സുവര്‍ണജൂബിലി ആഘോഷങ്ങളുടെ നിറവില്‍നില്‍ക്കുന്ന യു.എ.ഇ.യിലേക്ക് ഇരട്ടിയിലേറെ തിളക്കവുമായാണ് എക്‌സ്പോ എത്തുന്നത്. 100 ദിവസങ്ങള്‍ക്കപ്പുറം എക്‌സ്പോയുടെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറന്നിടും. ഗള്‍ഫ് രാജ്യങ്ങളുടെ അടുത്ത ഏറ്റവുംവലിയ പ്രതീക്ഷയായ ദുബായ് എക്‌സ്പോ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളും അനുഭൂതികളും കൊണ്ട് വിസ്മയിപ്പിക്കും.

ദുബായ് എക്‌സ്പോ 2020 എന്ന മഹാമേളയ്ക്ക് ഒക്ടോബര്‍ ഒന്നിനാണ് തിരിതെളിയുക. കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്ന 2,30,000 ജോലിക്കാരുടെ അധ്വാനമാണ് 4.38 ചതുരശ്ര കിലോമീറ്ററില്‍ 192 രാജ്യങ്ങളിലെ കാഴ്ചകള്‍ ഒരുങ്ങുന്ന ലോകാദ്ഭുതവേദികള്‍. ഏതാണ്ട് എല്ലാ രാജ്യങ്ങളും പവിലിയനുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

170 വര്‍ഷത്തെ ലോക എക്‌സ്പോയുടെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവിലിയന്‍ ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. 2022 മാര്‍ച്ച് 31 വരെ നടക്കുന്ന എക്‌സ്പോയിലേക്ക് രണ്ട് കോടിയിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 60 തത്സമയ സാംസ്‌കാരിക പരിപാടികള്‍ വേദിയിലുണ്ടാകും.

ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്പോസിഷന്‍സിന്റെ മേല്‍നോട്ടത്തില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ലോക എക്‌സ്പോ നടക്കുന്നത്. 2013-ല്‍ യെക്കാറ്റരിന്‍ബര്‍ഗ് (റഷ്യ), ഇസ്മിര്‍ (തുര്‍ക്കി), സാവോപോളോ (ബ്രസീല്‍) എന്നിവയോട് മത്സരിച്ചാണ് ദുബായ് എക്‌സ്പോ 2020 നടത്താനുള്ള അവകാശം നേടിയെടുക്കുന്നത്. 2010-ലെ ലോക എക്‌സ്പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലായിരുന്നു. ഷാങ്ഹായിയെ മാത്രമല്ല ചൈനയെവരെ മാറ്റിമറിച്ച മേളയായിരുന്നു അത്. വ്യവസായങ്ങള്‍ മാത്രമുണ്ടായിരുന്ന നഗരം എക്‌സ്പോയ്ക്കുശേഷം സാംസ്‌കാരിക വാണിജ്യനഗരമായി മാറി. ചൈനയുടെ ഷെയര്‍ മാര്‍ക്കറ്റുവരെ മൂന്നുമടങ്ങ് വര്‍ധിച്ചു. ചൈനയോട് ഏറെ സൗഹൃദംപുലര്‍ത്തുന്ന രാജ്യം കൂടിയാണ് യു.എ.ഇ. അങ്ങനെ നോക്കുമ്പോള്‍ എക്‌സ്പോ 2020 കഴിയുന്നതോടെ ദുബായ് ഇരട്ടി വളര്‍ച്ച നേടി ലോകത്തെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

2015-ല്‍ എക്‌സ്പോക്ക് ആതിഥ്യം വഹിച്ച മിലാന്‍ നഗരം അന്നേ ദുബായിക്ക് പിന്തുണ അറിയിച്ചിരുന്നു. മിലാന്‍ എക്‌സ്പോ കൃത്യമായി നിരീക്ഷിക്കാന്‍ അന്ന് ദുബായുടെ വ്യക്തമായ സാന്നിധ്യവും അവിടെയുണ്ടായി. മിലാനില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി യു.എ.ഇ.യുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദിന്റെ യന്ത്രമനുഷ്യനും പങ്കുചേര്‍ന്നിരുന്നു. ദുബായ് എക്‌സ്പോ 2020- നെക്കുറിച്ച് അന്നേ സന്ദര്‍ശകരിലേക്കെത്തിക്കാന്‍ ഇതിലൂടെയായി. യു.എ.ഇ.യുടെ ഇത്തിസലാത്ത്, ദീവ, ആര്‍.ടി.എ. സ്റ്റാളുകളും സന്ദര്‍ശകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷാങ്ഹായിലും മിലാനിലും നടന്ന എക്‌സ്പോകള്‍ വിലയിരുത്തിയാണ് ദുബായ് എക്‌സ്പോ 2020 ലോകത്തെ വരവേല്‍ക്കുന്നത്.


മുമ്പേ തുറന്ന കാഴ്ചകള്‍

: ആകാംക്ഷയ്ക്ക് വിരാമമെന്നവണ്ണം ചില എക്‌സ്പോ പവിലിയനുകള്‍ ഈ വര്‍ഷം ജനുവരിയില്‍ തന്നെ മിഴിതുറന്നിരുന്നു. വിനോദവും വിജ്ഞാനവും വിസ്മയവും സമന്വയിപ്പിക്കുന്ന സസ്റ്റെയ്നബിലിറ്റി പവിലിയനായ ടെറയിലേക്ക് അഞ്ച് മാസത്തിനകം ഒരു ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഒഴുകിയെത്തിയത്. ഇവിടെക്ക് പ്രത്യേക ടൂറും അധികൃതര്‍ സംഘടിപ്പിച്ചു. എക്‌സ്പോയുടെ ഔദ്യോഗിക ചിഹ്നം കാണാനുള്ള അവസരവും ഇവിടെയൊരുക്കിയിരുന്നു. എക്‌സ്പോയുടെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. മാലിന്യ നിര്‍മാര്‍ജനം, ജലസംരക്ഷണം, സസ്യങ്ങളുടെ സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ തുടങ്ങി ബോധവത്കരണ രീതിയിലുള്ള സംവിധാനമാണ് ടെറ പവിലിയനില്‍ ഒരുക്കിയിരിക്കുന്നത്. വനം, സമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ടെറ നല്‍കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന അദ്ഭുതങ്ങളും അതിശയങ്ങളും നിറച്ച ദുബായ് എക്‌സ്പോയുടെ മൂന്ന് ഉപ തീമുകളിലൊന്നാണ് സുസ്ഥിരത.

 

100 ശതമാനം സുസജ്ജം
: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്പോ 2020 മെഗാ പ്രദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാന്‍ 100 ശതമാനം യു.എ.ഇ. സജ്ജമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കോവിഡ് കാലത്തെയും അതിജീവിച്ചുള്ള കാത്തിരിപ്പിന് ഇനി അധികനാളില്ലാത്തത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പ്രചോദനമാകുന്ന വിധത്തിലാണ് എക്‌സ്പോയുടെ ഓരോ ചുവടുവെപ്പുകളും. എക്‌സ്പോ തീര്‍ച്ചയായും ലോകത്തിന് മുന്നില്‍ യു.എ.ഇ. എന്ന മഹാരാജ്യത്തിന്റെ വിജയത്തിന് പ്രകടമായ തെളിവാകും. യു.എ.ഇയുടെ നീണ്ടകാല ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിബിംബമായി എക്‌സ്പോ മാറും. അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുന്നതിനും പ്രധാന വിഷയങ്ങളില്‍ ആഗോള അജന്‍ഡയിലേക്ക് സംഭാവന ചെയ്യുന്നതിനും എക്‌സ്പോ 2020-യില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ ശൈഖ് മുഹമ്മദ് ഇതിനകം എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 100 രാജ്യങ്ങളിലെ 2500 സ്ഥാപനങ്ങള്‍ക്കാണ് എക്‌സ്പോ ടിക്കറ്റ് വില്‍പ്പനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തേ തീരുമാനിച്ചതിലും ഇരട്ടി. കോവിഡ് തളര്‍ത്താത്ത കരുത്തുറ്റ രാജ്യമാണ് യു.എ.ഇ. എന്നതിന് മറ്റൊരു തെളിവുകൂടിയാണിത്. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍ ഗ്രൂപ്പുകള്‍, എയര്‍ലൈനുകള്‍ എന്നിവരാണ് ടിക്കറ്റ് വില്‍പ്പനയ്ക്കായി എക്‌സ്പോയുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. മികച്ച പാക്കേജുകളോടെ സന്ദര്‍ശകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ദുബായിലെത്തിക്കുകയാണ് ലക്ഷ്യം. പ്രവേശന പാസ് വിതരണം ജൂലായ് മുതല്‍ തുടങ്ങും.

 

രാജ്യം കോവിഡ് മുക്തമാക്കും
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ പ്രതീക്ഷിക്കുന്നതിനാല്‍ രാജ്യത്തെ കോവിഡ് മുക്തമാക്കുകയാണ് യു.എ.ഇയുടെ ആദ്യലക്ഷ്യങ്ങളിലൊന്ന്. കോവിഡ് വാക്‌സിനേഷന്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് രാജ്യം. ഈ വര്‍ഷം അവസാനത്തോടെ നൂറു ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍. എക്‌സ്പോയില്‍ പങ്കെടുക്കുന്ന മുഴുവന്‍ ഔദ്യോഗിക പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുന്നുണ്ട്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍േദശപ്രകാരമാണ് വാക്‌സിന്‍ യജ്ഞം നടക്കുന്നത്. 192 രാജ്യങ്ങളുടെ പ്രതിനിധികള്‍, 34 രാജ്യങ്ങളുടെ കമ്മിഷണര്‍ ജനറല്‍മാര്‍ എന്നിവരുടെ സ്റ്റിയറിങ് കമ്മിറ്റി കോവിഡ് കാലത്തെ ലോക എക്‌സ്പോ എങ്ങനെ സുരക്ഷിതമാക്കാമെന്ന് ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഇരുന്നൂറിലേറെ ഔദ്യോഗിക പങ്കാളികള്‍ വാക്‌സിന്‍ സ്വീകരിക്കും. സൗജന്യ വാക്‌സിന്‍ നല്‍കി പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടനകളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രദര്‍ശന നഗരിയില്‍ തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ട്. അണുനശീകരണത്തിന് സാനിറ്റൈസേഷന്‍ സെന്ററുകളുമുണ്ടാകും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കും.

 

എക്‌സ്പോ നഗരം ഭാവിയില്‍
എക്‌സ്പോ നഗരം ഭാവിയില്‍ എന്താകും. ഇതാണ് ഏവരുടെയും ആവര്‍ത്തിച്ചുള്ള ചോദ്യം. 2022 മാര്‍ച്ച് 31-ന് ശേഷം അവിടെ ഡിസ്ട്രിക്റ്റ് 2020 എന്ന പേരില്‍ പുതിയൊരു സിറ്റി രൂപപ്പെടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രതീക്ഷകള്‍ക്കും മുകളില്‍ സഞ്ചരിക്കുന്ന, ലോക എക്‌സ്പോക്കും മുകളിലേക്ക് വളര്‍ന്നുപന്തലിക്കുന്ന ഒരു സ്മാര്‍ട്ട് സിറ്റിയാണ് പ്രതീക്ഷിക്കുന്നത്. നഗരം യാഥാര്‍ഥ്യമാവുക എക്‌സ്പോ കഴിഞ്ഞ് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയിലായിരിക്കും. ഡിസ്ട്രിക്റ്റ് 2020 ഫെയ്സ് വണ്‍ എന്ന സ്വപ്നതുല്യമായ പുതിയ നഗരി രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിയേക്കും. ഘട്ടംഘട്ടമായ നീക്കത്തിലൂടെയായിരിക്കും അത്തരമൊരു പരിവര്‍ത്തനം.

എക്‌സ്പോയില്‍ നിലവില്‍ നിര്‍മിക്കപ്പെട്ടതിന്റെ 80 ശതമാനം വരെ നിലനിര്‍ത്തിയാകും പുതിയ നഗരപ്പിറവി. ഇപ്പോള്‍ നഗരിയിലെ കെട്ടിടങ്ങളെല്ലാം സര്‍ക്കാരിന്റേതാണ്. എങ്കിലും എക്‌സ്പോക്ക് ശേഷം സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റാന്‍ സൗകര്യമുണ്ടാകുമെന്നാണ് വിവരം. ഡിസ്ട്രിക്റ്റ് 2020 നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ എക്‌സ്പോയ്ക്കായി പ്രത്യേകം നിര്‍മിച്ച ഭാഗങ്ങള്‍ മാത്രമായിരിക്കും പൊളിച്ച് നീക്കുന്നത്. ദുബായ് ലോകത്തിന് മുന്നില്‍ അദ്ഭുതമൊരുക്കുന്ന പദ്ധതിയാകും ഡിസ്ട്രിക്ട് 2020-യുടെ നിര്‍മാണം. ജര്‍മന്‍ കമ്പനിയായ സീമെന്‍സുമായി സഹകരിച്ചാണ് ഭാവിയിലെ സ്മാര്‍ട്ട് സിറ്റിയൊരുക്കാന്‍ പദ്ധതി തയ്യാറാകുന്നത്. നമുക്ക് കാത്തിരിക്കാം ദുബായ് എക്‌സ്പോ 2020 കഴിഞ്ഞാലും വിസ്മയം തീര്‍ക്കുന്ന ആ നഗരി കാണാന്‍.

 

ലോഗോ 4000 വര്‍ഷത്തെ ചരിത്രം

എക്‌സ്പോ 2020 ലോഗോ ലോകത്തിന് നല്‍കുന്നത് യു.എ.ഇ.യുടെ നാഗരികതയ്ക്ക് ആഴത്തിലുള്ള വേരുകളുണ്ടെന്ന സന്ദേശമാണ്. നടുവിലെ സ്വര്‍ണവര്‍ണത്തിലൂടെ ചുറ്റിക്കറങ്ങി വളയങ്ങളിലൂടെ കടന്നെത്തുന്ന വെളിച്ചം നല്‍കുന്നത് പുരാതന നാഗരികതയുടെ ആത്മാവിനെയാണ്. യു.എ.ഇ.യിലെ മരുഭൂമിയില്‍ ഇരുമ്പുയുഗ കാലഘട്ടത്തിലുണ്ടായിരുന്ന അദ്ഭുതമോതിരമാണ് വേള്‍ഡ് എക്‌സ്പോ ലോഗോയായി വെട്ടിത്തിളങ്ങുന്നത്. 2016 മാര്‍ച്ചില്‍ ശൈഖ് മുഹമ്മദ് ആണ് 4000 വര്‍ഷം പഴക്കമുള്ള സ്വര്‍ണമോതിരം അനാച്ഛാദനം ചെയ്തത്. അല്‍ മര്‍മൂം പ്രദേശത്തെ സറൂഖ് അല്‍ ഹദീദ് സൈറ്റില്‍നിന്നാണ് മോതിരം കണ്ടെത്തിയത്. 4000 വര്‍ഷംമുമ്പ് ഈ ദേശത്ത് ജീവിച്ചിരുന്ന ആളുകള്‍ക്ക് ആഴത്തിലുള്ള ക്രിയാത്മക മനോഭാവമുണ്ടായിരുന്നു.

പേരുമാറ്റാതെ ദുബായ്

2020 ഒക്ടോബര്‍ 20 മുതല്‍ നടത്താനിരുന്ന ദുബായ് എക്‌സ്പോ കോവിഡിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 2021-ലും ദുബായ് എക്‌സ്പോ 2020 എന്ന അതേപ്പേരില്‍ തന്നെ നടത്താനായിരുന്നു തീരുമാനം. 2025-ല്‍ ഒസാക കാന്‍സായില്‍ ആയിരിക്കും അടുത്ത ലോക എക്‌സ്പോ നടക്കുക.


ലോക എക്‌സ്പോ
1851 - ലണ്ടന്‍

1855 - പാരീസ്

1862 - ലണ്ടന്‍

1867 - പാരീസ്

1873 - വിയന്ന

1876 - ഫിലാഡെല്‍ഫിയ

1878 - പാരീസ്

1880 - മെല്‍ബണ്‍

1888 - ബാഴ്‌സലോണ

1889 - പാരീസ്

1893 - ഷിക്കാഗോ

1897 - ബ്രസല്‍സ്

1900 - പാരീസ്

1904 - സെയ്ന്റ് ലൂയിസ്

1905 - ബെല്‍ജിയം

1906 - മിലന്‍

1910 - ബ്രസല്‍സ്

1913 - ബെല്‍ജിയം

1915 - സാന്‍ഫ്രാന്‍സിസ്‌കോ

1929 - ബാഴ്‌സലോണ

1933 - ഷിക്കാഗോ

1935 - ബ്രസല്‍സ്

1937 - പാരീസ്

1939 - ന്യൂയോര്‍ക്ക്

1949 - പോര്‍ട്ട് പ്രിന്‍സ്

1958 - ബ്രസല്‍സ്

1962 - യു.എസ്.എ.

1967 - മോണ്ട്രിയല്‍

1970 - ഒസാക്ക

1992 - സ്പെയിന്‍

2000 - ജര്‍മനി

2005 - ജപ്പാന്‍

2010 - ഷാങ്ഹായ്

2015 - മിലാന്‍


സുരക്ഷയ്ക്ക് 'ഉയൂന്‍'
എക്‌സ്പോ വേദികളിലെ ചെറിയ ചലനംപോലും നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് കണ്ണുകളുണ്ട്. അറബിക്കില്‍ കണ്ണുകള്‍ എന്നര്‍ഥമുള്ള ഉയൂന്‍ നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പോലീസിന്റെ പൊതുവിവരശേഖരവുമായാണ് സുരക്ഷാശൃംഖല ബന്ധിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളുടെ പൂര്‍ണവിവരങ്ങള്‍ ഇതിലൂടെ തത്സമയം ലഭ്യമാകും. വേദികളില്‍ എല്ലായിടത്തും സ്മാര്‍ട്ട് കണ്ണുകളുടെ നിരീക്ഷണമുണ്ടാകും. സുരക്ഷാ കമാന്‍ഡോകള്‍ക്ക് പുറമേ എക്‌സ്പോ പ്രധാന വേദിയില്‍മാത്രം 15,000 സ്മാര്‍ട്ട് ക്യാമറകളും സെന്‍സറുകളുമുണ്ട്. കൂടാതെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലീസ് ഐ തയ്യാറാണ്.

മെട്രോ തയ്യാര്‍

എക്‌സ്പോ വേദിയിലേക്ക് ദുബായ് മെട്രോയും തയ്യാറായി. വേദിയിലേക്കുള്ള ആറ് സ്റ്റേഷനുകളില്‍ അഞ്ചെണ്ണമാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഒക്ടോബറില്‍ എല്ലാവര്‍ക്കുമായി മെട്രോ ഓടിത്തുടങ്ങും.