റിയാദ്: ഉംറ അനുഷ്ഠിക്കുന്നതിന് അനുമതിയുള്ള തീർഥാടകരുടെ എണ്ണം പ്രതിദിനം 70,000 ആയി ഉയർത്താൻ തീരുമാനം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലായി. ഇതമർന, തവക്കൽനാ ആപ്പുകളിലൂടെയാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത്. 
രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ, ഒന്നാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർ, കോവിഡ് രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്ക് പെർമിറ്റുകൾക്ക് അപേക്ഷിക്കാം. വിദേശത്തുനിന്ന് എത്തുന്നവർ സൗദി അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം. പ്രതിദിനം പങ്കെടുക്കുന്നവരുടെ എണ്ണം ഉയർത്തിയതോടെ മാസം 21 ലക്ഷം തീർഥാടകർക്ക് ഉംറ അനുഷ്ഠിക്കാൻ അവസരമുണ്ടാകും. ഹജ്ജ് തീർഥാടനത്തിനുശേഷം ഓഗസ്റ്റ് ഒമ്പത് മുതൽ വിദേശത്തുനിന്നുള്ള ഉംറ തീർഥാടകർക്ക് സൗദി പ്രവേശനം അനുവദിച്ചിരുന്നു. 
അതേസമയം, രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്ക് ഉംറ പാക്കേജ് വാങ്ങുന്നതിനും പ്രവേശന വിസ നൽകുന്നതിനും പുതിയ സംവിധാനങ്ങൾ ആരംഭിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിദേശ തീർഥാടകർക്ക് ഓൺലൈനിൽ സിംഗിൾ ഉംറ വിസ നേടാൻ ഈ സംവിധാനം വഴി സാധിക്കും. 25-ൽ കൂടുതൽ തീർഥാടകർക്ക് ഒരു ഓപ്പറേറ്ററിലൂടെയോ തൊഴിലുടമയിലൂടെയോ ഉംറ വിസ നൽകുന്നതാണ് പദ്ധതി.