അനുദിനം അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ലോകം. ആ മാറ്റങ്ങളോട് കണ്ണടച്ചുകൊണ്ട് മുമ്പോട്ടുള്ള യാത്ര സാധ്യമല്ല. എന്നാൽ, ആ യാത്ര എങ്ങനെയാകണം എന്നത് ഒരുപാട് ചർച്ചകൾക്ക് വിധേയമാകുകയാണ്.
സാങ്കേതികതയുടെ അധീശത്വം ശബ്ദത്തെയും വെളിച്ചത്തെയും മറികടക്കുന്ന വേഗം മനുഷ്യന് സമ്മാനിക്കുമ്പോൾ സുസ്ഥിരതയിലൂന്നിയ സന്തുലിതമായ വികസനമാകണം ആവശ്യമെന്ന പഠനങ്ങളും സജീവമാകുന്നു. ഇതിനെയെല്ലാം കൗതുകത്തോടെ നോക്കിക്കാണുന്ന പുതിയ തലമുറ നിമിഷങ്ങൾകൊണ്ട് മിന്നിമറിയുന്ന വിവരസാങ്കേതികതയ്ക്കൊപ്പം യാത്രചെയ്യുന്നവരാണ്. അവരുടെ ലോകമാണ് ഇനിയുള്ളത്. അവർക്ക് മുന്നോട്ടുള്ള വഴിയിൽ കൃത്യമായ ചുവടുവെപ്പുകൾ എങ്ങനെ നടത്താമെന്ന് പറയുന്നുണ്ട് ദുബായ് എക്സ്‌പോ 2020. അതിനായി ലോകം ഇന്നോളം സഞ്ചരിച്ച പാതകളിലൂടെയുള്ള സഞ്ചാരം അടയാളപ്പെടുത്തുന്ന പ്രദർശനങ്ങൾ ഇവിടെ കാണാം. അടുത്ത അമ്പതുവർഷത്തേക്കുള്ള യാത്ര എങ്ങനെയാകണമെന്ന ആശയങ്ങൾ അടയാളപ്പെടുത്തുന്നവയും എക്സ്പോയുടെ പ്രത്യേകതയാണ്.

സമാനതകളില്ലാത്ത പരിവർത്തനം മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങളിൽ സംഭവിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി. വേഗത്തിലോടുന്ന വാഹനം പെട്ടെന്ന് വേഗം കുറച്ച് സഞ്ചരിക്കേണ്ടിവരുമ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ വൈകുന്നതിനാൽ യാത്രികരനുഭവിക്കുന്ന വീർപ്പുമുട്ടൽ ഓരോ മനുഷ്യരും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആ അവസ്ഥകൾ മുതിർന്നവരുടെ ജീവിതത്തിലുണ്ടാക്കിയത് സാമ്പത്തികവും മാനസികവും സാമൂഹികവുമായ ശൂന്യതയാണ്. എന്നാൽ, കടന്നുപോകുന്ന മാനസികാവസ്ഥ എന്താണെന്ന് പറഞ്ഞുമനസ്സിലാക്കാൻപോലും ഒരുപക്ഷേ, കഴിയാതിരുന്ന ഒരു സമൂഹമുണ്ട്: താമസകേന്ദ്രങ്ങളിൽനിന്ന് പുറത്തിറങ്ങാൻ വളരെ കുറച്ചുമാത്രം അവസരം ലഭിച്ച കുരുന്നുകൾ, വിദ്യാർഥിസമൂഹം. സാമൂഹിക ജീവിതം പതിയെ പഴയനിലയിലേക്ക് എത്തിത്തുടങ്ങിയെങ്കിലും മഹാമാരിയുടെ നാളുകൾ അവരിലവശേഷിപ്പിച്ച അസ്വസ്ഥതകൾ പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. 

മുൻവിധികളോടെ മാത്രം മറ്റൊരാളുമായി നിസ്സാരമായ പങ്കുവെക്കലുകൾപോലും നടത്തേണ്ടിവന്നിട്ടുള്ള ദിവസങ്ങൾക്കിപ്പുറം പ്രതീക്ഷയുടെ കോട്ടവാതിലുകളാണ് എക്സ്‌പോ കുരുന്നുകൾക്കായി തുറന്നിടുന്നത്. 190 രാജ്യങ്ങളുടെ പവിലിയനുകളുണ്ട് എക്സ്‌പോയിൽ. ഓരോ രാജ്യത്തിന്റെയും സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ സൂക്ഷ്മമായി കാഴ്ചക്കാരുമായി പങ്കുവെക്കുന്നതാണവ. പുതുതലമുറയെ പ്രചോദിപ്പിക്കുംവിധം രൂപകല്പന ചെയ്തിട്ടുള്ള ഈ പവിലിയനുകളെല്ലാം കുരുന്നുകൾക്കായി വാതിലുകൾ തുറന്നുവെച്ചിരിക്കുകയാണ്. അവർക്ക് സൗജന്യമായി അവിടെ പ്രവേശിക്കാം. കുട്ടി സംവാദങ്ങൾക്കും പരീക്ഷണങ്ങൾക്കും ശില്പശാലകൾക്കുമെല്ലാം ഇവിടം വേദിയൊരുക്കുന്നു. സംഘാടകരുടെ ഭാഷ കടമെടുത്താൽ ‘അസാധാരണമായ ലോക സാധ്യതകൾ’ ആണ് ഈ വേദികൾ കുട്ടികൾക്കായി തുറന്നിടുക. ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്‌പോയിൽ മുഴുവൻ ദിവസവും 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.

എക്സ്‌പോ പവിലിയനുകളിലൂടെയുള്ള നടത്തം അതത് രാജ്യങ്ങളിലെ തെരുവുകളിലൂടെയുള്ള സ്വതന്ത്രസഞ്ചാരത്തിന്റെ അനുഭൂതിയാണ് സന്ദർശകർക്ക് സമ്മാനിക്കുക. ഫ്ളാറ്റുകളിൽ അടച്ചിരുന്ന ദിവസങ്ങൾക്കപ്പുറം സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങുന്ന നിമിഷങ്ങൾ കുരുന്നുകൾക്ക് പകരുന്നതും സന്തോഷത്തിന്റെ മുഹൂർത്തങ്ങളാകും. തെരുവ് ആഘോഷങ്ങൾ, പരേഡുകൾ, നൃത്തസംഗീത പരിപാടികൾ, ഡിജിറ്റൽ തിയേറ്റർ അവതരണങ്ങൾ എന്നിവയെല്ലാം വഴിയോരക്കാഴ്ചകളാകും. കുട്ടികൾക്കുവേണ്ടി മാത്രമൊരുക്കിയ പാർക്കുകളും കളിസ്ഥലങ്ങളും കുടുംബങ്ങൾക്കായുള്ള ഉല്ലാസകേന്ദ്രങ്ങളും സന്തോഷസൂചിക ഉയർത്തുമെന്നതിൽ സംശയം വേണ്ടാ.

ചൊവ്വ പര്യവേക്ഷണമെന്ന ആശയത്തിൽ നിർമിച്ച ‘ലത്തീഫാസ് അഡ്വെഞ്ചേഴ്സ്’ പാർക്ക് സമ്മാനിക്കുന്നത് കുരുന്നുകൾക്കൊരു ചൊവ്വാ യാത്രയാണ്. ഭൂമിയുടെയും ഗ്രഹങ്ങളുടെയും സഞ്ചാരം, അവയുടെ പ്രത്യേകതകൾ എന്നിവയെല്ലാം പാഠപുസ്തകങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാനാകാത്തവിധം രസകരമായി പറയാൻ ഈ പാർക്കുകൾക്കാകും. അസ്തമയത്തിനൊടുവിൽ അൽ വാസൽ പ്ലാസ ഗാർഡനിൽ നടക്കുന്ന വെടിക്കെട്ടും വെളിച്ചം കൊണ്ടുള്ള പ്രദർശനവും കുരുന്നുകൾക്ക് സന്തോഷക്കാഴ്ചയാകും.
കുട്ടികൾക്കായുള്ള അവതരണങ്ങൾക്ക് മുഖ്യപരിഗണന നൽകി രൂപകല്പന ചെയ്തിട്ടുള്ളതാണ് ബെലാറസിന്റെയും മൊണോക്കോയുടെയും പവിലിയനുകൾ. ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ബെലാറസ് പവിലിയനിലെ ‘ട്രീ മൈൻഡ്’ എന്ന ഇൻസ്റ്റലേഷൻ കുട്ടികൾക്ക് വേറിട്ട അനുഭവം പകരുന്നതാകും. അനുനിമിഷം മാറിവരുന്ന വർണക്കാഴ്ചകളാണ് മൊണോക്കോ കുരുന്നുകൾക്കായി അവതരിപ്പിക്കുന്നത്. ആർട്ടിക്കിലെ അപകടങ്ങൾ മറികടന്ന് ഒരു പെൻഗ്വിൻ കുരുന്നിനെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്ന രസകരമായ കളി കുട്ടികളിൽ കാലാവസ്ഥാവ്യതിയാനമടക്കം ലോകമിന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം വളർത്തും.

ഒക്ടോബർ ഒന്നുമുതൽ എല്ലാദിവസവും രാവിലെ അൽ വാസൽ ഡോമിൽ കുട്ടികൾ പാട്ടും നൃത്തവും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് കുടുംബങ്ങൾക്ക് ആഘോഷമായി അന്താരാഷ്ട്ര സംഘങ്ങളുടെ നൃത്തസംഗീതപരിപാടികൾ ആസ്വദിക്കാനുള്ള വകയാകും ഈ വേദി സമ്മാനിക്കുക. ഇവിടെ നടക്കുന്ന ‘മസ്കോട്ട് ഷോ’ നിർബന്ധമായും കുരുന്നുകൾ കണ്ടിരിക്കേണ്ട അവതരണമാണെന്ന് സംഘാടകർ അഭിപ്രായപ്പെടുന്നു. ഈ ലോകത്തിന്റെ സൗന്ദര്യം തിരികെപ്പിടിക്കാൻ മിസ്റ്റർ സ്‌ക്രാപ്പിനോട് പോരാടുന്ന റാഷിദിനും ലത്തീഫയ്ക്കുമൊപ്പമുള്ള സഞ്ചാരമാകുമത്. 180 ഡിഗ്രി സ്‌ക്രീനിൽ നടക്കുന്ന അവതരണം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതാകുമെന്നുറപ്പാണ്.

എക്സ്‌പോ കാലയളവിലെത്തുന്ന പ്രധാന ആഘോഷാവധിദിനങ്ങൾക്ക് മാറ്റുകൂടും. ക്രിസ്മസ്, മാതൃദിനം, വാലന്റൈൻസ് ദിനം, ഹാലോവീൻസ് ദിനം എന്നിവയ്ക്കെല്ലാം കുരുന്നുകൾക്കായി വേറിട്ട അവതരണങ്ങൾ നടക്കും. ഇതിനുപുറമേ രാജ്യങ്ങളുടെ ദേശീയദിനങ്ങൾ പ്രത്യക സാംസ്കാരിക സാമൂഹിക പരിപാടികളോടെ കൊണ്ടാടും. ബഹിരാകാശ പര്യവേക്ഷണ തത്‌പരർക്കായി ഒക്ടോബർ-17 മുതൽ 23 വരെ വേറിട്ട അവതരണം നടക്കും. ക്രിസ്മസ് സായാഹ്നത്തിൽ നക്ഷത്രങ്ങൾക്ക് താഴെയിരുന്നുള്ള വായനാ പദ്ധതിയുമായി ശ്രീലങ്കയും കുട്ടികൾക്ക് കളമൊരുക്കുന്നു. നൂതന സാങ്കേതികതകൾ പരിചയപ്പെടുത്തുന്ന ‘ലെഗസി ഓഫ് യു.എ.ഇ.’ എന്ന പ്രത്യേക ടൂർ സ്കൂളുകളിൽനിന്നെത്തുന്ന വിദ്യാർഥിസംഘങ്ങൾക്കായി നടത്തും. schools.expo2020dubai.com എന്ന വെബ് ലിങ്കിൽ സ്കൂളുകൾക്ക് എക്സ്‌പോ ടൂർ ബുക്കുചെയ്യാം.

കുരുന്നുകളുമായി എത്തുന്നവർക്ക് യന്ത്ര സംവിധാനമുള്ളതും അല്ലാത്തതുമായ സ്ട്രോളറുകളും വീൽച്ചെയറുകളും എക്സ്‌പോയിൽ ലഭ്യമാക്കും. നാലുപ്രധാന പ്രവേശന കവാടങ്ങളിലും ഇത് ലഭിക്കും. ഗോൾഫ് ബഗ്ഗികളും സൗജന്യ ബസ് സർവീസും വേദികളിലേക്കുണ്ടാകും. ഇരുനൂറിലധികം ഭക്ഷണശാലകൾ കുട്ടികളുടെ പ്രത്യേക മെനുവൊരുക്കി എക്സ്‌പോയിലുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്തവും രസകരവുമായ ഭക്ഷണപാനീയങ്ങൾ ഇവിടെ ലഭിക്കും. ഭക്ഷണം ഇരുന്നുകഴിക്കാൻ പാർക്കുകളും ഒരുക്കിയിട്ടുണ്ട്. ഫാമിലി ടോയ്‌ലെറ്റുകളും മുലയൂട്ടുന്നവർക്ക് പ്രത്യേക ഇടവുമെല്ലാം എക്സ്‌പോ കുടുംബങ്ങൾക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. തിരക്കിൽ കുട്ടികൾ ഒറ്റപ്പെട്ടാൽ ഉടൻതന്നെ വൊളന്റിയർമാർ അടുത്തുള്ള ഇൻഫൊർമേഷൻ പോയന്റിലേക്ക് കൊണ്ടുപോകുകയും രക്ഷിതാക്കളുടെ പക്കൽ സുരക്ഷിതമായി ഏൽപ്പിക്കുകയും ചെയ്യും.
ഏറ്റവും സുരക്ഷിതമായി കുരുന്നുകൾക്ക് കാഴ്ചകൾ കണ്ടാസ്വദിക്കാനുള്ള വകകളെല്ലാം എക്സ്‌പോ വേദികളിൽ ലഭ്യമാണ്. രക്ഷിതാക്കൾക്ക് ഭയാശങ്കയേതുമില്ലാതെ കൈക്കുഞ്ഞിനൊപ്പം ആഘോഷക്കാഴ്ചകളുടെ ഭാഗമാകാമെന്ന് ഈ സജ്ജീകരണങ്ങൾ വ്യക്തമാക്കുന്നു.