നീണ്ട വർഷങ്ങൾക്കുശേഷം, ദേ ഈ ബാൽക്കണിയിലിരുന്ന് മഴയുമായി ഞാൻ കിന്നരിക്കുകയാണ്. ആകാശത്തെ കറുത്ത മേഘവും ഇടിയുംമിന്നലും, ഉള്ളിലെ ഭയവും മഴയുടെ സീൽക്കാരവും ചേർന്നുള്ള  മധുരവും മനോഹരവുമായൊരു കിന്നാരം. ഭൂമിയുടെ ഏതുകോണിൽ പെയ്താലും ശ്രവണസുന്ദരമാണ് മഴയുടെ സംഗീതം. ആദ്യം പതുക്കെവന്ന് പിന്നെ ഉയർന്നുയർന്ന് കണ്ണഞ്ചിപ്പിക്കുന്ന വർഷപാതത്തിന് രോഷമാണോ അതോ ഇഷ്ടക്കൂടുതലോ? വാശിയോ വൈരാഗ്യമോ..? 
ലഹരിപിടിപ്പിക്കുന്ന ഗന്ധമുണ്ട്. പുതുമഴയ്ക്ക്. മൺപൊടികളിൽ ആദ്യമായി മഴവെള്ളം പതിയുമ്പോൾ നേർത്തൊരു പുകപടലം പ്രത്യക്ഷപ്പെടും. പുതുമഴയുടെ ചൂരിൽ ലജ്ജയാൽ ഇക്കിളിപ്പെടുന്നതുപോലൊരു ഇളക്കമാണ് മണ്ണിന്. ഭൂമിയെ തൊട്ടുതൊട്ട് മഴയുടെ താരാട്ട്. നിർത്താതെ പെയ്യുന്ന തോരാമഴ. കൺതടങ്ങളിൽ മഴയുടെ നനവ്. മഴയെ കെട്ടിപ്പിടിക്കാൻ കൊതിക്കുന്ന ബാല്യം.
മലയാളിക്ക് ജൂണെന്നാൽ സ്കൂളും മഴയുമാണ്. മഴയുടെ മുറ്റത്തായിരിക്കും സ്കൂൾ തുറക്കുന്നത്. ജൂൺ, ജൂലായ് മാസങ്ങളിലെ എല്ലാ ഓർമകളും നനഞ്ഞുകുതിരാൻ നിമിത്തമാകുന്നു, മഴക്കാലം. റോഡിൽ തളംകെട്ടിനിൽക്കുന്ന മഴവെള്ളം. അവയെ ചവിട്ടിത്തെറിപ്പിച്ചുള്ള നടത്തം. ക്ലാസിലെ ബെഞ്ചിൽ ഇറ്റിറ്റുവീണ മഴത്തുള്ളികൾ. മഴതീർത്ത കുളിരിൽ വിറയ്ക്കുന്ന ചുണ്ടുകൾ. നനഞ്ഞുകുതിർന്ന കുടകൾ ക്ലാസിലെ മൂലയ്ക്ക് വച്ച് കിളിവാതിലിലൂടെ മഴയുടെ മൊഞ്ചിലേക്ക് കണ്ണോടിക്കും. 'ഈ മഴയിൽ നമ്മുടെ സ്കൂൾ തകർന്നുവീഴുമോ' എന്നൊരു പേടിയുണ്ട്. 'അങ്ങനെയാണെങ്കിൽ സ്കൂളിന്റെ  പണി തീരുംവരെ പൊരേല് കളിക്കാലോ' എന്നത് മറ്റൊരു തമാശ. കോവിഡ് കൊണ്ടുപോയ ആഹ്ളാദങ്ങളിൽ സ്കൂളും മഴനടത്തവും പെട്ടല്ലോ എന്നൊരു സങ്കടമുണ്ട് കുട്ടികളുടെ മുഖത്ത്. 
ബാല്യത്തിന് മഴയുടെ നിറങ്ങളാണ്. ജലത്തിന്റെ തന്മാത്രകളെ ആത്മാവോളം ലയിച്ചുചേർത്ത് അനേകം നിറങ്ങളിലൂടെയും ഇടവഴികളിലൂടെയും നമ്മെ നടത്തിച്ചു, മഴ. മഴയിൽ മാമ്പഴം പെറുക്കാൻ ഓടിയത്, മേൽക്കൂരയിലൂടെ അരിച്ചിറങ്ങുന്ന ജലകണികകളെ കൈവെള്ളയിലൊതുക്കാനുള്ള പാഴ്ശ്രമങ്ങൾ, ചേമ്പിലയിൽ വീഴുന്ന വെള്ളത്തുള്ളിയുടെ എവിടെയും തൊടാതെയുള്ള നൃത്തം, എത്ര പടവുകളിൽ വെള്ളംനിറഞ്ഞെന്നു നോക്കാൻ കിണറ്റിൻവക്കത്തേക്കുള്ള ഓട്ടം, നനഞ്ഞ ചെറുമരങ്ങൾ കുലുക്കി ഇലകളിലെ വെള്ളം മൂർധാവിലേക്ക് വീഴ്ത്തുന്ന കൗതുകം..
മഴയുടെ ഗർജനത്തിൽ പന്ത്രണ്ടാംകണ്ടി തോട് നിറഞ്ഞുകവിഞ്ഞിരുന്നു. തോട്ടുവരമ്പിൽ ചെളിയുടെ പൂരം. വലിയന്നൂർ-മുണ്ടേരി റോഡിൽ വെള്ളംകയറിയതിനാൽ ചില ദിവസങ്ങളിൽ ബസോട്ടമില്ല. വയലിലെ വെള്ളക്കെട്ടിൽ പരൽമീനുകൾക്കായി കൈനീട്ടും. കെട്ടിയുയർത്തിയ കല്പടവിൽനിന്ന്‌ മുതിർന്നകുട്ടികൾ പള്ളിക്കുളത്തിലേക്ക് എത്ര അനായാസമായിട്ടാണ് എടുത്തുചാടുന്നതും മുങ്ങാംകുഴിയിടുന്നതും! രാത്രി പോക്കാംതവളകളുടെ ''പേക്രോം'' കരച്ചിലുകൾക്കായ് കാതോർക്കും. എവിടെല്ലാമോ മഴയ്ക്ക് ശക്തിപ്രാപിച്ചെന്നും വീടുകൾ വെള്ളത്തിലായെന്നും അപകടം നടന്നെന്നും ആളുകൾക്ക്  ഇടിമിന്നലേറ്റെന്നും മരിച്ചെന്നും അറിയിച്ച് വല്യുപ്പയുടെ റേഡിയോ താത്‌കാലികമായി നിശ്ചലമാകുമ്പോൾ മഴയുടെ ഭീകരമുഖമോർത്ത് ഞങ്ങൾ, കുട്ടികൾ ഉറക്കത്തിലേക്ക് വഴുതിവീഴും.
മഴക്കാലം വീടിന്റെ പുറംചുവരുകൾക്കുള്ളിൽ തേരട്ടകൾ വാസമൊരുക്കിയിരുന്നു. ഇറയത്തൂടെ ചുവന്ന ഞണ്ടുകളും കറുത്ത തേളുകളും കണ്ണിറുക്കിക്കാട്ടി കടന്നുപോകും. മഴകുതിർന്ന ചപ്പിലക്കൂട്ടങ്ങൾക്കിടയിൽ വിഷപ്പാമ്പുകൾ ഒളിച്ചിരിപ്പുണ്ടെന്നു മുതിർന്നവർ നിരന്തരം ഓർമപ്പെടുത്തുമായിരുന്നു. മുറ്റത്തെ 'വെള്ളക്കടലിൽ' കടലാസു തോണികൾ തലങ്ങും വിലങ്ങും ആടിയുലഞ്ഞു. മഴയിൽ മണ്ണടരുകൾ ഇളകിവീണ് മുറ്റത്തെ കടലിനെ മൂടുമ്പോൾ ദേഷ്യം തോന്നും. ഇനി ഞാനെന്റെ തോണിയെ എവിടെയിറക്കും! മഴയുടെ ശബ്ദസാന്നിധ്യം മനസ്സിനെ തണുപ്പിക്കും. മഴകൊണ്ടും മഴയെക്കണ്ടും കൊതിതീരാതെ ബാല്യം നിറ
ഞ്ഞാടി.
ഇടവപ്പാതിയുടെ മുരൾച്ചയിൽ പനിയുടെ ഒരു വരവുണ്ട്. രാജകീയമായിരിക്കും ആ വരവ്. നെറ്റിയിൽ തുണി നനച്ചിടാൻ ഉമ്മ യ്ക്ക് വെപ്രാളമാണ്. ചായ്പിൽ മൂടിപ്പുതച്ച് കിടക്കും. ഉമ്മ കഞ്ഞിയുമായി സദാ അരികിലെത്തും. വല്യുമ്മയും മറ്റും ഇടക്കിടെവന്ന് തൊട്ടുനോക്കും. മഴയുടെ പര്യായമാണ് പനിയെന്നു വീട്ടുകാർക്കറിയാം. എങ്കിലും കണ്ണുകൾ തുറക്കാതെയുള്ള കിടപ്പിലെ കള്ളക്കളി വല്യുമ്മായ്ക്ക് മനസ്സിലാകും. പക്ഷേ മിണ്ടൂല്ല. 'പുറത്തെ മഴയിൽ കുരുത്തക്കേട് കളിക്കുന്നതിലും നല്ലത് ഓനിവ്‌ടെ അടങ്ങിയൊതുങ്ങി കിടക്കുന്നതാ' എന്നൊരു ഔദാര്യം.
പനിച്ചുകിടക്കുമ്പോൾ സ്നേഹവാത്സല്യങ്ങൾ ഒഴുകിയെത്തുമല്ലോ എന്നൊരു ചിന്തയാണ് ഈ കള്ളപ്പനിയുടെ പിറകിൽ. സ്കൂളിലും മദ്രസയിലും പോകണ്ട. ആ കിടപ്പിൽ 'ശത്രുക്കൾ'പോലും മിത്രങ്ങളാണ്. കരിമ്പടത്തിൽ പൊതിഞ്ഞ ശരീരത്തിന് അനേകം കരുതൽ കണ്ണുകളുണ്ടാവും. മുണ്ടയാട്ടെ മുകുന്ദൻവൈദ്യരാണ് സ്ഥലത്തെ പ്രധാന 'ഡോക്ടർ'. 
ചുവന്ന കുപ്പിയിൽ അദ്ദേഹം തരുന്ന ലായനി പനിയെ തഴുകിയുറക്കും. സ്കൂളിൽ മോഹനൻസാർ മഴയുടെ ശാസ്ത്രീയത വിശദീകരിച്ചു: ''കടലിലെ വെള്ളം നീരാവിയായി മേൽപ്പോട്ടുയർന്ന് മേഘമായി, മഴയായി ഭൂമിയിലേക്ക്.. പിന്നെ, അന്തരീക്ഷത്തിൽ ജലകണികകൾ ഘനീഭവിച്ചുണ്ടാകുന്ന കൂറ്റൻമേഘങ്ങളിൽ ഘർഷണം നിമിത്തം ഉത്‌പാദിപ്പിക്കപ്പെടുന്ന വൻ വൈദ്യുത ഡിസ്ചാർജുകളാണ് മിന്നൽ..''
മേയ്‌ച്ചൂടിലെ ചുട്ടുപഴുത്ത ഭൂമിക്കുമേൽ പെട്ടെന്നൊരു മഴപെയ്യുമ്പോൾ മണ്ണിനത് അമൃതാണ്. മണ്ണിനടിയിലെ നാമ്പുകളെ മുളപ്പിച്ചു പുറത്തേക്കു കൊണ്ടുവരുന്നത് മഴയാണ്. 
നാരും വേരും മഴയിൽ കെട്ടിപ്പുണർന്ന് ഉന്മത്തരായി മുളച്ചുപൊങ്ങും. മഴകൊണ്ട നനവിൽ നെൽക്കതിരുകൾക്ക് പുതുജീവൻ. തളിരുകൾക്ക് പച്ചപ്പ്. പ്രകൃതിക്കും ജീവജാലങ്ങൾക്കും  നവോന്മേഷം.   
കൗമാരവായനയിലാണ് മഴയൊരു പ്രധാനകഥാപാത്രമായി മനസ്സിലേക്ക് കയറിവന്നത്. കവിതകളിൽ മഴവർണനകൾ. കഥകളിലും നോവലുകളിലും മഴക്ക് അർഥങ്ങളായിരം. ദുഃഖവും ദുരിതവും സൂചിപ്പിക്കാൻ മഴയുടെ പാശ്ചാത്തലത്തെ കൂട്ടുപിടിച്ചു രചയിതാക്കൾ. പ്രണയത്തിൽ മഴയാണ് ബിംബം. ചങ്ങമ്പുഴയും വള്ളത്തോളും കുഞ്ഞിരാമൻനായരും കുഞ്ചൻനമ്പ്യാരും വൈലോപ്പിള്ളിയും ഇടശ്ശേരിയും ഒ.എൻ.വി.യും പി. ഭാസ്കരനും ചുള്ളിക്കാടും സുഗതകുമാരിയും എം.ടി.യും പദ്മനാഭനും വിജയനും കാരൂരും ബഷീറും തുടങ്ങി മലയാളത്തിലെ മിക്കവരുടെയും സൃഷ്ടികളിൽ മഴയുടെ ലാസ്യഭംഗിയും ആസുരതയും ആർദ്രവും അഗാധവും സ്ഫുരിക്കുന്ന പെരുമഴക്കാലം. 
മഴയുടെ വൈരുധ്യങ്ങൾ. മഴയുടെ ഓരോ സ്ഫടികച്ചീളുകളും താളത്തിലീണത്തിൽ ഭൂമിയിലേക്ക് പതിക്കുമ്പോൾ മനസ്സ് ഭൂതകാലത്തേക്ക് ആഴ്ന്നിറങ്ങുന്നു. നൈലോൺകുടയുടെ ഇഴകളിലൂടെ നെഞ്ചിലേക്കും പുസ്തകങ്ങളിലേക്കും ഇടതൂർന്ന്, ഇറ്റിറ്റുവീണ് തണുപ്പിച്ചും കൊതിപ്പിച്ചും കടന്നുകളഞ്ഞ മഴയെക്കുറിച്ചോർക്കുമ്പോൾ അറിയാതെ ഞാനൊരു കൊച്ചുകുട്ടിയാകുന്നു.