മുറ്റത്തെ ചെടിത്തലപ്പുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴോ കോലായത്തിണ്ണയില്‍ ഇരിക്കുമ്പോഴോ ആയിരിക്കും പടിഞ്ഞാറ്റയിലെ പിള്ളേരുടെ ബഹളം. ചുവന്ന ബി.എസ്.എ. സൈക്കിളില്‍ അവര്‍ പറപറക്കുകയാണ്. സ്‌കൂള്‍വിട്ട് വന്നാല്‍ അവരുടെ സ്ഥിരം പരിപാടിയാണിത്.

'ഒന്ന് ഓടിക്കാന്‍ തരോ?' -പലപ്പോഴും ചോദിക്കാന്‍ തോന്നിയിരുന്ന ചോദ്യം. ഒരു ദിവസം ധൈര്യം സംഭരിച്ച് ചോദിച്ചു. മറുപടിക്കുപകരം അപ്രതീക്ഷിതമായ ഒരു തള്ളായിരുന്നു കിട്ടിയത്. മനസ്സില്‍ സങ്കടത്തിന്റെ ബലൂണ്‍ വീര്‍ത്തുവന്നു. കൂടെ കണ്ണീര്‍ത്തുള്ളികളും.

നാട്ടിലെ സകലരുടെയും മക്കള്‍ സൈക്കിളോടിച്ചു തകര്‍ക്കുന്നു. ദുബായിക്കാരന്‍ വാപ്പയുടെ മകനായ തനിക്കുമാത്രം അതില്ല. തരംകിട്ടുമ്പോഴെല്ലാം ഉമ്മയോട് ഇക്കാര്യത്തില്‍ തട്ടിക്കയറി. അപ്പോഴെല്ലാം ഉമ്മ കൈമലര്‍ത്തും.

ഒരു സൈക്കിളിനെത്ര വിലയാകും? അങ്ങാടിയില്‍ സൈക്കിളുകള്‍ക്കായി കടയൊന്നും കണ്ടിട്ടില്ല. സൈക്കിള്‍ റിപ്പയര്‍ നടത്തുന്ന കടകളുണ്ട്. ഒരു ദിവസം സ്‌കൂള്‍ വിട്ടുവരുന്നവഴി അവിടെ കയറി കാര്യം തിരക്കി. 'ആയിരം രൂപയോളം വരും മോനെ.' അതുകേട്ട് വാപൊളിച്ച് നിന്നുപോയി.

എന്തായാലും ബി.എസ്.എ. സൈക്കിള്‍ മോഹംതന്നെയായിരുന്നു ചിന്ത.

ആഗ്രഹം പതിയെ കലഹമായി പരിണമിച്ചു. സ്വസ്ഥത കെടുമ്പോള്‍, 'എന്നിട്ടുവേണം ഇനി അതീന്ന് ഉരുണ്ടുവീഴാന്‍. ആസ്പത്രീകൊേണ്ടാവാന്‍ എന്നെക്കൊണ്ടൊന്നും ആവൂലാ' എന്ന് ഉമ്മ ഒച്ചവെക്കും.

എനിക്കും ഇത്താക്കും വാപ്പ പ്രത്യേകം കത്തുകളെഴുതുമായിരുന്നു. ഒരിക്കല്‍ സൈക്കിള്‍ കാര്യവുമായി ഒരു മറുപടികത്തയച്ചു. നീ സൈക്കിളൊക്കെ ഓടിക്കാറായോ, കുറച്ചൂടെ കഴിയട്ടെ എന്നായിരുന്നു വാപ്പയുടെ മറുപടി. അതോടെ നെഞ്ചുവിങ്ങി. കഠിനമായ നിരാശയും അഭിമാനക്ഷതവും തോന്നി. പക്ഷേ, പ്രതിഷേധം കനത്തു. ഉമ്മയെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്നു.

ഒരുദിവസം പോസ്റ്റ്മാന്‍ വാപ്പയുടെ കത്തുമായി വന്നു. ആവേശപൂര്‍വം കത്ത് പൊട്ടിച്ചുവായിച്ചു: 'ഉമ്മാനോട് പറഞ്ഞിട്ടുണ്ട് സൈക്കിളിന്റെ കാര്യം'. ഉമ്മാക്കുള്ള കത്തില്‍ ഡ്രാഫ്റ്റുമുണ്ടായിരുന്നു.

മനസ്സ് സന്തോഷംകൊണ്ട് കുതിച്ചു. രാവിലെ ഉമ്മ ബാങ്കില്‍ പോയി വന്നയുടനെ സൈക്കിളിനുള്ള കാശ് കൈയില്‍ത്തന്നു.

ആ കാലത്തുതന്നെയാണ് വെല്യാപ്പ (വാപ്പയുടെ വാപ്പ) കൊച്ചാപ്പാടെ വീട്ടില്‍ വയ്യാതായി കിടക്കുന്നത്.

104 വയസ്സായിരുന്നു അദ്ദേഹത്തിന്. ബന്ധുക്കളൊക്കെ കാണാന്‍ വന്നുതുടങ്ങിയിരുന്നു. ഒരുകാലത്ത് നാട്ടിലെ വലിയ പ്രമാണിയായിരുന്നു. നാട്ടുകാര്‍ക്കിടയിലെ പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും തീര്‍പ്പുകല്പിച്ചിരുന്നയാള്‍. എന്നെ ഏറെ പ്രിയമായിരുന്നു. വെല്യാപ്പാനെ കണ്ടുവരുംവഴി അമ്മായിയുടെ മകന്‍ മൊയ്തീന്‍കുട്ടിക്ക വീട്ടില്‍ വന്നു. മൂപ്പരെയുംകൂട്ടി സൈക്കിള്‍ വാങ്ങാന്‍ പോകാമെന്ന് കരുതി. ചാലക്കുടിവരെ പോകണം. വെല്യാപ്പാക്ക് അല്പം കൂടുതലാ, നമുക്ക് പിന്നെയൊരുദിവസം പോകാമെന്നായി മൂപ്പര്. പറ്റില്ലെന്ന് ഞാന്‍. ആകെ സൈ്വര്യക്കേടായി. ഒടുവില്‍ മൊയ്തീന്‍കുട്ടിക്ക കൂടെവന്നു. ചാലക്കുടിയില്‍ അറിയാവുന്ന കടയില്‍ച്ചെന്ന് ബി.എസ്.എ. സൈക്കിള്‍ വാങ്ങി. സൈക്കിളില്‍ത്തന്നെ മൊയ്തീന്‍കുട്ടിക്കാടെ പുറകിലിരുന്ന് ഉത്സാഹത്തോടെ വീട്ടിലെത്തി.

അപ്പോള്‍ കൊച്ചാപ്പാടെ വീട്ടില്‍ പതിവിലും കൂടുതല്‍ ആളുകളെത്തിയിരുന്നു. ഇടവഴിയിലെല്ലാം ആളുകള്‍ മൗനംകൊണ്ട് സംസാരിക്കുന്നു. ആ നിമിഷം എല്ലാം എന്നില്‍നിന്ന് ഊര്‍ന്നുപോവുകയായിരുന്നു.