എക്‌സ്പോ 2020 ദുബായില്‍ അവതരിപ്പിക്കുന്ന വിമന്‍സ് പവിലിയന്‍ ലോകചരിത്രത്തിന്റെ ഏടുകളില്‍ എഴുതിച്ചേര്‍ക്കപ്പെടുമെന്ന് ഉറപ്പാണ്. 1900-നുശേഷം ലോക എക്‌സ്പോ ചരിത്രത്തില്‍ സ്ത്രീകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ആദ്യ പവിലിയനാണിത്. ആഭരണബ്രാന്‍ഡായ കാര്‍ട്ടിയറുമായി ചേര്‍ന്ന് പുതിയ വീക്ഷണങ്ങള്‍ എന്ന ആശയത്തിലാണ് പവിലിയന്‍ തയ്യാറായിരിക്കുന്നത്.

സ്ത്രീകളുടെ നേട്ടങ്ങള്‍, വെല്ലുവിളികളും പ്രശ്‌നപരിഹാരങ്ങളും, സന്ദര്‍ശകരെ പങ്കാളികളാക്കുന്ന സംവിധാനങ്ങള്‍ എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് ഇവിടെയുണ്ടാവുക. അറിയപ്പെടുന്നതും അല്ലാത്തതുമായ പ്രധാനപ്പെട്ട സ്ത്രീകളുടെ ചരിത്രത്തിലുടനീളമുള്ള പങ്ക് ഇവിടെ വരച്ചുകാട്ടും. ലിംഗസമത്വം, സ്ത്രീശാക്തീകരണം എന്നിവയില്‍ എക്‌സ്പോയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നവിധമാണ് വിമന്‍സ് പവിലിയന്‍ പ്രവര്‍ത്തിക്കുക. സ്ത്രീകള്‍ ഉന്നതിയിലെത്തുമ്പോള്‍ മാനവികത അഭിവൃദ്ധിപ്പെടുന്നു എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പവിലിയന്റെ നിര്‍മിതി.

ലെബനോണ്‍ നടനും ഓസ്‌കാര്‍ നോമിനേറ്റഡ് സംവിധായകനുമായ നാദിന്‍ ലബാക്കി, ഫ്രഞ്ച് നടനും ഗായകനുമായ മെലാനി ലോറന്റ്, ഫ്രഞ്ച് ഇന്റീരിയര്‍ ആര്‍ക്കിടെക്ട് ലോറ ഗോണ്‍സാലസ്, ദുബായിലെ കലാകാരന്‍ ഖൊലൗദ് ഷറാഫി, ഫ്രഞ്ച് ഡിസൈനര്‍ പൗളിന്‍ ഡേവിഡ്, അന്താരാഷ്ട്ര മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ടിസ്റ്റ് എല്‍ സീഡ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍നിന്നുള്ള കലാകാരന്‍മാരാണ് പവിലിയന്റെ നിര്‍മിതിക്കുപിന്നില്‍. ഇതിനകംതന്നെ വിമന്‍സ് പവിലിയന്‍ ഏറെ പ്രശംസ ഏറ്റുവാങ്ങിക്കഴിഞ്ഞു. അന്താരാഷ്ട്ര കലാകാരി എല്‍സീദിന്റെ അറബിക് കാലിഗ്രാഫി സന്ദേശങ്ങളുമുണ്ട്. 2022 മാര്‍ച്ച് എട്ടിന് നടക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുക എന്ന വിഷയത്തില്‍ ഇവിടെ ഒരു ആഗോളഫോറവും ഇവിടെ സംഘടിപ്പിക്കും.