ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് യു.എ.ഇ.യുടെ മാറുന്നമുഖം. സാങ്കേതികതയുടെ വേറിട്ട കാഴ്ചകളാണ് എങ്ങും. ലോകത്തെ മുഴുവൻ ഒരിടത്തേക്ക് കൊണ്ടുവരുന്ന നവീനതയുടെയും സാധ്യതകളുടെയും പ്രദർശനമായ എക്സ്‌പോ പടിവാതിൽക്കലെത്തിക്കഴിഞ്ഞു. അസാധ്യമെന്ന് വിധിയെഴുതിയ പലതും ഇന്ന് യു.എ.ഇ.യുടെ സാധാരണ കാഴ്ചകൾ മാത്രമായിരിക്കുന്നു. ഹൈപ്പർ ലൂപ്പും എയർ ടാക്സിയുമെല്ലാം സാമൂഹികജീവിതത്തിന്റെ ഭാഗമാകുന്ന കാലം വിദൂരമല്ല. പുതുമതേടുന്ന സന്ദർശകരെ അദ്ഭുതപ്പെടുത്തുന്ന ഒരുപാട് കാഴ്ചകൾക്കിപ്പുറം പ്രകൃതിയുടെ തനത് കാഴ്ചകളാലും സമ്പുഷ്ടമാണ് ഇവിടം. ആ വൈവിധ്യം തേടിയെത്തുന്നവർക്ക് മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ഒരുങ്ങുകയാണ് യു.എ.ഇ.യുടെ പ്രകൃതിയും. നാഗരികമായ ഓട്ടപ്പാച്ചിലുകൾക്കൊടുവിൽ മലകയറുന്ന സന്ദർശകർക്ക് ഹത്തയിലെ അസ്തമയവും ഉദയവും സമ്മാനിക്കുക സ്വസ്ഥതയുടെ ജീവതാളമായിരിക്കും.

പുതിയ സീസണിൽ സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു ദുബായ്- ഒമാൻ അതിർത്തിയോടുചേർന്നുള്ള ഹത്ത മലനിരകൾ. ഹജർ മലനിരകളുടെ താഴ്‌വരയായ ഇവിടേക്കുള്ള യാത്ര ധ്യാനസമാനമായ അനുഭവം പകരുന്നതാണ്. പ്രകൃതിയുടെ താളവും സ്വസ്ഥതയും അനുഭവിച്ചുമടങ്ങാൻ തിരിക്കിൽനിന്ന് ഇവിടേക്ക് ഓടിയെത്തുന്നവരുടെ എണ്ണം ഓരോ സീസണിലും കൂടിവരികയാണ്. മലകയറ്റം പരിശീലനം സിദ്ധിച്ചവർക്കുമാത്രം നടത്താവുന്ന ഒന്നാണെങ്കിലും ശാരീരികക്ഷമതയുള്ളവർക്ക് പരീക്ഷിക്കാൻ തക്കവിധം മലഞ്ചെരിവുകൾ ഇവിടെയുണ്ട്. സംഘമായെത്തി ട്രക്കിങ് നടത്തി മനസ്സും ശരീരവും സുഖപ്പെടുത്തിമടങ്ങാൻ ഇവിടം അവസരമൊരുക്കുന്നു. ഒരുദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മലകയറ്റം ലക്ഷ്യമിട്ടെത്തുന്നവർക്ക് മുൻകൂട്ടി ബുക്കുചെയ്യാനുള്ള സംവിധാനവുമുണ്ട്. യു.എ.ഇ.യിലെ സവിശേഷമായ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് മുകളിലേക്കുള്ള നടത്തം പ്രകൃതിയുടെ പല അദ്ഭുതങ്ങളും വെളിവാക്കുന്നതാണ്. പാറക്കല്ലുകളുടെ വ്യത്യസ്തമായ നിറങ്ങളും കാലാവസ്ഥയിലെ പ്രത്യേകതകൾ മൂലമുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം മനസ്സിലാക്കാനാകും. ഒപ്പം യാത്രികരുടെ ഭാഗ്യം മലനിരകളിലെ അപൂർവജന്തുക്കളെ നേരിൽക്കാണാനും ഇടയാക്കിയേക്കാം.

ഓഫ്‌റോഡ് വാഹനങ്ങളിൽ മരുഭൂക്കാഴ്ചയാസ്വദിക്കാൻ അനുയോജ്യമായ ഇടം കൂടിയാണിത്. മണൽക്കൂനകളിലെ അസ്തമയക്കാഴ്ച ആർക്കും മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്നതാണ്. പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവങ്ങളിലൊന്ന് കുടുംബമായി ആസ്വദിക്കാനുള്ള അവസരം ഹത്തയിലെത്തുന്നവർക്ക് ലഭിക്കും. ഈ നിമിഷം പകർത്താനായി ക്യാമറയുമായി ഇവിടെയെത്തിയിരുന്നവരും ഒട്ടേറെയാണ്. തനത് ഭക്ഷണപാനീയങ്ങളും ബെല്ലിഡാൻസും വേട്ടപ്പരുന്തുകളുടെ പ്രകടനവും യു.എ.ഇയുടെ മറ്റ് പൈതൃകക്കാഴ്ചകളുമെല്ലാം കുറഞ്ഞചെലവിൽ ആസ്വദിക്കാനുള്ള അവസരവും വിനോദസഞ്ചാരവകുപ്പ് ഒരുക്കുന്നുണ്ട്.  ക്വാഡ് ബൈക്കുകളിൽ മണൽക്കൂനകൾ മെതിച്ചുള്ള യാത്ര ഹരംപകരുന്ന ഒന്നാണ്. സമാനതകളില്ലാത്ത ഈ വിനോദമാസ്വദിക്കാൻ ഇവിടേക്കെത്തുകമാത്രമാണ് വഴി. യു.എ.ഇ. സന്ദർശിക്കുന്നവർ അവസരം ലഭിക്കുമെങ്കിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണത്. ഹത്തയിലെ മലനിരകളുടെ പശ്ചാത്തലത്തിൽ ക്വാഡ് ബൈക്കിലെ സാഹസികയാത്രാ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഫോട്ടോഗ്രാഫർമാരെയടക്കം ഒരുക്കിയാണ് കമ്പനികൾ ക്ഷണിക്കുന്നത്.കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെങ്കിലും ഹത്ത അണക്കെട്ടിലേക്കുള്ള യാത്ര വേറിട്ട അനുഭവം പകരുന്നതാണ്. കയാക്കിങ്ങിനും സൈക്കിൾബോട്ട് സവാരിക്കുമെല്ലാം പേരുകേട്ട ഇടമാണിത്. പൈതൃകക്കാഴ്ചകൾ നിറയെയുള്ള ഒരു പട്ടണവും ഇതിന്റെയോരത്ത് കാണാനാകും. തനത് യു.എ.ഇ.വിഭവങ്ങൾ രുചിച്ചുകൊണ്ടുള്ള സഞ്ചാരം ഇവിടുത്തെ പ്രത്യേകതയാണ്.
സ്വകാര്യ ട്രാക്കുകളിലൂടെ മൗണ്ടെൻ ബൈക്കുകളിൽ സാഹസികയാത്ര നടത്താനുള്ള സംവിധാനങ്ങളും ഇവിടെ കാണാം. സാഹസിക സൈക്ലിങ് ട്രാക്കുകൾ പരിശീലനം സിദ്ധിച്ചവർക്കുവേണ്ടി മാത്രമുള്ളതാണ്.

കോവിഡാനന്തരം യാത്രകൾക്കായി ആളുകൾ കൂടുതൽ സമയം ചെലവഴിച്ചുതുടങ്ങുന്ന സാഹചര്യമാണുള്ളത്. രണ്ടുവർഷത്തോളം കാര്യമായ ചലനങ്ങളൊന്നുമില്ലാതെ താമസകേന്ദ്രങ്ങളിൽ ഒതുങ്ങിക്കഴിയേണ്ടിവന്നതിലുള്ള വീർപ്പുമുട്ടൽ ആളുകൾ മറികടക്കുന്നതങ്ങനെയാണ്. സ്വന്തം വാഹനത്തിൽതന്നെ ടെന്റും ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യങ്ങളുമൊരുക്കി മലനിരകളിൽ ഒന്നോ രണ്ടോദിവസം തങ്ങാനെത്തുന്നവർക്കായി വിനോദസഞ്ചാരവകുപ്പ് കാര്യമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ കാരവാനിൽ ഒരുദിവസം തങ്ങാനുള്ള അവസരവും ഇവിടെയുണ്ട്. കിടപ്പുമുറിയും അടുക്കളയുമെല്ലാമുള്ള ഒരു വാഹനത്തിലെ സ്വതന്ത്രസഞ്ചാരം സ്വപ്നം കാണാത്തവർ ചുരുക്കമാകും. എന്നാൽ അത്തരമൊരു വാഹനം സ്വന്തമാക്കിയുള്ള യാത്രകൾക്ക് പരിമിതിയേറെയാണുതാനും. എങ്കിലും ആ സ്വപ്നങ്ങൾക്കൊപ്പംനിന്നുകൊണ്ട് ആളുകളെ സ്വാഗതം ചെയ്യുകയാണ് ഹത്തയിലേക്ക് വിനോദസഞ്ചാര വകുപ്പ്. രണ്ടുകുട്ടികളടക്കം നാലുപേർക്ക് സ്വപ്നസമാനായ ഒരു കാരവൻ വാസത്തിന് 1300 ദിർഹം മുതലാണ് നിരക്ക്. ഹത്ത കാരവാൻ പാർക്കിലെത്തിയാൽ വൈഫൈയും മറ്റെല്ലാ സൗകര്യങ്ങളുമുള്ള വിവിധ തരത്തിലുള്ള കാരവനുകൾ കാണാനാകും.   മലനിരകൾക്ക് നടുവിൽ ഒരു ടെന്റടിച്ച് കഴിയുന്ന അനുഭവം പ്രദാനംചെയ്യുന്ന നിർമിതികളും സജ്ജമാണ്. ആഡംബര ടെന്റെന്ന് വിശേഷിപ്പിക്കാവുന്ന ഇതിൽ മലനിരകളുടെ 360 ഡിഗ്രി കാഴ്ചകൾ കണ്ടാസ്വദിച്ച് കഴിയാനാകും. 

നടക്കാനും ഓടാനും ഇഷ്ടമുള്ളവർക്കതിനും സ്വസ്ഥമായി ഇരിക്കാനാഗ്രഹിക്കുന്നവർക്ക് അതിനുമുള്ള വക ഹത്ത നൽകുന്നു. ഒക്ടോബർ മുതൽ അടുത്തവർഷം ഏപ്രിൽ വരെ നീളുന്ന പുതിയ സീസണിൽ കൂടുതൽ സന്ദർശകരെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. ദുബായിൽനിന്ന് രണ്ടുമണിക്കൂറിൽ താഴെ മാത്രം സമയമെടുത്ത് റോഡുമാർഗം ഹത്തയിലെത്താം. മലനിരകളെ തഴുകി കടന്നുവരുന്ന കാറ്റിലലിഞ്ഞ് സ്വസ്ഥമായ നിമിഷങ്ങൾ ആസ്വദിക്കാം.