നാളെ തിരുവോണം. ലോകമലയാളികള്‍ക്ക് ഉത്സവദിനം. ധര്‍മിഷ്ഠനും പ്രജാതത്പരനും വിഷ്ണുഭക്തനുമായ മഹാബലിയെ വാമനന്‍ ചതിയിലൂടെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയെന്ന പറയപ്പെടുന്ന ദിനം. ഈ ദിനത്തില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്നു എന്നാണ് വിശ്വാസം.

യഥാര്‍ഥത്തില്‍ മഹാബലി ചവിട്ടിത്താഴ്ത്തപ്പെട്ടോ, വാമനന്‍ അദ്ദേഹത്തെ ചതിയില്‍പ്പെടുത്തിയോ? കാലങ്ങളായി പഠിക്കുന്നതും പഠിപ്പിക്കുന്നതും കേള്‍ക്കുന്നതുമായ ഇതിലെ യാഥാര്‍ഥ്യമെന്ത്?

വിഷ്ണുഭക്തനായ പ്രഹ്‌ളാദന്റെ പുത്രന്‍ വീരോചനന്റെ മകനാണ് ഇന്ദ്രസേനന്‍ എന്ന മഹാബലി. വലിയ ത്യാഗം ചെയ്തവന്‍ എന്നര്‍ഥത്തിലാണ് മഹാബലി എന്നദ്ദേഹം അറിയപ്പെടുന്നത്. വളരെ ശക്തിമാനും സുന്ദരനുമായ അസുരവംശ രാജാവായിരുന്നു മഹാബലി. ത്രിലോകങ്ങള്‍ക്കും അധിപനായ മഹാബലി ചക്രവര്‍ത്തിയുടെ ഭരണത്തില്‍ ജനങ്ങള്‍ സമ്പന്നരും സന്തുഷ്ടരുമായിരുന്നു. ക്രമേണ ജനങ്ങള്‍ സമ്പത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും ധര്‍മബോധത്തിന് സ്ഥാനമില്ലാതാകുകയും ചെയ്തു. അതുപോലെ മഹാബലിയുടെ ഉള്ളിലും ഞാനെന്നഭാവം ഉണ്ടായി. ആ അഹങ്കാരമായിരുന്നു അദ്ദേഹത്തിന്റെ ശത്രു.

ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ ദേവേന്ദ്രനാല്‍ കൊല്ലപ്പെടുന്ന മഹാബലി അസുരഗുരുവായ ശുക്രാചാര്യരുടെ മൃതസഞ്ജീവനി വിദ്യകൊണ്ട് ജീവിക്കപ്പെടുന്നു. ഗുരുക്കന്‍മാരുടെ അനുഗ്രഹത്താല്‍ സര്‍വശക്തിയും നേടിയ മഹാബലി വീണ്ടും സ്വര്‍ഗം ആക്രമിക്കുകയും എന്നാല്‍, കാലം അനുകൂലമല്ലാത്തതിനാല്‍ ദേവലോകം വിട്ടുപോകാന്‍ ദേവേന്ദ്രനോട് മഹാവിഷ്ണു ആവശ്യപ്പെടുകയും മഹാബലി ഇന്ദ്രപദവി നേടുകയുംചെയ്തു.

എന്നാല്‍, കൂടുതല്‍ ഐശ്വര്യവും ശക്തിയുംനേടി സര്‍വലോകവും കീഴടക്കാനായി അസുരഗുരുവായ ശുക്രാചാര്യരുടെ നിര്‍ദേശപ്രകാരം നര്‍മദാനദിയുടെ തീരത്തുള്ള ഭൃഗുകച്ചം എന്ന സ്ഥലത്ത് മഹാബലി വിശ്വജിത്ത് യാഗം തുടങ്ങി. എന്നാല്‍, സമയമായിട്ടും ദേവലോകം ദേവന്‍മാര്‍ക്ക് തിരിച്ചുകൊടുക്കാതിരുന്നപ്പോള്‍ ദേവപ്രീതിക്കായി ദേവമാതാവായ അദിതി പയോവ്രതം അനുഷ്ഠിച്ച് പ്രാര്‍ഥിക്കുകയും മഹാവിഷ്ണു പുത്രനായി ജനിക്കുമെന്ന അനുഗ്രഹം ലഭിക്കുകയും ചെയ്തു. അങ്ങനെ തേത്രായുഗത്തിലെ ശ്രാവണമാസത്തില്‍ (ചിങ്ങം) തിരുവോണം നാളില്‍ അദിതിയുടെ മകനായി വിഷ്ണുഭഗവാന്‍ വാമനനായി ജനിച്ചു. നര്‍മദാതീരത്തുള്ള യാഗശാലയില്‍ ഭിക്ഷയാചിച്ച് എത്തിയ വാമനനോട് ബലി ആവശ്യം അന്വേഷിക്കുന്നു. വാമനന്‍ തനിക്ക് തപസ്സുചെയ്യാന്‍ മൂന്നടി മണ്ണ് ആവശ്യപ്പെടുന്നു. മൂന്നടി മണ്ണുമാത്രം ചോദിച്ച വാമനന്റെ ബുദ്ധിശൂന്യതയെ ബലി പരിഹസിക്കുന്നു. എന്നാല്‍, ഈ ബാലന്‍ മഹാവിഷ്ണുവാണെന്നും ദാനം ചെയ്യേണ്ടതെങ്ങനെയെന്നും ശുക്രാചാര്യര്‍ ബലിയെ ഓര്‍മപ്പെടുത്തിയെങ്കിലും തന്റെ കുലഗുരുവായ ശുക്രാചാര്യരുടെ വാക്കിനെപ്പോലും ധിക്കരിച്ചുകൊണ്ട് മൂന്നടി മണ്ണ് നല്‍കാന്‍ ബലി തയ്യാറാകുന്നു. തന്റെ വാക്കിനെ ധിക്കരിച്ച ബലിയുടെ സര്‍വ ഐശ്വര്യങ്ങളും നശിക്കട്ടെയെന്ന് ശുക്രാചാര്യരും ശപിക്കുന്നു.

ശാപം ലഭിച്ച ബലിയുടെ സര്‍വ ഐശ്വര്യങ്ങളും ഇല്ലാതാവുകയും ഭീമാകാരനായിത്തീര്‍ന്ന വാമനന്‍ രണ്ടടികൊണ്ട് ഭൂമിയും സ്വര്‍ഗവും ആകാശവും അളന്നു. ഞാന്‍ എല്ലാമാണെന്ന് വിചാരിച്ച ബലിയുടെ ഗര്‍വിനെയാണ് ഭഗവാന്‍ രണ്ടുചുവടുകൊണ്ട് ഇല്ലാതാക്കിയത്. തന്റെ തെറ്റ് മനസ്സിലാക്കിയ ബലി ഭഗവാന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹംവാങ്ങി പുണ്യം നേടാന്‍ ആഗ്രഹിക്കുന്നു. ബലിയെ ദര്‍ശിക്കാന്‍ പിതാമഹനായ പ്രഹ്‌ളാദന്‍ എത്തുകയും ബലി തലതാഴ്ത്തി മുത്തച്ഛനെ വണങ്ങുകയും ചെയ്യുന്നു. ബലിയെ മുക്തനാക്കിയ ഭഗവാനെ പ്രഹ്‌ളാദന്‍ പ്രര്‍ഥിക്കുന്നു. എല്ലാം ഈശ്വരനായിരിക്കെ എല്ലാം താനെന്ന് കരുതിയ ഭര്‍ത്താവിന്റെ അവിവേകത്തെ പൊറുക്കണമെന്ന് ബലിയുടെ ഭാര്യ വിന്ധ്യാവലിയും ഭഗവാനോട് അപേക്ഷിക്കുന്നു.

സുലഭമായ മനുഷ്യജന്മം ലഭിച്ചാല്‍ ഗര്‍വും ഇല്ലാതാകണമെന്നും ജന്മം കര്‍മബന്ധമാകണമെന്നും തന്നെ ആശ്രയിക്കുന്നവരുടെ സര്‍വഗര്‍വും ഇല്ലാതാക്കി അനുഗ്രഹിക്കാറുണ്ടെന്നും ഭഗവാന്‍ പറയുന്നു.

ഗര്‍വ് നശിച്ച തന്റെ ഭക്തനായ ബലിയെ സര്‍വ ഐശ്വര്യങ്ങളോടും പരിവാരങ്ങളോടുംകൂടി മന്വന്തരം കഴിയുംവരെ വിശ്വകര്‍മാവ് സൃഷ്ടിച്ച സുതലത്തിലേക്ക് (ശ്രേഷ്ഠമായ സ്ഥലം) ഉയര്‍ത്തുകയും സുതലത്തിന്റെ കാവല്‍ക്കാരനായി ഭഗവാന്‍ നില്‍ക്കാനും തയ്യാറാകുന്നു. 14 ലോകങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായതും ദേവന്‍മാര്‍പോലും ആഗ്രഹിക്കുന്നതുമായ സ്ഥലമാണ് സുതലം. കൂടാതെ എട്ടാം മന്വന്തരത്തില്‍ ഇന്ദ്രസ്ഥാനം ബലിക്ക് അനുവദിച്ച് നല്‍കുകയും ചെയ്തു. സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കൊപ്പമാണ് ഈശ്വരന്‍ എന്നും നില്‍ക്കുന്നത്. അതുകൊണ്ടാണ് ദേവന്‍മാര്‍ക്കോ മനുഷ്യര്‍ക്കോ ലഭിക്കാത്ത ഉന്നതസ്ഥാനം മഹാബലിക്ക് ലഭിച്ചതും. തിരുവോണത്തിന് മഹാബലിയെ വരവേല്‍ക്കുന്നതിനൊപ്പം വാമനനെ പൂജിക്കുകയും വേണം. ഈ വാമനനാണ് തൃക്കാക്കരയപ്പന്‍.

ഓണം കേരളീയരുടെ ദേശീയോത്സവമാണ്. ഇതിനെ കൊയ്ത്തുത്സവമെന്നും വിളവെടുപ്പ് മഹോത്സവമെന്നും പറയുന്നു. സമൃദ്ധിയുടെ നാളുകളാണ് ഓണദിനങ്ങള്‍. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയുന്നതുതന്നെ ഓണത്തിന്റെ പ്രാധാന്യം കാണിക്കുന്നു.

അത്തം തുടങ്ങുന്നതിന്റെ തലേദിവസംമുതല്‍ കുട്ടികള്‍ ഒരുമിച്ചാണ് പൂപറിക്കാന്‍ പോകുന്നതും മത്സരിച്ച് ഓരോ ദിവസവും മുറ്റത്ത് പൂക്കളമൊരുക്കുന്നതും. ഊഞ്ഞാലും പുലിക്കളിയും കൈക്കൊട്ടിക്കളിയും തുടങ്ങി വിവിധ ഓണക്കളികളും ഓണസദ്യയും ഓണക്കോടിയുമൊക്കെയായി സന്തോഷത്തിന്റെ നാളുകളാണ്. തിരുവോണദിവസം മണ്‍മറഞ്ഞുപോയ കാരണവന്മാരെ സ്മരിച്ചുകൊണ്ട് നിലവിളക്ക് കത്തിച്ചുവെച്ച് അതിനുമുന്നില്‍ ആദ്യം സദ്യവിളമ്പി സമര്‍പ്പിക്കാറുണ്ട്. അതിനുശേഷമാണ് ഓണസദ്യ തുടങ്ങുക. ഓണസദ്യയുടെ ശാസ്ത്രീയഗുണങ്ങളും പ്രസിദ്ധമാണ്. അതുപോലെ കുടുംബനാഥന്‍ ഇളംമുറക്കാര്‍ക്ക് ഓണക്കോടിയും ഇളമുറക്കാര്‍ കുടുംബനാഥന്‍മാര്‍ക്ക് സമ്മാനവും നല്‍കാറുണ്ട്. കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള അവസരം കൂടിയാണ് ഓണം.

അങ്ങനെ രാജാവിനെയും ഈശ്വരനെയും മണ്‍മറഞ്ഞുപോയവരെയും കുടുംബനാഥന്‍മാരെയും കുട്ടികളെയുമൊക്കെ ആരാധിക്കുന്നു എന്ന മഹത്വംകൂടി ഓണത്തിനുണ്ട്. ചരിത്രസത്യങ്ങളും ആചാരങ്ങളുമൊക്കെ അതിന്റെ തനിമയോടെത്തന്നെ പുതിയ തലമുറയ്ക്ക് കൈമാറേണ്ട ഉത്തരവാദിത്വമുണ്ട് നമുക്ക്. ചരിത്രം വളച്ചൊടിക്കപ്പെടാതെ സത്യസന്ധമായി അവതരിപ്പിക്കുന്നതിലാണ് നമ്മുടെ മഹത്വം കാണിക്കുന്നത്. ഒരു രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്ന് ആ രാജ്യത്തിന്റെ ശക്തമായ സംസ്‌കാരവും പൈതൃകവുമാണ്. ശ്രീമദ് ഭാഗവതത്തിലെ വാമനാവതാരം എന്ന ഭാഗത്ത് മഹാബലി വാമനകാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

തിരുവോണത്തിന് മഹാബലിയെ വരവേല്‍ക്കുന്നതിനൊപ്പം വാമനനെ പൂജിക്കുകയും വേണം. ഈ വാമനനാണ് തൃക്കാക്കരയപ്പന്‍