വിനോദങ്ങളിലെ വൈവിധ്യങ്ങള്‍കൊണ്ട് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നഗരമാണ് ദുബായ്. ലോകത്തിന്റെ നെറുകയിലിരുന്ന് സ്വര്‍ണച്ചായ കുടിക്കുന്ന അനുഭൂതി പകരുന്ന ബുര്‍ജ് ഖലീഫയിലെ കഫേകളും ആഴക്കടലിലെ അദ്ഭുതക്കാഴ്ചകള്‍ തുറന്നിടുന്ന അക്വേറിയവുമെല്ലാം ഉദാഹരണങ്ങള്‍മാത്രം. ബീച്ചുകള്‍കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം നിരവധി ജലവിനോദങ്ങള്‍ക്കുകൂടി വേദിയാണ്. ഉല്ലാസനൗകകളും ആഘോഷരാവുകളുമെല്ലാം ലോകസഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നായി ദുബായിയെ മാറ്റുന്നു. അല്പം സാഹസികതകൂടി ഇഷ്ടപ്പെടുന്നവര്‍ക്കായി വെള്ളത്തിനുമുകളില്‍ കുതിച്ചുപായുന്ന കുഞ്ഞന്‍ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന 'ജെറ്റ്സ്‌കി'കള്‍ ബീച്ചുകളിലെ ചൂടന്‍വിനോദങ്ങളില്‍ ഒന്നാണ്. കോവിഡ് മഹാമാരിക്കിടയിലും സുരക്ഷിതമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ വിശ്വാസ്യത നേടിയെടുത്ത യു.എ.ഇ. വിനോദരംഗം മുന്നോട്ടുവെച്ച ജെറ്റ്സ്‌കി ടൂറിസം ഇന്ന് ഏറ്റവും മികച്ച വിനോദാനുഭവങ്ങളില്‍ ഒന്നായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ട്രാവല്‍ വെബ്സൈറ്റായ 'ട്രിപ്പ് അഡൈ്വസര്‍ 2021' തിരഞ്ഞെടുത്ത മികച്ച 'അനുഭവം സമ്മാനിക്കുന്ന വിനോദം' , 'ജലസാഹസികവിനോദം' എന്നീ വിഭാഗങ്ങളില്‍ ദുബായ് ഒന്നാംസ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

അടുത്ത സീസണ്‍വരെ പ്രവര്‍ത്തിക്കാന്‍ ഊര്‍ജം പകരുന്ന അനുഭവങ്ങള്‍തേടിയാണ് ഓരോ വിനോദയാത്രകളും. ഇത്തരത്തില്‍ ദുബായ് നഗരം മുന്നോട്ടുവെക്കുന്ന സമാനതകളില്ലാത്ത സാധ്യതകളാണ് ട്രിപ്പ് അഡൈ്വസര്‍ 2020 ജനുവരി ഒന്നുമുതല്‍ 2021 ഏപ്രില്‍ 30 വരെ നടത്തിയ സര്‍വേയില്‍ യാത്രികര്‍ പങ്കുവെച്ചത്. ആഴക്കടലിലെ മീന്‍പിടിത്തവും മുത്തുവാരലുമെല്ലാം സംസ്‌കൃതിയുടെ ഭാഗമായുള്ള യു.എ.ഇ. ജനതയ്ക്ക് ജലവിനോദങ്ങളിലെ ഏറ്റവും മികച്ചതെല്ലാം തങ്ങളുടെ അതിഥികള്‍ക്കായി കാലാനുസൃതമായ മാറ്റങ്ങളോടെ അവതരിപ്പിക്കുകയെന്നത് ഭൂതകാലത്തോടുള്ള കൃതജ്ഞതകൂടിയാവാം. ദുബായ് നഗരത്തിന്റെ കാണാക്കാഴ്ചകളിലൂടെയുള്ള മറക്കാനാവാത്ത യാത്രയാണ് ജെറ്റ്സ്‌കി ടൂറിസം അടക്കമുള്ളവ പ്രദാനംചെയ്യുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ഒട്ടകസവാരികള്‍ക്കും മരുഭൂമിയിലെ ബാര്‍ബെക്യൂ നിശകള്‍ക്കും പേരുകേട്ട യു.എ.ഇ. ജലവിനോദരംഗത്തിലൂടെ ലോകസന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒട്ടേറെ പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. സന്ദര്‍ശകരുടെ സുരക്ഷയുറപ്പാക്കുന്നതില്‍ പ്രഥമപരിഗണന നല്‍കലാണ് പ്രധാനമായത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവിനോദരംഗം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ദുബായ് നഗരം സന്ദര്‍ശകര്‍ക്ക് താവളമാവുന്നത് അതുകൊണ്ടാണ്. കോവിഡിനെ ഭയക്കാതെ സധൈര്യം സഞ്ചാരികള്‍ ദുബായിലേക്ക് ടിക്കറ്റെടുത്ത് പറക്കുന്നു. പ്രതിവര്‍ഷം 15 ദശലക്ഷം സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്ന യു.എ.ഇ.യിലേക്ക് വരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രണ്ടുവര്‍ഷത്തിനിടെ സംഭവിച്ചിരുന്നു. ആ കുറവ് കുറഞ്ഞകാലയളവില്‍ നികത്താനാവുമെന്ന ശുഭപ്രതീക്ഷ നല്‍കുന്നതാണ് വിനോദസഞ്ചാരരംഗത്തുണ്ടായ ഇത്തരം ചലനങ്ങളിലൂടെ മനസ്സിലാക്കാനാവുന്നത്.

ആഴക്കടലിലെ ഡൈവിങ്, കനാലുകളിലൂടെയും കണ്ടല്‍വനങ്ങള്‍ക്കിടയിലൂടെയുമുള്ള കയാക്കിങ്, സ്പീഡ്ബോട്ട് യാത്ര, ഉല്ലാസനൗകയിലെ വിനോദങ്ങള്‍, ആഴക്കടലിലെ മീന്‍പിടിത്തം, പാരാഗ്ലൈഡിങ്, സര്‍ഫിങ് എന്നിവയെല്ലാം ആസ്വദിക്കാന്‍ ദുബായ് അവസരമൊരുക്കുന്നു. കൃത്രിമമഴയും കാലാവസ്ഥാമാറ്റങ്ങളുംമൂലം ദൈര്‍ഘ്യം കുറഞ്ഞുവരുന്ന വേനല്‍ക്കാലവും മേഖലയിലെ ഔട്ട്ഡോര്‍ വിനോദങ്ങള്‍ക്ക് കരുത്തേകുന്നു. ബോട്ടുമായി ബന്ധിപ്പിച്ച വമ്പന്‍ പാരച്യൂട്ട് വേഗത്തിനനുസരിച്ച് വികസിക്കുകയും ഒപ്പം വെള്ളത്തില്‍നിന്നും വായുവിലേക്കുയരുന്ന ബോട്ടില്‍നിന്നും കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യുക സ്വപ്നസമാനമായ അനുഭവമാണ്. പാരാസെയിലിങ് നടത്തി നഗരത്തിന്റെ ഇത്തരം പനോരമിക് ദൃശ്യം പകര്‍ത്താന്‍ ക്യാമറയും കൈയിലേന്തിയെത്തുന്നവര്‍ നിരവധിയാണ് ഇവിടെ. ഫ്‌ലൈഫിഷിങ്ങാണ് മറ്റൊരനുഭവം. സ്പീഡ് ബോട്ടുകളില്‍ ബന്ധിപ്പിച്ച കാറ്റുനിറച്ച വ്യത്യസ്ത ആകൃതികളിലുള്ള ബലൂണുകളില്‍ ഇരുന്നും കിടന്നുംകൊണ്ട് പറക്കാനുള്ള അവസരമാണ് ഇതൊരുക്കുന്നത്.

ആഘോഷവേളകളെ കൊഴുപ്പിക്കുന്നതിനായി സാധാരണയായി കാണാറുള്ള വെള്ളത്തിനുമുകളില്‍ മര്‍ദമുള്ള പൈപ്പുകളില്‍ കറങ്ങുന്ന സൂപ്പര്‍ഹീറോകളെ അനുസ്മരിപ്പിക്കുന്ന അവതരണങ്ങളുണ്ട്. പരിശീലകരുടെ സാന്നിധ്യത്തില്‍ ഇതൊന്ന് പരീക്ഷിക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. വായുവില്‍ സ്വയം ഉയര്‍ന്നുപൊങ്ങുന്ന ഈ സാഹസികവിനോദം ഒരേസമയം കാഴ്ചക്കാരന്റെയും അവതാരകന്റെയും ഉത്കണ്ഠകള്‍ അകറ്റി ആത്മവിശ്വാസമേകുന്ന ഒന്നാണ്. കൈറ്റ് സര്‍ഫിങ്ങും ഈ ഗണത്തില്‍പ്പെടുന്ന ഒന്നാണ്. ഇതിനെല്ലാം പുറമേ ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താനും ഈ നഗരത്തിലെത്തുന്നവര്‍ക്ക് വകയുണ്ട്.

കുടുംബമായി ഉല്ലസിക്കാന്‍ അവസരമൊരുക്കുന്ന സ്പീഡ്ബോട്ടുകളില്‍ നഗരക്കാഴ്ചകള്‍ കണ്ടുകൊണ്ട് യാത്രചെയ്യാന്‍ ദുബായ് ഏറ്റവുമനുയോജ്യമായ ഇടമാണ്. കുറ്റമറ്റ പട്രോളിങ് സംവിധാനങ്ങളിലൂടെ യാത്രികരുടെ പൂര്‍ണസുരക്ഷയുറപ്പാക്കാന്‍ പോലീസും സദാസജ്ജമാണ്.

സഞ്ചാരികളുടെ ഇഷ്ടങ്ങളില്‍ ദുബായ് നഗരക്കാഴ്ചകള്‍ തുടര്‍ച്ചയായി ഇടം കണ്ടെത്തുന്നത് വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് സമ്മാനിക്കുന്നതെന്ന് ദുബായ് കോര്‍പ്പറേഷന്‍ ടൂറിസം കൊമേഴ്സ് മാര്‍ക്കറ്റിങ് സി.ഇ.ഒ ഇസാം കാസിം പറഞ്ഞു. ഏറ്റവും മികച്ച അനുഭവങ്ങള്‍ പ്രദാനംചെയ്യുന്നതിനായി സാധ്യമായതെല്ലാം നടപ്പാക്കുന്നു. ഇത് ലോകത്തേറ്റവും അധികമാളുകള്‍ സന്ദര്‍ശിക്കുന്ന ഇടങ്ങളില്‍ മുന്‍പന്തിയില്‍ത്തന്നെ ദുബായിയെ നിലനിര്‍ത്തുന്നതായും അദ്ദേഹം പറയുന്നു.