മലയാളത്തിന്റെ മഹിമയും സൗന്ദര്യവും ജീവിതത്തിന്റെ ഭാഗമാക്കിയ മനോജ് കളരിക്കല്‍ എന്ന ഭാഷാസ്‌നേഹിയുടെ 'മലയാളയാത്ര' കോവിഡ് കാലത്തും തുടരുകയാണ്. അക്ഷരങ്ങള്‍ കോര്‍ത്തിണക്കി മാതൃഭാഷയുടെ വിശാലലോകം പരിമിതികള്‍ക്കകത്തും സൃഷ്ടിക്കുകയാണ് പത്തനംതിട്ട കോഴഞ്ചേരി മേലുകര കളരിക്കല്‍ വീട്ടില്‍ മനോജ്. പ്രവാസലോകത്ത് 20 വര്‍ഷമായി മനോജിന്റെ 'മനോജ്ഞം മലയാളം' എന്ന ഭാഷാപരിശീലന പരിപാടി അരങ്ങേറുന്നു. ഇതുവരെ 85,000 ത്തിലേറെ കുട്ടികളില്‍ ഭാഷാപഠന ക്ലാസിലൂടെ മലയാളത്തെ എത്തിച്ചുകഴിഞ്ഞു. കോവിഡ് കാരണം ഒന്നരവര്‍ഷമായി വെര്‍ച്വല്‍ ക്ലാസുകളിലൂടെയാണ് മനോജ്ഞം മലയാളം അവതരിപ്പിക്കുന്നത്. മലയാള അക്ഷരമറിയാത്ത കുട്ടികള്‍ മാത്രമല്ല പ്രവാസികളായ മുതിര്‍ന്ന മലയാളികളും വേറിട്ട ഈ ഭാഷാപരിശീലന ക്ലാസിലിരിക്കുന്നു.

കഥ പറഞ്ഞും കവിത ചൊല്ലിയും കവിതകളുടെ സംഗീത, ദൃശ്യാവിഷ്‌കാരങ്ങളിലൂടെയും നൃത്തമാടിച്ചും കുട്ടികളില്‍ മലയാളമെത്തിക്കുകയാണ് ഈ ഭാഷാസ്‌നേഹി. ഉള്ളൂരും വള്ളത്തോളും ആശാനും ചങ്ങമ്പുഴയും ഒ.എന്‍.വി. യും ചുള്ളിക്കാടും പി.പി. രാമചന്ദ്രനുമെല്ലാമെഴുതിയ കവിതകള്‍ മനോജ്ഞം മലയാളത്തില്‍ നിറയുമ്പോള്‍ മലയാളത്തിന്റെ സൗന്ദര്യം എളുപ്പത്തില്‍ പ്രവാസികളായ കുട്ടികളിലെത്തുന്നു. സൗജന്യമായാണ് ഭാഷാപഠനം മുന്നോട്ടുകൊണ്ടുപോകുന്നത്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവങ്ങളിലും മനോജ് മലയാളത്തിന്റെ 'മലയാളം മനോജ്ഞം' നൃത്ത, സംഗീതാവിഷ്‌കാരം തുടര്‍ച്ചയായി സംഘടിപ്പിക്കാറുണ്ട്. നാട്ടില്‍ അവധിയ്ക്ക് പോയാലും സ്‌കൂള്‍, കോളേജ് തലങ്ങളില്‍ മനോജ് ഭാഷാപരിശീലനം മനോജ്ഞത്തിലൂടെ അവതരിപ്പിക്കുന്നു. വിവിധ ജി.സി.സി. രാജ്യങ്ങളിലും മലയാളികള്‍ക്കായി പ്രത്യേകിച്ച് കുട്ടികള്‍ക്കായി ക്ലാസെടുക്കുന്നുണ്ട്. ഭാഷാപഠന ശിബിരം, അമൃതം മലയാളം എന്നീ പേരുകളിലും പഠനക്ലാസുകള്‍ നടത്താറുണ്ട്. സ്വാതിതിരുനാള്‍, ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ രചനകള്‍ ഉള്‍പ്പെടുത്തി 'മനോജ്ഞം നൂപുരം', കേരളീയ വാദ്യോപകരണങ്ങള്‍ ചേര്‍ന്ന നൃത്തോത്സവങ്ങള്‍ 'മനോജ്ഞം മോഹനം' എന്നീ പേരുകളിലും അവതരിപ്പിക്കുന്നു.

ദുബായില്‍ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ മനോജ് മലയാളത്തെക്കുറിച്ച് ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭാഷയെ സ്‌നേഹിക്കുന്ന അമ്മ കെ.എന്‍. സരസമ്മയും പത്തനംതിട്ട സീതത്തോട് ഹൈസ്‌കൂള്‍ അധ്യാപിക ഭാര്യ മഞ്ജുവും ഭാഷാപരിശീലനത്തിന് പ്രോത്സാഹനം നല്‍കുന്നു. പരേതനായ രാമചന്ദ്രന്‍ നായരാണ് പിതാവ്. രണ്ടുമക്കളുണ്ട്.