സർഗാത്മകതയുടെ അനന്തമായ ഉറവിടമാണ് റഷ്യ. ആഗോളതലത്തിൽ അറിയപ്പെടുന്ന നിരവധി പ്രഗല്‌ഭരെ നൂറ്റാണ്ടുകളായി ലോകത്തിന് സമ്മാനിച്ചതിൽ റഷ്യയുടെ പങ്ക് വിവരണാതീതമാണ്. ലോകപ്രശസ്തരായ ശാസ്ത്രജ്ഞർ, കലാകാരന്മാർ, സംഗീതജ്ഞർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ റഷ്യയ്ക്ക് സ്വന്തം.
    വിശ്വപ്രസിദ്ധ എഴുത്തുകാരനായ ടോൾസ്റ്റോയ്, ശാസ്ത്രജ്ഞൻ മെൻഡലീവ്, അവന്റ്-ഗാർഡ് കലാരംഗത്തെ കലാകാരന്മാർ കാൻഡിൻസ്കി, റോഡ്‌ചെങ്കോ എന്നിവർ മുതൽ പ്രശസ്ത എൻജിനിയർമാരായ സിക്കോർസ്കി, കൊറോലെവ് വരെ റഷ്യയുടെ അഭിമാന താരങ്ങളാണ്. നമ്മുടെ ജീവിതത്തിലേക്ക് ഒഴിച്ചുകൂടാനാവാത്ത സംഭാവനകൾ നൽകി കടന്നുവന്നവരാണ് ഇവരെല്ലാവരും.
    ഇന്നും റഷ്യൻ സർഗാത്മകത മാറ്റമില്ലാതെ ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. അതിനാൽ തന്നെ 'ഭാവി നിർണയിക്കുന്നത് സർഗാത്മക മനസ്സുകൾ' എന്ന സന്ദേശമാണ് ദുബായ് എക്സ്‌പോ 2020-ലിലൂടെ റഷ്യ മുന്നോട്ട് വെക്കുന്നത്. ഒപ്പം, വ്യത്യസ്തതകൾക്ക് ഇടയിലും പരസ്പരം മനസ്സിലാക്കി സഹവർത്തിത്വത്തോടെ മുന്നോട്ട് പോകുവാൻ ആളുകളെ സഹായിക്കുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റഷ്യ വ്യക്തമാക്കുന്നു.      പ്രശസ്ത ആർക്കിടെക്റ്റുകളായ ടൊകോബൻ സ്പീച്ചും സിമ്പറ്റേക്ക എന്റർടെയ്‌ൻമെന്റ് ഗ്രൂപ്പും ചേർന്നാണ് വേൾഡ് എക്സ്‌പോ മൊബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതിചെയ്യുന്ന റഷ്യൻ പവിലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 4,562.7 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ 27 മീറ്റർ ഉയരമുള്ള പവിലിയന്റെ ഘടന ഗോളാകൃതിയിലാണ്. ആളുകളെ ശാരീരികമായി ചലിപ്പിക്കാതെ മനസ്സുകളെ തമ്മിൽ ബന്ധിപ്പിക്കുക എന്ന സുന്ദരമായ സന്ദേശമാണ് ഈ ഘടന നൽകുന്നത്. മനോഹരമായ രാത്രി ദൃശ്യമാണ് പവിലിയന്റെ മറ്റൊരു ആകർഷണീയത. എക്സ്‌പോയിലെ ഏറ്റവും വലിയ പവിലിയനുകളിൽ ഒന്നായിരിക്കും റഷ്യൻ പവിലിയനെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
    ആറ് മാസം നീണ്ടുനിൽക്കുന്ന എക്സ്‌പോ 2020-ൽ വിവിധ സാംസ്കാരിക, ബിസിനസ്, സാമൂഹിക പരിപാടികൾക്ക് റഷ്യൻ പവിലിയൻ വേദിയാകും. നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന റഷ്യയുടെ ശാസ്ത്ര-സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള കഥകളും പവിലിയനിൽ അവതരിപ്പിക്കും. കൂടാതെ, ഭാവിയിലേക്കുള്ള മികച്ച കാൽവെപ്പ് ലക്ഷ്യമാക്കി ഏറ്റവും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള റഷ്യൻ ശാസ്ത്രവിദഗ്‌ധരുടെ മികച്ച സംഭാവനകളും പവിലിയന്റെ ഭാഗമാകും.
   എക്സ്‌പോ 2020-ൽ യു.എ.ഇ. പരിചയപ്പെടുത്തുന്ന മികച്ച രാജ്യങ്ങളിലൊന്നാണ് റഷ്യ. വിവിധ മേഖലകളിലെ റഷ്യയുടെ വിപുലമായ അറിവ് പ്രദർശിപ്പിക്കുന്ന പവിലിയൻ സന്ദർശകരെ നാളെയുടെ സാധ്യതകൾ തൊട്ടറിയാൻ സാധിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. രാജ്യം വിദൂരഭാവിയെ എങ്ങനെ നോക്കിക്കാണുന്നു എന്ന മനോഹരമായ ഉൾക്കാഴ്ച ലോകജനതയ്ക്ക് പകർന്ന് നൽകുന്നതിൽ റഷ്യൻ പവിലിയൻ പ്രധാന പങ്ക് വഹിക്കും.