ലോകത്തിന്റെ പല കോണുകളിൽനിന്നുള്ളവരെ ഇരുകൈയും നീട്ടി സ്വീകരിച്ച രാജ്യമാണ് യു.എ.ഇ. അവർക്കൊപ്പം ആ നാടിന്റെ സംസ്കൃതിയും കലാസാംസ്കാരിക കായിക വിനോദങ്ങളുമെല്ലാം യു.എ.ഇ.യുടെ ഭാഗമായി മാറാറുമുണ്ട്. ലോകത്തേറ്റവും ആരാധകരുള്ള ഫുട്‌ബോളും ക്രിക്കറ്റും മുതൽ കാണികളിൽ കൗതുകത്തിന്റെ വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒട്ടകയോട്ടം വരെ യു.എ.ഇ.യിൽ സജീവമാണ്. ഉപാധികളില്ലാത്ത സർക്കാർതല പ്രോത്സാഹനവും സക്രിയമായ കായിക അക്കാദമികളും മികച്ച അടിസ്ഥാനസൗകര്യങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു. 

1971-ൽ സ്ഥാപിതമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഫുട്‌ബോൾ അസോസിയേഷനാണ് യു.എ.ഇ.യിലെ പ്രഥമ കായിക അസോസിയേഷനുകളിൽ ഒന്ന്. യു.എ.ഇ.യിൽ ഏറ്റവും പ്രചാരമുള്ള കായികയിനങ്ങളിൽ ഒന്നാണ് ഫുട്‌ബോൾ. ഫിഫ ലോകകപ്പിൽ യോഗ്യതനേടിയ ഒരു കാൽപ്പന്തുസംഘം തൊണ്ണൂറുകളിൽ യു.എ.ഇ.യുടെ യശസ്സുയർത്തിയിരുന്നു. മേഖലയിലെ പല നിർണയക ചാമ്പ്യൻഷിപ്പുകൾ നേടുകയും മികച്ചപ്രകടനങ്ങൾകൊണ്ട് ശ്രദ്ധയാകർഷിക്കുകയും ചെയ്ത ടീമാണ് യു.എ.ഇ.യുടേത്. 

അല്പംകൂടി വൈകിയാണ് ക്രിക്കറ്റിലേക്ക് കടക്കുന്നതെങ്കിലും കുറഞ്ഞ കാലയളവിനകം മികച്ച ടീമിനെ വാർത്തെടുക്കാൻ യു.എ.ഇ.ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ഇന്ത്യയടക്കമുള്ള ടീമുകളുടെ അവിസ്മരണീയ പ്രകടനങ്ങൾക്ക് വേദിയായ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ശൈഖ് സായിദ് സ്റ്റേഡിയം, അൽ ജസീറ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയം, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയടക്കമുള്ളവ യു.എ.ഇ. സ്പോർട്‌സ് കൗൺസിലിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഏറ്റവുമൊടുവിൽ സജീവ ഐ.പി.എൽ. മത്സരങ്ങൾക്കടക്കം വേദിയൊരുക്കി ലോകശ്രദ്ധ നേടാൻ ഈ കളിക്കളങ്ങളിലൂടെ യു.എ.ഇ.ക്ക് കഴിഞ്ഞു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി ക്രിക്കറ്റിനെ ഏറെ ആവേശത്തോടെ സമീപിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവർ കൂടുതലായി അധിവസിക്കുന്നയിടമെന്ന നിലയ്ക്ക് യു.എ.ഇ.യിൽ നടക്കുന്ന ഓരോ മത്സരങ്ങൾക്കും ആവേശമിരട്ടിയാണ്. ഒരുതരത്തിൽ ഫുടബോളിനേക്കാൾ ആവേശത്തോടെ ക്രിക്കറ്റിനെ സമീപിക്കുന്ന ഒരുസമൂഹമാണ് ഇന്നിവിടെയുള്ളതിലേറെയും. 

ആന്ദ്രേ അഗാസിയും റോജർ ഫെഡററുമടക്കമുള്ള ലോക ഒന്നാംനമ്പർ താരങ്ങളുടെ ആവേശപ്പോരാട്ടങ്ങൾക്ക് യു.എ.ഇ.യിലെ ടെന്നീസ് കോർട്ടുകൾ വേദിയായിട്ടുണ്ട്. ടെന്നീസ് കോർട്ടിലെ ആവേശത്തിലൂടെ കായികവിനോദസഞ്ചാരമെന്ന സാധ്യതകൾക്കുകൂടി യു.എ.ഇ. പുതിയ വാതിലുകൾ തുറന്നിടുന്ന കാഴ്ചയാണ് കാണാനാവുന്നത്. ലോകശ്രദ്ധയാകർഷിക്കുന്ന വേദികളൊരുക്കുകവഴി അന്താരാഷ്ട്രത്തലങ്ങളിൽ യു.എ.ഇ. നിലവാരം ഉയർത്താനും കഴിഞ്ഞിട്ടുണ്ട്. ബാർക്ലെയ്‌സ് ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പടക്കമുള്ളവ ഇതിനുദാഹരണം മാത്രം. ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നിവയും യു.എ.ഇ.യിൽ സജീവമാണ്. ചെറിയ പ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്തി നിരന്തര പരിശീലനത്തിലൂടെ കരുത്തുറ്റ താരങ്ങളെ വാർത്തെടുക്കുന്നതിനായുള്ള പദ്ധതികൾ ഈ രംഗങ്ങളിൽ നടന്നുവരുന്നു. പ്രധാനമായും നാല്പതോളം സ്കൂളുകൾ വഴി ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്താനുള്ള സമഗ്രപദ്ധതി സജീവമാണ്. 

ആയോധന കലാമത്സരങ്ങൾക്കും യു.എ.ഇ. വളരെയധികം പ്രാധാന്യം നൽകിവരുന്നു. അബുദാബി കേന്ദ്രീകരിച്ച് നടന്ന ജിയോ ജിത്സു മത്സരങ്ങൾ മഹാമാരിക്കിടയിലും ലോകത്തിന് പ്രതീക്ഷയേകുന്ന ഒന്നായിരുന്നു. സ്കൂൾതലത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ശാസ്ത്രീയ പരിശീലന വേദികൾ ഇന്ന് നിലവിലുണ്ട്. ദേശീയ, അന്തർദേശീയ ചാമ്പ്യൻഷിപ്പുകൾക്കുകൂടി വേദിയാവുന്നതിലൂടെ പുതുതലമുറയ്ക്ക് ഈരംഗങ്ങളിൽ വലിയ സാധ്യതയാണ് സൃഷ്ടിക്കപ്പെടുന്നത്. 
സാമ്പത്തികരംഗങ്ങളിൽ പ്രകടമായ ചലനങ്ങൾ സൃഷ്ടിക്കുന്ന ഗോൾഫ് മത്സരങ്ങൾക്ക് ഏറ്റവുമനുയോജ്യമായ വേദികൾ യു.എ.ഇ.യുടെ പ്രത്യേകതയാണ്. ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ നടന്ന ഡി.പി. വേൾഡ് ടൂർ ചാമ്പ്യൻഷിപ്പിലൂടെ ഏഴുവർഷം മുമ്പ് 44 ദശലക്ഷം യു.എസ്. ഡോളറാണ് സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതെന്നത് അതിശയിപ്പിക്കുന്ന കണക്കാണ്. മിഡിലീസ്റ്റിലെ തന്നെ പ്രഥമ ഗോൾഫ് അക്കാദമി ക്രീക്ക് ഗോൾഫ് ആൻഡ്‌ യാച്ച് ക്ലബ്ബിലാണ് സ്ഥിതി ചെയ്യുന്നത്. 

ഓരോ വർഷവും അമ്പരപ്പിക്കുന്ന മാറ്റങ്ങളോടെയാണ് യു.എ.ഇ.യിൽ സൈക്ലിങ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. ലോകതാരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള യു.എ.ഇ. ടൂർ സൈക്ലിങ്ങിന്റെ സമഗ്രസൗന്ദര്യവും പ്രകടമാക്കുന്ന ഒന്നാണ്. യു.എ.ഇ.യിലെ വേറിട്ട പാതകളിലൂടെയുള്ള ഈ സൈക്ലിങ് മത്സരം കൂടുതൽപ്പേർക്ക് ഈരംഗത്തേക്ക് കടന്നുവരാനുള്ള പ്രചോദനം പകരുന്നതാണ്. മരുഭൂമിയും മലനിരയും റോഡും പാറകളുമെല്ലാം താണ്ടി നൂറുകണക്കിന് കിലോമീറ്റർ പിന്നിട്ടാണ് മത്സരം അവസാനിക്കുന്നത്. വേഗവും കരുത്തുമെല്ലാം പ്രകടമാക്കുന്ന യു.എ.ഇ. ടൂറിന് പുറമെ വേറെയും സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾ ഇവിടെ നടന്നുവരുന്നു. യാസ് മറീന സർക്യൂട്ടും ജുമൈറയും ഹുദൈറിയതുമെല്ലാം ഭാവി മത്സരങ്ങൾകൂടി കണ്ടുകൊണ്ട് നിർമിക്കപ്പെട്ട ട്രാക്കുകൾകൊണ്ട് സമ്പുഷ്ടമാണ്. നഗരങ്ങളിലെല്ലാം സൈക്ലിങ് ട്രാക്കുകൾ നിർമിച്ച് യുവതലമുറയെയും ഈ കായികവിനോദത്തിലേക്ക് ആകർഷിക്കുന്നു. 

അതിവേഗ മോട്ടോർസ്പോർട്സ് മത്സരങ്ങൾക്ക് ഏറെ ആരാധകരുള്ള, വാഹനപ്രേമികളുടെ നാടാണ് യു.എ.ഇ. ഫോർമുല വൺ ഗ്രാൻഡ്പ്രിയും ഡെസേർട്ട് റെയ്‌സുമെല്ലാം ഈ ഗണത്തിൽപ്പെടുന്നതാണ്. സീസണിലെ അവസാന ഗ്രാൻഡ്പ്രി ചാമ്പ്യൻഷിപ്പുകൾക്ക് എന്നും വേദിയാണ് യു.എ.ഇ. യാസ് ഐലൻഡിലെ വേഗട്രാക്കിൽ തീപ്പൊരി പാറുന്ന മത്സരത്തിന് നേരിട്ട് സാക്ഷിയാവാൻ ലോകം ഇരമ്പിയെത്താറുണ്ട്. മരുഭൂമിയെ മെതിച്ച് മുന്നേറുന്ന അതിശക്തിയുള്ള വാഹനയോട്ടവും യു.എ.ഇ.യുടെ മാത്രം പ്രത്യേകതയാണ്. റഗ്ബി, ഭാരോദ്വഹനം എന്നിവയും യു.എ.ഇ.യുടെ കായികപട്ടികയിലിടം നേടിവരുന്നു. 

പൈതൃക കായികമേളയെന്നോ, അതിലപ്പുറമോ വിശേഷണങ്ങൾക്കർഹമായ എൻഡ്യുറൻസ് റൈഡിങ് (കുതിരപ്പന്തയം), വേട്ടപ്പരുന്തുകളുടെ ശക്തിപ്രകടനം എന്നിവയെല്ലാം മറ്റെങ്ങും കാണാനാവാത്തവിധത്തിലാണ് ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്. ഭരണാധികാരികൾക്കും ഏറെ പ്രിയപ്പെട്ട ഈ മത്സരങ്ങൾ മിനിറ്റുകൾകൊണ്ട് കോടികൾ മറിയുന്ന വിനോദങ്ങളിൽ ഒന്നാണ്. ലക്ഷണമൊത്ത കുതിരകളെയും പരുന്തുകളെയും പരിപാലിക്കുന്ന രീതികൾ മനസ്സിലാക്കിയാൽ മാത്രം മതി ഈ മത്സരങ്ങളെ രാജ്യമെങ്ങനെയാണ് ഉറ്റുനോക്കുന്നതെന്നറിയാൻ. 

ട്രാക്കിലോടുന്ന ഒട്ടകങ്ങളെ കാണണമെങ്കിൽ യു.എ.ഇ.യിലേക്ക് വരണം. മരുഭൂമിയിലെ പൂഴിമണലിൽ കാലുകളാഴ്ത്തി അവയോടുന്നത് ഈ രാജ്യത്തിന്റെ സംസ്കൃതിയിലേക്കാണ്. പരമ്പരാഗത നൃത്തച്ചുവടുകളും പാട്ടുകളുമായി മേളയെ കൊഴുപ്പിക്കുന്ന സ്വദേശികളെയും വേദിയോടുചേർന്ന് കാണാൻ കഴിയും. ഇതൊരു കായികമേളയെന്നതിലുപരി ഇന്നാട്ടുകാരുടെ സിരകളിലോടുന്ന രക്തത്തിലലിഞ്ഞ മറ്റെന്തോ ആണ്. റോബോട്ടുകൾ നയിക്കുന്ന ഒട്ടകങ്ങൾ മരുഭൂമിയിലെ ട്രാക്കിൽ ഓടിയൊന്നാമതെത്താൻ ശ്രമിക്കുന്ന കാഴ്ച മാറിയ കാലത്തിന്റേതും. 

മാറ്റങ്ങളെയും സാധ്യതകളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന തത്ത്വചിന്തയാണ് യു.എ.ഇ. ഭരണനേതൃത്വം എന്നും പിന്തുടർന്നിട്ടുള്ളത്. മണൽപ്പറമ്പുകളല്ലാതെ മറ്റൊന്നും കാര്യമായില്ലതായിരുന്ന ഒരു ഭൂപ്രദേശത്തെ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിക്കാൻ നേതൃത്വം കൈമുതലാക്കിയതും സ്വീകരിക്കാനുള്ള ആ സന്നദ്ധതയാണ്. ലോകത്തെ അതിശയിപ്പിക്കുന്ന നിരവധി കായികയിനങ്ങൾക്കുകൂടി മൈതാനമൊരുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഈ രാജ്യം.