലിരിക്കുമ്പോഴാണ് അലാറംമുഴക്കി പോലീസ് വാഹനങ്ങളും ആംബുലന്‍സും സൈറ്റിലേക്ക് കടന്നുവന്നത്. ക്രഷര്‍പരിസരത്ത് ആരോ മരിച്ചു കിടക്കുന്ന വാര്‍ത്ത ക്യാമ്പില്‍ പരന്നു. യന്ത്രങ്ങളുടെ ഇരമ്പലും കരിങ്കല്‍ പൊടിയും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ഷവല്‍ നിരവധിതവണ കയറിയിറങ്ങി തിരിച്ചറിയാനാവാത്തവിധം മണലില്‍ പൂണ്ടുകിടക്കുകയാണ് മൃതദേഹം. നിസ്‌കരിക്കാന്‍ ഷവലില്‍നിന്ന് ഇറങ്ങിയ ഡ്രൈവര്‍ ടയറില്‍ ചോരകണ്ട് സംശയം തോന്നിയപ്പോഴാണ് ചുറ്റും പരതി അതു കണ്ടെത്തിയത്.

ക്രഷറിനുചുറ്റും ക്യാമ്പിലുള്ളവര്‍ തടിച്ചുകൂടി. പോലീസുകാര്‍ വാണിങ് ടാപ്പ് വലിച്ചുകെട്ടി ആളുകളെ അകറ്റിനിര്‍ത്തി. മണലില്‍നിന്ന് മൃതദേഹം വലിച്ചെടുക്കുമ്പോള്‍ എല്ലാവരുടെയും ഹൃദയമിടിപ്പ് വര്‍ധിച്ചു. ക്രഷറില്‍ ജോലി ചെയ്യുന്ന ഓരോരുത്തരുടെയും മുഖങ്ങള്‍ മിന്നിമറഞ്ഞു. ചിലര്‍ കണ്ണടച്ചു, മനസ്സുരുകി പ്രാര്‍ഥിച്ചു. മൃതദേഹം കണ്ടപ്പോള്‍ ആദ്യം എല്ലാവര്‍ക്കും ചിരിയാണ് വന്നത്. പിന്നീട് സങ്കടമായി. അത് ചെവി മുറിഞ്ഞ ക്രഷറിലെ കഴുതയുടേതായിരുന്നു.

അദൃശ്യമായ ഒരു മൈതാനത്തേക്ക് വിടര്‍ന്ന ഇരുചെവികളും കുടഞ്ഞ്, നിലാവ് പെയ്യുന്ന മലനിരകളിറങ്ങി, വൃത്തിയോടെ ആ വെളുത്ത കഴുത നടന്നു പോകുന്നത് ഞാന്‍ നോക്കിനിന്നു!