ലോക എക്‌സ്പോ 2020 ദുബായിലെ എല്ലാ പവിലിയനുകളും പരിസ്ഥിതി സൗഹൃദമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ഏപ്രിലിലാണ് ഫ്രാന്‍സ് പവിലിയന്‍ നിര്‍മാണം പൂര്‍ത്തിയായത്. എക്‌സ്പോയിലെ ഏറ്റവും ഉയരമുള്ള പവിലിയനുകളില്‍ എട്ടാം സ്ഥാനത്താണ് വേള്‍ഡ് എക്‌സ്പോ സൈറ്റിന്റെ മനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന ഈ പവിലിയന്‍.

കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ഏറ്റവും മികച്ച രീതിയിലാണ് പ്രകൃതിയും സാങ്കേതികതയുമെന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയുള്ള പവിലിയന്റെ നിര്‍മാണം. 21 മീറ്റര്‍ ഉയരമുണ്ട്. പ്രകൃതിയോട് ചേര്‍ന്നും നൂതന സങ്കേതങ്ങള്‍ ഇടകലര്‍ത്തിയുമാണ് മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്നു.

അറ്റെലൈര്‍ പ്രാഡോ, ഗ്രാബ്ലി സ്ഥാപനങ്ങളാണ് രൂപകല്പന. ഫ്രഞ്ച് കമ്പനിയായ അക്കുവോ പവിലിയന്റെ മുന്‍ഭാഗത്തും മേല്‍ക്കൂരയിലും 2500 സ്‌ക്വയര്‍ മീറ്ററില്‍ സോളാര്‍ ടൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കുള്ള വിശ്രമസ്ഥലമായി രൂപകല്പന ചെയ്തിടത്ത് എസ്പ്ലാനേഡിലുള്ള 1160 സ്‌ക്വയര്‍ മീറ്ററില്‍ പച്ചപ്പ് വിരിയിച്ച് പൂന്തോട്ടവുമുണ്ട്. 200 ലേറെ പേര്‍ക്ക് ഒരേസമയം പങ്കെടുക്കാവുന്ന ഓഡിറ്റോറിയം, മീറ്റിങ് റൂമുകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

എക്‌സ്പോ വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്ടിലാണ് ഫ്രാന്‍സ് പവിലിയന്‍. പുതുതലമുറയുടെയും ഭാവി തലമുറയുടെയും ഫാഷന്‍ മായിക ലോകത്തെ ഇവിടെ കാണാനാവും. ആശ്ചര്യപ്പെടുത്തുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഛായാചിത്രങ്ങള്‍, മോഡലുകള്‍, ഡിസൈനുകള്‍ എന്നിവയും കൂടാതെ ഫ്രാന്‍സ് ബ്രാന്‍ഡഡ് സൗന്ദര്യ സുഗന്ധ ലേപനങ്ങള്‍, മേക്ക്അപ്പ് വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിവയുമുണ്ടാകും. അറിവ്, സര്‍ഗാത്മഗത എന്നിവയുടെ ഉറവിടമായിരിക്കും ഇവിടം. മുന്‍ ഫ്രഞ്ച് ഗതാഗത മന്ത്രി എലിസബത്ത് ബോര്‍ണിയുടെ സാന്നിധ്യത്തില്‍ 2019 ലായിരുന്നു പവിലിയന്‍ നിര്‍മാണം തുടങ്ങിയത്. ഗാര്‍ഡനില്‍ അക്കേഷ്യ അറബിക്ക എന്ന വൃക്ഷം പ്രതീകമായി വെച്ചായിരുന്നു പൂര്‍ത്തീകരണം.

ഒക്ടോബര്‍ ഒന്നിന് എക്‌സ്പോ 2020 ആരംഭിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ പവിലിയനുകളെ പരിചയപ്പെടുത്തുന്ന പംക്തി