കഥകൾ വായിക്കുകയെന്നാൽ ചിലപ്പോൾ ദീർഘമായ ഒരു ധ്യാനാവസ്ഥയിലേക്ക് പലപ്പോഴും വീണുപോകാറുണ്ട്. സി.പി. അനിൽകുമാർ പ്രവാസിയാണ്, പ്രവാസി എഴുത്തുകാരൻ എന്ന മേൽവിലാസം ചാർത്തിക്കൊടുക്കരുതേ എന്ന തോന്നലോടെ തന്നെ സി.പി.യുടെ പുതിയ കഥാ സമാഹാരം  ‘ആബ് സല്യൂട്ട് മാജിക്’   വായിക്കാനെടുത്തു.
പുസ്തകത്തിന്റെ പേര് തന്നെയുള്ള ആദ്യ കഥ. പുതിയ കാലത്തിന്റെ സൂക്ഷ്മമായ അടയാളങ്ങളിലൂടെ പറഞ്ഞു പോകുന്ന കഥ. ‘അമ്മ / അച്ഛൻ/ മകൻ പരിസരത്തിലൂടെ വേവലാതികളുടെ അകമ്പടിയോടെ വികസിക്കുന്ന കഥാഗതി. എഴുത്തിന്റെ മാജിക് ആദ്യ കഥയിലൂടെ പ്രകടിപ്പിച്ചു തുടങ്ങുന്നു സി.പി. കൗമാര മനസ്സുകളെ മനനം ചെയ്യുന്നതിലാണ് ഒരു കേവല മലയാളി എന്നും  പതറിപ്പോയിട്ടുള്ളത്. എന്നിലെ വായനക്കാരൻ ഈ കഥാവായനയിൽ ഇടയ്ക്കിടെ എന്നിലേക്ക് ചുഴിഞ്ഞിറങ്ങി നെടുവീർപ്പിട്ടതും അതുകൊണ്ടു തന്നെയാവണം. ഒരു കൗമാരകാരനായ മകന്റെ മാനസികവ്യാപാരങ്ങളെ  നടപ്പു രീതികളിൽ പരിശോധനചെയ്യുന്ന ടിപ്പിക്കൽ  അച്ഛനും അമ്മയുമായി മാറുന്നുണ്ട് എഴുത്തുകാരി കൂടിയായ അമ്മയും പ്രവാസിയായ അച്ഛനും. വിവർത്തനം ചെയ്യാൻ കഴിയാത്ത ഒരു ജീവിതത്തെ ഈ കഥ തൊടുത്തുവിടുന്നുണ്ട്. നമ്മുടെയെല്ലാം ജീവിതത്തിനു മുകളിൽവന്നു പതിക്കാവുന്ന ഒരു ധൂമകേതുവിനെ കാണാതെ പോകുന്നതാവാം നമ്മുടെ വലിയകുറ്റം. അടുക്കളയിലെ ആയുധം വല്ലപ്പോഴുമെങ്കിലും പരാജയത്തിന്റെ കയ്പറിഞ്ഞു നാം മനസ്സിലാക്കേണ്ട യാഥാർഥ്യമാണെന്ന് ഈ കഥ ഓർമപ്പെടുത്തുന്നു. അതെ, ഇങ്ങനെയും പുതു മനസ്സുകൾ വിഹ്വലപ്പെടുന്നുണ്ട്.

പാറുവമ്മ കമ്മ്യുണിസ്റ്റാണ് ..തികച്ചും നർമബലത്തിൽ പറഞ്ഞ ഗൗരവമേറിയ കഥയാണ് ‘പാർവതീ ചരിതം’ നമുക്ക് സുപരിചിതയാണ് പാറുവമ്മ. എന്നാൽ അവർ അഴിച്ചിടുന്ന ജീവിതത്തിന്റെ കുപ്പായങ്ങൾ നമ്മളെ രാച്ചിയമ്മയെ ഓർമിപ്പിച്ചേക്കാം. എന്നാൽ സ്വന്തം ഫോട്ടോ മരിച്ചാലെങ്കിലും പത്രത്തിൽ അച്ചടിച്ച് വരണമെന്നു ആഗ്രഹിക്കുന്ന പാറുവമ്മയിലെ പെണ്ണ് വേറിട്ട ഒരു ജീവിതംജീവിച്ചവളാണ്. അനീതിയുടെ അഴുക്കുകളെ ഉന്മൂലനം ചെയ്യുന്നതിലൂടെ ഒരു കമ്യൂണിസ്റ്റ്  ആണെന്ന് സ്ഥാപിച്ചെടുക്കുന്ന പാറുവമ്മയ്ക്കു  ജീവിതത്തിലെ പുരുഷന്മാർ ഓരോ രീതിയിൽ കൊട്ടിഘോഷിക്കുന്ന ആണത്ത കുപ്പായം കീറിപ്പോയവരാണ്. ആദ്യകഥയുടെ ആഖ്യാന രീതിയിൽനിന്ന് തികച്ചും വ്യത്യസ്തമാണ് പാർവതീ ചരിതം. എഴുത്തിന്റെ മാജിക്കിൽ സി.പി. ഉപയോഗിക്കുന്ന അടുത്ത ഐറ്റം തന്നെയാണിത്. ഭ്രമാത്മകതയുടെയും വിഹ്വലതകളുടെയും കുഴമറിച്ചിലാണ് സൊഡാക്‌സ് എന്ന മൂന്നാമത്തെ കഥ. കഥ പറഞ്ഞു പോകും വഴി പ്രത്യേകതകൾ നിറഞ്ഞതല്ല എങ്കിലും സൂക്ഷ്മമായ ഇടപെടലുകൾ കൊണ്ട് കഥാകാരൻ എഴുത്തിൽ ഈ കഥയിലും ഒരു മാജിക് ഒളിപ്പിച്ചുവെക്കുന്നുണ്ട്.

പാർശ്വവത്‌കരിക്കപ്പെട്ട രണ്ടുജന്മങ്ങളുടെ കഥയാണ് പുഷ്പജാലകം. തെരുവിൽനിന്ന് ചേർത്തണച്ച ജീവനെ കൂടപ്പിറപ്പായി കരുതുന്ന തെരുവിലെ സ്ത്രീജന്മം അതുപോലുമല്ലെന്ന തീവ്രമായ സത്യം കഥാന്ത്യത്തിൽ വെളിപ്പെടുമ്പോൾ ജീവിത സായാഹ്നത്തിൽ എത്തിയ ഒരാൾ അവൾക്കു വിലയുറപ്പിക്കുമ്പോൾ അഴിഞ്ഞുവീഴുന്നുണ്ട് സമകാലിക സമൂഹത്തിന്റെ സദാചാരത്തിന്റെ അടരുകൾ. അടച്ചിട്ട മുറികൾക്കുള്ളിൽ ജീവിതം അത്രമേൽ ശുഷ്‌ക്കവും അർഥരഹിതവുമായി പോകുന്നുണ്ട് എന്നുറപ്പിച്ചു പറയുന്നുണ്ട് ഇക്കഥ. പ്രവാസഭൂമിയിലെ മലയാളിയുടെ കഥയാണിത്; എന്നാൽ ഇത്തരം കഥകൾക്ക് ബാധിച്ചുപോയേക്കാവുന്ന ക്‌ളീഷേകളുടെ ലാഞ്ചനപോലും ഈ കഥയിലില്ല.  പ്രളയത്തിന്റെ നേർചിത്രം വാക്കുകളാൽ വരഞ്ഞിട്ടു തികച്ചും ഒരു ഗ്രാമപരിസരത്തിലാണ് ‘പ്രളയപങ്കിലം’  എന്ന കഥ പറയുന്നത്. വായനയുടെ ആദ്യമേ തന്നെ പ്രകടമാവുന്ന പാമ്പിൻ സാന്നിധ്യം ചില സൂചനകൾ തരുന്നുണ്ടെങ്കിലും കഥ പറയും വഴിയിൽ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ പാത പകർത്തുന്നതിൽ  കഥാകൃത്ത്‌ മികവുപുലർത്തുന്നു. സാധാരണത്വം നിറഞ്ഞകഥയാണ് ‘തേൻ വരിക്ക’ ദൃശ്യസാധ്യതകളിലൂടെ പറഞ്ഞുപോകുന്ന ഒരു മലയോര കർഷകന്റെ ജീവിതവ്യഥകളുടെ നേർസാക്ഷ്യമാണ് ഈ കഥ. ഒരാൾ അയാളുടെ സ്വപ്നങ്ങളിൽനിന്നും ജീവിതത്തിൽനിന്നും തന്നെ പുറത്താക്കപ്പെടുന്നത് എപ്പോഴാണ്? നിസ്സഹായതയുടെ പടുകുഴിയിലേക്ക് നടുവടിച്ചു വീഴുമ്പോൾ തന്നെയാണ്. പരസഹായം പ്രാണസങ്കടമാവുമ്പോൾ ജീവിതം തേൻവരിക്കയുടെ മണമോ രുചിയോ പകർന്നുതരില്ലെന്ന് അടിവരയിട്ടു പറയുകയാണ് ഈ കഥ.
 ഈ സമാഹാരത്തിലെ ദീർഘമുള്ള കഥയാണ് ‘ആയിരത്തൊന്നു രാവുകൾ’. നമുക്ക് പരിചിതമായ ഒരു കഥാ തലക്കെട്ട് ആണിത്. എന്നാൽ സി.പി. അനിൽകുമാർ എന്ന കഥാകാരനു പറയാനുള്ളത് കഥകൾക്കപ്പുറമുള്ള ഒരു ജീവിതം തന്നെയാണ്. പറയാനുള്ള പ്രമേയത്തിന്റെ ഗഹനത കൊണ്ടാവണം ഈ കഥ മറ്റു കഥകളേക്കാൾ നീളമേറിപ്പോയത്. 
കഥാകൃത്തിനു തന്നെ അരിഞ്ഞു കളയാവുന്ന അപൂർവം ഇടങ്ങൾ കഥയിൽ ഉണ്ടെങ്കിലും വായനയുടെ തുടർച്ചയെ അത്രയൊന്നും ബാധിക്കാതെ രചനയിലെ മാജിക്കിലൂടെ കഥാകാരൻ അത്തരമൊരു പോരായ്മയെ മറികടന്നിരിക്കുന്നു. എഴുത്തിന്റെ ഭാരമില്ലാതെ ഗഹനതയും സൂക്ഷ്മതയും കൈമുതലാക്കി സി.പി. അനിൽകുമാർ എഴുതിയ എട്ടു കഥകളടങ്ങുന്ന ഈ സമാഹാരം വായനയ്ക്ക് നിർദേശിക്കുകയെന്നാൽ ഒരു മികച്ച കഥാസമാഹാരത്തെ അംഗീകരിക്കുക കൂടിയാണ്. 

സുസ്ഥിരതാ പവിലിയനിൽ വൈൽഡ് മാജിക് 

പ്രശസ്ത ബ്രിട്ടീഷ് കലാകാരനായ മാറ്റ് കോളിഷൗവിന്റെ ആനിമേറ്റഡ് ശില്പമായ ഇക്വിനോക്സ് എന്ന വൈൽഡ് മാജിക് ശില്പമാണ് എക്സ്‌പോ 2020-യിലെ വേറിട്ട കാഴ്ചകളിലൊന്ന്.  ടെറ-സസ്റ്റൈനബിലിറ്റി പവിലിയനിലാണ് ഈ വേറിട്ട വൈൽഡ് മാജിക് അവതരിപ്പിച്ചിരിക്കുന്നത്. 
ആനിമേഷന്റെ ആദ്യകാല രൂപമായ ഹാൻഡ്‌റോപ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിശയകരമായ പ്രദർശനം ഒരുക്കിയിരിക്കുന്നത്. മധ്യഭാഗത്ത് ഭീമൻ താമരയും ചുറ്റിലുമെത്തുന്ന ഷഡ്പദങ്ങളെയും കാണാം. താമരയുടെ ദളങ്ങൾ ഷട്ടറുകളായാണ് പ്രവർത്തിക്കുന്നത്. അഞ്ചുമീറ്ററിലേറെ ഉയരവും മൂന്നുമീറ്റർ വീതിയും ഈ വൈൽഡ് മാജിക്കിനുണ്ട്. 
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും പ്രശസ്ത ഇംഗ്ലീഷ് കവിയും ചിത്രകാരനുമായ വില്യം ബ്ലെയ്ക്കിന്റെയും കവിതകൾ ഉൾപ്പെടെ പ്രകൃതിയുടെ വിശുദ്ധിയെ പ്രകീർത്തിക്കുന്ന തിരഞ്ഞെടുത്ത കവിതകളുടെ നിരയും ഇവിടെ കേൾക്കാനാവും.